കുടുംബബന്ധങ്ങളിലെ വിള്ളലുകള്‍ പലപ്പോഴും സ്ത്രീകളെയാണ് കൂടുതലും സാമ്പത്തികമായി തകര്‍ക്കുക. അഭിപ്രായവ്യത്യാസങ്ങളെതുടര്‍ന്ന് വീട് വിട്ടിറങ്ങുന്നവര്‍, വിവാഹമോചനം നേടിയവര്‍, മാതാപിതാക്കളുടെ മരണത്തെതുടര്‍ന്ന് നിരാശ്രയരാകുന്നവര്‍, ഭര്‍ത്താവിന്റെ മരണത്തെതുടര്‍ന്ന് വിധവകളാകുന്നവര്‍... ഇവരെല്ലാം പെട്ടെന്ന് ഒരു ദിവസം സാമ്പത്തികമായി അരക്ഷിതമാകുന്നു. മാതാപിതാക്കളുടെയും ഭര്‍ത്താവിന്റെയും സ്വത്തുക്കളില്‍ പലര്‍ക്കും പലപ്പോഴും അര്‍ഹമായ അവകാശം ലഭിക്കാറുമില്ല. ഈ സാഹചര്യത്തില്‍ സ്ത്രീകള്‍ക്കുള്ള അവകാശങ്ങള്‍ എന്തൊക്കെയെന്ന് അറിയുന്നത് ഇത്തരം സാഹചര്യങ്ങള്‍ നേരിടുന്നവര്‍ക്ക് വഴികാട്ടും. വില്‍പ്പത്രമെഴുതാതെയാണ് മരണപ്പെടുന്നതെങ്കില്‍ ഹിന്ദു സക്‌സഷന്‍ ആക്ട് 1956, ഇന്ത്യന്‍ സക്‌സസഷന്‍ ആക്ട് 1925, ശരിയത്ത് നിയമം തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള അവകാശങ്ങള്‍ താഴെ പറയുന്നവയാണ്.

 

1. അമ്മ എന്ന നിലയിലുള്ള അവകാശങ്ങള്‍

ഹിന്ദു സ്ത്രീകളുടെ കാര്യത്തില്‍ മരണപ്പെടുന്നത് മകനാണ് എങ്കില്‍ മകന്റെ സ്വത്തില്‍ മകന്റെ മറ്റ് നിയമപരമായ അവകാശികള്‍ക്കൊപ്പം അമ്മയ്ക്കും തുല്യ അവകാശമുണ്ടായിരിക്കും. മുസ്ലിം സ്ത്രീകളുടെ കാര്യത്തില്‍ മകന് മക്കള്‍ ഇല്ലെങ്കില്‍ സ്വത്തിന്റെ മൂന്നിലൊന്നിനും മക്കള്‍ ഉണ്ടെങ്കില്‍ ആറിലൊന്നും അവകാശമുണ്ട്.

2. ഭാര്യ എന്ന നിലയിലുള്ള അവകാശങ്ങള്‍

ഹിന്ദുക്കളുടെ കാര്യത്തില്‍ ഭര്‍ത്താവിന്റെ സ്വത്തില്‍ മക്കള്‍, ഭര്‍ത്താവിന്റെ അമ്മ എന്നിവര്‍ക്കൊപ്പം ഭാര്യയ്ക്ക് തുല്യ അവകാശമുണ്ടായിരിക്കും. മുസ്ലിം സ്ത്രീകള്‍ക്ക് കുട്ടികളുണ്ടെങ്കില്‍ എട്ടിലൊന്നും കുട്ടികളില്ലെങ്കില്‍ നാലിലൊന്ന് അവകാശവുമാണ് ഉള്ളത്.

3. മകള്‍ എന്ന നിലയിലുള്ള അവകാശങ്ങള്‍

ഹിന്ദു സക്‌സഷന്‍ ആക്ട് 2005 പ്രകാരം പിതാവിന്റെ സ്വത്തില്‍ മകനുള്ളതുപോലെ തുല്യഅവകാശം മകള്‍ക്കും ഉണ്ട്. മുസ്ലീം സ്ത്രീകളുടെ കാര്യത്തില്‍ മകനുള്ള അവകാശത്തിന്റെ പകുതി മകള്‍ക്ക് ലഭിക്കും. മകനില്ലെങ്കില്‍ മകള്‍ക്ക് കൂടുതല്‍ അവകാശം ലഭിക്കും. ഒന്നിലേറെ പെണ്‍മക്കളുണ്ടെങ്കില്‍ അവകാശം മൂന്നിലൊന്ന് വീതം ലഭിക്കും.

സ്വത്തുക്കളിന്മേലുള്ള അവകാശം സംബന്ധിച്ച് എല്ലാ സ്ത്രീകളും ഒരു ധാരണ വെച്ചുപുലര്‍ത്തുന്നത് നല്ലാതാണ്. പല സ്ത്രീകളും ഇക്കാര്യം കുടുംബത്തില്‍ ചര്‍ച്ചചെയ്യാന്‍ മടിക്കും. സ്ത്രീകളുടെ ഇക്കാര്യത്തിലെ മടിയും അറിവില്ലായ്മയും മറ്റുള്ളവര്‍ മുതലെടുക്കുന്ന സാഹചര്യങ്ങള്‍ അനുദിനം വര്‍ധിച്ചുവരികയുമാണ്. തങ്ങള്‍ക്ക് ലഭിക്കേണ്ട സ്വത്ത് സംബന്ധിച്ച ആവശ്യം ഉന്നയിക്കുന്നതില്‍ കുറ്റബോധമൊന്നും വിചാരിക്കേണ്ട കാര്യമില്ല. ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ പ്രൊഫഷണല്‍ സഹായവും തേടണം.

സ്വത്തിന്മേലുള്ള അവകാശം സംബന്ധിച്ച് ഏകദേശ ധാരണ ലഭിക്കാന്‍ മാത്രമാണ് ഈ പരമ്പരയില്‍ ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയത്. യഥാര്‍ത്ഥ അവകാശം സംബന്ധിച്ച് തീരുമാനം എടുക്കും മുമ്പ് നിയമ വിദഗ്ധരെ സമീപിച്ച്  ഉപദേശം തേടേണ്ടതാണ്.