നെറ്റ്ഫ്ളിക്സിലെ 'ദേശി ബ്ലിങ്' (Desi Bling) എന്ന റിയാലിറ്റി ഷോ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ദുബായിലെ ആഡംബരജീവിതങ്ങളാണ് ഷോയിലൂടെ കാണിക്കുന്നത്. ഡാന്യൂബ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ വ്യവസായി റിസ്വാൻ സാജൻ തുടങ്ങി നിരവധി പേർ ഷോയിലുണ്ട്. എങ്കിലും ദുബായിലെ വ്യവസായദമ്പതികളായ സതീഷ് സാംപാലും തബിന്ത സാംപാലുമാണ് ഷോ തുടങ്ങിയപ്പോൾ മുതൽ ചർച്ചകളിൽ നിറഞ്ഞുനിന്നത്. ദുബായിലെ അതിസമ്പന്നരായ ഇന്ത്യക്കാരുടെ ആഡംബരജീവിതത്തിലൂടെയാണ് ഷോ പോവുന്നത്. നേരത്തെ തബിന്തയുടെ ഒരു വെളിപ്പെടുത്തൽ ചർച്ചയായിരുന്നു.

സതീഷിന് സ്വർണം വാങ്ങാനിഷ്ടമാണെന്നും ഭാര്യയ്ക്ക് സമ്മാനമായി എപ്പോഴും സ്വർണമാണ് കൊടുക്കുന്നതെന്നുമാണ് തബിന്ത പറഞ്ഞത്. തനിക്ക് ഇതുവരെയായി 40 കിലോഗ്രാം സ്വർണമുണ്ടെന്നും മകളുടെ ആദ്യപിറന്നാളിന് സമ്മാനമായി തങ്ങൾ നൽകിയത് ഒരു പിങ്ക് കളർ റോൾസ് റോയ്‌സ് ആണെന്നും അവർ വെളിപ്പെടുത്തി. കുഞ്ഞിനെ അന്ന് ധരിപ്പിച്ചത് 24 കാരറ്റ് സ്വർണത്തിന്റെ വസ്ത്രവും.

ഇപ്പോഴിതാ 'ദേശി ബ്ലിങ്ങി'ലെ ഒരു എപ്പിസോഡ് ശ്രദ്ധിക്കപ്പെടുകയാണ്. സതീഷിന്റെ കാലുകൾ മസാജ് ചെയ്യുന്ന തബിന്തയുടെ വീഡിയോയാണത്. ഇത് പുറത്തുവന്നതോടെ ഏറെ വിമർശനങ്ങളുമുയർന്നു. വിവാഹജീവിതത്തിലെ സ്ത്രീപുരുഷ അസമത്വങ്ങൾ ഈ സീൻ എടുത്തുകാണിക്കുന്നുവെന്ന് കുറേ പേർ പറയുന്നു. അത് അങ്ങേയറ്റം സ്ത്രീവിരുദ്ധതയാണെന്നും അവർ അഭിപ്രായപ്പെട്ടു. ഒടുവിലിതാ തനിക്കുനേരെയുണ്ടായ ട്രോളിങ്ങിനെക്കുറിച്ച് സംസാരിക്കുകയാണ് തബിന്ത. സതീഷിനൊപ്പം ഹ്യൂമൻസ് ഓഫ് ബോംബെയുടെ ഏറ്റവും പുതിയ എപ്പിസോഡിലാണ് അവരുടെ തുറന്നുപറച്ചിൽ.

''ഞാൻ അദ്ദേഹത്തിന്റെ കാലുകളിൽ മസാജ് ചെയ്യുന്നതും അദ്ദേഹം എനിക്കൊരുപാട് സ്വർണം വാങ്ങിത്തരുന്നതും ആളുകളോട് പറയാൻ എനിക്ക് യാതൊരു ഉദ്ദേശ്യവുമില്ലായിരുന്നു. സതീഷ് ധാരാളം ഓടുന്നയാളാണ്. അതിനാൽ അദ്ദേഹത്തിന്റെ കാലുകൾക്ക് നല്ല വേദനയായിരിക്കും. ഓരോ ദിവസവും ഏകദേശം 60 മിനിറ്റ് ഓടുന്നു. കാൽ മസാജ് ചെയ്യുന്നത് രക്തചംക്രമണത്തിന് സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഞാൻ മസാജ് ചെയ്തത്. വിവാഹത്തിനുമുമ്പ് അമ്മയുടെ കാലുകൾ ഞാൻ മസാജ് ചെയ്തുകൊടുക്കാറുണ്ടായിരുന്നു. അമ്മയുടെ കാൽക്കീഴിലാണ് സ്വർഗമെന്ന് ഞാൻ കരുതുന്നു. പിന്നെ ഭർത്താവ് ദൈവത്തെപ്പോലെയാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ കാൽ മസാജ് ചെയ്യുന്നതുകൊണ്ട് എന്താണ് കുഴപ്പം?'', തബിന്ത ചോദിക്കുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi