ആറുവർഷമേ പ്രത്യുഷ ബാനർജി സീരിയൽരംഗത്ത് ഉണ്ടായിരുന്നുള്ളൂ. അതിനുള്ളിൽ എട്ടു സീരിയലുകളിൽ അഭിനയിച്ചു അവർ. 'ബാലികാ വധു'വിലെ ആനന്ദി എന്ന കഥാപാത്രമായിട്ടാണ് ആളുകൾക്ക് ഇന്നും അവരെ പരിചയം. യേ രിഷ്താ ക്യാ കെഹലാതാ ഹെ, പ്യാർ തൂനെ ക്യാ കിയാ, ഹം ഹെ നാ, അധൂരി കഹാനി ഹമാരി എന്നിങ്ങനെ കുറേ സീരിയലുകളിൽ അവർ അഭിനയിച്ചു. 24-ാം വയസ്സിൽ ആത്മഹത്യ ചെയ്തപ്പോഴും, അവർ അവശേഷിപ്പിച്ച കഥാപാത്രങ്ങൾ മരണമില്ലാതെ ഇന്നും തുടരുകയാണ്.
2016-ലാണ് മുംബൈയിലെ വീട്ടിൽ പ്രത്യുഷ തൂങ്ങിമരിക്കുന്നത്. എന്നാൽ, അത് ആത്മഹത്യയല്ലെന്ന് പ്രത്യുഷയുടെ മാതാപിതാക്കൾ ആരോപിച്ചു. പ്രത്യുഷയുടെ കാമുകനും നടനും നിർമാതാവുമായ രാഹുൽ രാജ് സിങ് അവരെ കൊലപ്പെടുത്തിയെന്നാണ് മാതാപിതാക്കൾ പറഞ്ഞത്. രാഹുലിനെതിരെ കേസും കൊടുത്തു. എന്നാൽ, രാഹുൽ അതിനെ എതിർത്തു. മാതാപിതാക്കളാണ് പ്രത്യുഷയുടെ മരണത്തിന് കാരണമെന്നും രാഹുൽ പറഞ്ഞു. മാതാപിതാക്കൾ പ്രത്യുഷയുടെ പേരിൽ വലിയ വായ്പകൾ എടുത്തിരുന്നുവെന്നും ആ കടങ്ങൾ വീട്ടാൻ കഴിയാത്തതിൽ താരത്തിന് കടുത്തനിരാശയുണ്ടായിരുന്നുവെന്നും രാഹുൽ വെളിപ്പെടുത്തി.
ഇപ്പോഴിതാ അക്കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി വന്നിരിക്കുകയാണ് രാഹുൽ. 'ഞങ്ങളാദ്യമായി കണ്ടുമുട്ടുമ്പോൾ അവൾ മാനസികമായി ഏറെ വിഷമത്തിലായിരുന്നു. വൈകാരികമായി ഞങ്ങൾ ഏറെ അടുത്തു. പിന്നെ ഏകദേശം 10 മാസത്തോളം ഡേറ്റ് ചെയ്തു. അവളുടെ അച്ഛൻ ഒരു മോശം മനുഷ്യനായിരുന്നു. അദ്ദേഹം അവളെ വല്ലാതെ അധിക്ഷേപിക്കാറുണ്ടായിരുന്നു. അതൊക്കെ പ്രത്യുഷയെ വല്ലാതെ ബാധിച്ചു''.
പ്രത്യുഷയും അച്ഛനും തമ്മിലുണ്ടായ അവസാനത്തെ ഫോൺവിളിയും രാഹുൽ ഓർത്തെടുത്തു. ''മരിക്കുന്നതിന് രണ്ടുമൂന്നു ദിവസം മുമ്പായിരുന്നുവത്. അതിനുശേഷം അവളാകെ തകർന്നിരുന്നു. എന്താണ് നീയിത്ര വിഷമിച്ചിരിക്കുന്നതെന്ന് ഞാൻ ചോദിച്ചു. അധിക്ഷേപങ്ങൾ കേൾക്കാൻ ഇഷ്ടപ്പെടുന്നില്ലെന്ന് അവൾ മറുപടി പറഞ്ഞു. ആരാണ് അങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോൾ അച്ഛൻ എന്ന് മറുപടിയും പറഞ്ഞു. പ്രത്യുഷ എപ്പോഴും പറയുമായിരുന്നു, 'ഞാൻ സമ്പാദിക്കുന്നു, എന്റെ അച്ഛൻ ആ പണംമുഴുവൻ മദ്യം കഴിച്ച് ചെലവഴിക്കുന്നു'. അത് എത്ര മോശമാണ്?''
പ്രത്യുഷ തൂങ്ങിമരിച്ചത് ആദ്യം കണ്ടത് താനാണെന്നും രാഹുൽ പറയുന്നു. ''വിളിച്ചിട്ടൊന്നും വാതിൽ തുറക്കുന്നുണ്ടായിരുന്നില്ല. ഒടുവിൽ മറ്റൊരാളെയും കൂട്ടി പൂട്ട് പൊളിക്കുകയായിരുന്നു. ഞാനാണ് അവളെ താഴത്തിറക്കി ആസ്പത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴും അവൾക്ക് ജീവനുണ്ടായിരുന്നു. ഇതെല്ലാം കഴിഞ്ഞ് എല്ലാവരും എന്നെ കുറ്റക്കാരനാക്കി. ഇന്നും ആളുകൾ എന്നെ 'കൊലയാളി' എന്ന് വിളിക്കുന്നു''.
എന്നാൽ, സീരിയൽമേഖലയിലുള്ളവരും രാഹുലിനെയാണ് അന്ന് കുറ്റപ്പെടുത്തിയത്. സിനിമ നിർമിക്കുന്നുവെന്ന പേരിൽ ഒന്നിലധികം സ്ത്രീകളിൽനിന്ന് പണം വാങ്ങിയെന്നും പലരും ആരോപിച്ചു. പ്രത്യുഷയുടെ മരണത്തിന് രണ്ട് മാസം മുമ്പ് അബോർഷൻ നടത്തിയിരുന്നു. ഇത് ഇരുവരും ചേർന്നെടുത്ത തീരുമാനമാണെന്നാണ് രാഹുൽ അവകാശപ്പെട്ടത്.
മാതാപിതാക്കൾ കൊടുത്ത പരാതിയിൽ അന്ന് രാഹുൽ അറസ്റ്റ് ചെയ്യപ്പെട്ടു. അതിനുശേഷം താത്കാലികജാമ്യത്തിൽ വിടുകയായിരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Explore new claims by Rahul Raj Singh regarding Pratyusha Banerjee`s tragic death. Discover details about her final days and the allegations surrounding her demise
Published: 28 Nov 2025, 04:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented