ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീതസംവിധായകൻ പലാഷ് മുഛലും തങ്ങളുടെ വിവാഹം വേണ്ടെന്നുവെച്ചത് കഴിഞ്ഞവർഷമാണ്. വിവാഹം മുടങ്ങാനുള്ള കാരണമായി പലതും ഉയർന്നുവന്നു. പലാഷിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധമാണ് പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. അതിനിടെ പലാഷ് അയച്ച മെസേജ് എന്ന പേരിൽ അതിന്റെ സ്‌ക്രീൻഷോട്ടുകൾ ആ സ്ത്രീ പുറത്തുവിടുകയും ചെയ്തു. അതിനിടെ സ്മൃതിയുടെ അച്ഛന് സുഖമില്ലാതായതുകൊണ്ട്, വിവാഹം മാറ്റിവെച്ചതായി അറിയിപ്പ് വന്നു.

To advertise here,

ആഴ്ചകൾ കഴിഞ്ഞപ്പോൾ വിവാഹം ഉപേക്ഷിച്ചതായി ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ സ്മൃതി അറിയിച്ചു. പിന്നാലെ ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്യുകയും ചെയ്തു. എന്താണ് കാരണമെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല.

ദിവസങ്ങൾ കഴിഞ്ഞപ്പോൾ സ്മൃതിയുടെ ഒരു സുഹൃത്ത് പലാഷിനെതിരെ ആരോപണവുമായി രംഗത്തെത്തി. ഒരു സിനിമയുമായി ബന്ധപ്പെട്ട് 40 ലക്ഷം രൂപ തട്ടിയെന്നായിരുന്നു പരാതി.

മാത്രമല്ല, സ്മൃതി-പലാഷ് വിവാഹാഘോഷങ്ങൾക്കിടെ മറ്റൊരു സ്ത്രീയോടൊപ്പം വളരെ മോശം സാഹചര്യത്തിൽ പലാഷിനെ ആളുകൾ കണ്ടുവെന്നും അയാൾ ആരോപിച്ചു. അന്ന് വനിതാ ക്രിക്കറ്റ് ടീമംഗങ്ങളെല്ലാം ചേർന്ന് പലാഷിനെ തല്ലിച്ചതച്ചെന്നും അയാൾ പറഞ്ഞു.

വിവാഹസമയത്തെ സംഭവങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് നടൻ നന്ദീഷ് സന്ധു. വിവാഹത്തിൽ പങ്കെടുക്കാൻ അദ്ദേഹവും എത്തിയിരുന്നു. ''ഞാൻ വിവാഹത്തിന് പോയിരുന്നു. അതുനടന്നില്ല. ഇപ്പോൾ നടക്കില്ലെന്നാണ് എന്നോട് പറഞ്ഞത്. സ്മൃതിയുടെ അച്ഛന് സുഖമില്ലെന്ന കാരണം തന്നെയാണ് അവിടെത്തിയ അതിഥികളോടും മറ്റുള്ളവരോടും അവർ പറഞ്ഞത്. വാർത്തകളിൽ അന്ന് വന്ന അതേ കാരണം തന്നെ''.

എന്നാൽ മറ്റുള്ള കാര്യങ്ങളെല്ലാം പിന്നീട് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം പറയുന്നു. ''മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളിലൂടെയാണ് ചതിയുടെയും മറ്റും കഥ ഞാനറിഞ്ഞത്. എനിക്കതിൽ വിഷമമുണ്ട്. കാരണം എന്തുതന്നെയായാലും, വിവാഹം നടന്നില്ല. നിങ്ങൾക്കറിയാമോ, ഞാൻ അവരുടെ പ്രണയം കണ്ടിട്ടുണ്ട്. കഴിഞ്ഞ അഞ്ച്, ആറ് വർഷമായി അവർ എത്രമാത്രം ഭ്രാന്തമായി പ്രണയത്തിലാണെന്ന് ഞാൻ കണ്ടിട്ടുണ്ട്''.

പലാഷിനെതിരെ വന്ന ആരോപണങ്ങളെക്കുറിച്ച് അദ്ദേഹം മറുപടി പറഞ്ഞതിങ്ങനെ, ''അതിനെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാതിരിക്കുന്നതാണ് നല്ലത്. പലാഷ് തന്റെ ഭാഗത്ത് നിന്ന് സംസാരിക്കട്ടെ''. തന്റെ അറിവിൽ, സംഭവങ്ങളെക്കുറിച്ചുള്ള പലാഷിന്റെ ഭാഗം കേൾക്കാൻ ആരും അദ്ദേഹത്തെ സമീപിച്ചിട്ടില്ലെന്നും നന്ദീഷ് പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi