ഒരു തെളിവും അവശേഷിപ്പിക്കാതെ ഈ ലോകത്തുനിന്ന് അപ്രത്യക്ഷയാവുക, ഒറ്റവാക്യത്തിൽ സ്‌നേഹ ആൻ ഫിലിപ്പിന്റെ ജീവിതം ഇങ്ങനെ ചുരുക്കാം. അമേരിക്കയിൽ ഫിസിഷ്യനായ സ്‌നേഹയെ അവസാനമായി ജീവനോടെ കണ്ടത് 2001 സെപ്റ്റംബർ 10-നാണ്. അമേരിക്കയിൽ ഭീകരാക്രമണം നടക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം. അതിനുശേഷം അവർ എങ്ങോട്ടുപോയെന്ന് ആർക്കുമറിയില്ല. ഒടുവിൽ വേൾഡ് സെന്ററിലുണ്ടായ ആക്രമണത്തിൽ അകപ്പെട്ട, തിരിച്ചറിയപ്പെടാത്തവരുടെ ലിസ്റ്റിലേക്ക് സ്‌നേഹയുടെ പേരും ചേർക്കപ്പെട്ടു.

വേൾഡ് ട്രേഡ് സെന്ററിനടുത്തായിട്ടാണ് സ്‌നേഹയും ഭർത്താവ് റോൺ ലീബർമാനും താമസിക്കുന്ന അപ്പാർട്ട്‌മെന്റ്. സെപ്റ്റംബർ 10-ന് സ്‌നേഹ ലീവെടുത്ത് വീട്ടിലിരിക്കുകയായിരുന്നു. രണ്ടുദിവസം കഴിഞ്ഞ് ഒരു ബന്ധു വീട്ടിലേക്ക് വരുന്നുണ്ട്. അതിനുമുമ്പുള്ള വീടുവൃത്തിയാക്കലിനായാണ് അവധിയെടുത്തത്. ആ ദിവസം മുഴുവൻ ക്ലീനിങ്ങുമായി വീട്ടിൽ തന്നെ. അതുകഴിഞ്ഞ് വൈകുന്നേരമായപ്പോൾ കുറച്ചു സാധനങ്ങൾ വാങ്ങാനായി അവിടെയുള്ള ഡിസ്‌കൗണ്ട് ഡിപ്പാർട്ട്‌മെന്റ് സ്‌റ്റോറിലേക്ക് പോയി.

അർധരാത്രിയോടടുപ്പിച്ചാണ് ഭർത്താവ് റോൺ അപ്പാർട്ട്‌മെന്റിലെത്തുന്നത്. അവരുടെ രണ്ടു പൂച്ചക്കുട്ടികളെ മാത്രമേ അവിടെ കണ്ടുള്ളൂ. സ്‌നേഹയെ കാണാതിരുന്നപ്പോഴും അദ്ഭുതമൊന്നും തോന്നിയില്ല. പുറത്തുപോയിരിക്കുമെന്ന് കരുതി. അല്ലെങ്കിൽ അമ്മയുടെയോ സഹോദരന്റെയോ വീട്ടിൽ പോയിട്ടുണ്ടാവുമെന്നും ചിന്തിച്ചു. എങ്കിലും സാധാരണയായി പുറത്തുപോകുമ്പോൾ വിളിക്കാറുണ്ടായിരുന്നു എന്നും അദ്ദേഹം ആലോചിച്ചു. പിറ്റേദിവസം രാവിലെ ഉണർന്നപ്പോൾ അതിരാവിലെ ആരോ ഫോണിലേക്ക് വിളിച്ചതായി കണ്ടു. പക്ഷേ, ഉറക്കത്തിൽ ശബ്ദമൊന്നും കേട്ടിരുന്നില്ല. തിരിച്ചുവിളിച്ചപ്പോൾ ആരും എടുത്തതുമില്ല. ജോലിക്ക് പോകേണ്ടതുകൊണ്ട് വേഗം വീട്ടിൽനിന്നിറങ്ങി.

തെളിവൊന്നുമില്ലാതെ…
രാവിലത്തെ മീറ്റിങ് കഴിഞ്ഞപ്പോഴാണ്, സഹപ്രവർത്തകരെല്ലാം ടിവിയുടെ മുന്നിൽ നിൽക്കുന്നത് കണ്ടത്. അപ്പാർട്ട്‌മെന്റിൽനിന്ന് അധികം ദൂരെയല്ലാതുള്ള വേൾഡ് ട്രേഡ് സെന്റർ ആക്രമിക്കപ്പെട്ടിരിക്കുന്നു. ഉടനെ സ്‌നേഹയുടെ ഫോണിലേക്കും വീട്ടിലുള്ള ഫോണിലേക്കും വിളിച്ചു. അപ്പോഴും ആരും ഫോണെടുത്തില്ല. കുറേ മെസേജുകളയച്ചു. അതിനും മറുപടിയില്ല. അതോടെ ആശങ്കയേറി. ഉടനെത്തന്നെ സ്‌നേഹയുടെ അമ്മയെയും സഹോദരനെയും വിളിച്ച് അന്വേഷിച്ചു. അവിടെയൊന്നും അവർ ചെന്നിട്ടില്ലെന്ന് ഉറപ്പായി.

വീണ്ടും വീട്ടിലേക്ക് തിരിച്ചുപോയി. വഴിയിലെങ്ങും ആളുകൾ ഭീതിയോടെ ഓടുന്നതും പോലീസ് വാഹനങ്ങളും ആംബുലൻസുകളും തലങ്ങും വിലങ്ങും പായുന്നതും മാത്രം കാണാം. അതിനൊപ്പം കനത്തസുരക്ഷയും. എങ്ങനെയൊക്കെയോ വീട്ടിലെത്തി. അപ്പോഴേക്കും വീടിനുള്ളിൽ മുഴുവൻ പൊടി നിറഞ്ഞിരിക്കുകയായിരുന്നു. തകർന്ന ടവറുകളിൽനിന്നുള്ള പൊടി. വീടിന്റെ ഒരു മൂലയ്ക്ക് അവരുടെ രണ്ട് പൂച്ചക്കുട്ടികൾ മാത്രമുണ്ട്. സ്‌നേഹയും ഭീകരാക്രമണത്തിൽ പെട്ടിരിക്കുമോ എന്നാണ് റോൺ പെട്ടെന്ന് ചിന്തിച്ചത്. ഭാര്യയുടെ ചിത്രത്തിന്റെ ഫോട്ടോകോപ്പിയുമായി വഴിനീളെ നടന്നു അദ്ദേഹം. വേൾഡ് ട്രേഡ് സെന്ററിനടുത്തെത്തിയപ്പോൾ, ഈ ചിത്രം കണ്ട് മാധ്യമപ്രവർത്തകർ ഓടിയെത്തി. എന്നാൽ തലേദിവസം മുതലേ സ്‌നേഹയെ കാണാനില്ലെന്ന് അറിഞ്ഞപ്പോൾ അവർക്ക് താത്പര്യം നഷ്ടപ്പെട്ടു. അപ്പോഴും കുടുംബം വിശ്വസിച്ചത്, വേൾഡ് സെന്ററിൽ കുടുങ്ങിയ ആളുകളെ രക്ഷിക്കാനായി സ്‌നേഹ പോയിട്ടുണ്ടാവുമെന്നാണ്. കെട്ടിടം തകർന്നുവീണപ്പോൾ പലരും അതിൽ പെട്ടതുപോലെ സ്‌നേഹയും അകപ്പെട്ടിട്ടുണ്ടാകാമെന്നും.

കഴിയാവുന്നിടത്തെല്ലാം അന്വേഷിച്ചു. ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിലുള്ള ക്യാമറയിൽ സ്‌നേഹ സാധനങ്ങൾ തിരയുന്ന വീഡിയോ കിട്ടി. സ്‌നേഹയെക്കുറിച്ചുള്ള അവസാനത്തെ തെളിവായി അതുമാറി. അതിനൊപ്പം സാധനം വാങ്ങിയ സ്റ്റോറിൽ കൊടുത്ത ക്രെഡിറ്റ് കാർഡ് വിവരങ്ങളും, അവർ അവിടെ ചെന്നിരുന്നതായി തെളിയിച്ചു. അവരുടെ അപ്പാർട്ട്‌മെന്റ് ബിൽഡിങ്ങിലെ ക്യാമറയിൽ ഒരു സ്ത്രീ ലിഫ്റ്റിനടുത്തേക്ക് വരുന്നതും പെട്ടെന്ന് തിരിഞ്ഞുപോവുന്നതും കാണാം. സൂര്യപ്രകാശം ആ ദൃശ്യത്തിന്റെ ഏറെ ഭാഗവും മറച്ചിരുന്നു. എങ്കിലും മുടിയും വസ്ത്രവുമെല്ലാം പരിശോധിച്ച റോൺ പറഞ്ഞത്, അത് സ്‌നേഹ തന്നെയാണെന്നാണ്. എന്നാൽ, എന്തിനാണ് അവർ തിരിച്ചുപോയതെന്ന് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുന്നു.

അന്വേഷണത്തിൽ തെളിഞ്ഞത്…
അതോടെ പോലീസിൽ പരാതി നൽകി. സംഭവത്തിൽ രണ്ട് അന്വേഷണങ്ങളാണ് നടന്നത്. ഒന്ന് എഫ്.ബി.ഐ മുൻ ഏജന്റ് നടത്തിയത്. അടുത്തത് ന്യൂയോർക്ക് സിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റിന്റേതും. എഫ്.ബി.ഐ ഏജന്റിന്റെ അന്വേഷണത്തിലെ ആദ്യനിഗമനം സ്‌നേഹയുടെ തിരോധാനത്തിന് വേൾഡ് ട്രേഡ് സെന്റർ ആക്രമണവുമായി ബന്ധമില്ലെന്നാണ്. എന്നാൽ, അവസാനം അദ്ദേഹം എത്തിച്ചേർന്നും വേൾഡ് സെന്ററിൽ പെട്ടുപോയിരിക്കാം എന്നുതന്നെയാണ്.

പോലീസ് സ്‌നേഹയുടെ ജീവിതത്തെക്കുറിച്ചും കൂടുതൽ അന്വേഷിച്ചിരുന്നു. അവരുടെ കുടുംബജീവിതത്തിലെ പ്രശ്‌നങ്ങളും ജോലിയിലെ ബുദ്ധിമുട്ടുകളുമെല്ലാം ആ അന്വേഷണറിപ്പോർട്ടിലുണ്ടായിരുന്നു. സ്‌നേഹയെ കാണാതാവുന്ന ദിവസവും ഭർത്താവുമായി വഴക്കുണ്ടായിരുന്നുവെന്നും പോലീസ് റിപ്പോർട്ടിലെഴുതി. അതുകൊണ്ടുതന്നെ സ്‌നേഹയുടെ അപ്രത്യക്ഷമാകൽ വേറേതെങ്കിലും രീതിയിലായിരുന്നോ എന്നും അവർ സംശയിച്ചു. ചിലപ്പോൾ ബാറിൽവെച്ച് കണ്ട ആരെങ്കിലും കൊലപ്പെടുത്തിയതാകാമെന്നും പോലീസ് സംശയിച്ചു.

പോലീസ് റിപ്പോർട്ടിനെ സ്‌നേഹയുടെ കുടുംബം ശക്തമായി എതിർത്തു. പല തെളിവുകളും കെട്ടിച്ചമച്ചതാണെന്ന് അവർ ഉറപ്പിച്ചുപറഞ്ഞു. ഭീകരാക്രമണത്തിൽ മരിച്ച പലരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും സ്‌നേഹയും അതിലുൾപ്പെട്ടിട്ടുണ്ടാവുമെന്നും അവർ ആവർത്തിച്ചു. പോലീസിന്റെ റിപ്പോർട്ടുകൾ പരിഗണിച്ച കോടതി, സ്‌നേഹയെ ആക്രമണത്തിലെ ഇരയായി പ്രഖ്യാപിക്കാനുള്ള കുടുംബത്തിന്റെ അപേക്ഷ നിരസിച്ചു. അവരെ ആരെങ്കിലും കൊലപ്പെടുത്താനോ അതല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിൽ കാണാതാവാനോ ഉള്ള സാധ്യതയും കൂടിയുണ്ടെന്ന് പറഞ്ഞാണ് കോടതി അപേക്ഷ തള്ളിയത്. എന്നാൽ, 2008-ൽ ന്യൂയോർക്ക് സ്‌റ്റേറ്റ് അപ്പീൽസ് കോർട്ട്, കീഴ്‌കോടതിയുടെ വിധി റദ്ദാക്കി. സ്‌നേഹയെ ആക്രമണത്തിലെ ഇരയായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. അതോടെ 2751-ാം ഇരയായി അവർ മാറി. നാഷണൽ സെപ്റ്റംബർ 11 മെമ്മോറിയൽ മ്യൂസിയത്തിൽ അവരുടെ പേരും രേഖപ്പെടുത്തുകയും ചെയ്തു.

പ്രണയവും വിവാഹവും
ന്യൂയോർക്കിലായിരുന്നു സ്‌നേഹയുടെ കുടുംബം. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ സ്‌നേഹ, ചിക്കാഗോ സ്‌കൂൾ ഓഫ് മെഡിസിനിൽ ചേർന്നു. അവിടെവെച്ചാണ് ഒരു വർഷം ജൂനിയറായ റോൺ ലീബർമാനെ കണ്ടുമുട്ടുന്നത്. കുറച്ചുനാൾ കഴിഞ്ഞപ്പോൾ അവർ ഡേറ്റിങ് തുടങ്ങി. ന്യൂയോർക്ക് സിറ്റിയിലാണ് രണ്ടുപേരും ഇന്റേൺഷിപ്പ് ചെയ്തത്. അതുകഴിഞ്ഞ് ജോലി ചെയ്യാനും തുടങ്ങി. മെയ് 2000-ത്തിലായിരുന്നു വിവാഹം. ഒരുവർഷം കഴിഞ്ഞപ്പോഴേക്കും സ്‌നേഹയുടെ തിരോധാനവും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi