പൂച്ചകളെ അലർജിയുള്ള ഒരുപാടുപേരുണ്ട് നമുക്കിടയിൽ, എപ്പോഴെങ്കിലും പൂച്ചകൾക്ക് മനുഷ്യർ അലർജിയുണ്ടാക്കുമെന്ന് കേട്ടിട്ടുണ്ടോ? സംഗതി സത്യമാണ്. മനുഷ്യരെപ്പോലെ വളർത്തുമൃഗങ്ങളും അലർജിയുടെ ലക്ഷണങ്ങൾ കാണിക്കും. അവയ്ക്ക് മനുഷ്യരോടും അലർജിയുണ്ടാകാം. അപൂർവ്വമായേ ജീവന് ഭീഷണിയാകുള്ളൂവെങ്കിലും, വളർത്തുമൃഗങ്ങള്‍ക്ക് അസ്വസ്ഥതയും വിഷമവും ഉണ്ടാക്കുന്നതാണ് ഈ അലർജി. നായ്ക്കളെയും പൂച്ചകളെയും ഇത് ബാധിക്കാം. അലർജിയുണ്ടാക്കുന്ന വസ്തുക്കൾ ശ്വസിക്കുകയോ കഴിക്കുകയോ ചർമത്തിൽ സ്പർശിക്കുകയോ ചെയ്യുമ്പോഴാണ് വളർത്തുമൃഗങ്ങൾക്ക് പ്രശ്നമുണ്ടാകുന്നത്. ശരീരം ഈ പദാർഥങ്ങളെ പുറന്തള്ളാൻ ശ്രമിക്കുമ്പോൾ, ചർമത്തെയും ദഹനവ്യവസ്ഥയേയും ശ്വസനവ്യവസ്ഥയേയുമെല്ലാം ലക്ഷണങ്ങൾ ബാധിച്ചേക്കാം.

ചില വളർത്തുമൃഗങ്ങൾക്ക് ആസ്ത്മയും (അലർജിക് ബ്രോങ്കൈറ്റിസ് എന്നും അറിയപ്പെടുന്നു) ഉണ്ടാകുന്നു. മനുഷ്യരിലെ ശ്വാസതടസ്സത്തിന് പണ്ടുമുതലേ വളർത്തുമൃഗങ്ങളെയാണ് കുറ്റപ്പെടുത്തുന്നത്, എന്നാൽ ഈ പ്രശ്നം രണ്ട് വഴിക്കും ഉണ്ട്. മനുഷ്യരുടെ താരൻ പൂച്ചകളിലും നായ്ക്കളിലും ആസ്ത്മ ഉണ്ടാകാൻ കാരണമാകുന്നുണ്ട്. നായ്ക്കളേക്കാൾ പൂച്ചകളിലാണ് ആസ്ത്മ കൂടുതലായി കാണപ്പെടുന്നത് - ഫെലൈൻ ആസ്ത്മയെപ്പറ്റി (പൂച്ചകളിലെ ആസ്ത്മ) 90 വർഷങ്ങൾക്ക് മുൻപേ വിവരിക്കപ്പെട്ടിട്ടുണ്ട്.

പുല്ല്, പൂമ്പൊടി, പൂപ്പൽ, പൊടിയിലെ ജീവികൾ, തുണിത്തരങ്ങൾ തുടങ്ങി, വീടിനകത്തും പുറത്തുമുള്ള വസ്തുക്കൾ പൂച്ചകൾക്കും നായ്ക്കൾക്കും അലർജിയുണ്ടാക്കാം.

അലർജികളെ നിയന്ത്രിക്കാം

ആസ്ത്മ ചികിത്സയിലുണ്ടായ സമീപകാല പുരോഗതികൾ വളർത്തുമൃഗങ്ങൾക്ക് ആശ്വാസം പകരുന്നതാണ്. മനുഷ്യർ ഉപയോഗിക്കുന്ന ഇൻഹേലറുകൾക്ക് സമാനമായി, ആൻറി-ഇൻഫ്ലമേറ്ററി മരുന്നുകൾ ഒരു ഫേസ്മാസ്കോടുകൂടിയ എയറോസോൾ ചേമ്പറിലൂടെ വളർത്തുമൃഗങ്ങൾക്ക് നൽകാം.

മനുഷ്യരിലെ അലർജികളെപ്പോലെ, ബാധിക്കപ്പെട്ട വളർത്തുമൃഗങ്ങൾക്കും കാലം ചെല്ലുന്തോറും അലർജിയുടെ തീവ്രത കൂടാൻ സാധ്യതയുണ്ട്. അതേസമയം, രോഗനിയന്ത്രണസാധ്യതകൾ ആശ്വാസം പകരുന്നു. അലർജികൾക്ക് നിലവിൽ പൂർണമായ ചികിത്സയില്ലെങ്കിലും, കുത്തിവയ്പ്പുകൾ, ആൻറിഹിസ്റ്റാമൈനുകൾ, കോർട്ടിസോൺ തുടങ്ങിയ മരുന്നുകൾ ഉപയോഗിച്ച് രോഗലക്ഷണങ്ങൾ ലഘൂകരിക്കാനാകും. അതേസമയം, രോഗലക്ഷണങ്ങൾ തടയാനുള്ള ഏറ്റവും നല്ല മാർഗ്ഗം അലർജിയുണ്ടാക്കുന്ന വസ്തുക്കൾ തിരിച്ചറിഞ്ഞ്, അത് ചെള്ളുകളോ ഭക്ഷണങ്ങളോ ആവട്ടെ, അവയിൽ നിന്ന് നിങ്ങളുടെ വളർത്തുമൃഗങ്ങളെ പരമാവധി അകറ്റി നിർത്തുകയെന്നതാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi