വനിതകള്‍ ഏറെ ചൂഷണത്തിന് വിധേയമാവുന്ന വിവിധ മേഖലയില്‍ ഒന്നാണ് ഫാര്‍മസി മേഖലയെന്നും ഈ സ്ഥിതിക്ക് മാറ്റം വരണമെന്നും കെ.കെ.രമ എം.എല്‍. എ. വനിതാ ഫാര്‍മസിസ്റ്റുകളുടെ കോഴിക്കോട് ജില്ലാതല സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. ലോകം മുഴുവന്‍ ഫാര്‍മസി പ്രൊഫഷണല്‍ രംഗത്ത് കേരളത്തിലെ വനിതാ ഫാര്‍മസിസ്റ്റുകള്‍ ജോലി ചെയ്തു വരുന്നു. മരുന്ന് നിര്‍മ്മാണ കമ്പനികള്‍, സംഭരണ ശാലകള്‍, വിതരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കേരളത്തില്‍ മാത്രം ലക്ഷത്തില്‍പരം  ഫാര്‍മസിസ്റ്റുകള്‍ ജോലിചെയ്യുന്നുണ്ട്.  ഇതില്‍ നല്ലൊരു ശതമാനം വനിതകളാണ്. ഉന്നത വിദ്യാഭ്യാസയോഗ്യത നേടി മെച്ചപ്പെട്ട അവസരം ലഭിക്കാതെ സ്വകാര്യമേഖലയില്‍ ചെറിയ ആനുകൂല്യങ്ങളും ജോലി സുരക്ഷയും ഇല്ലാതെ ജോലിചെയ്യുന്നവരാണ്  ഭൂരിഭാഗവും. സംഘടനാബലം കുറഞ്ഞ ഇടങ്ങളില്‍ വനിതാ ഫാര്‍മസിസ്റ്റുകളെ  ചെറിയ വേതനം നല്‍കിയും ആനുകൂല്യങ്ങള്‍ നിക്ഷേധിച്ചും ചൂഷണത്തിന് വിധേയമാക്കുകയാണ് പല സ്വകാര്യ മേഖലാതൊഴിലിടങ്ങളും. ശൗചാലയങ്ങള്‍ പോലുമില്ലാത്ത തൊഴിലിടങ്ങളില്‍ വനിതകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

ഫാര്‍മസി മേഖലയിലും മാറ്റം അനിവാര്യമാണ്. നമ്മുടെ തൊഴിലിടങ്ങള്‍ സുരക്ഷിതമല്ലാത്തതുകൊണ്ടാണ് പുതു തലമുറ വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നത്. ഫാര്‍മസി പ്രൊഫഷണല്‍ രംഗത്ത് ഉന്നത വിദ്യാഭ്യാസം നേടിയ  ധാരാളം വനിതകള്‍ നിലവില്‍ വിദേശ രാജ്യങ്ങളിലാണ് ജോലിചെയ്യുന്നത്. ഡോക്ടറുടെ തസ്തികക്ക് സമാനമായ യോഗ്യതനേടിയ ഫാം ഡി. പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ നിലവാരത്തിനനുസരിച്ചുളള തസ്തിക കേരളത്തില്‍ സൃഷ്ടിച്ചിട്ടില്ല എന്നത് പരിതാപകരമാണ്. മികച്ച ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി കേരളത്തില്‍ ഇല്ലെന്നുളളതും പരിശോധിക്കേണ്ടതാണ്. പ്രൊഫഷണല്‍ യോഗ്യത നേടിയ നമ്മുടെ വനിതകള്‍ക്ക്യോഗ്യതയ്ക്കനുസരിച്ചുള്ള പ്രതിഫലം ഇന്നും കിട്ടുന്നില്ല. ഇതൊക്കെയും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. 

സ്ത്രീകള്‍ സ്വയം സ്‌നേഹിക്കാനും സമൂഹത്തെ ചേര്‍ത്തു പിടിക്കാനും ഉളള കഴിവ് ആര്‍ജിച്ചെടുക്കണം. തൊഴിലിടങ്ങളിലെ ഉന്നമനത്തിന് വേണ്ടി ചര്‍ച്ചകള്‍ നടത്തണം. അവകാശങ്ങളും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും നേടിയെടുക്കാന്‍ സംഘടിക്കണം...അവര്‍ പറഞ്ഞു.