ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വജ്രമായ കോഹിനൂർ, ബ്രിട്ടീഷ് രാജകിരീടത്തിലെ അമൂല്യശേഖരത്തിന്റെ ഭാഗമാണ്. 'വിലമതിക്കാനാവാത്തത്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ രത്‌നത്തിന് സംഭവബഹുലമായ ഒരു ഭൂതകാലമുണ്ട്.
കോഹിനൂരിന്റെ തിളക്കവും ഭംഗിയും എല്ലാവരെയും ആകർഷിക്കാറുണ്ടെങ്കിലും, അതിനോടൊപ്പമുള്ള ഒരു ശാപത്തെകുറിച്ച് പലർക്കും അറിയില്ല. പേർഷ്യൻ ഭാഷയിൽ 'പ്രകാശത്തിന്റെ മല' എന്നറിയപ്പെടുന്ന, ഏകദേശം 105.6 കാരറ്റ് തൂക്കമുള്ള ഈ വജ്രം, അത് കൈവശം വെക്കുന്ന പുരുഷന്മാർക്ക് നിർഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഒഡീഷ സ്റ്റേറ്റ് ആർക്കൈവ്സ് പ്രകാരം, പതിമൂന്നാം നൂറ്റാണ്ടിൽ കാകതീയ രാജവംശത്തിന്റെ ഭരണകാലത്ത് ഗോൽകൊണ്ട മേഖലയിലെ (ഇന്നത്തെ തെലങ്കാന) കൊല്ലൂർ ഖനികളിൽ നിന്നാണ് ഈ വജ്രം കണ്ടെത്തിയത്. ഇതിന്റെ അസാധാരണമായ വലിപ്പവും തിളക്കവും ഉടമസ്ഥർക്കിടയിൽ അത്യാഗ്രഹത്തിനും അഹങ്കാരത്തിനും കാരണമായി.
വിവിധ കാലഘട്ടങ്ങളിലായി ഹിന്ദു, അഫ്ഗാൻ, പേർഷ്യൻ, മംഗോളിയൻ, സിഖ് രാജാക്കന്മാരുടെ കൈകളിലൂടെ ഈ വജ്രം കടന്നുപോയി. ഇത് കൈവശം വെക്കാൻ വേണ്ടി നടന്ന രക്തരൂക്ഷിതമായ പോരാട്ടങ്ങളുടെ ചരിത്രത്തിൽ വഞ്ചനയും പീഡനങ്ങളും കൊലപാതകങ്ങളും നിറഞ്ഞുനിൽക്കുന്നു.
കോഹിനൂർ സ്വന്തമാക്കിയ പുരുഷന്മാർക്ക് നേരിടേണ്ടി വന്ന ദുരന്തങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
ഷാജഹാൻ: മുഗൾ ചക്രവർത്തി ഷാജഹാന്റെ മയൂരസിംഹാസനത്തിൽ കോഹിനൂർ പതിപ്പിച്ചിരുന്നു. എന്നാൽ സ്വന്തം മകൻ ഔറംഗസീബിൽ നിന്ന് വഞ്ചന നേരിട്ട അദ്ദേഹത്തിന് ജീവിതത്തിന്റെ അവസാന വർഷങ്ങൾ ആഗ്ര കോട്ടയിൽ തടവുകാരനായി കഴിയേണ്ടി വന്നു.
നാദിർ ഷാ: 1739-ൽ മുഗൾ ചക്രവർത്തി മുഹമ്മദ് ഷായിൽ നിന്ന് തന്ത്രപരമായി വജ്രം കൈക്കലാക്കിയ നാദിർ ഷാ, ഡൽഹിയിൽ ഒൻപത് മണിക്കൂർ കൊണ്ട് 30,000 പേരെ കൊന്നൊടുക്കാൻ ഉത്തരവിട്ടു. ഒടുവിൽ 1747-ൽ അദ്ദേഹം വധിക്കപ്പെട്ടു.
സിഖ് സാമ്രാജ്യം: മഹാരാജ രഞ്ജിത് സിംഗിന്റെ മരണശേഷം വജ്രം ലഭിച്ച മകൻ ഖരക് സിംഗ് ജയിലിൽ വെച്ച് വിഷം ഉള്ളിൽ ചെന്ന് മരിച്ചു. അദ്ദേഹത്തിന്റെ മകൻ നൗ നിഹാൽ സിംഗും ദുരൂഹസാഹചര്യത്തിൽ മരിച്ചു.
ദുലീപ് സിംഗ്: സിഖ് സാമ്രാജ്യത്തിലെ അവസാന മഹാരാജാവായ ദുലീപ് സിംഗിന് 10 വയസ്സുള്ളപ്പോഴാണ് ബ്രിട്ടീഷുകാർ പഞ്ചാബ് പിടിച്ചടക്കുന്നത്. ലാഹോർ ഉടമ്പടി പ്രകാരം കോഹിനൂർ വജ്രം വിക്ടോറിയ രാജ്ഞിക്ക് നൽകാൻ അദ്ദേഹം നിർബന്ധിതനായി.
1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം ഈസ്റ്റ് ഇന്ത്യാ കമ്പനിയെ പിടിച്ചുലച്ചു. വജ്രത്തിന്റെ 'ശാപത്തെ' കുറിച്ച് ബോധവാന്മാരായിരുന്ന ബ്രിട്ടീഷുകാർ, പുരുഷന്മാരായ രാജാക്കന്മാരെ ഇത് ധരിക്കാൻ അനുവദിച്ചില്ല. വിക്ടോറിയ രാജ്ഞി, അലക്‌സാണ്ട്ര രാജ്ഞി, എലിസബത്ത് രാജ്ഞി എന്നിവരടക്കമുള്ള സ്ത്രീകളാണ് ഈ വജ്രം പതിപ്പിച്ച കിരീടം ധരിച്ചിട്ടുള്ളത്. കോഹിനൂർ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരണമെന്ന ആവശ്യവും പ്രതിഷേധങ്ങളും ശക്തമായി തുടരുമ്പോഴും, ഈ അമൂല്യരത്‌നം ലണ്ടൻ ടവറിലെ 'ജ്യുവൽ ഹൗസിൽ' പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിരിക്കുകയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover the legendary Koh-i-Noor diamond, its rich history, and the supposed curse that brings misfortune to its male owners. Learn about its journey through empires and rulers.
Published: 27 Dec 2025, 11:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented