കുടുംബ സദസുകളില്‍ ഇപ്പോള്‍ ജിഎസ്ടിയാണ് താരം. കോഫിഹൗസില്‍ നിന്നൊരു വടയും ചായയും കഴിച്ചാല്‍ കിട്ടുന്ന ബില്ലില്‍ പോലും കാണാമായിരുന്നു ജിഎടി. മുടിവെട്ടിക്കാന്‍ പോയാല്‍ അവിടുത്തെ ബില്ലിലും ജിഎസ്ടി. ഇപ്പോള്‍ ജിഎസ്ടി നിരക്കുകള്‍ വലിയതോതില്‍ വെട്ടിക്കുറിച്ചിരിക്കുന്നതാണ് ചര്‍ച്ചാവിഷയം. ജിഎസ്ടി ഇളവ് മലയാളിയുടെ കുടുംബ ബജറ്റില്‍ എന്തൊക്കെ മാറ്റം വരുത്തും. കുടുംബങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന ഏതൊക്കെ ഇനങ്ങള്‍ക്ക് എത്രമാത്രം വില കുറയും. പ്രതിമാസം പതിനായിരം രൂപ ജീവിതച്ചെലവുള്ള കുടുംബത്തിന് എത്ര രൂപയുടെ ലാഭം കിട്ടും. വില കൂടുന്നത് ഏതിനൊക്കെ. കുടുംബ ബജറ്റില്‍ നിന്ന് ഏതൊക്കെ ഒഴിവാക്കണം. സംശയങ്ങള്‍ നിരവധിയാണ്. നാണ്യപ്പെരുപ്പം കൊണ്ട് പൊറുതി മുട്ടുന്ന കുടുംബങ്ങള്‍ക്ക് പത്ത് രൂപയുടെ ലാഭം ഉണ്ടായാല്‍ പോലും അത് വലിയ തുകയാണ്.

1. വീട്ടാവശ്യങ്ങള്‍ക്കായി പ്രതിമാസം 10000 രൂപ ചെലവഴിച്ചിരുന്ന ഒരു കുടുംബത്തിന് ചുരുങ്ങിയത് 500-600 രൂപയുടെ ലാഭം ജിഎസ്ടി നിരക്ക് കുറച്ചുതുമൂലം ഉണ്ടാകുമെന്നാണ് കണക്കുകള്‍ പറയുന്നത്. മാസം 500 രൂപ എന്നാല്‍ വര്‍ഷം 6000 രൂപ. ഉപഭോഗത്തിലും ചെലവഴിക്കലിലുമൊക്കെ ചില ചില്ലറ മാറ്റങ്ങള്‍ വരുത്തിയാല്‍ ലാഭം ഇതിനേക്കാള്‍ കൂടുതല്‍ നേടാന്‍ കഴിയും. ഒട്ടുമിക്ക നിത്യോപയോഗ സാധനങ്ങളുടെയും ജിഎസ്ടി നിരക്ക് അഞ്ച് ശതമാനമാക്കി കുറച്ചിരിക്കുകയാണ്. ചിലതിന് നികുതിയേ ഇല്ല. ബ്രെഡ്, ചപ്പാത്തി, പാല് തുടങ്ങിയവയ്ക്ക് നികുതിയില്ല. ഇവയുടെ വിലയില്‍ അഞ്ച് ശതമാനത്തോളം കുറവുണ്ടാകും. പ്രതിമാസം 30-40 പാക്കറ്റ് വാങ്ങി ഉപയോഗിക്കുന്ന കുടുംബത്തിന് 30-50 രൂപ ലാഭിക്കാം.

2. ടൂത്ത് പേസ്റ്റ്, ബ്രഷ്, സോപ്പ് തുടങ്ങിയവയ്ക്ക് നേരത്തെ 12 ശതമാനമായിരുന്നു നികുതി. അത് അഞ്ച് ശതമാനമാക്കി കുറച്ചു. ഇത്തരം വസ്തുക്കള്‍ക്കായി പ്രതിമാസം 150-200 രൂപ ചിലവഴിച്ചിരുന്ന ഒരു കുടുംബത്തിന് പ്രതിമാസം ആ ഇനത്തില്‍ മാത്രം 15-20 രൂപ ലാഭിക്കാം.

3. 36 തരം അവശ്യമരുന്നുകളെ നികുതിയില്‍ നിന്ന് ഓഴിവാക്കിയിരിക്കുകയാണ്. സ്ഥിരമായി മരുന്നുകഴിക്കുന്നവരുള്ള കുടുംബത്തിന് പ്രതിമാസം 100-200 രൂപയുടെ ലാഭമുണ്ടാകും.

4. മിക്‌സി, തേപ്പുപെട്ടി തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ നികുതി 18 ല്‍ നിന്ന് അഞ്ച് ശതമാനമാക്കിയാണ് കുറച്ചിരിക്കുന്നത്. ഇത്തരം ഉല്‍പ്പന്നങ്ങളുടെ വിലയില്‍ 200-500 രൂപയുടെ കുറവുണ്ടാകും.

5. ലൈഫ്, ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് നികുതി 18 ശതമാനം നികുതി ഈടാക്കിയിരുന്നത് ഇനി ഇല്ലാതാകും. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഏര്‍പ്പെടുത്തയിരുന്ന നികുതിയും ഒഴിവാക്കി. പോളിസി പുതുക്കുമ്പേള്‍ 300-500 രൂപവരെ ലാഭിക്കാം. .

6. ജിം, സലൂണ്‍, ബാര്‍ബര്‍, യോഗ സെന്റര്‍ തുടങ്ങിയവയില്‍ പതിവായി പോയിരുന്നവര്‍ക്കും ചെലവ് കുറയും. നികുതി 18 ല്‍ നിന്ന് അഞ്ച് ശതമാനമായാണ് കുറച്ചത്. 2,500 രൂപ വരെ വിലവരുന്ന ചെരുപ്പുകള്‍ക്ക് നികുതി അഞ്ച് ശതമാനമായി കുറയുമെന്നതിനാല്‍ വിലയില്‍ കാര്യമായ ഇളവ് പ്രതീക്ഷിക്കാം. നിലവില്‍ 1,000 രൂപയ്ക്കു താഴെയുള്ള ഫുട്‌വെയറുകള്‍ക്ക് 12 ശതമാനമാണ് നികുതി ഈടാക്കിയിരുന്നത്. 2,500 രൂപയ്ക്കു മുകളിലുള്ളവയ്ക്ക് നികുതി 18 ശതമാനമായി തുടരും എന്നതിനാല്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കുന്നത് കുടുംബ ബജറ്റ് ഉയരാതിരിക്കാന്‍ സഹായിക്കും.

7. പെന്‍സില്‍, ക്രയോണ്‍സ്, നോട്ട്ബുക്ക്, ഗ്രാഫ് ബുക്ക്, ജ്യോമട്രി ബോക്‌സ് , ഇറേസര്‍, ഭൂപടങ്ങള്‍, ഗ്ലോബുകള്‍, പെന്‍സില്‍ ഷാര്‍പ്നര്‍ തുടങ്ങിയവയ്ക്ക് വില കുറയും. ഫ്‌ളോര്‍ മാറ്റുകള്‍, പരവതാനികള്‍ തുടങ്ങിയവയുടെ വില കുറയും

8. ഇക്കോണമി യാത്രകള്‍ക്ക് നിലവിലെ നികുതി തുടരും.

9.കണ്ടന്‍സ്ഡ് മില്‍ക് വെണ്ണ, നെയ്യ്, ചീസ്, ബദാം, ഹേസല്‍നട്ട്, പിസ്ത, ഈന്തപ്പഴം, അത്തിപ്പഴം, അവക്കാഡോ, ഫ്രൂട്‌സ്, മൃഗക്കൊഴുപ്പ്, സോസേജ്, പഞ്ചസാര മിഠായികള്‍, പാസ്ത നൂഡില്‍സ്, മിക്‌സ്ചര്‍ പോലെയുള്ള ലഘുഭക്ഷണങ്ങള്‍, പാക്ക് ചെയ്ത കരിക്കുവെള്ളം, 20 ലിറ്ററിന്റെ മിനറല്‍ വാട്ടര്‍ ബോട്ടില്‍, ഫ്രൂട്ട് പള്‍പ്, സോയ മില്‍ക്, ഫ്രൂട്ട് ജ്യൂസ്, ജാം, ഫ്രൂട്ട് ജെല്ലി, യീസ്റ്റ്, പനീര്‍, പീസ് ബ്രെഡ്, പാക്കറ്റ് ചപ്പാത്തി, പൊറോട്ട, പാല്‍ അടങ്ങിയ പാനീയങ്ങള്‍, സോസ്, മയോണൈസ്, പ്രമേഹ രോഗികള്‍ക്കുള്ള ഭക്ഷ്യവസ്തു ള്‍, ചോക്ലേറ്റ്, കോണ്‍ഫ്‌ളേക്‌സ്, കേക്ക്, ബിസ്‌ക്കറ്റ്, ഐസ്‌ക്രീം. തുടങ്ങിയവയുടെ എല്ലാം വില കുറയും.

10. മെഴുകുതിരി, തീപ്പെട്ടി, ഫീഡിങ് ബോട്ടില്‍, ബാഗ്, പാത്രങ്ങള്‍, കുട, തയ്യല്‍ മെഷീന്‍, സൂചി, മണ്ണെണ്ണ അടുപ്പ്, സൈക്കിള്‍, ബാംബു/ചൂരല്‍ ഫര്‍ണിച്ചര്‍, പെട്രോമാക്‌സ്, ഹെയര്‍പിന്‍, ചീപ്പ്, ബേബി നാപ്കിന്‍, ടാല്‍കം പൗഡര്‍, ഹെയര്‍ ഓയില്‍, ഷാംപു, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, ഷേവിങ് ക്രീം, ആഫ്റ്റര്‍ഷേവ് ലോഷന്‍, സോപ്പുകട്ട, ടയറുകള്‍, ലെതര്‍ ഉല്‍പന്നങ്ങള്‍, തുടങ്ങിയവയുടെ വിലയും കുറയും.

നികുതി വെട്ടിക്കുറച്ചതിന്റെ ഫലം വിലയില്‍ പ്രതിഫലിച്ചുതുടുങ്ങുമ്പോള്‍ ആ നേട്ടം കുടുംബബജറ്റിലും മാറ്റമുണ്ടാക്കും. നികുതി നിരക്ക് കുറച്ചെന്ന് കേട്ട് പെട്ടെന്ന് പാത്രവുമെടുത്ത് ഷോപ്പിങ്ങിന് ഇറങ്ങേണ്ട. കടകളില്‍ ഇത് പ്രതിഫലിക്കാന്‍ കറച്ച് സമയമെടുക്കും. നികുതി നിരക്ക് കുറഞ്ഞ സാധനങ്ങള്‍ ഒന്നിച്ചുവാങ്ങാന്‍ ആലോചിക്കുന്നവര്‍ ചിത്രം കൂടുതല്‍ തെളിയുന്നതുവരെ അല്‍പ്പസമയം കാത്തിരിക്കുക.

റെസ്റ്റോറന്റുകളുടെ നികുതിയും കാറ്ററിങ്ങുകാരുടെ നികുതിയും 18 ല്‍ നിന്ന് 5 ശതമാനമായി കുറച്ചു എന്നുകരുതി പുറത്തുനിന്നുള്ള ഭക്ഷണം പതിവാക്കേണ്ട. നികുതി കുറഞ്ഞതും കൂടിയതും തിരിച്ചറിഞ്ഞ് കുടുംബ ബജറ്റില്‍ അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്താവുന്നതാണ്.

വില കൂടുന്നവ

കാര്‍ബണേറ്റഡ് ഡ്രിങ്കുകളുടെയും ടുബാക്കോയുടെയും വില കൂടും. ഇവയുടെ നികുതി 40 ശതമാനമാക്കിയാണ് വര്‍ധിച്ചത്. 90 രൂപ വിലയുണ്ടായിരുന്ന രണ്ട് ലിറ്റര്‍ ബോട്ടില്‍ കോളയ്ക്ക് 100-110 രൂപവരെയാകും. ആഡംബര വസ്തുക്കളുടെ വിലയും കൂടും. പ്രീമിയം ഇക്കോണമി, ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് യാത്രകള്‍ക്ക് ചെലവേറും.

 

( ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കാം. ഫോണ്‍: 9447667716. ഇ-മെയില്‍. jayakumarkk8@gmail.com)

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi