മോഡലിങ്ങിൽനിന്ന് സിനിമയിലേക്ക് വന്ന താരമാണ് നേഹ ധൂപിയ. 2002-ൽ ഫെമിന മിസ് ഇന്ത്യ ആയശേഷം, മിസ് യൂണിവേഴ്‌സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്തു. ക്യാ കൂൽ ഹെ ഹം, ഷൗട്ടൗട്ട് അറ്റ് ലോഖണ്ഡ്‌വാല, ചുപ് ചുപ് കെ, സിങ് ഈസ് കിങ്...തുടങ്ങി ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു. 2024-ൽ പുറത്തിറങ്ങിയ 'ബാഡ് ന്യൂസ്' ആണ് അവരുടേതായി അവസാനമിറങ്ങിയ സിനിമ.

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ ബിഷൻ സിങ് ബേദിയുടെ മകനും നടനുമായ അങ്കദ് ബേദിയെ 2018 മെയിലാണ് നേഹ വിവാഹം കഴിച്ചത്. നവംബറിൽ തങ്ങളുടെ ആദ്യകുഞ്ഞിന് ജൻമം നൽകുകയും ചെയ്തു. 2021-ൽ അവരുടെ രണ്ടാമത്തെ കുഞ്ഞുണ്ടായി.

ഇപ്പോൾ തന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ചില തുറന്നുപറച്ചിലുകൾ നടത്തിയിരിക്കുകയാണ് നേഹ ധൂപിയ. വിവാഹത്തിനുമുമ്പ് ഗർഭിണിയായതിന്റെ പേരിൽ താൻ വല്ലാതെ ട്രോൾ ചെയ്യപ്പെട്ടിരുന്നുവെന്ന് നേഹ പറയുന്നു. അതിനുശേഷം ആളുകൾ വല്ലാതെ വെറുപ്പ് പ്രകടിപ്പിച്ചു. ''അങ്കദുമായുള്ള വിവാഹം കഴിഞ്ഞ് ആറുമാസത്തിനുശേഷമാണ് മോളുണ്ടായത്. അപ്പോഴേ ആളുകൾ ചർച്ചതുടങ്ങി, 'എങ്ങനെയാണ് ആറുമാസം കൊണ്ട് കുഞ്ഞുണ്ടായത്? ഇതെങ്ങനെ സംഭവിച്ചു?' ഇന്നും അതിനെക്കുറിച്ച് ആളുകൾ ചർച്ച ചെയ്യുന്നു''.

ആലിയ ഭട്ടും നീന ഗുപ്തയും ഇതേ പേരിൽ ട്രോൾ ചെയ്യപ്പെട്ടതിനെക്കുറിച്ചും നേഹ ഓർക്കുന്നു. ''ഇപ്പോഴും ഞങ്ങളെ ആളുകൾ കളിയാക്കാറുണ്ട്. ഇടയ്ക്ക് ഞാൻ ചിന്തിക്കും, എന്തായാലും ആലിയയും നീന ഗുപ്തയുമുള്ള ലിസ്റ്റിൽ തന്നെയാണല്ലോ എന്റെ പേരും വരുന്നതെന്ന്. പക്ഷേ, ഇത് തികച്ചും പരിഹാസ്യമാണ്. ഗർഭം ധരിക്കുന്നതും കുഞ്ഞിനെ പ്രസവിക്കുന്നതുമെല്ലാം എത്ര മനോഹരമാണ്''.

ഈ വിമർശനങ്ങളാണ് തന്നെ മുന്നോട്ട് നയിച്ചതെന്നും നേഹ തുറന്നുപറയുന്നു. ''ഫ്രീഡം ടു ഫീഡ് എന്ന പേരിൽ മാതൃത്വസംബന്ധമായ വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്ന പ്ലാറ്റ്‌ഫോം തുടങ്ങാൻ എന്നെ പ്രേരിപ്പിച്ചത് അതാണ്. സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചർച്ചകൾ നമ്മൾ മോശമായി കാണരുത്''.

വിവാഹത്തിനുമുമ്പ് ഗർഭിണിയായതിനെക്കുറിച്ച് താൻ വീട്ടുകാരോട് വെളിപ്പെടുത്തിയതിനെക്കുറിച്ച് നേഹ പറഞ്ഞതിങ്ങനെ, ''ഞാൻ നേരെ പോയി എന്റെ മാതാപിതാക്കളോട് പറഞ്ഞു. അവർ, 'ഓകെ, നല്ലത്' എന്നുമാത്രം പറഞ്ഞു. എന്നിട്ട് പറഞ്ഞു, 'നിനക്ക് 72 മണിക്കൂർ സമയമുണ്ട്. അതിനുള്ളിൽ വിവാഹം നടത്തണം' എന്ന്. നേരെ മുംബൈയിലേക്ക് പോയി, വിവാഹം നടത്തുകയും ചെയ്തു''.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi