ന്താണ് ഇനി പ്ലാന്‍, പ്ലസ്ടു നല്ല ഗ്രേഡില്‍ പാസായ പെണ്‍കുട്ടിയോടാണ് ചോദ്യം... മെഡിക്കല്‍ ഫീല്‍ഡാണ് ഇഷ്ടം, എം.ബി.ബി.എസില്‍ കണ്ണുണ്ട്. ആഹാ.. കൊള്ളാമല്ലോ.. എനിക്ക് പീഡിയാട്രീഷ്യന്‍ ആകാനാണ് ഇഷ്ടം.. അവള്‍ കണ്ണും പൂട്ടിപറയുന്നു.. അതെന്താ അങ്ങനെ... ഈ ചോദ്യത്തില്‍ എന്താണ് കാര്യമെന്നല്ലേ... 

To advertise here,

നമ്മുടെ രാജ്യത്ത് ഹൃദയശസ്ത്രക്രിയാ വിദഗ്ധരായ എത്ര സ്ത്രീകളുണ്ടാവും? ന്യൂറോ സര്‍ജന്‍... ഓങ്കോളജി സര്‍ജന്‍... ഫോറന്‍സിക്ക് സര്‍ജന്‍... ഒന്നോ രണ്ടോ.. അല്ലെങ്കില്‍ ആരുമില്ലെന്നോ ആവാം മറുപടി... 

നമ്മുടെ ആരോഗ്യമേഖലയില്‍ എത്ര സ്ത്രീ സര്‍ജന്‍മാരുണ്ടാകും എന്നതാണ് ചോദ്യം. ഉത്തരം കണക്കുകള്‍ പറയും. ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട ഒരു റിപ്പോര്‍ട്ട് അനുസരിച്ച് അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഇന്‍ ഇന്ത്യ(ASI) യില്‍ 32,000 അംഗങ്ങളുണ്ട്. അതില്‍ നാലയിരത്തിനടുത്ത് മാത്രമാണ് സ്ത്രീകള്‍. വെറും 12 ശതമാനം. ഇനിയുമുണ്ട് കണക്കുകള്‍. ലോകത്തില്‍ സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിങ്, ഗണിതശാസ്ത്രം എന്നിവയില്‍ ബിരുദം നേടുന്നവരില്‍ 43 ശതമാനവും സ്ത്രീകളാണ്. എന്നാല്‍ വെറും 14 ശതമാനം ആളുകള്‍ മാത്രമാണ് യൂണിവേഴ്‌സിറ്റികളിലും റിസര്‍ച്ച് സെന്ററുകളിലും ഉയര്‍ന്ന സ്ഥാനങ്ങളിലേക്കെത്തുന്നതെന്ന് വേൾഡ്‌ ബാങ്ക് നടത്തിയ പഠനം കണ്ടെത്തിയിരുന്നു. താരതമ്യേന സുരക്ഷിതമെന്ന് കരുതുന്ന തൊഴിലിടങ്ങളിലേക്ക് ചുരുങ്ങുന്ന സ്ത്രീകള്‍ ഇന്നുമേറെയാണ്. മാറുന്ന കാലത്ത് വൈദ്യശാസ്ത്രരംഗത്തും അത്തരമൊരു പ്രതിഭാസം അത്ര ശരിയായ ഒന്നാണോ? 

നേതൃനിരയിലില്ലാത്ത പെണ്ണുങ്ങള്‍
ഇന്ത്യയിലെ ആരോഗ്യമേഖലയില്‍ ജോലിചെയ്യുന്ന മൊത്തം സ്ത്രീകളില്‍ 29 ശതമാനം ഡോക്ടര്‍മാരും 80 ശതമാനത്തോളം സ്ത്രീകള്‍ നഴ്‌സിങ്, മിഡ് വൈഫ് മേഖലകളിലുമാണ്. ഇവരില്‍ 18 ശതമാനം സ്ത്രീകള്‍ മാത്രമാണ് ഉന്നതസ്ഥാനങ്ങളിലേക്കെത്തുന്നത്‌ എന്ന് സാമൂഹിക ക്ഷേമസംഘടനയായ ദസറ (Dasara- Impact Foundation India) പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. അതില്‍ തന്നെ സീനിയര്‍ പൊസിഷനുകളില്‍ 25 ശതമാനം സ്ത്രീകള്‍ എത്തുമ്പോള്‍ ലീഡര്‍ഷിപ്പ് റോളുകളായ ഡയറക്ടര്‍, അഡ്മിനിസ്‌ട്രേറ്റര്‍, സീനിയര്‍, ചീഫ് സര്‍ജന്‍ പോലുള്ളവയിലേക്ക് എത്തുന്നത് അഞ്ച് ശതമാനം സ്ത്രീകള്‍ മാത്രം. കുട്ടികളുടെ ആരോഗ്യം, സ്ത്രീ ആരോഗ്യം എന്നീ മേഖലകളിലേക്കാണ് സ്ത്രീ ഡോക്ടര്‍മാര്‍ ഏറെയും സ്‌പെഷ്യലൈസ് ചെയ്യുന്നത്. 

വീട്, കുടുംബം, കുട്ടികള്‍ എന്നിങ്ങനെ സത്രീകളില്‍ സമൂഹം അടിച്ചേല്‍പ്പിക്കുന്ന പരമ്പരാഗത ഉത്തരവാദിത്തങ്ങള്‍ക്കാണ് ഇന്നും ആദ്യസ്ഥാനം.ജോലിയുടെയും സ്വപ്‌നങ്ങളുടെയുമെല്ലാം നിര പിന്നീടാണ്. സ്ത്രീ ഡോക്ടര്‍മാര്‍ക്കും കാലിടറുക ഇവിടെത്തന്നെ. എം.ബി.ബി.എസ് പഠനകാലം കഴിയുന്നതോടെ പല പെണ്‍കുട്ടികളും വിവാഹിതരാകും. പഠിക്കുന്ന കാലത്തെ സ്വപ്‌നങ്ങള്‍ പലര്‍ക്കും വേണ്ടെന്ന് വയ്‌ക്കേണ്ടിവരുന്നത് സര്‍വസാധാരണമാണ്. ബിരുദത്തില്‍ മാത്രം ഒതുങ്ങിപ്പോകുന്നവരും ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും നിര്‍ദേശമനുസരിച്ചുള്ള വിഷയങ്ങളില്‍ മാത്രം സ്‌പെഷ്യലൈസ് ചെയ്യുന്നവരും ധാരാളം. 

ആരോഗ്യമേഖലയിലെ ഈ തുല്യതയില്ലായ്മയെപ്പറ്റി ആരും ഇന്നും ചര്‍ച്ചചെയ്യുന്നില്ല. 2021-ലെ കണക്കുകള്‍ അനുസരിച്ച് ഹോസ്പിറ്റല്‍ ബോര്‍ഡ് മെമ്പേഴ്‌സ് ആയവരില്‍ 17 ശതമാനം പേര്‍ മാത്രമാണ് സ്ത്രീകള്‍. എന്നാല്‍ ഇന്ത്യയിലെ ആരോഗ്യമേഖലയില്‍ ജോലിചെയ്യുന്ന 9.3 മില്യണ്‍ ആളുകളില്‍ 85 ശതമാനവും സ്ത്രീകളാണ്. ദസറയുടെ കണ്ടെത്തലുകള്‍ നീളുന്നു. എന്നിട്ടും അവരെന്താണ് മുന്‍നിരയിലേക്ക് എത്താത്തത് എന്നതാണ് നമ്മള്‍ ആലോചിക്കേണ്ടത്. 

കോര്‍പ്പറേറ്റ് ഹോസ്പ്പിറ്റലുകളുടെ ഭാഗമായാണ് ആകെയുള്ള സ്ത്രീസര്‍ജന്‍മാരില്‍ പത്ത് ശതമാനവും. ഇവരിലേറെയും ഗൈനക്കോളജി വിഭാഗത്തിലാണെന്ന് മാത്രം. ഇ.എന്‍.ടി, ഓഫ്താല്‍മോളജി, ജനറല്‍സര്‍ജറി വിഭാഗങ്ങളില്‍ പണ്ടത്തെ അപേക്ഷിച്ച്‌ എണ്ണം കൂടുന്നുവെങ്കിലും പ്രധാനപ്പെട്ട ആധുനിക വൈദ്യശാസ്ത്ര മേഖലകളിലൊന്നും സ്ത്രീസര്‍ജന്‍മാരില്ലെന്ന് പറയേണ്ടിവരും. പ്ലാസ്റ്റിക്ക് സര്‍ജറി, കാന്‍സര്‍, ഹൃദയ ചികിത്സാ വിഭാഗങ്ങള്‍, ന്യൂറോ സര്‍ജറി എന്നിവയിലൊക്കെ പെണ്‍ ശസ്ത്രക്രിയാവിദഗ്ധരെ മഷിയിട്ടുനോക്കിയാലും കിട്ടുമോയെന്ന് സംശയമാണ്. സ്ത്രീഡോക്ടര്‍മാര്‍ ഏറെയുള്ള വിഭാഗമാണ് ശിശുരോഗവിഭാഗം. എന്നാല്‍ അവിടെയും സ്ത്രീ സര്‍ജന്മാര്‍ വളരെച്ചുരുക്കമാണ്. 

വിവേചനങ്ങള്‍
കേരളത്തിലും സ്ഥിതി വിഭിന്നമല്ല. കേരളത്തിലെ മെഡിക്കല്‍ സീറ്റുകളില്‍ ഏറെയും പെണ്‍കുട്ടികളുടെ കൈയിലാണ്. എന്നാല്‍ പിന്നീടിവരെല്ലാം എവിടേക്കാണ് അപ്രത്യക്ഷരാകുന്നത്. 2019-ല്‍ ലാന്‍സെറ്റ ജേര്‍ണല്‍ നടത്തിയ പഠനത്തിന്റെ ഭാഗമായി ഇന്ത്യയിലെ പലഭാഗങ്ങളിലുള്ള സ്ത്രീ ഡോക്ടര്‍മാരോട് അവര്‍ വിവേചനങ്ങള്‍ നേരിടുന്നുണ്ടോ എന്ന് ചോദിച്ചു. മറുപടികള്‍ രസകരമായിരുന്നു. സര്‍ജറികള്‍ക്ക് അസിസ്റ്റ് ചെയ്യാനായി ആണ്‍ ഡോക്ടര്‍മാര്‍ മാത്രം മതിയെന്ന് പറഞ്ഞ് സ്ത്രീസര്‍ജന്‍മാരെ മാറ്റിനിര്‍ത്തുന്ന സീനിയര്‍ പുരുഷസര്‍ജന്‍മാരെപ്പറ്റി വരെ പലരും തുറന്നു പറഞ്ഞു. സ്ത്രീ ഡോക്ടര്‍മാരെ വനിതാ നഴ്‌സുമാരെ വിളിക്കുന്നതുപോലെ സിസ്റ്റർ എന്ന് വിളിക്കുന്ന രോഗികളും കൂട്ടിരിപ്പുകാരും ഒപ്പം സ്ഥാപനത്തിലെ പുരുഷ സഹപ്രവര്‍ത്തകരുമുണ്ടെന്ന് പറഞ്ഞാല്‍ ഞെട്ടേണ്ടതില്ല. 

സ്ത്രീ സര്‍ജന്‍മാര്‍ പങ്കെടുത്ത മറ്റൊരു പഠനത്തില്‍ 78 ശതമാനം പേരും തൊഴിലിടത്തില്‍ തങ്ങള്‍ സ്ത്രീകളാണെന്ന കാരണത്താല്‍ പലപ്പോഴും വിവേചനങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് സമ്മതിക്കുന്നു. ജോലിയിലെ കാര്യക്ഷമതയേക്കാള്‍ ശസ്ത്രക്രിയാവിദഗ്ധനാവാന്‍ വേണ്ടത് ശാരീരികക്ഷമതകൂടിയാണെന്ന് കരുതുന്നവരും ധാരാളമുണ്ടെന്ന് ഇവര്‍. 

സ്ത്രീകള്‍ ഡബിള്‍ ഡ്യൂട്ടിയുടെ ഭാരം താങ്ങേണ്ടി വരുന്നവരാണ് ഇന്നും. വീട്, ജോലി എന്നിവ രണ്ടും ഓരോ കൈകളില്‍ താങ്ങേണ്ടി വരുന്നവര്‍. ഇതിനിടയില്‍ ഗര്‍ഭം, പ്രസവം, മുലയൂട്ടല്‍, ശിശുസംരംക്ഷണ ജോലികള്‍ വേറെയും. തങ്ങളുടെ സ്വപ്‌നങ്ങളിലേക്കെത്താന്‍ എത്രദൂരം നടക്കണമവര്‍. ഒരു ചായപോലും ആറിത്തണുക്കുന്നതിന് മുമ്പ് സമാധാനത്തോടെ കുടിക്കാന്‍ കഴിയുന്ന എത്ര സ്ത്രീകളുണ്ടാവും നമുക്കു ചുറ്റും. ആ സ്ത്രീകളോടാണ് നിങ്ങള്‍ ഹിമാലയം കീഴടക്കുന്നതിനെപ്പറ്റി സംസാരിക്കുന്നത് എന്നോര്‍ക്കണം.