
ആദ്യമായാണ് ടീം നോർവെ ഫുട്‌ബോൾ ലോകകപ്പിന്റെ ക്വാർട്ടറിൽ കടക്കുന്നത്. അതും സുന്ദരഫുട്‌ബോളിന്റെ ആശാന്മാരായ ബ്രസീലിനെ തോൽപ്പിച്ചുള്ള നേട്ടം. വിജയാഹ്‌ളാദം നോർവേ ലോകത്തെയറിയിച്ചത് വൈക്കിങ് റോ താളത്തോടെയാണ്. മുഴുവൻ ടീമും മൈതാനത്തിരുന്നു. സൂപ്പർതാരം എർലിങ് ഹാളണ്ട് ഡ്രം മുഴക്കി. ഏകതാളത്തിൽ, ഐക്യത്തോടെ അവർ തോണി തുഴയുംപോലെ ഉടൽ ചലിപ്പിച്ചു. തങ്ങളുടെ വൈക്കിങ് പിതാമഹന്മാർ ലോങ്ങ് ഷിപ്പുകളിൽ ലോകം ജയിച്ചതിന്റെ ഓർമപുതുക്കലായി നോർവേ ടീമിന്റെ പ്രകടനം.
മഞ്ഞുറഞ്ഞ സ്‌കാൻഡിനേവിയൻ മലനാട്ടിൽ പിറന്ന ഗോത്രവർഗക്കാർ. ഡ്രാഗൺ തലയുള്ള കപ്പലുകളിൽ ചുഴികളെയും തിരകളെയും മറികടന്ന്, ചോരപ്പുഴതീർത്ത് പെരുംകൊള്ളകൾ നടത്തിയവർ. വടക്കേ അമേരിക്കയുടെ സമുദ്രതീരങ്ങൾ മുതൽ റഷ്യയിലെ നദീതടങ്ങൾ വരെ ചുഴറ്റിയടിച്ച ആ കൊടുങ്കാറ്റാണ് വൈക്കിങ്ങുകൾ. 8-ാം നൂറ്റാണ്ടിന്റെ അവസാനം മുതൽ 11-ാം നൂറ്റാണ്ടിന്റെ അവസാനം വരെ, കടൽക്കരുത്തിന്റെ പര്യായമായിത്തീർന്ന നോർസ് ജനവിഭാഗം.
യൂറോപ്പിലെ സ്‌കാൻഡിനേവിയ എന്നു വിളിക്കപ്പെടുന്ന (ഡെൻമാർക്ക്, നോർവേ, സ്വീഡൻ)മേഖലയിൽ നിന്നാണ് വൈക്കിങ്ങുകളുടെ വരവ്. പൊടുന്നനെയുണ്ടായ ജനസംഖ്യാവളർച്ച, സമ്പത്തും പ്രശസ്തിയും തേടി അലയാനുള്ള ത്വര, രാഷ്ട്രീയ വൈരങ്ങൾ, അന്താരാഷ്ട്ര വ്യാപാരബന്ധങ്ങൾ എന്നിവ അവരെ സ്‌കാൻഡിനേവിയയിൽ നിന്ന് പുറത്തേക്ക് സഞ്ചരിക്കാൻ പ്രേരിപ്പിച്ചു. നാവിക സാങ്കേതികവിദ്യയിലെ വൈദഗ്ധ്യമായിരുന്നു വൈക്കിങ് വിപുലീകരണത്തിന്റെ അടിത്തറ. പ്രക്ഷുബ്ധമായ സമുദ്രങ്ങൾ കടക്കാനും ആഴം കുറഞ്ഞ ഉൾനാടൻ നദീശൃംഖലകളിലേക്ക് നേരിട്ട് പ്രവേശിക്കാനും ഒരുപോലെ സാധ്യമായ നീളൻ നൗകകൾ അവരുടെ നാവികശക്തിയുടെ നട്ടെല്ലായി.
വൈക്കിങ്ങുകൾ ഒറ്റപ്പെട്ട വംശമോ രാഷ്ട്രമോ ആയിരുന്നില്ല. സാംസ്‌കാരികവും ഭാഷാപരവുമായി സമാനതകളുള്ള, നോർത്ത് ജെർമ്മൻ ഗോത്രജനതയായിരുന്നു. പ്രാചീന നോർസ് ഭാഷയും ബഹുദൈവ വിശ്വാസത്തിലൂന്നിയ പ്രാചീന നോർസ് മതവുമാണ് അവരെ ഒന്നിപ്പിച്ചത്. വിപുലമായ വ്യാപാരശൃംഖലകൾ സ്ഥാപിക്കുകയും കോളനികൾ രൂപീകരിക്കുകയും വഴി മധ്യകാല യൂറോപ്പിന്റെ രാഷ്ട്രീയ, സാംസ്‌കാരിക വികാസത്തെ വൈക്കിങ്ങുകൾ ആഴത്തിൽ സ്വാധീനിച്ചു.
കൊള്ള, വ്യാപാരം, പര്യവേക്ഷണം, കുടിയേറ്റം എന്നിവയ്ക്കായി വൈക്കിങ്ങുകൾ വിദേശയാത്രകൾ നടത്തി. അസാമാന്യമായ നാവികശേഷി കൊണ്ട് സമകാലീന യൂറോപ്യൻ രാജ്യങ്ങളെ അവർ വിറപ്പിച്ചു. വൈക്കിങ് എന്ന പേരിന്റെ ഉദ്ഭവം വ്യക്തമല്ല. ജീവിച്ചിരുന്ന കാലത്ത് 'നോർത്ത്‌മെൻ,' 'ഡെയ്ൻസ്,' 'പേഗൻസ്' എന്നൊക്കെയാണ് ഇക്കൂട്ടരെ സൂചിപ്പിച്ചിരുന്നത്. 'ഉൾക്കടൽ,' 'ചിറ,' 'അഴിമുഖം' എന്നൊക്കെ അർഥം വരുന്ന വിക് എന്ന നോർസ് വാക്കിൽ നിന്നാകാം വൈക്കിങ് എന്ന പേരുണ്ടായത്. പ്രാചീന നോർസ് വാക്കായ víkingr 'കടൽക്കൊള്ളക്കാരൻ' അല്ലെങ്കിൽ 'കൊള്ളക്കാരൻ' എന്നാണ് അർത്ഥമാക്കിയിരുന്നത്. 18-19 നൂറ്റാണ്ടുകളിൽ ആധുനിക ഇംഗ്ലീഷിലേക്ക് പ്രവേശിച്ചതും വൈക്കിങ് എന്ന വാക്കിന് പ്രാകൃത യോദ്ധാവ് എന്ന അർഥം കൈവന്നു.

വൈക്കിങ്ങുകൾക്ക് പൊതുനിയമങ്ങൾ ഉണ്ടായിരുന്നു. തർക്കങ്ങളും വിചാരണകളും തിങ്‌സ് എന്നറിയപ്പെടുന്ന പൊതുസഭകളിൽ പരിഹരിച്ചു. സാക്ഷരരായിരുന്ന വൈക്കിങ്ങുകൾ റൂണിക് ലിഖിതങ്ങൾ ഉപയോഗിച്ച് കാര്യങ്ങൾ രേഖപ്പെടുത്തുകയും നിയമസംവിധാനങ്ങൾ ആവിഷ്‌കരിക്കുകയും ചെയ്തു. പ്രാദേശികമായ ജനസംഖ്യാപെരുപ്പമാണ് പരമ്പരാഗത കർഷകരായിരുന്ന നോർസ് ജനതയെ മറ്റ് മേച്ചിൽപ്പുറങ്ങൾ തിരയാൻ പ്രേരിപ്പിച്ചത്.
രാജകീയശക്തികൾക്ക് കീഴിൽ ക്രമാനുഗതമായ അധികാരകേന്ദ്രീകരണം നടന്നത് യുവാക്കളെ അസ്വസ്ഥരാക്കി. അവർ ഭൂമിയില്ലാത്തവരും ആസ്തിയില്ലാത്തവരുമായി. യൂറോപ്പ് സമ്പന്നമാവുകയായിരുന്നു. ഡോറെസ്റ്റാഡ്, ക്വെന്റോവിക് തുടങ്ങിയ മേഖലകളിലും ഇംഗ്ലണ്ടിലെ ലണ്ടൻ, യോർക്ക്, സൗത്ത്ഹാംപ്ടൺ സമ്പന്ന വ്യാപാരകേന്ദ്രങ്ങളിലും പണം കുമിഞ്ഞുകൂടി. കമ്പിളിവ്യാപാരത്തിലൂടെ, നോർസ് ജനത ഈ കേന്ദ്രീകൃത സമ്പത്തിനെക്കുറിച്ചും യൂറോപ്യൻ രാജ്യങ്ങളിലെ ആഭ്യന്തര-രാഷ്ട്രീയ വിള്ളലുകളെക്കുറിച്ചും പഠിച്ചു.
സ്വർണ്ണവും വെള്ളിയും നിറഞ്ഞ ക്രിസ്ത്യൻ മതകേന്ദ്രങ്ങൾ, പലപ്പോഴും പ്രതിരോധമില്ലാത്ത തീരപ്രദേശങ്ങളിലാണ് സ്ഥിതിചെയ്തിരുന്നത്. ഇത് ഇവയെ കടൽക്കൊള്ളക്കാർക്ക് സൗകര്യമായ ലക്ഷ്യങ്ങളാക്കി മാറ്റി. അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി, അവർ ലോംഗ് ഷിപ്പുകൾ നിർമ്മിക്കുകയും സങ്കീർണ്ണമായ ഇരുമ്പ് ഉപകരണങ്ങളും ആയുധങ്ങളും ഉത്പാദിപ്പിക്കുകയും ചെയ്തു.
കമ്പിളിരോമങ്ങൾ, ആനക്കൊമ്പ്, തടി, കൊഴുപ്പ് തുടങ്ങിയ ആഭ്യന്തരചരക്കുകൾ യൂറോപ്പിൽ നിന്നും ഏഷ്യയിൽ നിന്നുമുള്ള വെള്ളി, പട്ട്, സുഗന്ധവ്യഞ്ജനങ്ങൾ, ആഡംബരവസ്തുക്കൾ എന്നിവയ്ക്കായി കൈമാറ്റം ചെയ്തു. ദീർഘദൂര കൊള്ളയടി യാത്രകൾക്കും ആക്രമണങ്ങൾക്കും പണം കണ്ടെത്തി.
പാശ്ചാത്യ, കിഴക്കൻ ലോകത്തിന്റെ ഏതാണ്ട് എല്ലാ കോണുകളിലും വൈക്കിങ്ങുകൾ കടന്നെത്തി. 793 CEൽ വടക്കുകിഴക്കൻ ഇംഗ്ലണ്ടിലെ ലിൻഡിസ്ഫാർൺ മതകേന്ദ്രത്തിൽ നടന്ന ക്രൂരമായ ആക്രമണത്തോടെയാണ് വൈക്കിങ് കാലഘട്ടത്തിന്റെ തുടക്കം. പിന്നീടങ്ങോട്ട് വൈക്കിങ്ങുകൾ തീരദേശപട്ടണങ്ങളിലും വ്യാപാരകേന്ദ്രങ്ങളിലും ദ്വീപുകളിലും അപ്രതീക്ഷിതമായ, അതിവേഗ ആക്രമണങ്ങൾ നടത്തി. 862-CEൽ ചാർലസ് ദി ബാൾഡിന്റെ നേതൃത്വത്തിൽ കനത്ത കോട്ടകൾ പ്രതിരോധം തീർത്ത വെസ്റ്റ് ഫ്രാങ്കിയ ആക്രമിച്ചു. ഐവർ ദി ബോൺലെസ്, ഹാൾഫ്ദൻ എന്നിവരുടെ നേതൃത്വത്തിൽ, ഇംഗ്ലണ്ടിലേക്ക് തിരിച്ച വൈക്കിങ്ങുകൾ കിഴക്കൻ ആംഗ്ലിയയിലെയും നോർത്തംബ്രിയയിലെയും മെർസിയയിലെയും പുരാതനഭരണസംവിധാനം തകർത്തു. കാലക്രമേണ, വൈക്കിങ്് ജനസംഖ്യയുടെ ഒരു വലിയ ഭാഗം കടൽകൊള്ളയിൽ നിന്ന് സ്ഥിരതാമസത്തിലേക്കും കോളനിഭരണത്തിലേക്കും മാറി.
900 CE-ൽ വൈക്കിങ്ങുകൾ ഐസ്‌ലാൻഡിൽ കുടിയേറിപ്പാർത്തു. എറിക് ദി റെഡ് എന്ന യോദ്ധാവ് 980 CE-ൽ ഗ്രീൻലാൻഡിൽ കോളനികൾ സ്ഥാപിച്ചു. അദ്ദേഹത്തിന്റെ മകൻ ലൈഫ് എറിക്‌സൺവിൻ കാനഡയിലേക്ക് കൊളനി വ്യാപിപ്പിച്ചു. അങ്ങനെ വടക്കേ അമേരിക്കയിലെത്തിയ ആദ്യത്തെ യൂറോപ്യൻ എന്ന പെരുമ നേടി. ഓർക്ക്‌നി, ഷെറ്റ്‌ലാൻഡ്, ഫറോ ദ്വീപുകൾ, ഹെബ്രൈഡ്‌സ്, ഐൽ ഓഫ് മാൻ, സ്‌കോട്ട്‌ലാൻഡിന്റെ പ്രധാന ഭൂപ്രദേശങ്ങൾ എന്നിവിടങ്ങളെല്ലാം താമസിയാതെ നോർസ് വാസസ്ഥലങ്ങളായി.
അവർ ഇംഗ്ലണ്ടിനെ വ്യാപകമായി കൊള്ളയടിക്കുകയും സ്വന്തം വാസസ്ഥലമാക്കുകയും ചെയ്തു. പതിയെ അയർലണ്ടിലേക്കും കടന്നുകയറി. അവിടെ ഡബ്ലിൻ, വാട്ടർഫോർഡ്, ലിമെറിക്ക്, വെക്‌സ്‌ഫോർഡ്, കോർക്ക് എന്നിങ്ങനെ നഗരികൾ സ്ഥാപിച്ചു. ഫ്രാങ്കിഷ് രാജ്യത്തെ പലവട്ടമാണ് വൈക്കിങ്ങുകൾ കൊള്ളയടിച്ചത്. നാന്റസ് പ്രവിശ്യയും അറബ് നിയന്ത്രണത്തിലുള്ള സ്‌പെയിൻ പ്രവിശ്യകളും ഇറ്റലിയിലെ പിസ നഗരവും കൊള്ളയടിച്ചു. പൗരസ്ത്യ രാജ്യങ്ങളിൽ, റസ് അല്ലെങ്കിൽ വരങ്യൻസ് എന്നറിയപ്പെട്ട സ്വീഡിഷ് വൈക്കിങ്ങുകളാണ് ആധിപത്യം കാട്ടിയത്. അവർ മെഡിറ്ററേനിയൻ, വടക്കേ ആഫ്രിക്ക, കാസ്പിയൻ കടൽമേഖലകൾ, ബാഗ്ദാദ്, അറേബ്യ എന്നിവിടങ്ങളുമായി വ്യാപാരബന്ധങ്ങൾ സ്ഥാപിച്ചു. അവരുടെ സൈനിക വൈദഗ്ദ്ധ്യം കോൺസ്റ്റാന്റിനോപ്പിളിലെ ബൈസന്റൈൻ ചക്രവർത്തിയെ അതിശയിപ്പിച്ചു. സ്വന്തം അംഗരക്ഷകരായി വരങ്യൻ ഗാർഡ്‌സിനെ ചക്രവർത്തി നിയമിച്ചു.

സ്വതന്ത്രരാജ്യങ്ങളും വ്യാപാരകേന്ദ്രങ്ങളും കോളനികളും സ്ഥാപിച്ച വൈക്കിങ്ങുകൾ പ്രാദേശിക തലവന്മാർ വഴിയോ തദ്ദേശീയ ഭരണാധികാരികളുമായുള്ള ഉടമ്പടിയിലൂടെയോ നേരിട്ട് ഭരിച്ചു. ആക്രമണങ്ങൾ തടയുന്നതിനായി ഭരണാധികാരികൾക്ക് വെള്ളി (ഡെയ്ൻഗെൽഡ്) നൽകിയാണ് വൈക്കിങ്ങുകൾ ഫ്രാൻസിനെ വരുതിയിൽ നിർത്തിയത്.
ഒരു ആഭ്യന്തരപോരാട്ടത്തിൽ സഹായത്തിനായി ഫ്രാൻസ് ചക്രവർത്തി ലോത്താർ വൈക്കിങ് കപ്പൽസൈനികരെ ക്ഷണിച്ചിരുന്നു. അതിന് നന്ദിസൂചകമായി, വെസ്റ്റ് ഫ്രാങ്കിഷ് രാജാവ് ചാർലസ് ദി സിമ്പിൾ ചില പ്രദേശങ്ങൾ വൈക്കിങ് തലവൻ റോളോയ്ക്ക് ഔദ്യോഗികമായി പതിച്ചുനൽകി. മറ്റ് കൊള്ളക്കാരിൽ നിന്നും സംരക്ഷണം വാഗ്ദാനം ചെയ്ത റോളോ, നോർമാൻഡി('നോർത്ത്‌മെന്റെ നാട്') എന്ന പ്രദേശം സ്ഥാപിക്കുകയും ചെയ്തു.
ഇംഗ്ലണ്ടിലെ ആൽഫ്രഡ് ദി ഗ്രേറ്റിന്റെ കീഴിലുള്ള വെസെക്‌സ് രാജ്യം മാത്രമാണ് ഡാനിഷ് ആക്രമണത്തെ വിജയകരമായി പ്രതിരോധിച്ചത്. ഒരു വെടിനിർത്തലിനും പിന്നീടുണ്ടായ സമാധാന ഉടമ്പടിക്കും ശേഷം, വടക്കുകിഴക്കൻ ഇംഗ്ലണ്ടിലെ ഒരു മേഖല ഡാനിഷ് സൈന്യത്തിന് വിട്ടുനൽകി. ഡാനിഷ് നിയമപ്രകാരം ഭരിക്കപ്പെട്ട സ്ഥലം ഡാൻലോ എന്നറിയപ്പെട്ടു. ഇവിടെ, കുടിയേറിയ നോർസ് കർഷകരാണ് യോർക്ക് ഒരു പ്രധാനവ്യാപാരകേന്ദ്രമായി രൂപാന്തരപ്പെടുത്തിയത്.
വൈക്കിങ്ങുകളുടെ കിഴക്കൻ നാടുകളിലേക്കുള്ള വിപുലീകരണം താരതമ്യേന സമാധാനപരമായിരുന്നു. ഡിനിപ്പർ, വോൾഗ നദീ പാതകളിലൂടെ സഞ്ചരിച്ച സ്വീഡിഷ് വൈക്കിങ് ഭരണാധികാരികൾ നോവഗൊറോഡ, കീവ് പ്രദേശങ്ങളിലെത്തി. അവിടെ വ്യാപാരകേന്ദ്രങ്ങൾ സ്ഥാപിച്ചു. പ്രാദേശിക ഭരണം നടത്തിയിരുന്ന കുടുംബങ്ങളുമായി വിവാഹത്തിലൂടെയും വ്യാപാരത്തിലൂടെയും അടുപ്പമുണ്ടാക്കി. രണ്ട് നൂറ്റാണ്ടുകൾക്കുള്ളിൽ പൂർണ്ണമായും തദ്ദേശീയരായ സ്‌ളാവിക് സംസ്‌കാരവുമായി സമന്വയിച്ചു.
കാലക്രമേണ, സ്‌കാൻഡിനേവിയയിലെ ചെറിയ പ്രാദേശികഗോത്രങ്ങൾ ഡെൻമാർക്ക്, നോർവേ, സ്വീഡൻ എന്നീ മൂന്ന് വലിയ രാജ്യങ്ങളായി ഏകീകരിക്കപ്പെട്ടു. അവിടങ്ങളിൽ ഏകീകൃത, ഘടനാപരമായ രാജഭരണം വളർന്നുവന്നു. ഇത് പ്രാദേശിക ഗോത്രഘടനകളെ അപ്രസക്തമാക്കി. ഡെൻമാർക്കിലെ ഹരാൾഡ് ബ്ലൂട്ടൂത്ത് പോലുള്ള ഭരണാധികാരികൾ രാഷ്ട്രത്തെ ഏകീകരിക്കുകയും അനിയന്ത്രിതമായ ജനസംഖ്യയെ ഔപചാരിക, രാഷ്ട്ര-നിയന്ത്രിത ഭരണത്തിലേക്ക് സംയോജിപ്പിക്കുകയും ചെയ്തു. 8-ാം നൂറ്റാണ്ടിനും 12-ാം നൂറ്റാണ്ടിനും ഇടയിൽ സ്‌കാൻഡിനേവിയ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടത് നോർസ് ജനതയ്ക്കും യൂറോപ്പിനും ഇടയിലുണ്ടായിരുന്ന മതപരവും സാംസ്‌കാരികവും പ്രത്യയശാസ്ത്രപരവുമായ വിഭജനത്തെ ഇല്ലാതാക്കി. 11-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ, യൂറോപ്യൻ രാജ്യങ്ങൾ കരുത്തരായി. വലിയ തോതിലുള്ള വൈക്കിങ് ആക്രമണങ്ങളെ അവർ പരാജയപ്പെടുത്തി. 1066 CE ഓടെ വൈക്കിങ് കാലഘട്ടം ഔദ്യോഗികമായി അവസാനിച്ചു എന്നുപറയാം. നോർവീജിയൻ രാജാവ് ഹരാൾഡ് ഹാർഡ്രാഡ, സ്റ്റാംഫോർഡ് ബ്രിഡ്ജ് യുദ്ധത്തിൽ പരാജയപ്പെടുകയും മരണപ്പെടുകയും ചെയ്തതോടെ വൈക്കിങ് കാലത്തിന്റെ അന്ത്യമായി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Origins of Norse culture from Scandinavia., Technological mastery of longships and maritime navigation., Evolution from raiders to traders and settlers across Europe and North America., Establishment of influential trade networks and political systems., Transition from Viking Age to Christianized, centralized European kingdoms.
Published: 11 Jul 2026, 03:45 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented