
കത്തുകള്‍ക്കൊപ്പം കുഞ്ഞിനെയും പിടിച്ചുനില്‍ക്കുന്ന അമേരിക്കന്‍ പോസ്റ്റ്മാന്
(Getty Images)
നാല് പൗണ്ടിന് മുകളില്‍ ഭാരമുള്ള വസ്തുക്കളുടെ തപാല്‍ പാഴ്‌സല്‍ സേവനം അമേരിക്കയില്‍ ആരംഭിക്കുന്നത് 1913-ലാണ്. എന്ത് സാധനങ്ങള്‍ അയക്കാം, എത്ര ദൂരം വരെ എന്നൊന്നും തുടക്കകാലത്ത് വലിയ നിയമങ്ങളൊന്നും ഉണ്ടായിരുന്നില്ല. അത് മുതലെടുക്കാന്‍ തീരുമാനിച്ച ഒരു ദമ്പതികള്‍ പാഴ്സലില്‍ തങ്ങളുടെ മകനെ അയക്കാന്‍ തീരുമാനിച്ചു. കുഞ്ഞിനെ 50 ഡോളറിന് ഇന്‍ഷുറന്‍സ് ഉറപ്പുവരുത്തി, ഉടുപ്പിന്റെ കോളറില്‍ 15 സെന്റിന്റെ സ്റ്റാമ്പും ഒട്ടിച്ച് പോസ്റ്റ്്മാന്‍ കൈവശം ഒരു മൈല്‍ അകലെയുള്ള അച്ഛനമ്മമാര്‍ക്കടുത്തേക്ക് അയച്ചു.
1913-1915 കാലയളവില്‍ 7 കുട്ടികളാണ് ഇത്തരത്തില്‍ തപാല്‍ സേവനം വഴി പാഴ്സലായി അയക്കപ്പെട്ടിട്ടുള്ളത്. ട്രെയിനില്‍ കുട്ടികള്‍ക്ക് ടിക്കറ്റ് എടുക്കുന്നതിനേക്കാള്‍ ലാഭമായിരുന്നു റെയില്‍വേ തപാല്‍ വഴി കുട്ടികളെ അയക്കുന്നത്. അക്കാലത്തൊക്കെ മിക്ക വീടുകളുമായി പോസ്റ്റമാന് നല്ല വ്യക്തിബന്ധവും ഉണ്ടായിരുന്നു. അതുകൊണ്ട് കുട്ടികള്‍ക്ക് അപായം വരാനുള്ള സാധ്യതയും ഉണ്ടായിരുന്നില്ല.
1914 ഫെബ്രുവരിയില്‍ ആറുവയസ്സുകാരിയായ മകളെ 73 കിലോമീറ്റര്‍ അകലെയുള്ള അമ്മൂമ്മയുടെ അടുത്തേയ്ക്ക് അച്ഛനുമമ്മയും പാഴ്സലയച്ചു. മേരി എന്ന് പേരുള്ള കുഞ്ഞിനെ ട്രെയിനില്‍ ഡെലിവറി നടത്തിയത് അവളുടെ അടുത്ത ബന്ധു കൂടിയായ പോസ്റ്റ്മാനായിരുന്നു. പക്ഷേ സംഭവം ചര്‍ച്ചയായി. മനുഷ്യരെ പാഴ്സലയക്കുന്നത് അധാര്‍മികവും മനുഷ്യത്വവിരുദ്ധവുമാണെന്ന് നിരീക്ഷണം വന്നു. അങ്ങനെയാണ് ഇനി കുഞ്ഞുങ്ങളെ പാഴ്‌സലയക്കുന്നത് വിലക്കി നിയമം വന്നത്.
നിയമം നടപ്പിലാക്കാന്‍ പിന്നെയും സമയമെടുത്തു. ഔദ്യോഗിക പ്രഖ്യാപനം വന്ന് ഒരു വര്‍ഷത്തിന് ശേഷമാണു ആറുവയസ്സുള്ള കുഞ്ഞിനെ വീട്ടുകാര്‍ ഫ്ളോറിഡയില്‍ നിന്ന് 720 മൈല്‍ അകലെ വിര്‍ജിനിയയിലെ അച്ഛന്റെ വീട്ടിലേക്ക് പാഴ്സലയച്ചത്. പതിനഞ്ച് സെന്റ് ചിലവായ ഈ യാത്രയാണ് ഒരു കുട്ടി തപാലില്‍ സഞ്ചരിച്ച ഏറ്റവുമുയര്‍ന്ന ദൂരം.
1915-ലാണ് അവസാനമായി ഒരു കുട്ടി തപാല്‍ പാഴ്സലില്‍ അയക്കപ്പെട്ടത്. രോഗാതുരയായ അമ്മയുടെ അടുത്തേക്ക് 40 മൈല്‍ അകലെയുള്ള അപ്പൂപ്പനും അമ്മൂമ്മയും കുട്ടിയെ റെയില്‍വേ മെയിലിലൂടെ അയക്കുകയായിരുന്നു.
Content Highlights: Learn about the bizarre US law banning sending children via mail, sparked by a 1914 incident where a 6-year-old girl was mailed 73km.
Published: 13 Jun 2025, 04:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented