ബോളിവുഡിലെ ഏറ്റവും പ്രശസ്തരായ നടന്മാരില്‍ ഒരാളാണ് റണ്‍ബീര്‍ കപൂര്‍. അദ്ദേഹത്തിന് ആരാധകരുമേറെയാണ്. അന്തരിച്ച തന്റെ പിതാവ് ഋഷി കപൂറുമായി തീവ്രവും അഗാധവുമായ ഒരു സ്‌നേഹബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. കപൂര്‍ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന, സംവിധായകൻ സുഭാഷ് ഘായ് ഈ അച്ഛന്‍-മകന്‍ ബന്ധത്തെക്കുറിച്ച് അടുത്തിടെ മനസ്സ് തുറന്നു.

''ഋഷി കപൂറും റണ്‍ബീര്‍ കപൂറും രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങളാണ്. പുതിയ തലമുറ ജീവിക്കാന്‍ ആഗ്രഹിക്കുന്ന രീതി ഋഷി കപൂറിന് ഇഷ്ടപ്പെടാത്ത ഒന്നാണ്. അച്ഛന്‍ ആഗ്രഹിക്കുന്നത് എന്താണോ അതിനെ മകന്‍ എതിര്‍ക്കും. അതുകൊണ്ട് ഇരുവരും ഒരുപാട് വഴക്കിടുമായിരുന്നു. ഒരു സാധാരണ അച്ഛന്‍-മകന്‍ ബന്ധം പോലെ. അതുപോലെ തന്നെ സ്‌നേഹവുമുണ്ടായിരുന്നു. റണ്‍ബീര്‍ പാശ്ചാത്യ സിനിമകളിലേക്ക് ചായുന്നുവെന്ന് ഋഷി എപ്പോഴും കരുതിയിരുന്നു. വിജയിക്കണമെങ്കില്‍ ഹിന്ദി സിനിമയെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളണമെന്ന് അദ്ദേഹം വിശ്വസിച്ചു'' സുഭാഷ് പറയുന്നു.

ബോളിവുഡിലെ മുന്‍നിര താരങ്ങളിലൊരാളായുള്ള റണ്‍ബീറിന്റെ വളര്‍ച്ചയെക്കുറിച്ച് സംസാരിക്കവെ, മകന്റെ വിജയം കാണാന്‍ ഋഷി കപൂര്‍ ഇന്ന് ജീവിച്ചിരിപ്പില്ലല്ലോ എന്ന് സുഭാഷ് ദുഃഖത്തോടെ പറഞ്ഞു. ''റണ്‍ബീര്‍ ഒരു കഥാപാത്രം ചെയ്യുമ്പോള്‍, അതില്‍ പൂര്‍ണ്ണമായി മുഴുകും. അദ്ദേഹം ഒരുപാട് പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്, ചിലത് നല്ലതും ചിലത് മോശവുമായിരുന്നു. എന്നാല്‍ ഇന്ന് അദ്ദേഹം ഒന്നാം നമ്പര്‍ താരവും ഒന്നാം നമ്പര്‍ നടനുമാണെന്ന് തെളിയിച്ചു കഴിഞ്ഞു. ഇന്നത്തെ കാലത്ത് തുടര്‍ച്ചയായി നാല് ഹിറ്റുകള്‍ നല്‍കുന്ന ആരെയും മാധ്യമങ്ങള്‍ സ്റ്റാര്‍ എന്ന് വിളിക്കും, റണ്‍ബീര്‍ ഒരു മികച്ച നടനാണ്.

ചിലപ്പോള്‍ ഋഷിയെ ഓര്‍ക്കുമ്പോള്‍ ഞാന്‍ ചിന്തിക്കാറുണ്ട്, അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഞാന്‍ പറയുമായിരുന്നു, 'നോക്കൂ, നിങ്ങളുടെ മകന്‍ എവിടെയെത്തിയെന്ന്.' അവനെ ശല്യപ്പെടുത്തരുത്, അവന്റെ ഇഷ്ടത്തിന് വിടൂ എന്ന്. എന്നാല്‍ എല്ലാ അച്ഛന്മാരും തങ്ങളുടെ മക്കളെക്കുറിച്ച് ആശങ്കാകുലരാണ്. മകന്‍ തങ്ങളെക്കാള്‍ മികച്ചവനാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നു,'' അദ്ദേഹം പറഞ്ഞു.

ആലിയ ഭട്ടുമായുള്ള വിവാഹം റണ്‍ബീറിന്റെ വ്യക്തിത്വത്തില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും സുഭാഷ് സംസാരിച്ചു. ''റണ്‍ബീര്‍ ജീവിതത്തെയും കാര്യങ്ങളെയും മനസ്സിലാക്കുന്ന ഒരാളാണ്. വിവാഹശേഷം കൂടുതല്‍ പക്വത വന്നു. ഇപ്പോഴും മുതിര്‍ന്നവരെ ബഹുമാനിക്കുന്നു.

കാണുമ്പോഴെല്ലാം കാലില്‍ തൊട്ട് വന്ദിക്കാറുണ്ട്. അതിനാല്‍ ആ മൂല്യങ്ങളെല്ലാം അദ്ദേഹത്തില്‍ ഭദ്രമാണ്. സത്യത്തില്‍, ഇപ്പോള്‍ വന്നവര്‍ക്കാണ് റണ്‍ബീറിനേക്കാള്‍ ജാഡ. അവന്‍ ഇപ്പോഴും വളരെ വിനയമുള്ള, ലളിതനായ ഒരു വ്യക്തിയാണ്.''

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi