കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്ത്, തുടർച്ചയായി 15 ഹിറ്റുകൾ സമ്മാനിച്ച നടനാണ് രാജേഷ് ഖന്ന. 1969 മുതൽ 1972 വരെയായിരുന്നു അദ്ദേഹം അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായി മാറിയത്. ആ റെക്കോഡ് ഇന്നും ആരും തകർത്തിട്ടില്ല. സിനിമയിലെ വിജയങ്ങൾ തുടർക്കഥയായപ്പോൾ, ഒരുവശത്ത് അദ്ദേഹം ഒട്ടേറെ വസ്തുവകകൾ വാങ്ങിക്കൂട്ടി. അതിലേറ്റവും പ്രശസ്തമായതായിരുന്നു അദ്ദേഹത്തിന്റെ വീട്.മുംബൈയിലെ കാർട്ടർ റോഡിലുള്ള, കടലിന് അഭിമുഖമായുള്ള ആ ബംഗ്ലാവിന് അദ്ദേഹം പേരിട്ടത് ആശീർവാദ് എന്നാണ്. മറ്റൊരു നടനായ രാജേന്ദ്രകുമാറിൽനിന്ന് മൂന്നര ലക്ഷം രൂപയ്ക്കാണ് അദ്ദേഹം ബംഗ്ലാവ് വാങ്ങുന്നത്. രാജേഷ് ഖന്നയുടെ അതുല്യമായ താരപദവിയുടെ പ്രതീകമായി

ആ ബംഗ്ലാവ്. പക്ഷേ ആശീർവാദിൽ താമസമാക്കിയതോടെ താരത്തിന്റെ കരിയർ പതുക്കെ താഴേക്ക് പോവാൻ തുടങ്ങിയെന്നാണ് പറയപ്പെടുന്നത്. അക്കാലത്ത് ആ വീട് വിൽക്കാൻ പോലും അദ്ദേഹം ചിന്തിച്ചുവത്രേ. രാജേഷ് ഖന്നയുടെ ജീവചരിത്രമായ 'ഡാർക്ക് സ്റ്റാർ: ദ ലോൺലിനെസ് ഓഫ് ബീയിങ് രാജേഷ് ഖന്ന' എന്ന പുസ്തകത്തിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ''ഖന്നയുടെ ജീവിതത്തിലെ സൂര്യപ്രകാശത്തിന്റെ ഓരോ ചെറിയ കോണുകളെയും കലങ്ങിയ മേഘങ്ങൾ കീഴടക്കിയിരുന്നു. അദ്ദേഹത്തിന്റെ സാമ്പത്തികസ്ഥിതി വളരെ മോശമായിക്കൊണ്ടിരുന്നു. ആശീർവാദ് വിൽക്കാൻ അദ്ദേഹം ശ്രമിക്കുകയാണെന്നും അക്കാലത്ത് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഒന്നര കോടിയിലധികം രൂപയുടെ കുടിശ്ശിക വരുത്തിയതിന് ആദായനികുതി വകുപ്പ് അദ്ദേഹത്തിന് നോട്ടീസ് അയച്ചുവെന്ന വാർത്ത ഒടുവിൽ സത്യമായി''.

അക്കാലത്ത് തിരക്കഥാകൃത്ത് റൂഫി ജാഫ്രിയെ തേടി സൽമാൻ ഖാന്റെ ഫോൺകോൾ എത്തി. സൽമാന്റെ സഹോദരൻ സൊഹെയ്ൽ ഖാന് ആശീർവാദ് വാങ്ങാൻ താത്പര്യമുണ്ടെന്നായിരുന്നു അന്ന് സൽമാൻ പറഞ്ഞത്. രാജേഷ് ഖന്ന പറയുന്ന തുക എത്രയാണെങ്കിലും സൊഹെയ്ൽ കൊടുക്കുമെന്നും സൽമാൻ പറഞ്ഞു. അതിനൊപ്പം ആദായനികുതിവകുപ്പിന് നൽകാനുള്ള കുടിശ്ശികയെല്ലാം തങ്ങൾ അടച്ചുതീർക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാത്രമല്ല, ഖന്നയുടെ നിർമാണക്കമ്പനി നിർമിക്കുന്ന സിനിമയിൽ സൗജന്യമായി അഭിനയിക്കാമെന്നുപോലും സൽമാൻ പറഞ്ഞു. ജാഫ്രിക്ക് ഇത് നല്ലതായി തോന്നി. ഖന്നയോട് പറയുകയും ചെയ്തു. പക്ഷേ, അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. ഈ സംഭവത്തെക്കുറിച്ച് ജീവചരിത്രത്തിൽ ജാഫ്രി വിവരിക്കുന്നുണ്ട്. ''ആദ്യമൊന്നും ഖന്ന ഒന്നും മിണ്ടിയില്ല. പിന്നീട് ഈയൊരു കാര്യം എങ്ങനെയാണ് ചിന്തിക്കാൻ കഴിയുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഞാൻ പിന്നിൽനിന്ന് കുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. 'ഞാൻ നിന്നെ മരുമകനായിട്ടാണ് കണ്ടത്. എന്നിട്ടും എന്റെ വീട് വിൽക്കാൻ നീ ശ്രമിക്കുകയാണോ? എന്നെ പെരുവഴിയിൽ ഇറക്കാനാണ് അവരുടെ ശ്രമം', എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഞാൻ സൊഹെയ്ൽ പറഞ്ഞത് അദ്ദേഹത്തെ ധരിപ്പിക്കുക മാത്രമായിരുന്നു ചെയ്തത്''.

സാമ്പത്തികപരാധീനതകൾക്കിടയിലും ആ വീട് വിൽക്കാൻ ഖന്ന തയ്യാറായില്ല. താൻ മരിച്ചാലും ആ വീട് എന്നും നിലനിൽക്കുമെന്നും, അതുണ്ടാവുന്നിടത്തോളം കാലം ആളുകൾ രാജേഷ് ഖന്നയെ മറക്കുകയില്ലെന്നുമാണ് ഖന്ന കരുതിയത്. ഒടുവിൽ അദ്ദേഹം തന്റെ അവസാനശ്വാസം വലിച്ചതും ആശീർവാദിൽ വെച്ചു തന്നെയാണ്. എന്നാൽ 2014-ൽ 90 കോടി രൂപയ്ക്ക് ഈ സ്ഥലം വിറ്റുപോയി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi