ഈയടുത്ത ദിവസമാണ് ഹിമാചൽ പ്രദേശിലെ ഒരു യുവതിയെ രണ്ട് സഹോദരൻമാർ വിവാഹം കഴിച്ചത്. ഈ വാർത്ത ഏറെ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. ഇപ്പോൾ സംഭവത്തിൽ പ്രതികരണവുമായി വന്നിരിക്കുകയാണ് ആ സഹോദരൻമാർ. പ്രദീപ്, കപിൽ നേഗി എന്നിവരാണ് സുനിത ചൗഹാനെ വിവാഹം ചെയ്തത്. ജൂലായ് 12-നായിരുന്നു വിവാഹം. പിന്നാലെ ദൃശ്യങ്ങൾ വൈറലായി, ചർച്ചയാവുകയും ചെയ്തു. സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു അവർ സംഭവത്തെ ന്യായീകരിച്ചെത്തിയത്.

ഇത് തങ്ങളുടെ ആചാരമാണെന്നും തലമുറകളായി പിന്തുടരുന്നതാണെന്നും പ്രദീപും കപിലും പറയുന്നു. ''സ്വന്തം തീരുമാനമനുസരിച്ചായിരുന്നു ഈ വിവാഹം. അതിൽ കുടുംബങ്ങൾക്കും ആ പെൺകുട്ടിക്കും യാതൊരു എതിർപ്പുമില്ല. സമൂഹത്തിന്റെ വിമർശനങ്ങൾ തങ്ങളെ ഒരുതരത്തിലും ബാധിക്കില്ലെന്നും തങ്ങളുടെ ആചാരം നടപ്പാക്കിയതിൽ അഭിമാനം മാത്രമേയുള്ളൂ''വെന്നും അവർ പറയുന്നു.

ഉത്തരാഖണ്ഡിലും ഇത്തരം ആചാരം നിലവിലുണ്ടെന്ന് പ്രദീപ് പറയുന്നു. ചില സ്ഥലങ്ങളിൽ സമ്മർദത്തിലൂടെയാണ് ഇത്തരം വിവാഹം നടത്തുന്നത്. എന്നാൽ തങ്ങൾ അങ്ങനെയായിരുന്നില്ലെന്നും അവർ പറയുന്നു. ''ഞങ്ങളുടെ ആചാരത്തെപ്പറ്റി ധാരണയില്ലാത്തവർ പോലും അഭിപ്രായം പറയാൻ ശ്രമിക്കുകയാണ്. ഞാനിനിയും ഇത്തരം ആചാരങ്ങളെക്കുറിച്ച് പിന്തുടരും. വാർത്തയാവാൻ വേണ്ടിയല്ല ഇങ്ങനെ വിവാഹിതരായത്. എന്നും ഒരുമിച്ച് നിൽക്കുകയെന്നതും പരസ്പരം സ്‌നേഹത്തോടെ കഴിയുകയെന്നതുമാണ് ഈ തീരുമാനത്തിനുപിന്നിൽ'', കപിൽ പറയുന്നു.

തനിക്ക് ആചാരത്തെപ്പറ്റി നേരത്തെ അറിയാമായിരുന്നുവെന്നും സ്വന്തം തീരുമാനപ്രകാരമായിരുന്നു വിവാഹമെന്നും നേരത്തെ സുനിത പറഞ്ഞിരുന്നു.

ഷില്ലായി ഗ്രാമത്തിൽനിന്നുള്ളവരാണ് പ്രദീപും കപിലും. സുനിത തൊട്ടടുത്ത ഗ്രാമത്തിലും. മൂന്നുദിവസങ്ങളിലായി ആഘോഷമായിട്ടായിരുന്നു ഇവരുടെ വിവാഹച്ചടങ്ങുകൾ നടന്നത്. നൃത്തവും നാടൻപാട്ടുകളുമായി പ്രദേശവാസികളുമെത്തി ചടങ്ങുകൾ ഗംഭീരമാക്കി.

ഹിമാചലിലെ ഹട്ടി ഗോത്രക്കാർക്കിടയിൽ കാലങ്ങളായി തുടരുന്ന ആചാരമാണിത്. അവിടെ ഇപ്പോഴും ബഹുഭർതൃത്വം നിലവിലുണ്ട്. ചിലപ്പോഴൊക്കെ ഒരു സ്ത്രീ രണ്ടോ അതിലധികമോ സഹോദരന്മാരെ വിവാഹം കഴിക്കുന്നു. 'ജോഡിധാര' അല്ലെങ്കിൽ ദ്രൗപദി പ്രഥ' എന്നാണ് അവരിതിന് പറയുന്നത്. അത്തരം വിവാഹങ്ങളിൽ ജനിക്കുന്ന കുട്ടികളുടെ നിയമപരമായ പിതാവായി മൂത്ത സഹോദരനെയാണ് അംഗീകരിക്കാറുള്ളത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi