ലോകത്തെ ചിരിയിലൂടെ ചിന്തിപ്പിച്ച അനുഗ്രഹീതനടനാണ് ചാര്‍ളി ചാപ്ലിന്‍. 88 വര്‍ഷം നീണ്ട ആ ജീവിതം അവസാനിച്ചത് സ്വിറ്റ്സര്‍ലന്‍ഡില്‍ വെച്ചാണ്. അതും 1977-ലെ ക്രിസ്തുമസ് ദിനത്തില്‍. വര്‍ഷങ്ങളായി ചാപ്ലിന്റെ താമസം സ്വിസ് മണ്ണിലായിരുന്നു. അവിടെ വീടിനടുത്ത് തന്നെയാണ് അദ്ദേഹത്തെ അടക്കിയത്. 135 കിലോയോളം വരുന്ന അതിമനോഹരമായ ഓക്ക് മരത്തിന്റെ പെട്ടിയിലാണ് അദ്ദേഹത്തിന്റെ ശരീരം അടക്കിയത്.
1978 മാര്‍ച്ച് ഒന്നാം തീയതി രാത്രി, രണ്ടുപേര്‍ ഇരുട്ടിന്റെ മറപറ്റി സെമിത്തേരിയിലെത്തി. അവര്‍ അദ്ദേഹത്തിന്റെ കല്ലറ മാന്തി ഭാരമേറിയ ആ മരപ്പട്ടി പുറത്തെടുത്തു. പുറത്തുനിര്‍ത്തിയിട്ടിരുന്ന കാറില്‍ ആ പെട്ടിയുമായി അവര്‍ കടന്നുകളഞ്ഞു. ബള്‍ഗേറിയയില്‍ നിന്നും പോളണ്ടില്‍ നിന്നുമുള്ളവരായിരുന്നു അവര്‍. റോമന്‍ വാര്‍ഡസ്, ഗവേസ് എന്നിങ്ങനെയായിരുന്നു അവരുടെ പേരുകള്‍. രണ്ടുപേരും കാര്‍ മെക്കാനിക്കുകള്‍. എല്ലാ അത്യാധുനിക സൗകര്യനങ്ങളുമുള്ള ഒരു മെക്കാനിക്ക് ഷോപ്പ് തുടങ്ങണം എന്നായിരുന്നു അവരുടെ ആഗ്രഹം. അതിനുള്ള പണം കണ്ടെത്താനാണ് അവര്‍ ചാപ്ലിന്റെ ഭൗതികാവശിഷ്ടം മോഷ്ടിച്ചത്.

ചാപ്ലിന്റെ ശരീരം മോഷണം പോയ വാര്‍ത്ത തീ പോലെ പടര്‍ന്നു. ഹിറ്റ്ലറെ ആക്ഷേപിക്കുന്ന ഗ്രേറ്റ് ഡിക്ടേറ്റര്‍ എന്ന സിനിമയ്ക്ക് ശേഷം ചാപ്ലിന്‍ ജൂതനാണ് എന്നൊരു വാര്‍ത്ത പ്രചരിക്കപ്പെട്ടിരുന്നു. ഒരു മതത്തോടുംചാപ്ലിനു താത്പര്യമില്ലായിരുന്നു. പക്ഷേ തന്നെ ജൂതനാക്കി ചിത്രീകരിക്കുന്ന വാര്‍ത്തകളെ അദ്ദേഹം ഒരിക്കലും തള്ളിപ്പറഞ്ഞിരുന്നില്ല. അദ്ദേഹം ജൂതനായതുകൊണ്ട് ആരെങ്കിലും അദ്ദേഹത്തിന്റെ ശരീരം ജൂത സെമിത്തേരിയിലേക്ക് മാറ്റിയതാകുമെന്ന് ചിലര്‍ വിശ്വസിച്ചു. ജന്മനാടായ ബ്രിട്ടനില്‍ അടക്കം ചെയ്യപ്പെടണമെന്ന് മുന്‍പ് ചാപ്ലിന്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് ആരെങ്കിലും അദ്ദേഹത്തെ ഇംഗ്ലീഷ് മണ്ണിലേക്ക് കൊണ്ടുപോയതാകാം എന്നായി മറ്റുചിലര്‍. ആരാധന മൂത്ത ആരെങ്കിലും സ്വന്തമാക്കിയതാകും എന്നൊരു ആശങ്കയും പടര്‍ന്നു.
ദിവസങ്ങള്‍ക്കുള്ളില്‍ ചാപ്ലിന്റെ ഭാര്യ ഊനയ്ക്ക് ഒരു അജ്ഞാത ഫോണ്‍ വന്നു. ചാപ്ലിന്റെ ശരീരം കൈവശമുണ്ടെന്നും 600000 ഡോളര്‍ തന്നാല്‍ അത് മടക്കാമെന്നും വിളിച്ചയാള്‍ പറഞ്ഞു. പോലീസ് അന്വേഷണം നടക്കുന്നതിനാല്‍ ഊന വിസമ്മതിച്ചു. തുടര്‍ന്നങ്ങോട്ട് ചാപ്ലിന്റെ കുടുംബാംഗങ്ങള്‍ക്ക് നിരന്തരം ഫോണ്‍ വന്നു. ചാപ്ലിന്റെ കല്ലറ കയ്യിലുണ്ടെന്ന് അവകാശപ്പെട്ട നിരവധിപേര്‍ പണം ചോദിച്ചു.

/Getty Images
ഏതാണ് യഥാര്‍ഥ അവകാശവാദം എന്നറിയാതെ പോലീസും ആശയക്കുഴപ്പത്തിലായി. കൂടുതല്‍ കുഴപ്പത്തിലായത് പ്രതികള്‍ തന്നെ. വേറെയും ഒരുപാട് പേര് വിലപേശുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതികള്‍ ചാപ്ലിന്‍ തങ്ങളുടെ കൈവശമുണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബത്തെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. മോഷ്ടിച്ച ഓക്ക് പെട്ടി അവര്‍ ഒരു ചോളപ്പാടത്തിലാണ് ഒളിപ്പിച്ചിരുന്നത്. അവിടെ ചെന്ന് കുഴി തുറന്ന് കല്ലറയുടെ ഒരു ഫോട്ടോ എടുത്ത പ്രതികള്‍ അത് ചാപ്ലിന്റെ കുടുംബത്തിന് അയച്ചുകൊടുത്തു. അടുത്തവട്ടം അവര്‍ ഫോണ്‍ ചെയ്തപ്പോള്‍ മുതല്‍ പോലീസ് ട്രാക്ക് ചെയ്യാന്‍ തുടങ്ങി.
പോലീസിന്റെ നിര്‍ദേശമനുസരിച്ച് ഊന അവരുമായുള്ള സംഭാഷണം തുടര്‍ന്നു. പണത്തിന്റെ കാര്യത്തിലും മറ്റും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് പ്രതികളെക്കൊണ്ട് വീണ്ടും വീണ്ടും ഫോണ്‍ ചെയ്യിച്ചു. ഓരോ തവണയും വ്യത്യസ്ത ബൂത്തുകളില്‍ നിന്നാണ് പ്രതികള്‍ വിളിച്ചത്. അതുകൊണ്ട് 76 നാളുകള്‍ക്ക് ശേഷമാണ് പൊലീസിന് ഇരുവരെയും പിടികൂടാനായത്.

ചാപ്ലിന്റെ ശരീരം/Getty Images
അപ്പോഴേക്കും ചോളപ്പാടത്തിന്റെ ഏതുഭാഗത്താണ് തങ്ങള്‍ ചാപ്ലിനെ കുഴിച്ചിട്ടതെന്ന് പ്രതികള്‍ മറന്നുപോയിരുന്നു. പാടം മുഴുവന്‍ തിരയേണ്ട ഗതികേടിലായി പോലീസ്. മരപ്പെട്ടിക്ക് മുകളില്‍ പിടിപ്പിച്ചിരുന്ന ലോഹപ്പിടി മെറ്റല്‍ ഡിറ്റക്ടറുകള്‍ തിരിച്ചറിഞ്ഞതോടെയാണ് ചാപ്ലിന്റെ അവശിഷ്ടം കണ്ടെടുക്കാനായത്.
തിരിച്ചുകിട്ടിയ ചാപ്ലിന്റെ ഭൗതികാവശിഷ്ടം സെമിത്തേരിയില്‍ കൊണ്ടുവന്ന് ഒരിക്കല്‍ക്കൂടി സംസ്‌കരിച്ചു. ഇക്കുറി കോണ്‍ക്രീറ്റ് കല്ലറയിലായിരുന്നു എന്നുമാത്രം. മരപ്പെട്ടിക്ക് മുകളിലും ഒരു കോണ്‍ക്രീറ്റ് സ്‌ളാബ് സ്ഥാപിച്ചു. 2014-ല്‍ പുറത്തിരങ്ങിയ 'ദി പ്രൈസ് ഓഫ് ഫെയിം' എന്ന ഫ്രഞ്ച് സിനിമ ഈ സംഭവത്തെയാണ് ആധാരമാക്കിയത്.
Content Highlights: charlie chaplins coffin was stolen by two mechanics for ransom
Published: 17 May 2025, 11:26 am IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented