2011 മാർച്ച് 11-നുണ്ടായ സുനാമി ജപ്പാനെ പിഴുതെറിഞ്ഞു. ജപ്പാനിൽ അതുവരെയുണ്ടായതിൽ വെച്ചേറ്റവും തീവ്രതയേറിയ ഭൂകമ്പത്തിനു പിന്നാലെയാണ് സുനാമിത്തിരകൾ ആഞ്ഞടിച്ചത്. നല്ല ഉയരത്തിലാണ് തിരകളെത്തിയത്.

2021-ലാണ് ആ ദുരന്തത്തിലെ നാശനഷ്ടങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക കണക്കുകൾ പുറത്തുവന്നത്. 19,000-ത്തിലേറെ പേരാണ് അന്ന് മരിച്ചത്. ഫുക്കുഷിമ ആണവനിലയത്തിലെ ട്രിപ്പിൾ റിയാക്ടർ ഉരുകിയതിനെ തുടർന്നും ഒട്ടേറെ ആളുകൾ കൊല്ലപ്പെട്ടു. 2500-ലേറെ ആളുകളെ കാണാതാവുകയും ചെയ്തു.

ജീവജാലങ്ങൾക്കും വീടുകൾക്കുമെല്ലാം നാശനഷ്ടമുണ്ടായി. 12 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ എത്തിയപ്പോൾ, റീകൂസെന്റകാറ്റ എന്ന സ്ഥലത്തെ പൈൻവനങ്ങളും നശിച്ചു. 70,000-ത്തിലേറെ പൈൻ മരങ്ങളാണ് അന്നത്തെ ദുരന്തത്തിൽ കടപുഴകിയത്. 250 വർഷം പ്രായം കണക്കാക്കപ്പെടുന്ന ഒരു മരം മാത്രം അതിജീവിച്ചു.

ഒറ്റയ്ക്ക് നിൽക്കുന്ന ആ മരം പലർക്കും അദ്ഭുതം പകരുന്ന കാഴ്ചയായി. എല്ലാം നശിച്ചിട്ടും ഒറ്റയ്ക്ക് തലയുയർത്തി നിന്ന മരം, പിന്നീട് പ്രത്യാശയുടെയും പ്രതീക്ഷയുടെയും ദേശീയ ചിഹ്നമായി കണക്കാക്കപ്പെട്ടു. അതിന് 'മിറാക്കിൾ പൈൻ ട്രീ' എന്ന് പേരും വീണു. എന്നാൽ, അധികം വൈകാതെ ആ മരവും ചെറുത്തുനിൽപ്പ് അവസാനിപ്പിക്കുന്നതായുള്ള സൂചനകൾ നൽകി. കടൽവെള്ളത്തിലെ ഉപ്പുമായി നിരന്തരമായുള്ള സമ്പർക്കം കാരണം, വേരുകൾ അഴുകാൻ തുടങ്ങിയതാണ് കാരണം.

2012 ഡിസംബറായപ്പോഴേക്കും മിറാക്കിൾ പൈൻ ട്രീ, പൂർണമായും നശിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർക്ക് ബോധ്യമായി. അതോടെ അവരതിനെ അവിടുന്ന് മാറ്റി. 27 മീറ്റർ ഉയരമുള്ള മരത്തിന്റെ തടിയിൽ ലോഹം തിരുകി. സിന്തറ്റിക് റെസിൻ ഉപയോഗിച്ച് ശാഖകളും ഇലകളും നിർമിച്ച് ആ മരത്തടിയോട് ചേർത്തു. അതിനുശേഷം പഴയസ്ഥലത്ത് തന്നെ സ്ഥാപിക്കുകയും ചെയ്തു. ഇന്ന് തകാറ്റ മത്സുബറ പാർക്കിനുള്ളിൽ ഒരു സ്മാരകമായി ഇത് സംരക്ഷിക്കുന്നു. മരത്തിന്റെ വേരുകൾ ഇപ്പോൾ ടോക്യോയിലുള്ള ഒരു മ്യൂസിയത്തിലാണുള്ളത്.

നിലവിൽ വീണ്ടും പൈൻ മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. അതിന്റെ ഭാഗമായി 2017-ലും 2018-ലുമായി 2500-ലേറെ പൈൻ തൈകൾ നട്ടുപിടിപ്പിച്ചു. ഇന്നും മിറാക്കിൾ പൈൻ ട്രീയുടെ ലോഹമാതൃക കാണാനായി നൂറുകണക്കിന് ആളുകളാണ് ഇവിടെയെത്തുന്നത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi