സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതീകമാണ് അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടി. 1886 മുതല്‍ അമേരിക്കന്‍ മണ്ണില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഈ പ്രതിമ മനുഷ്യവര്‍ഗ്ഗത്തിന്റെ പ്രതീക്ഷയുടെയും ആത്മധൈര്യത്തിന്റെയും അഭിമാനത്തിന്റെയും അടയാളമാണ്. 1924 മുതല്‍ പ്രതിമയെ അമേരിക്കയുടെ ദേശീയ സ്മാരകമായി കണക്കാക്കുന്നു. 1984 യുനെസ്‌കോ ഹെറിറ്റേജ് സൈറ്റ് കൂടിയാണിവിടം.
അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷത്തില്‍ അവിടുത്തെ ജനതയ്ക്ക് ഫ്രഞ്ചുകാര്‍ നല്‍കിയ സമ്മാനമാണ് സ്റ്റാച്യു ഓഫ് ലിബര്‍ട്ടി. ഫ്രഞ്ച് മണ്ണില്‍ നിന്ന് കപ്പല്‍കയറി അമേരിക്കയിലേക്ക് കൊണ്ടുവന്ന പ്രതിമയ്ക്ക് അടിത്തറയില്ലാതെ തന്നെ 15 നില കെട്ടിടത്തിന്റെ ഉയരമുണ്ട്. 151 അടിയാണ് പ്രതിമയുടെ ഉയരം.സംഭവനയിലൂടെയാണ് ഫ്രാന്‍സ് ശില്പത്തിന്റെ നിര്‍മാണച്ചെലവ് കണ്ടെത്തിയത്.

ഫ്രഞ്ച് ശില്പി ബര്‍തോള്‍ഡിയാണ് സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ സ്രഷ്ടാവ്. നീണ്ട ഇരുപത്തിയൊന്ന് വര്‍ഷം സ്വപ്നം കണ്ട ശേഷമാണ് ബര്‍തോള്‍ഡി പ്രതിമ പൂര്‍ത്തിയാക്കിയത്. ആദ്യ പ്ലാനില്‍ പല മാറ്റങ്ങള്‍ വരുത്തിയാണ് പണി പൂര്‍ത്തിയാക്കിയത്. സ്വന്തം അമ്മയായിരുന്നു ബര്‍തോള്‍ഡിയുടെ മോഡല്‍. ഉരുക്ക് ചട്ടക്കൂട് പണിതത് ഗുസ്താവെ ഈഫല്‍. പ്രസിഡന്റ് ഗ്രോവര്‍ ക്ലെവര്‍ലാന്‍ഡിന്റെ കാലത്ത് ഈ ഫ്രഞ്ച് ഉപഹാരം ന്യൂയോര്‍ക്കില്‍ സമുദ്രതീരത്ത് സ്ഥാപിക്കുകയായിരുന്നു.
ഉള്ളുപൊള്ളയായ ഈ പ്രതിമ ഉരുക്ക് കൊണ്ടുള്ള ചട്ടത്തിനുമുകളില്‍ കോപ്പര്‍ പാളികള്‍ കൊണ്ട് പണികഴിപ്പിച്ചതാണ്. മുന്നൂറോളം കോപ്പര്‍ പാളികളാണ് പ്രതിമയ്ക്ക് രൂപം നല്‍കുന്നത്. പ്രതിമയുടെ ഉയര്‍ത്തിപ്പിടിച്ച ഇടം കയ്യില്‍ ഒരു ടോര്‍ച്ചാണ്. ഇത് വെളിച്ചവും പ്രത്യാശയും സൂചിപ്പിക്കുന്നു. വലംകയ്യില്‍ അമേരിക്കയ്ക്ക് സ്വാതന്ത്ര്യത്തെ ലഭിച്ച ദിവസം രേഖപ്പെടുത്തിയ ടാബ്ലെറ്റ്. ശക്തമായ കാറ്റില്‍ സ്റ്റാച്യു ഓഫ് ലിബര്‍ട്ടി ഉലയാറുണ്ട്. 3 ഇഞ്ച് വരെ പ്രതിമ അനങ്ങുമത്രേ. ടോര്‍ചേന്തിയ, ഉയര്‍ത്തിപ്പിടിച്ച ഇടംകൈ 5 ഇഞ്ച് വരെയും അനങ്ങാറുണ്ട്.

സിമന്റ് കൊണ്ടാണ് അടിത്തറ പാകിയിട്ടുള്ളത്. അമേരിക്കന്‍ ആര്‍ക്കിടെക്ട് റിച്ചാര്‍ഡ് മോറിസ് ഹണ്ടാണ് അടിത്തറ പണിതത്. അതിന്റെ ചെലവ് വഹിച്ചത് അമേരിക്ക തന്നെയാണ്. ഉള്ളിലൂടെ പ്രതിമയുടെ മുകളില്‍ വരെ പോകാനും പുറത്തെ കാഴ്ചകള്‍ കാണാനും സാധിക്കും. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ വാസ്തുവിദ്യയുടെ വളര്‍ച്ചയില്‍ നാഴികക്കല്ലായി പ്രതിമ വിലയിരുത്തപ്പെടുന്നു. കലയുടെയും എഞ്ചിനിയറിങ്ങിന്റെയും സമന്വയം പ്രതിമയ്ക്ക് പൂര്‍ണത നല്‍കുന്നു.
നാഷണല്‍ പാര്‍ക്ക് സര്‍വീസാണ് പ്രതിമയുടെ മേല്‍നോട്ടം വഹിക്കുന്നത്. പലവട്ടം ചില്ലറ അറ്റകുറ്റപ്പണികള്‍ക്ക് പ്രതിമ വിധേയമായിട്ടുണ്ടെങ്കിലും കാര്യമായ വ്യത്യാസങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. കൃത്യമായ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം ബോട്ട് മാര്‍ഗമാണ് സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നത്. പ്രതിമയുടെ ചരിത്രം വിവരിക്കുന്ന എല്ലിസ് ഐലന്‍ഡ് ഇമ്മിഗ്രെഷന്‍ മ്യൂസിയവും സമീപത്തുണ്ട്. സമീപകാലത്തായി കാലാവസ്ഥാവ്യതിയാനവും മലിനീകരണവും പ്രതിമയുടെ പകിട്ട് കുറയ്ക്കുന്നുണ്ട്.
Content Highlights: Discover the Statue of Liberty`s history, design, and significance as a symbol of freedom and democracy.
Published: 17 Jun 2025, 04:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented