പര്‍പ്പടകപ്പുല്ല് ദേഹത്തു വരിഞ്ഞുകെട്ടി, രൗദ്രത തുളുമ്പുന്ന മുഖങ്ങളുമായി കുമ്മാട്ടിക്കൂട്ടങ്ങള്‍ ഒരുക്കം തുടങ്ങി. തൃശ്ശൂരിലെ തെരുവുകള്‍ ഇനിയവര്‍ ആടിത്തിമര്‍ക്കും. ഓരോ ദിവസവും ഓരോ സ്ഥലങ്ങളില്‍നിന്നും കുമ്മാട്ടിപ്പാട്ടും വാദ്യങ്ങളുമുയരും. ഓണം അടുക്കുമ്പോള്‍ കുമ്മാട്ടിക്കുവേണ്ടിയുള്ള പര്‍പ്പടകപ്പുല്ലുതേടിയുള്ള ഓട്ടങ്ങള്‍ എല്ലാവര്‍ഷത്തെപോലെ ഇത്തവണയും സജീവമാണ്.
തൃശ്ശൂര്‍ ജില്ലാതലത്തില്‍ 48 കുമ്മാട്ടികളാണ് ഈ വര്‍ഷമുള്ളതെന്ന് കുമ്മാട്ടിക്കൂട്ടായ്മ ജില്ലാപ്രസിഡന്റ് രതീഷ് കടവില്‍ പറയുന്നു. നഗരത്തില്‍ മാത്രമല്ല ജില്ലയിലെ പലഭാഗങ്ങളിലും ഓണത്തിന് കുമ്മാട്ടിക്കൂട്ടങ്ങള്‍ ഒരുങ്ങുന്നുണ്ട്. ഉത്രാടം മുതല്‍ നാലാം ഓണനാള്‍ വരെയുള്ള ദിവസങ്ങളിലാണ് കുമ്മാട്ടിക്കൂട്ടങ്ങള്‍ ഇറങ്ങുക. ഉത്രാടദിവസം നാലുസംഘങ്ങളാണ് ഇറങ്ങുന്നത്. തിരുവോണത്തിന് എട്ടുസ്ഥലങ്ങളില്‍ കുമ്മാട്ടിക്കളി നടക്കും. രണ്ടോണനാളില്‍ ആണ് ഏറ്റവും കൂടുതല്‍ സ്ഥലങ്ങളില്‍ കുമ്മാട്ടിക്കളി നടക്കുന്നത്. 26 സ്ഥലങ്ങളില്‍. നാലോണനാളില്‍ എട്ടിടങ്ങളില്‍ കുമ്മാട്ടിക്കളി നടക്കും.
കുമ്മാട്ടികള്‍ ദേഹത്തു കെട്ടുന്ന പര്‍പ്പടകപ്പുല്ല് വേണ്ടത്ര കിട്ടുന്നില്ല എന്നതാണ് കലാകാരന്‍മാര്‍ നേരിടുന്ന വലിയ വെല്ലുവിളി. ഓരോ സംഘങ്ങളും പുല്ലിനുവേണ്ടിയുള്ള പാച്ചിലിലാണ്, അതേസമയം കുമ്മാട്ടിമുഖങ്ങള്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. പെയിന്റിങ് ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
തൃശ്ശൂരിള്‍ മാത്രമുള്ള കുമ്മാട്ടിക്കളി സംഘങ്ങള്‍ക്ക് ഇത്തവണ ആദ്യമായി കൂട്ടായ്മയൊരുങ്ങി. ജില്ലാ കുമ്മാട്ടിക്കൂട്ടായ്മ എല്ലാ സംഘങ്ങളുടെയും കോര്‍ത്തിണക്കി മുന്നോട്ടുപോകും. കുമ്മാട്ടിക്കളിയെന്ന കലാരൂപത്തിന് കൂടുതല്‍ പ്രചാരം നല്‍കാനുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടന മുന്നോട്ടുവയ്ക്കുന്നത്. കഴിഞ്ഞവര്‍ഷം വരെ എത്ര കുമ്മാട്ടിസംഘങ്ങളാണ് ഒരുങ്ങുന്നത് എന്നറിയാനുള്ള സംവിധാനമില്ലായിരുന്നു.
'തള്ളേ..തള്ളേ എവിടെ പോണ...'കുമ്മാട്ടിപ്പാട്ടുകളില്‍ ജനകീയമായ പാട്ടുകളിലൊന്നു തുടങ്ങുന്നതിങ്ങനെയാണ്. എത്ര പാട്ടുകള്‍ ഉണ്ടെന്നു കൃത്യമായി അറിയില്ലെങ്കിലും പതിനഞ്ചോളം പാട്ടുകള്‍ എല്ലായിടത്തും ഉപയോഗിക്കുന്നുണ്ട്. 'പണ്ടൊരു മുനിവര ഹോമം ചെയ്തു' എന്നു തുടങ്ങുന്നത് ഇത്തരത്തില്‍ മറ്റൊരു പാട്ട്. 'ചാടി ഹനുമാന് രാവണന്റെ മുന്നില്' എന്ന പാട്ട് ഏറെ ഉപയോഗിക്കപ്പെടുന്നതാണ്. ഇതിനെല്ലാം ചുവടുവെച്ചാണ് കുമ്മാട്ടികള്‍ നീങ്ങുന്നത്.
കുമ്മാട്ടിയുടെ പ്രധാന വാദ്യം ഓണവില്ലുതന്നെയാണ്. പിന്നീടത് ചെട്ടിവാദ്യത്തിലേക്കും മറ്റും പടര്‍ന്നുകയറുകയായിരുന്നു. മുമ്പെല്ലാം കുമ്മാട്ടികള്‍ വീടുകള്‍ തോറും കയറിയിറങ്ങിയിരുന്നത്രെ. ഓണപ്പുടവകളും സമ്മാനങ്ങളും സ്വീകരിച്ചുകൊണ്ടായിരുന്നു യാത്ര. കാലണയൊ രണ്ടുപഴമോ ഒക്കെയാണ് അന്നു വീടുകളില്‍നിന്ന് കിട്ടിയിരുന്നത്.
Content Highlights: onam special kummatti kali in hrissur mask-dance of kerala
Published: 15 Sept 2024, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented