അഞ്ച് പതിറ്റാണ്ടുനീണ്ട കരിയറിൽ, സംവിധായകൻ മഹേഷ് ഭട്ട് വിമർശനങ്ങളെയും പ്രശംസകളെയും ഒരുപോലെ അഭിമുഖീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകൾ മാസ്റ്റർപീസുകളായി വാഴ്ത്തപ്പെട്ടപ്പോൾ, ചിലത് ക്രൂരമായി വിമർശിക്കപ്പെടുകയും ചെയ്തു. സിനിമയ്ക്ക് പുറത്ത്, ഭട്ടിന്റെ പല അഭിമുഖങ്ങളും വാക്കുകളും വിവിധകാരണങ്ങളാൽ വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. തന്റെ മക്കൾക്കുനേരെ,
പ്രത്യേകിച്ച് ആലിയ ഭട്ടിനു നേരെയുള്ള വലിയ സൈബർ ആക്രമണങ്ങൾക്ക് മഹേഷ് ഭട്ട് 
സാക്ഷിയായിട്ടുമുണ്ട്. അജ്ഞാതരായ സോഷ്യൽ മീഡിയ ഹേറ്റേഴ്സിനെയാണ് (Social media haters) ആലിയക്ക് പലപ്പോഴും നേരിടേണ്ടിവരാറുള്ളത്. എന്നാൽ ഈ പ്രതികൂല സാഹചര്യങ്ങളെ അവർ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിൽ താൻ ഇടപെടില്ലെന്ന് പറയുകയാണ് അദ്ദേഹമിപ്പോൾ.  

To advertise here,

ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ, തന്റെ ചില കാഴ്ചപ്പാടുകളും പ്രശസ്തിയുടെ വിലയെപ്പറ്റിയും മഹേഷ് ഭട്ട് തുറന്നുപറഞ്ഞു.

മക്കളെപ്പറ്റിയുള്ള വിഷയം വരുമ്പോൾ ഇടപെടാറില്ല, പ്രത്യേകിച്ച് ഓൺ‌ലൈനിൽ 'പ്രശംസയെക്കാൾ കൂടുതൽ വെറുപ്പ്' നേരിടുന്ന ആലിയയ്ക്ക് ഒരു പിതാവെന്ന നിലയിൽ ഉപദേശം നൽകാൻ താൻ നിർബന്ധിതനാകാറില്ലെന്ന് മഹേഷ് ഭട്ട് വ്യക്തമാക്കുന്നു. "ഞാൻ എന്റെ കുട്ടികൾക്ക് ഉപദേശം നൽകാറില്ല. അവർ എന്നേക്കാൾ മിടുക്കരാണ്. ഇന്നത്തെ കാലത്തെക്കുറിച്ച് അവർക്ക് അറിയാം. അവർ സ്വയം പഠിക്കും. ഭൂമി അവരെ പഠിപ്പിക്കും. അതാണ് ഏക ഗുരു. ജീവിതം മാത്രമാണ് ഗുരു, പൂർണ്ണമായും."

പൊതുജനമധ്യത്തിൽ വിമർശനങ്ങൾ നേരിടുമ്പോൾ പോലും തന്റെ കുട്ടികളെ അമിതമായി കെയർ ചെയ്യണമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. "അമിതമായ സംരക്ഷണം അവരെ ദുർബലരാക്കുമെന്ന് ഞാൻ കരുതുന്നു. ഇല്ല, അവർ വെളിച്ചം അനുഭവിക്കട്ടെ, അതുപോലെ പൊള്ളലുമേൽക്കട്ടെ"-അദ്ദേഹം പറഞ്ഞു.

'പ്രശസ്തിക്ക് വില നൽകേണ്ടതുണ്ട്'
നടന്മാർ നേരിടുന്ന വിമർശനങ്ങളെയും വെറുപ്പിനെയും തൊഴിൽപരമായ അപകടമെന്നാണ് അദ്ദേഹം വിളിക്കുന്നത്. "പ്രശസ്തിക്ക് ഒരു വിലയുണ്ട്. വെയിലത്ത് നിന്നാൽ, നിങ്ങൾക്ക് പൊള്ളലേൽക്കും. ഏറ്റവും വലിയ ഗുരു ജീവിതമാണ്. അതിനാൽ, എന്റെ ജീവിതാനുഭവങ്ങൾ എന്റെ കുട്ടികളോട് പറഞ്ഞ് അതവരുടെ ജീവിതത്തിൽ അതേപടി പ്രാവർത്തികമാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. അത് ശരിയല്ല. അവരുടെ ജീവിതം വ്യത്യസ്തമാണ്, കാലഘട്ടങ്ങൾ വ്യത്യസ്തമാണ്, അവരുടെ യാത്രകൾ വ്യത്യസ്തമാണ്."-അദ്ദേഹം പറയുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi