മുന്നൂറ് വര്‍ഷത്തോളം റഷ്യയുടെ അധികാരം കയ്യാളിയിരുന്നത് റോമനോവ് രാജകുടുംബമാണ്. സര്‍ നിക്കോളാസ് രണ്ടാമന്റെ ഭരണകാലത്തെ തുടര്‍ച്ചയായ യുദ്ധങ്ങള്‍ ജനങ്ങളെ ദുരിതത്തിലാക്കി. ലോകമഹായുദ്ധത്തിന്റെ കെടുതികള്‍ക്കൊപ്പം ഭക്ഷ്യക്ഷാമവും കൂടിയായപ്പോള്‍ 1917-ലെ ഫെബ്രുവരി വിപ്ലവത്തില്‍ ജനം നിക്കോളാസിന്റെ ദുര്‍ഭരണത്തിനെതിരെ ഒരുമിച്ചുനിന്നു. വിപ്ലവം ജയിച്ചു. രാജാവിന് സിംഹാസനം നഷ്ടമായി. താത്കാലിക ഭരണകൂടം അധികാരത്തിലേറി.

രാജാവും കുടുംബവും അലക്സാണ്ടര്‍ കൊട്ടാരത്തില്‍ തടവിലായി. വൈകാതെ കൊട്ടാരത്തിന്റെ സുഖങ്ങളും അവര്‍ക്ക് നഷ്ടമായി. നിക്കോളാസ് രണ്ടാമന്‍, ഭാര്യ അലക്സാണ്ട്ര, മക്കളായ ഓള്‍ഗ, താത്യാന, മരിയ, അനസ്‌തേഷ്യ, അലക്‌സി എന്നിവരടങ്ങിയ കുടുംബത്തിനൊപ്പം ഏറ്റവും വിശ്വസ്തരായ അഞ്ചുപേര്‍ മാത്രമാണുണ്ടായിരുന്നത്. അവിടെനിന്നും രാജകുടുംബത്തെ സൈബീരിയയിലേക്ക് മാറ്റി. ഒക്ടോബര്‍ വിപ്ലവം പിന്നിട്ടശേഷം അവരെ യുറാല്‍ പര്‍വതനിരകള്‍ക്കടുത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കനത്ത കാവലിലായിരുന്നു രാജകുടുംബം.

ഒരു രാത്രി രാജകുടുംബം താമസിച്ചിരുന്ന ബേസ്‌മെന്റിലേക്ക് ഭരണത്തിലുള്ള ബോള്‍ഷെവിക്കുകള്‍ ആയുധവുമായി കയറി. രാജാവിനെയും രാജ്ഞിയേയും മക്കളെയും വെടിവെച്ചും ബയണറ്റുകള്‍ പൊട്ടിച്ചും കൊലപ്പെടുത്തി. കൂടെയുണ്ടായിരുന്ന ഡോക്ടറെയും കുക്കിനെയും രണ്ട് സേവകരെയും കൊന്നു. വിവസ്ത്രരാക്കി, കഷണങ്ങളാക്കി നുറുക്കിയ മൃതദേഹങ്ങളെ ആസിഡൊഴിച്ചും ഗ്രനേഡ് പൊട്ടിച്ചും തിരിച്ചറിയാന്‍ പറ്റാത്തവിധം വികൃതമാക്കിയ ശേഷം കോപ്ത്യാക്കി വനമേഖലയില്‍ പലയിടത്തായി അടക്കം ചെയ്തു.

ഈ കൂട്ടക്കൊലയുടെ വിവരങ്ങള്‍ പുറത്തുവരാതെ ഏറെക്കാലം രഹസ്യമായി സൂക്ഷിക്കാന്‍ ബോള്‍ഷെവിക്കുകള്‍ക്ക് സാധിച്ചു. നിക്കോളാസിന്റെ മരണവിവരം മാത്രമേ അവര്‍ പുറത്തുവിട്ടുള്ളൂ. കുടുംബത്തിന് എന്ത് സംഭവിച്ചെന്ന് പല കഥകളും പരന്നു. 1922 മുതല്‍ സോവിയറ്റ് റഷ്യയുടെ തലപ്പത്ത് വ്‌ളാദിമിര്‍ ലെനിനായിരുന്നു. 1924 ലെനിന്റെ മരണശേഷം റഷ്യന്‍ ഭരണകൂടത്തിന് രാജകുടുംബത്തിന്റെ കൊലപാതകം നടന്നെന്ന് സമ്മതിക്കേണ്ടി വന്നു. പക്ഷേ ലെനിന് സംഭവത്തില്‍ യാതൊരു പങ്കുമില്ലെന്നായിരുന്നു അവരുടെ വാദം.

1979-ല്‍ അലക്സാണ്ടര്‍ അവ്‌ഡോനിന്‍ എന്ന ഡിറ്റക്ടീവ് വനമേഖലയില്‍ രാജകുടുംബത്തെ മറവ് ചെയ്ത സ്ഥലം കണ്ടെത്തി. പക്ഷേ ശാസ്ത്രീയമായ പരിശോധനയിലൂടെ അത് തെളിയിക്കപ്പെട്ടത് 1994-ലാണ്. കൊലപാതകത്തിന് ശേഷം 80 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ റോമാനോവ് കുടുംബാംഗങ്ങളുടെ അവശിഷ്ടങ്ങള്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ പീറ്റര്‍ ആന്‍ഡ് പോള്‍ കത്തീഡ്രലില്‍ അടക്കം ചെയ്തു. അപ്പോഴും കുടുംബാംഗങ്ങളുടെ മുഴുവന്‍ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്താനായിരുന്നില്ല. 2007-ല്‍ രാജകുമാരന്റേത് എന്ന് സംശയിക്കപ്പെടുന്ന അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ഡിഎന്‍എ പരിശോധനയില്‍ അത് അലക്‌സി രാജകുമാരന്‍ തന്നെയാണെന്നും തെളിഞ്ഞു. കൂടെ ഒരു സഹോദരിയുടെ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി. അത് ഏത് സഹോദരിയാണെന്ന് കൃത്യമായി നിര്‍ണയിക്കാനായില്ല.

റോമാനോവ് കുടുംബത്തിന്റെ കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ട ആരാണെന്നത് ഇന്നും വ്യക്തമല്ല. ലെനിന്‍ ഉള്‍പ്പെടെയുള്ള മോസ്‌കോയിലെ പ്രമുഖര്‍ അറിയാതെ ഇത് നടക്കില്ല എന്നാണ് ഒരു വിഭാഗം ചരിത്രകാരന്മാരുടെ അഭിപ്രായം. പക്ഷേ, ഔദ്യോഗികമായ യാതൊരു ഉത്തരവിന്റെയും തെളിവുകള്‍ ഇന്നേവരെ കണ്ടെത്താനായിട്ടില്ല.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi