ആസ്വദിക്കാന്‍ 'പ്രത്യേക അധികാരമുള്ളവര്‍ക്ക് ഓണം എന്നും ആഘോഷമാണ്. ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ ചെയ്യുന്നവരുടെ കാര്യം പക്ഷേ അങ്ങനെയാവണമെന്നില്ല. ഓണമെന്നല്ല, ഏത് ആഘോഷങ്ങളിലും കാര്യങ്ങള്‍ ഇങ്ങനെയൊക്കെത്തന്നെ. ഉത്രാടപ്പാച്ചിലെന്ന് പേരിട്ട് വിളിക്കുന്ന ഓട്ടപ്പാച്ചിലുകള്‍ മിക്ക വീടുകളിലും സ്ത്രീകള്‍ക്കുമാത്രമുള്ളതാണ്. ആഘോഷിക്കേണ്ടവര്‍ ഒരു വിഭാഗവും ഒരുക്കങ്ങള്‍ ചെയ്യേണ്ടത് മറ്റൊരു കൂട്ടരുമെന്ന കാലങ്ങളായി പിന്തുടരുന്ന സ്ഥിതിക്ക് വലിയ മാറ്റങ്ങളൊന്നും ഇന്നുമില്ല. ജോലിയും വീട്ടിലെ പണികളും കുഞ്ഞുങ്ങളുടെ കാര്യവും അതിനൊപ്പം ഓണത്തിന്റെ ഒരുക്കങ്ങളുംകൂടി താങ്ങാനാവാതെ ആഘോഷങ്ങളെ വെറുത്തുപോവുന്ന സ്ത്രീകളുണ്ട്. ഓണപ്പാച്ചിലിനെപ്പറ്റി തുറന്നുപറയുകയാണ് ഇവിടെ കുറച്ചുപേര്‍.
ഡോ. ഷീജ വക്കം (എഴുത്തുകാരി)
കുറച്ചുമുമ്പ് ഏതോ ഒരു ചാനലില്‍ കണ്ടതാണ്, ഓണസദ്യക്കായി ഹോട്ടലിനു പുറത്ത് വരിനില്‍ക്കുന്നയാളുകളെ പരിഹസിച്ചുകൊണ്ടുള്ള ഒരു വീഡിയോ. 'ഓണത്തിനുപോലും വീട്ടില്‍ ഭക്ഷണമുണ്ടാക്കാത്ത മലയാളിയെക്കാണൂ' എന്നൊക്കെയായിരുന്നു അതില്‍ പറഞ്ഞത്. ശരിക്കും അവരവിടെ പരിഹസിച്ചിരിക്കുന്നത് 'ഓണത്തിനുപോലും വീട്ടില്‍ ഭക്ഷണമുണ്ടാക്കാത്ത കൊച്ചമ്മമാരെ'യാണ്. ഓണത്തിന് വീട്ടില്‍ ഭക്ഷണമുണ്ടാക്കാം, ഒരു കുഴപ്പവുമില്ല, പക്ഷേ, സദ്യ വീട്ടില്‍ എല്ലാവരുടെയും കൂട്ടുത്തരവാദിത്തമാകണം. എല്ലാരുംകൂടെ ചേര്‍ന്നാണ് ഗൃഹാതുരതകളെ ആഘോഷമാക്കേണ്ടത്. ഒരാളെ മാത്രം എല്ലാത്തിനുമായി ഉന്തിത്തള്ളി വിടരുത്. ഉത്തരവാദിത്തം ആ ഒരു വ്യക്തിയുടേതുമാത്രം ആവുകയുമരുത്. ഒരു വ്യക്തിയുടെ മാത്രം ഉത്തരവാദിത്തമായി അടുക്കള മാറുന്നിടത്താണ് ശരിക്കും ഉത്സവങ്ങള്‍ ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം ദുരിതപര്‍വമാകുന്നത്.
പ്രിവിലെജ്ഡ് ആയിട്ടുള്ള ആളുകളുടേത് മാത്രമാണ് ആഘോഷങ്ങളെല്ലാം എന്ന് തോന്നാറുണ്ട്. കുട്ടികള്‍ക്ക് പ്രിവിലെജ് ഉണ്ട്, കാരണം അവര്‍ ചെറുതാണ്. കുട്ടികളായിരിക്കുമ്പോള്‍ ഓണമാഘോഷിക്കാം, പുരുഷനും ആഘോഷിക്കാം. എത്ര മാറിയെന്നു പറഞ്ഞാലും ഊണുകഴിക്കാന്‍ നേരത്ത് കൈകഴുകി വന്നിരുന്നാല്‍മതി എന്ന രീതിയിലുള്ള പുരുഷന്മാര്‍ ഇപ്പോഴുമുണ്ട്. തേങ്ങ ചിരകിക്കൊടുക്കും, പായസത്തിന് ഇളക്കിക്കൊടുക്കും എന്നതിനൊക്കെ അപ്പുറത്തേക്ക് സഹകരണമുള്ള പുരുഷന്മാര്‍ വളരെ ചുരുക്കമേയുള്ളൂ. അതാണ് നമ്മുടെ സിസ്റ്റം.
പണ്ടുമുതലേ ചാനലുകള്‍ തിരുവോണദിനത്തില്‍ ഒട്ടേറെ പ്രത്യേക പരിപാടികള്‍ വെക്കാറുണ്ട്. ഉച്ചവരെയുള്ള സമയങ്ങളിലാണല്ലോ ഇതെല്ലാം പ്രക്ഷേപണം ചെയ്യുന്നത്. ആരാണ് ഇതിന്റെയെല്ലാം പ്രേക്ഷകന്‍? എപ്പോഴാണ് ഒരു സ്ത്രീക്ക് വന്നിരുന്ന് അതൊന്ന് കാണാന്‍ സാധിക്കുക. അത് കാണുന്നത് പുരുഷനും കുഞ്ഞുങ്ങളുമാണ്. മറ്റേയാള്‍ ആ സമയത്ത് അടുക്കളയില്‍ പണിയെടുക്കുകയാണ്. ആ ഒരു വിഭാഗത്തെക്കൂടി കണക്കിലെടുത്ത്, കൂട്ടുത്തരവാദിത്തത്തില്‍ വേണം എല്ലാ ആഘോഷങ്ങളും കൊണ്ടാടപ്പെടാന്‍. അപ്പോഴേ അതൊരു ഉത്സവമാകുന്നുള്ളൂ. അടുക്കളപ്പണി മോശമാണെന്നല്ല, പക്ഷേ അത് ഒരാളുടെ മാത്രം ഉത്തരവാദിത്തമല്ലെന്നാണ് എനിക്ക് പറയാനുള്ളത്. ഉത്തരവാദിത്വം എന്നത് പങ്കുവെക്കലിലേക്ക് മാറുമ്പോള്‍ ഇതിലെല്ലാം മാറ്റംവരും'
'അവളുണ്ടാക്കുന്ന സദ്യ കഴിക്കുന്നവരാണ് ഏറെയും'-ആര്‍. തുഷാര (എഴുത്തുകാരി)
'ഓണം എന്നല്ല, എല്ലാ ആഘോഷങ്ങളും സ്ത്രീകള്‍ക്ക് അമിതഭാരമാണ്. അവിടെ ആസ്വദിക്കലല്ല, ഭാരം ചുമക്കലാണ് പ്രധാനം. അനേകം അദൃശ്യമായ ഭാരങ്ങള്‍ ചുമന്നുകൊണ്ടാവും ഓരോ സ്ത്രീയും ആഘോഷങ്ങളുടെ ഭാഗമാകുന്നത്. സോഷ്യല്‍ മീഡിയയില്‍ ഓണസദ്യ കഴിക്കുന്ന പുരുഷന്‍മരുടെ ഫോട്ടോ കാണാം. അതിലൊന്നുപോലും അവരുണ്ടാക്കിയതാവില്ല. അവളുണ്ടാക്കുന്ന സദ്യ കഴിക്കുന്നവരാണ് ഏറെയും. അടുക്കള എന്നും സ്ത്രീയുടെതാണ്. പാത്രങ്ങളുടെ, വീട്ടുപകരണങ്ങളുടെ ഒക്കെ ഓഫര്‍ സ്ത്രീകളെ ലക്ഷ്യമിട്ടുള്ളതാണ്. ഇങ്ങനെ ഓണമാകുമ്പോള്‍ വിപണി ചില സൗജന്യങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കാറുണ്ട്. ജോലിയുള്ള സ്ത്രീകൾക്കിടയിൽ പോലും ഈ അവസ്ഥകള്‍ക്ക് വലിയ മാറ്റമില്ല. ചില പ്രത്യേക പ്രിവിലെജ് ഉള്ള അപൂര്‍വം ചില സ്ത്രീകള്‍ക്ക് ചിലപ്പോള്‍ അവരുടെ ജീവിതവും ആഘോഷങ്ങളും ഒക്കെ ഡിസൈന്‍ ചെയ്യാന്‍ പറ്റുമായിരിക്കും.
ആഘോഷങ്ങളില്‍ മാത്രമല്ല, എല്ലായിടത്തും അങ്ങനെ തന്നെ. വീട്ടിലെയും സ്‌കൂളിലെയും ജോലികളെല്ലാം കഴിഞ്ഞ് ശേഷിക്കുന്ന സമയമാണ് ഞാന്‍ പോലും എഴുത്തിനായി സമയം കണ്ടെത്തുന്നത്. അതേ സാധിക്കുകയുള്ളൂവെന്നാണ് ശീലങ്ങള്‍ പഠിപ്പിക്കുന്നത്. അത്ര ലളിതമായി പറയാവുന്നവയല്ല ഒരു ജീവിതവും എന്നിരിക്കെ സ്ത്രീയുടെ ജീവിതം ഒട്ടുമേയല്ല.'
'മോഹമുണ്ട്. പക്ഷേ വീട്ടിലാര് പണികള്‍ ചെയ്യും'-ഉമാ സുരേന്ദ്രനാഥ് (വയനാട്)
'ഓണം ഏറ്റവും സന്തോഷം തരുന്ന ആഘോഷമാണ്. അത്തം മുതല്‍ തിരുവോണം വരെ പത്തു ദിവസം നീണ്ടുനില്‍ക്കുകയല്ലേ. ഈ സന്തോവും ആഘോഷവും ഇപ്പോള്‍ ഓര്‍മ്മകളിലാണ് കൂടുതലും. കാരണം ഓണത്തെ അതിന്റെ എല്ലാത്തരം ആവേശത്തോടെയും അനുഭവിച്ചിരുന്നത് കുട്ടിക്കാലത്തായിരുന്നു. പിറ്റേന്നത്തെ പൂവിടാനുള്ള പൂവു തേടി എല്ലാ വീട്ടിലേയും കുട്ടികള്‍ കൂട്ടം ചേര്‍ന്ന് പൂക്കൂടയുമൊക്കെയെടുത്ത് ഒരു പോക്കാണ്. ദൂരമൊന്നും നോക്കില്ല. സന്ധ്യയാകുമ്പോഴാണ് മടങ്ങിവരിക. ഇക്കാലത്തേതുപോലെ അമ്മമാര്‍ക്ക് കുട്ടികളെ പുറത്തുവിടാന്‍ അന്ന് പേടിയുണ്ടായിരുന്നില്ല. ഞങ്ങള്‍ കഥ പറഞ്ഞ് പൂ തിരഞ്ഞ് അങ്ങനെ പോകും. മുള കൊണ്ടുണ്ടാക്കുന്ന ചെറിയ പൂക്കൂട എല്ലാ വീട്ടിലുംതന്നെ ഉണ്ടാകുമായിരുന്നു. ഇല്ലാത്തവര്‍ പിടിയുള്ള പാത്രമോ കൊട്ടയോ എടുത്തു വരും. പൂവു കാണുന്ന നിമിഷം ഒരോട്ടമാണ്. ആദ്യം പറിക്കാന്‍. കൂട്ടത്തിലെ മുതിര്‍ന്നവര്‍ ചെറിയകുട്ടികളെ സഹായിക്കും. ഇരുട്ടു വീണു തുടങ്ങുന്നതുവരെയാണ് ഈ നടത്തം. അതോടെ തിരികെ വീട്ടിലേക്ക്. തറ മെഴുകിയാണ് പൂവിട്ടിരുന്നത്. പൂവിടുന്നതിനുമുമ്പ് കുളിക്കണമായിരുന്നു. അതൊക്കെ രസമായിരുന്നു. ഏറ്റവും കൂടുതല്‍ പൂക്കള്‍ ഉപയോഗിക്കുന്നതിലും മത്സരമുണ്ടായിരുന്നു. മത്തന്റെ പൂവുപോലും പൂക്കളത്തില്‍ സ്ഥാനം പിടിക്കും. സ്‌കൂള്‍ വരെ നടന്നുപോകുന്നതിനിടയില്‍ എല്ലാ വീട്ടിലും കേറി പൂക്കളം നോക്കും. പൂക്കള്‍ അതുപോലെതന്നെയോ ഇതളുകളായോ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. അരിയാറുണ്ടായിരുന്നില്ല.
ഉത്രാടത്തിനു രാത്രി വീട്ടിലെ എല്ലാവരും അടുക്കളയോടു ചേര്‍ന്നിരുന്ന് തിരുവോണ സദ്യക്കുള്ള പച്ചക്കറികള്‍ അരിയും. അമ്മയും അമ്മായിയും അമ്മൂമ്മയും അങ്ങനെ വീട്ടിലുള്ള മുതിര്‍ന്നവര്‍ അച്ചാര്‍, കാളന്‍, പുളിയിഞ്ചി, രസം, പച്ചടി, മധുരപ്പച്ചടി ഒക്കെ തയ്യാറാക്കി മാറ്റിവെക്കും. തിരുവോണത്തിന് പുലര്‍ച്ചേ അമ്പലത്തില്‍ പോക്ക്. അതിനുംമുമ്പ് പൂവിടും. നേരത്തേ തന്നെ അടുക്കളയില്‍ തിരക്കു തുടങ്ങും. നിലത്തിരുന്നായിരുന്നു ഓണസദ്യ. വരിവരിയായി അങ്ങനെ വിളമ്പിക്കൊടുത്തു പോകാന്‍ തന്നെ ഒരു രസമായിരുന്നു. പപ്പടം ഒരിക്കലും തികയാത്ത ഒരു വിഭവമായിരുന്നു. പൊട്ടാത്ത പപ്പടത്തിന് ആരെങ്കിലും തല്ലുണ്ടാണ്ടാക്കാത്ത ഒരാഘോഷവുമുണ്ടായിരുന്നില്ല. ഓണക്കളികള്‍ വലിയ രസമായിരുന്നു. വൈകീട്ടായിരുന്നു വിസ്തരിച്ചുള്ള പായസം കുടി. ഇപ്പോ ഓരോ വീട്ടിലും ആളു കുറഞ്ഞു. പൂ പറിക്കാന്‍ ഒഴിഞ്ഞ പറമ്പില്ല, കുട്ടികളില്ല, കുട്ടികള്‍ക്ക് പൂ പറിക്കാന്‍ പോകാനൊന്നും സമയവുമില്ല. പൂവിടാന്‍ മോഹവുമില്ല. പൂ വാങ്ങലല്ലേ. നമ്മള്‍ പണ്ടു കണ്ടിട്ടില്ലാത്ത കുറേ പൂക്കള്‍ അന്യനാട്ടില്‍നിന്നെത്തുന്നു. നമ്മളത് വലിയ വില കൊടുത്തു വാങ്ങി പൂവിടുന്നു. നമ്മുടെ കൊങ്ങിണിപ്പൂവും ചെമ്പരത്തിയുമൊക്കെ ആരും പറിക്കാനില്ലാതെ വെറുതെ തൊടിയില്‍നില്‍ക്കും.
അകത്തോ, അടുക്കള ജോലി അമ്മയുടെ ജോലിയായി. ആരെങ്കിലും കൂടിയാല്‍ അത്രയുമായി. നോണ്‍ വെജിറ്റേറിയന്‍ ഐറ്റം എന്തെങ്കിലുമില്ലെങ്കില്‍ ആര്‍ക്കും പിടിക്കില്ല. ആ തിരക്കിനിടയില്‍ രാവിലെ അമ്പലത്തിലൊന്നു പോയിവരാനൊന്നും സമയം കിട്ടില്ല. മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെ അമ്പലത്തില്‍ പോയി പ്രസാദം കൊണ്ടുത്തരും. അതു തൊടാനായി അവര്‍ വരുമ്പോഴേക്കും പുതിയ സാരിയുടുത്താണ് പിന്നെ അടുക്കളയില്‍ നില്‍ക്കുക. നമ്മുടെ കോടിയുടുക്കല്‍ വീട്ടിലൊതുങ്ങും. പുറത്തുപോകണമെന്നും അമ്പലത്തില്‍ രാവിലെ തൊഴണമെന്നുമൊക്കെ മോഹമുണ്ട്. പക്ഷേ വീട്ടിലാര് പണികള്‍ ചെയ്യും?'
Content Highlights: why festive seasons are a burden for woman
Published: 15 Sept 2024, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented