1972 ജര്‍മനിയിലെ മ്യൂണിച്ച് ഒളിമ്പിക്‌സില്‍ പങ്കെടുക്കാനെത്തിയ ഇസ്രായേലി ടീമിനെതിരെ ആക്രമണം നടന്നു. ബ്ലാക്ക് സെപ്റ്റംബര്‍ എന്ന ഭീകരസംഘടനയായിരുന്നു ആക്രമണത്തിന് പിന്നില്‍. ഒളിമ്പിക് വില്ലേജിലേക്ക് സായുധരായി കടന്നെത്തിയ അക്രമികള്‍ 2 പേരെ വെടിവെച്ചു കൊന്നു. മറ്റുള്ളവരെ ബന്ദികളാക്കി ഇസ്രയേലിനോട് വില പേശി. പലപ്പോഴായി ഇസ്രായേല്‍ ജയിലിലടച്ച മുന്നൂറോളം പേരെ വിട്ടയക്കണം എന്നായിരുന്നു വാദം. തുടര്‍ന്ന് ഇസ്രയേല്‍ നടത്തിയ രക്ഷാദൗത്യത്തില്‍ ബന്ദികളായ ബാക്കി 9 അത്‌ലറ്റുകള്‍ക്കും ജീവന്‍ നഷ്ടമായി.

തങ്ങളുടെ കായികതാരങ്ങള്‍ക്കുണ്ടായ ദുര്യോഗത്തില്‍ ഇസ്രയേലി ജനത രോഷം പൂണ്ടു. അവര്‍ക്ക് പ്രതികാരം വേണമായിരുന്നു. പ്രധാനമന്ത്രി ഗോള്‍ഡ മേയറും പ്രതിരോധ മന്ത്രി മോഷെ ഡയാനും ഒരു രഹസ്യകമ്മിറ്റിക്ക് രൂപം കൊടുത്തു. മ്യൂണിച്ചില്‍ നടന്ന കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ നേരിട്ടും അല്ലാതെയും പങ്കെടുത്ത എല്ലാവരെയും വക വരുത്തുക എന്നതായിരുന്നു ലക്ഷ്യം. ഇസ്രയേലി ഫോറിന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ മൊസാദും ഇസ്രയേലി ഡിഫന്‍സ് ഫോഴ്സിന്റെ അംഗങ്ങളും കമ്മിറ്റിയുടെ ഭാഗമായി. ദി റാത് ഗോഡ് സ്‌ക്വാഡ് എന്നായിരുന്നു സംഘത്തിന്റെ പേര്. കോഡ് നെയിം ബയോനെറ്റ് എന്നും. 

placeholder
ഒളിമ്പിക് വില്ലേജിലെ ഇസ്രയേലി അപ്പാര്‍ട്ട്‌മെന്റ്  കടപ്പാട്-Wikipedia

കുറ്റവാളികളെ കണ്ടെത്തുകയാണ് ബയോനെറ്റ് ആദ്യം ചെയ്തത്. വെടിവെപ്പ് നടത്തിയവരില്‍ അഞ്ച് പേര് ജര്‍മന്‍ പോലീസുമായുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിരുന്നു. ശേഷിക്കുന്നവരില്‍ ആദ്യം കണ്ടെത്തിയത് വായേല്‍ സ്വേയിറ്ററിനെയാണ്. റോമിലെ തന്റെ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു അയാള്‍. ഇസ്രയേലി സംഘത്തിന്റെ വെടിയുണ്ട ലക്ഷ്യം കണ്ടു. ആദ്യത്തെ കുറ്റവാളി മരിച്ചു. 

രണ്ടാമത്തെ കൊലപാതകം കുറേകൂടി സങ്കീര്‍ണമായിരുന്നു. മഹ്‌മൂദ് ഹംഷരി എന്നയാളായിരുന്നു രണ്ടാമന്‍. അയാള്‍ പാരീസിലായിരുന്നു. ഇറ്റാലിയന്‍ പത്രപ്രവര്‍ത്തകന്‍ എന്ന് നടിച്ച ഒരു ബയോനെറ്റ് അംഗം ഹംഷരിയോട് ടെലിഫോണ്‍ അഭിമുഖത്തിന് അനുമതി നേടി. പിന്നീട് ഹംഷരിയുടെ ഫോണില്‍ ബോംബ് ഘടിപ്പിച്ചു. അഭിമുഖത്തിന് പറഞ്ഞിരുന്ന കൃത്യസമയത്ത് ഹംഷരി ഫോണ്‍ എടുത്തതും ബോംബ് പൊട്ടി മരണം സംഭവിച്ചു.

ബേസില്‍ അല്‍ കുബൈസി, ഹുസെയിന്‍ അബാദ് അല്‍ ചിര്‍, സെയ്ദ് മുച്ചാസ്സി, മൊഹമ്മെദ് ബൗഡിയ തുടങ്ങി ഗൂഢാലോചനയുടെ ഭാഗമായിരുന്ന നാലുപേരെക്കൂടി ഇസ്രയേല്‍ സംഘം കൊലപ്പെടുത്തി. ലെബനോനിലെ ബെയ്റൂട്ടില്‍ കേന്ദ്രീകരിച്ചിരുന്ന മുഹമ്മദ് യൂസഫ് അല്‍ നജ്ജാര്‍, കമാല്‍ അദ്വേന്‍, കമാല്‍ നാസ്സര്‍ എന്നിവരെയാണ് അടുത്തതായി വധിച്ചത്.  

placeholder
ഗോള്‍ഡ മേയര്‍ കടപ്പാട്-GettyImages

1973-ല്‍ നിരപരാധിയായ ഒരു നോര്‍വേക്കാരന്‍ ഇസ്രയേലികളുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടു. 5 മൊസാദ് ഉദ്യോഗസ്ഥര്‍ നോര്‍വെയുടെ പിടിയിലായതോടെയാണ് മൊസാദിന്റെ നെറ്റ്‌വര്‍ക്കിന്റെ വലിപ്പം ലോകമറിഞ്ഞത്. ഇസ്രയേലി രഹസ്യ ഓപ്പറേഷന്റെ വിവരങ്ങള്‍ പുറത്തായതോടെ പ്രധാനമന്ത്രി മേയര്‍ ഓപ്പറേഷന്‍ പിന്‍വലിച്ചു. ബ്ലാക്ക് സെപ്റ്റംബറിന്റെ നേതാവായ അലി ഹസ്സന്‍ സലാമിയെ വധിക്കാനായി നോര്‍വേയിലെത്തിയതായിരുന്നു മൊസാദ് അണികള്‍. അന്ന് പിന്‍വാങ്ങേണ്ടി വന്നെങ്കിലും 1979-ല്‍ റാത് ഓഫ് ഗോഡ് ദൗത്യം പൂര്‍ത്തിയാക്കി. കാറില്‍ ബോംബ് വെച്ച സലാമിയെ കൊന്നു. മ്യൂണിച്ച് ഒളിമ്പിക്‌സില്‍ നടന്ന കൂട്ടക്കൊരുതിക്ക് സമ്പൂര്‍ണ പ്രതികാരം.