ജിയോഗ്രഫി ക്ലാസിൽ സുനാമിയെപ്പറ്റി കേൾക്കുകയും അതിന്റെ വീഡിയോ കാണുകയും ചെയ്ത പത്തുവയസ്സുകാരി നൂറോളം ആളുകളുടെ ജീവൻ രക്ഷിച്ച കഥയാണിത്. സംഭവം നടക്കുന്നത് 2004-ൽ തായ്ലാൻഡിലാണ്. ബ്രിട്ടിഷുകാരിയായ, ടില്ലി സ്മിത് എന്നുപേരുള്ള പത്തുവയസ്സുകാരി കുടുംബത്തോടൊപ്പം തായ്‌ലൻഡിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്നു. ഒരാഴ്ച അവിടെ തങ്ങി ബീച്ചിൽ ക്രിസ്മസും ആഘോഷിച്ചു. പിറ്റേന്ന്, രാവിലെ എട്ടുമണിക്ക് അച്ഛൻ കോളിൻ, അമ്മ പെന്നി, ഏഴു വയസ്സുള്ള സഹോദരി ഹോളി എന്നിവരോടൊപ്പം ബീച്ചിലൂടെ നടക്കാനിറങ്ങി.

അപ്പോഴാണ് തായ്‌ലൻഡിലേക്ക് വരുന്നതിനു രണ്ടാഴ്ച മുമ്പേ കണ്ട ഒരു വീഡിയോ ടില്ലിയുടെ മനസ്സിലേക്ക് വന്നത്. കടൽ സാധാരണപോലെ കയറിയിറങ്ങുകയല്ല, മറിച്ച് കൂടുതൽ കൂടുതൽ ഉള്ളിലേക്ക് വരികയാണ്, കടലിൻ്റെ ഉപരിതലത്തിൽ വെളുത്ത പതയുമുണ്ട്. സ്കൂളിലെ ഭൂമിശാസ്ത്ര അധ്യാപകൻ സുനാമിയെപ്പറ്റി പറഞ്ഞപ്പോൾ കാണിച്ച അതേ ദൃശ്യം. ഭൂകമ്പങ്ങളെയും കടലിനെയും കുറിച്ച് ദൃശ്യാവിഷ്കാരം നടത്തിയാണ് അധ്യാപകൻ ക്ലാസെടുത്തിരുന്നത്. കടലിലുണ്ടാകുന്ന ഭൂകമ്പം സുനാമിക്ക് കാരണമാകുമെന്ന് കുട്ടികളെല്ലാം മനസ്സിലാക്കിയിരുന്നു.

ബീച്ചിലെ ദൃശ്യം കണ്ട് സുനാമിയാണോയെന്ന് സംശയമായി ടില്ലിക്ക്. നടക്കുമ്പോൾ ഭയം കൂടിക്കൂടി വന്നു, കുടുംബത്തോട് ഇക്കാര്യം സൂചിപ്പിച്ചെങ്കിലും ആരും കാര്യമായെടുത്തില്ല. വിശ്വസിച്ചുമില്ല. പിന്നീട് സഹോദരിക്കും അച്ഛനുമൊപ്പം ഓടി സെക്യൂരിറ്റി ഗാർഡിനോട് സംസാരിച്ചു. ഒരു സുനാമി വരാൻ പോകുന്നുവെന്ന് മകൾ പറയുന്നുവെന്ന് അച്ഛൻ അദ്ദേഹത്തോട് പറഞ്ഞു, ആ വാക്ക് പക്ഷേ ഗാർഡിന് പരിചയമില്ലായിരുന്നു. അതിനിടെ അമ്മയും പന്തികേട് തോന്നി ഓടി തിരിച്ചെത്തി.

പിന്നീട് കാര്യം മനസ്സിലായപ്പോൾ ഗാർഡുകൾ ബീച്ച് ഒഴിപ്പിച്ചു. ''ഞങ്ങളെല്ലാവരും നിലവിളിക്കുകയായിരുന്നു. എല്ലാവരും ബീച്ചിൽ നിന്നോടി. കൂറ്റൻ തിരമാലകൾ വരുന്നതിന് നിമിഷങ്ങൾക്കു മുമ്പായിരുന്നു ഇതെല്ലാം.''-ടില്ലി പിന്നീട് ബ്ലോഗിലെഴുതി. നൂറോളം പേരുടെ ജീവനാണ് അവിടെ ടില്ലിക്ക് രക്ഷിക്കാനായത്. ഇന്തോനേഷ്യയിൽ ഒരു സുനാമി ഉണ്ടായെന്നും അത് ഇങ്ങോട്ട് വന്നുകൊണ്ടിരിക്കുകയാണെന്നും ഇതിനിടെ സെക്യൂരിറ്റി ഗാർഡിന് സന്ദേശം ലഭിച്ചിരുന്നു.

''ഹോട്ടലിന്റെ മൂന്നാം നിലയിലെ ലോബിയിലേക്ക് ഞങ്ങൾ പോയി, അവിടെ നിന്ന് തിരമാലകൾ വരുന്നത് കാണാമായിരുന്നു. ഭ്രാന്തമായ അവസ്ഥ. എല്ലാവരും കുട്ടികളെയുമെടുത്ത് പാസ്‌പോർട്ട് എടുക്കാൻ മുറികളിലേക്ക് ഓടി. മറ്റൊരു സുനാമി വരുമോ എന്ന് ഭയപ്പെട്ടു. പിന്നീട് ഉയർന്ന സ്ഥലത്തുള്ള, പണി പൂർത്തിയാകാത്ത ഒരു ഹോട്ടലിലേക്ക് ഞങ്ങൾ മാറി, അവിടെ ഒരു ദിവസം. ടെലിവിഷനിൽ മരണസംഖ്യ കൂടുന്നതറിഞ്ഞു. കുടുംബങ്ങളെ നഷ്ടപ്പെട്ട ആളുകളെ ഞങ്ങൾ കണ്ടു. തായ്‌ലാൻഡിൻ്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള ആളുകളും അവിടേക്കെത്തി. തിരമാലയിൽ പെട്ട് പരിക്കേറ്റവരെ കണ്ടു.''ടില്ലി പറയുന്നു.

ദുരന്തമുണ്ടാക്കിയ മാനസികാഘാതവും പേറി, പുതുവത്സരം പിറന്നതിനുശേഷമാണ് കുടുംബം നാട്ടിൽ തിരിച്ചെത്തിയത്. വിമാനത്തിൽ സ്വന്തക്കാരെ നഷ്ടപ്പെട്ടവരെ കണ്ടപ്പോഴാണ് ദുരന്തത്തിൻ്റെ യഥാർഥ വ്യാപ്തി അവർപോലും മനസ്സിലാക്കിയത്. വീട്ടിലെത്തിയപ്പോഴും മാധ്യമപ്രവർത്തകർ കുടുംബത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു. ദുരന്തം നേരത്തേ തിരിച്ചറിഞ്ഞ ടില്ലിയെപ്പറ്റി വാർത്തകൾ വന്നു, അഭിനന്ദിച്ച് ആളുകൾ കത്തുകളയച്ചു. ബിൽ ക്ലിൻ്റൺ സുനാമി ദുരന്തത്തിനായുള്ള യുഎൻ പ്രത്യേക പ്രതിനിധിയായപ്പോൾ, അദ്ദേഹത്തെ കാണാനായി ടില്ലിയെ ഔദ്യോഗികമായി വാഷിങ്ടണിലേക്ക് കൊണ്ടുപോയിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi