26 വയസ്സേ ഉണ്ടായിരുന്നുള്ളൂ അന്ന സെബാസ്റ്റിയന് പേരയില്‍ എന്ന മലയാളി പെണ്‍കുട്ടിക്ക്. നാലുമാസം മുമ്പാണ് പുണെയിലെ ഒരു കമ്പനിയില്‍ എക്സിക്യുട്ടീവായി ജോലിക്ക് കയറിയത്. ജൂലായ് 20-ന് അന്ന മരിക്കുകയും ചെയ്തു.
ജോലിഭാരമാണ് തന്റെ മകളുടെ ജീവനെടുത്തതെന്ന് ആരോപിച്ചുകൊണ്ട് അമ്മ അനിത കമ്പനി ചെയര്മാന് കത്തയച്ചതോടെയാണ് സംഭവം എല്ലാവരുമറിഞ്ഞത്. തുടക്കക്കാര്‍ക്ക് ഇത്ര ജോലിഭാരം നല്‍കുന്നതിനും, ഞായറാഴ്ചകളില്‍ പോലും രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ജോലി ചെയ്യിപ്പിക്കുന്നതിനും ഒരു ന്യായീകരണവുമില്ലെന്ന് അമ്മ കത്തില്‍ പറയുന്നു.
''മാര്‍ച്ചിലാണ് അന്ന ജോലിക്ക് കയറിയത്. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമുണ്ടായിരുന്നു അവള്‍ക്ക്. എന്നാല്‍ നാലുമാസങ്ങള്‍ക്കിപ്പുറം എന്റെ ലോകം തന്നെ തകര്‍ത്തുകൊണ്ടാണ് ആ വിവരമെത്തിയത്. എങ്കിലും ജോലിഭാരവും പുതിയ അന്തരീക്ഷവും മണിക്കൂറുകള്‍ നീളുന്ന ജോലിയും അവളെ ശാരീരികമായും മാനസികമായും തകര്‍ത്തു. അവളവിടെ വിശ്രമമില്ലാതെയാണ് ജോലിചെയ്തത്. അവള്‍ക്ക് ഉറക്കക്കുറവും
സമ്മര്‍ദവും അനുഭവപ്പെടാന്‍ തുടങ്ങി. അതുവരെ ഒരുപ്രശ്നവുമില്ലാതിരുന്ന പെണ്‍കുട്ടിയാണ്'', അമ്മ കത്തില്‍ കുറിക്കുന്നു.
അതിന്റെ ഫലമായി അവള്‍ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടെന്നും അമ്മ പറയുന്നു. ''ജൂലായ് 6-ന് അവളുടെ കോണ്‍വൊക്കേഷനായി ഞങ്ങള്‍ പുണെയിലെത്തി. അന്ന് നെഞ്ചുവേദനയെന്ന് പരാതിപ്പെട്ടപ്പോള്‍ ഡോക്ടറെ കാണിച്ചു. ഇ.സി.ജി.യില്‍ പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. ഉറക്കക്കുറവും ഭക്ഷണം കഴിക്കാത്തതുമാണ് പ്രശ്നമെന്ന് ഡോക്ടര്‍ പറഞ്ഞു. ഞങ്ങള്‍ കൊച്ചിയില്‍നിന്ന് എത്തിയതേയുള്ളൂ. ഞങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കണമെന്നും അവള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നിട്ടും ഡോക്ടറെ കണ്ടശേഷം ഒരുപാട് ജോലിയുണ്ടെന്ന് പറഞ്ഞ് അവള് ഓഫീസിലേക്കുപോയി''.
ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ കോണ്വൊക്കേഷന് പോലും അന്നയ്ക്ക് ആസ്വദിക്കാന്‍ കഴിഞ്ഞില്ലെന്ന് അമ്മ ആരോപിക്കുന്നു. ''പിറ്റേദിവസം കോണ്‍വൊക്കേഷന്റെ സമയത്തുപോലും അവളുടെ ചിന്തകളില്‍ ജോലി തന്നെയായിരുന്നു. അവള്‍ക്കത് ആസ്വദിക്കാന്‍ കഴിഞ്ഞതേയില്ല. അന്ന ആ ജോലിക്കെത്തിയപ്പോള്‍ തന്നെ അവളുടെ ടീ മാനേജര്‍ പറഞ്ഞിരുന്നു, 'പലരും മുമ്പ് ജോലിഭാരമെന്ന് പറഞ്ഞ് രാജിവെച്ചിട്ടുണ്ട്. നിങ്ങള്‍ അവരുടെയെല്ലാം അഭിപ്രായം തിരുത്തണമെന്ന്'. പലപ്പോഴും വൈകുന്നേരമാവുമ്പോഴാണ് അവള്‍ക്ക് ജോലി അസൈന്‍ ചെയ്തുകൊടുത്തിരുന്നത്. ആ മാനേജരുടെ കീഴില്‍ നല്ല ബുദ്ധിമുട്ടായിരിക്കുമല്ലോ എന്ന് പലരും അവളോട് തമാശയായി ചോദിച്ചിട്ടുമുണ്ട്. ഒരുദിവസം രാത്രിയാണ് അവളുടെ മാനേജര്‍ ഒരു ജോലികൊടുത്തത്. പിറ്റേദിവസം രാവിലെയാകുമ്പോഴേക്കും അത് തീര്‍ക്കണമെന്നും പറഞ്ഞു. അവള്‍ക്ക് ശ്വാസം വിടാന്‍ പോലും സമയം കിട്ടിയിരുന്നില്ല. പലപ്പോഴും രാത്രി വീട്ടിലെത്തി വസ്ത്രം പോലും മാറാതെ കിടക്കയിലേക്ക് വീഴുകയായിരുന്നു അവള്. അത്രയും ക്ഷീണമായിരിക്കും''.
അന്നയുടെ മരണകാരണം കത്തില്‍ പറയുന്നില്ലെങ്കിലും, വിശ്രമമില്ലായ്മയും ശാരീരികപ്രശ്നങ്ങളുമാണ് മരണത്തിനിടയാക്കിയതെന്ന് പറയപ്പെടുന്നു. ഈ വാര്‍ത്ത പുറത്തുവന്നതോടെ കോര്‍പ്പറേറ്റ് കമ്പനികളിലെ ജോലിയുടെ സംസ്കാരത്തെക്കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ ഉയരുകയാണ്.
Content Highlights: work pressure leads to her death, employee's mother sends letter to the company
Published: 18 Sept 2024, 11:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented