കാര്യങ്ങൾ മുൻകൂട്ടി പ്രവചിക്കാൻ കഴിവുള്ള പലരുമുണ്ടായിട്ടുണ്ട് ചരിത്രത്തിൽ. അതിൽ വളരെ പ്രശസ്തയായ ഒരാളാണ് ബൾഗേറിയയിൽ ജീവിച്ചിരുന്ന ബാബ വാംഗ. ചെറുപ്പം മുതലേ കാഴ്ചാവൈകല്യമുള്ള അവർ, പക്ഷേ വളരെ പെട്ടെന്നാണ് പ്രശസ്തയായത്. കാര്യങ്ങൾ മുൻകൂട്ടി കാണാനുള്ള അവരുടെ കഴിവായിരുന്നു അതിനു കാരണം. 

To advertise here,

രണ്ടാം ലോകമഹായുദ്ധം, സ്റ്റാലിന്റെ മരണം, ചെർണോബിൽ ദുരന്തം, ഡയാന രാജകുമാരിയുടെ മരണം, സെപ്റ്റംബർ 11 ഭീകരാക്രമണം, 2004-ലെ സുനാമി തുടങ്ങിയവയൊക്കെ അവർ പ്രവചിച്ചിരുന്നുവെന്ന് ബാബ വാംഗയുടെ അനുയായികൾ അവകാശപ്പെടുന്നു. അവർ പ്രവചിച്ചുവെന്ന് പറയുന്നതിനെക്കുറിച്ച് തെളിവുകളൊന്നുമില്ല. വാംഗയ്ക്ക് അങ്ങനെയുള്ള കഴിവുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് അവരോട് അടുപ്പമുള്ളവർ പറയുന്നു. എന്നാൽ, അനുയായികൾ പറയുന്നത് നേരെ തിരിച്ചും.

1996-ൽ 85-ാം വയസ്സിലാണ് വാംഗ മരിക്കുന്നത്. അതിനുശേഷവും അവരുടെ പ്രശസ്തിക്ക് യാതൊരു കുറവുമില്ല. ആളുകൾ ഇന്നും വാംഗയേയും അവരുടെ പ്രവചനങ്ങളെയും കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു. അവരുടെ അവസാന ആഗ്രഹമനുസരിച്ച് ബൾഗേറിയയിലുള്ള വീട്  മ്യൂസിയമാക്കിയിരിക്കുകയാണ്. ആർക്കും അവിടം സന്ദർശിക്കാനുള്ള അനുവാദമുണ്ട്. 

ബൾഗേറിയയിലെ ബാബ വാംഗയ്ക്കുപിന്നാലെ പ്രശസ്തയാവുന്നത് ജപ്പാനിലുള്ള റയോ തത്സുകിസ്‌കിയാണ്. ജപ്പാനിലെ ബാബ വാംഗ എന്നാണവർ അറിയപ്പെടുന്നത് തന്നെ. കോമിക് ചിത്രങ്ങൾ വരയ്ക്കുന്ന ഒരു സാധാരണസ്ത്രീയായിരുന്നു അവർ. തത്സുകിക്ക് അതീന്ദ്രിയജാലമുണ്ടെന്ന് ആളുകൾ വിശ്വസിക്കാൻ കാരണം അവരുടെ ചില പ്രവചനങ്ങളാണ്.

താൻ കാണുന്ന സ്വപ്നങ്ങളെല്ലാം ഫലിക്കുമെന്നാണ് അവർ അവകാശപ്പെടുന്നത്. 1991-ലാണത്രേ ആദ്യത്തെ സംഭവം. തന്റെ സുഹൃത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഗായകനായ ഫ്രെഡി മെർക്കുറി എന്ന ഗായകൻ മരിക്കുന്നതും തുടർന്ന് ഗായകന്റെ ഓർമയ്ക്കായി ഒരു സിനിമ നിർമിക്കപ്പെടുന്നതും അവർ സ്വപ്നം കണ്ടു. കേവലം മാസങ്ങൾ കഴിഞ്ഞപ്പോഴേക്കും ആ മരണം സംഭവിച്ചു. ആ ഗായകന്റെ ഓർമയിൽ 2018-ൽ 'ബൊഹീമിയൻ റാപ്‌സഡി' എന്ന സിനിമ നിർമിക്കുകയും ചെയ്തു.

ഡയാന രാജകുമാരിയുടെ മരണം
1992-ൽ റയോ കണ്ട സ്വപ്നത്തിൽ ഒരു സ്ത്രീയായിരുന്നു. ആ സ്ത്രീയാരെന്നതും വ്യക്തമല്ലായിരുന്നു. സ്വപ്‌നവും വളരെ അവ്യക്തമായിരുന്നു. രാവിലെ ഉണർന്നുയടൻ ജാപ്പനീസ് ഭാഷയിൽ അവർ തന്റെ ഡയറിയിൽ രണ്ടു വാചകങ്ങൾ കുറിച്ചിട്ടു. അതിങ്ങനെയായിരുന്നു, ''ഡയാന? മരിച്ചോ''? അതുകഴിഞ്ഞ് അഞ്ചുവർഷം കഴിഞ്ഞപ്പോഴാണ് ഡയാന രാജകുമാരി കാറപകടത്തിൽ മരിക്കുന്നത്.

1995 ജനുവരി രണ്ടിനാണ് അടുത്ത സ്വപ്‌നം. ആ സ്വപ്‌നത്തിനെത്തുടർന്ന് അവർ ഡയറിയിലങ്ങനെ കുറിച്ചു, ''കോബെയിൽ ഭൂകമ്പം, 15 ദിവസം കഴിഞ്ഞ് അല്ലെങ്കിൽ 15 വർഷം കഴിഞ്ഞ്''. ആയിരങ്ങൾ മരിക്കുമെന്നും അവർ പ്രവചിച്ചു. ആ സ്വപ്‌നം പോലെ ജനുവരി 17-ന് കോബെയിൽ മഹാദുരന്തമുണ്ടായി. 5000-ത്തോളം പേരാണ് അന്ന് മരിച്ചത്. ഈ പ്രവചനങ്ങളെക്കുറിച്ച് അറിഞ്ഞ ചില സുഹൃത്തുക്കൾ തത്സുകിയെ വിശ്വസിക്കാൻ തുടങ്ങി.

1995-ൽ തന്നെയാണ് മറ്റൊരു സ്വപ്‌നവും അവരെ തേടിയെത്തുന്നത്. അതിനുശേഷം ഡയറിയിൽ തത്സുകി ഇങ്ങനെ കുറിച്ചു, ''25 വർഷങ്ങൾക്കുശേഷം അജ്ഞാതമായ ഒരു വൈറസ് കടന്നുവരും. വൈറസിന്റെ തീവ്രത ഏപ്രിൽ മാസത്തിൽ ഏറ്റവും ഉയർന്ന തോതിലായിരിക്കും. അതുകഴിഞ്ഞ് പത്തുവർഷത്തിനുശേഷം അതേ വൈറസ് തിരിച്ചെത്തുകയും ചെയ്യും''. അതാണ് കോവിഡ് എന്നാണ് അവരെ വിശ്വസിക്കുന്നവർ വാദിക്കുന്നത്. 2023-ലെ വൈറസിന്റെ തിരിച്ചുവരവിന്റെ തീവ്രതയും വളരെ കൂടുതലായിരിക്കുമെന്ന് അവർ പ്രവചിച്ചിട്ടുണ്ട്.

1996-ലാണ് അടുത്ത വലിയ സ്വപ്‌നത്തിന്റെ വരവ്. ''മാർച്ച് 2011-ൽ ജപ്പാനിൽ ഒരു വലിയ ദുരന്തം നടക്കും'', സ്വപ്‌നം കണ്ടശേഷം അവർ ഡയറിയിലെഴുതി. മാർച്ച് 2011-ലാണ് തോഹോകുവിൽ വലിയ ഭൂകമ്പവും അതിനെത്തുടർന്ന് സുനാമിയുമുണ്ടായത്. 19,000-ത്തിലേറെ പേരാണ് അന്ന് മരിച്ചത്.

ഇപ്പോൾ തത്സുകിയുടെ മറ്റൊരു പ്രവചനം തീർത്ത ഭയത്തിലാണ് ജനങ്ങൾ. ''2025 ജൂലായ് 5-ന് ജപ്പാനിൽ ഒരു വലിയ ദുരന്തമുണ്ടാകും'' എന്നതാണ് തത്സുകി കുറിച്ചിരിക്കുന്നത്. ജൂലായ് 5-ന് നഗരങ്ങൾ സമുദ്രത്തിൽ മുങ്ങുന്നതും, വെള്ളം തിളച്ചുമറിയുന്നതും, വലിയ വെള്ളക്കുമിളകൾ ഉണ്ടാകുന്നതുമെല്ലാം അവർ എഴുതിവെച്ചിട്ടുണ്ട്. 2011-ലെ സുനാമിയേക്കാൾ വലിയ ദുരന്തമായിരിക്കുമോ അത് എന്ന ഭയത്തിലാണ് ജനങ്ങൾ.

പുസ്തകം ചർച്ചയാവുമ്പോൾ
താൻ കണ്ട എല്ലാ സ്വപ്‌നങ്ങളും ഡയറിയിൽ കുറിപ്പുകളായി എഴുതിവെച്ചു തത്സുകി. 1980-കൾ മുതലുള്ള എല്ലാ സ്വപ്‌നങ്ങളുമുണ്ട് അതിൽ. ഇതെല്ലാം ചേർത്ത് 1999-ൽ അവരൊരു പുസ്തകം രചിച്ചു, 'ദ ഫ്യൂച്ചർ ഐ സോ' എന്നാണ് പേര്. നിരവധി പ്രവചനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പുസ്തകം. ആദ്യം പുസ്തകത്തിന് വലിയ ജനശ്രദ്ധയൊന്നും കിട്ടിയിരുന്നില്ല. എന്നാൽ, പതുക്കെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. 2011-ലെ സുനാമിയോടെയാണ് ആളുകൾക്ക് പുസ്തകത്തിൽ വിശ്വാസമുണ്ടാവുന്നത്. ഓരോ തവണയും അത് കൂടിക്കൊണ്ടേയിരുന്നു. തത്സുകി എഴുതിയതുവെച്ച് നോക്കിയാൽ വലിയ ദുരന്തമായിരിക്കുമുണ്ടാവാൻ പോകുന്നത് എന്ന ചർച്ചയും നടക്കുന്നുണ്ട്.

ഈ ദുരന്തം ജപ്പാനെ തകർക്കുമെന്നും ഫിലിപ്പൈൻസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളെ ബാധിക്കുമെന്നും തത്സുകി പ്രവചിച്ചിട്ടുണ്ട്. സ്വപ്നത്തിൽ ദുരന്തത്തിന്റെ ഉത്ഭവസ്ഥാനം ഒരു ഡയമണ്ടിന്റെ ആകൃതിയിൽ കണ്ടുവെന്നാണ് അവരുടെ അവകാശവാദം.

ഇത് സംഭവിച്ചാലും ഇല്ലെങ്കിലും ഈ പ്രവചനങ്ങൾ ജപ്പാനെ വല്ലാതെ ബാധിച്ചിട്ടുണ്ട്, പ്രത്യേകിച്ച് വിനോദസഞ്ചാരമേഖലയെ. വിമാനസർവീസുകൾ, ഹോട്ടലുകൾ, ടൂർ ഓപ്പറേറ്റർമാർ തുടങ്ങിയവർ വലിയ നഷ്ടത്തിലാണെന്നും പറയപ്പെടുന്നു. ഹോങ് കോങ് ആസ്ഥാനമായ ഒരു ടൂറിസ്റ്റ് കമ്പനി പറയുന്നത്, ഈസ്റ്ററിന്റെ അവധി മുതൽ 50 ശതമാനത്തോളം ഇടിവാണ് വിനോദസഞ്ചാരമേഖലയിൽ ഉണ്ടായിട്ടുള്ളത്. ഇത് ജൂലായ് മാസത്തിലും തുടർന്നുകൊണ്ടിരിക്കുകയാണ്. ചൈന, തായ്‌ലൻഡ്, വിയറ്റ്‌നാം എന്നിവിടങ്ങളിൽനിന്നുള്ള ബുക്കിങ്ങുകളുടെ കാര്യത്തിൽ 83 ശതമാനം കുറവുമുണ്ട്.

അതിനുപിന്നാലെ ജപ്പാനിൽനിന്ന് കേൾക്കുന്ന വാർത്തകളും അത്ര നല്ലതല്ല. ജപ്പാൻ മെറ്റീരിയോളജിക്കൽ ഏജൻസിയുടെ കണക്കുകൾ പ്രകാരം, 500-ലേറെ ചെറിയ ഭൂചലനങ്ങളാണ് ജപ്പാനിലെ ടോക്കറ ദ്വീപുകളിൽ ഈയടുത്തായി ഉണ്ടായിരിക്കുന്നത്. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, ഇത് ആളുകളെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. ഭൂകമ്പമാപിനിയിൽ ആറുവരെ തീവ്രത രേഖപ്പെടുത്തുന്ന ഭൂകമ്പങ്ങളുണ്ടാവാൻ സാധ്യതയുണ്ടെങ്കിലും, ഇതൊന്നും വരാനുള്ള വലിയ ഭൂകമ്പത്തെ സൂചിപ്പിക്കുന്നില്ലെന്നും പേടിക്കേണ്ടതില്ലെന്നും അധികൃതർ പറയുന്നു. ഇതിനുമുമ്പ് 2023 സെപ്റ്റംബറിലും ഇതുപോലെ തുടർ ഭൂചലനങ്ങൾ ഉണ്ടായിരുന്നു. അന്ന് 15 ദിവസത്തിനുള്ളിൽ 340-ലേറെ ഭൂചലനങ്ങളാണുണ്ടായത്. പക്ഷേ വേറെ വലിയ പ്രത്യാഘാതങ്ങളൊന്നുമുണ്ടാക്കാതെ അത് അവസാനിക്കുകയും ചെയ്തു.

ചെറിയ മുൻകരുതൽ മാത്രമേ ആവശ്യമുള്ളൂവെന്നും വിനോദസഞ്ചാരികൾ പേടിക്കേണ്ടതില്ലെന്നും സർക്കാരും ഉറപ്പിച്ചുപറയുന്നു. പക്ഷേ, ഇതൊന്നും പ്രദേശവാസികളെ സംബന്ധിച്ചിടത്തോളം ആശ്വാസം പകരുന്ന വാർത്തകളല്ല. വാട്ടർ ഫിൽട്ടർ ചെയ്യുന്ന ഉപകരണങ്ങളും ഫസ്റ്റ് എയ്ഡ് കിറ്റും വാങ്ങിക്കൂട്ടുന്ന തിരക്കിലാണവർ. ദിവസം അടുക്കുന്തോറും അവരുടെ നെഞ്ചിടിപ്പ് കൂടുകയാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi