ആശുപത്രിയിലെ മോര്‍ച്ചറി കാവല്‍ക്കാരന്‍ മൃതദേഹങ്ങളില്‍ ലൈംഗികാതിക്രമം നടത്തുന്നു എന്ന് തിരിച്ചറിയുന്ന പെണ്‍കുട്ടി. അവള്‍ തന്റെ അച്ഛന് കത്തെഴുതുന്നു, താന്‍ മരിച്ചാല്‍ മൃതദേഹം കത്തിച്ചുകളയണമെന്ന്. 2015-ല്‍ പുറത്തിറങ്ങിയ ബേണ്‍ മൈ ബോഡി എന്ന മലയാളം ഷോര്‍ട്ട്ഫിലിമിന്റെ കഥ ഇങ്ങനെയാണ്.

മൃതദേഹത്തോടുള്ള ലൈംഗികാഭിനിവേശമാണ് നെക്രോഫീലിയ. ജീവനറ്റതിനോട് പോലും കാമാസക്തി കാട്ടുന്ന മനുഷ്യര്‍ അറപ്പുളവാക്കുന്ന യാഥാര്‍ഥ്യമാണ്. സഞ്ജയ് ലീലാ ബന്‍സാലിയുടെ 'ഗംഗുഭായി' കാമാത്തിപുരയിലെ സ്ത്രീകളുടെ ജീവിതമാണ് വിഷയമാക്കിയത്. കൂട്ടുകാരിയായ കമലിയുടെ മരണശേഷം നായിക പറയുന്നു; ''അവളുടെ കാലുകള്‍ വരിഞ്ഞു മുറുക്കിക്കെട്ടണം. ആരുടെ സ്വഭാവം എപ്പോഴാണ് മാറുക എന്ന് പറയാന്‍ പറ്റില്ല.''

placeholder
കടപ്പാട്- Wikipedia

ചരിത്രാതീത കാലം മുതല്‍ക്കേ ഈ മനോവൈകൃതം കാണിക്കുന്ന മനുഷ്യരുണ്ട്. ഈജിപ്ഷ്യന്‍ മമ്മികള്‍ പുറത്തെടുത്ത കാലം മുതല്‍ക്ക് പഠനങ്ങള്‍ നടക്കുകയാണ്. പുരുഷ മമ്മികള്‍ക്ക് വലിയ കേടുപാടുകളില്ല. എന്നാല്‍, സ്ത്രീ ശരീരങ്ങള്‍ കൂടുതല്‍ ജീര്‍ണിച്ചതായാണ് കണ്ടെടുക്കപ്പെട്ടത്. പിന്നീട് നടന്ന പഠനങ്ങളില്‍ സ്ത്രീ ശരീരങ്ങള്‍ അഴുകിത്തുടങ്ങിയ ശേഷമാണ് മമ്മിഫിക്കേഷന്‍ ആരംഭിച്ചതെന്നും പുരുഷന്‍ മരണപ്പെട്ടാല്‍ ഉടന്‍ മമ്മിയാക്കുമെന്നും കണ്ടെത്തി. സ്ത്രീകള്‍ മരിച്ചാല്‍ 2-3 ദിവസം മൃതദേഹം വീട്ടില്‍ സൂക്ഷിക്കുമത്രേ. അതിനുശേഷം മാത്രമാണ് മമ്മിയാക്കുക. സ്ത്രീയുടെ മൃതദേഹം അതിക്രമത്തിന് വിധേയമാകാതിരിക്കാനുള്ള മുന്‍കരുതലായിരുന്നു ഇത്.  

placeholder
കടപ്പാട്- AP

തന്റെ അഭിനയസിദ്ധികൊണ്ടും സൗന്ദര്യംകൊണ്ടും സിനിമയില്‍ അരങ്ങേറ്റം കുറിച്ച് അധികം വൈകാതെ നടി മര്‍ലിന്‍ മണ്‍റോ എല്ലാവര്‍ക്കും പ്രിയപ്പെട്ടവളായി. പരന്ന വായനയും ആഴത്തിലുള്ള അറിവും അവര്‍ക്കുണ്ടായിരുന്നു. പക്ഷേ, വലിയ വിഭാഗം പ്രേക്ഷകര്‍ക്കും അവര്‍ ചുവന്ന ലിപ്സ്റ്റിക്കും വടിവൊത്ത മേനിയും മാത്രമായിരുന്നു. വൈകാതെ, പൊതുസമൂഹം അവരെ വെറും ലൈംഗികബിംബമാക്കി. 

മരുന്നിന്റെ അമിതോപയോഗം മൂലം 36-ാം വയസ്സിലായിരുന്നു മര്‍ലിന്റെ മരണം. കട്ടിലില്‍ മരുന്ന് കുപ്പികള്‍ക്കടുത്ത് ഒരു കയ്യില്‍ ടെലിഫോണ്‍ പിടിച്ച നിലയിലായിരുന്നു മര്‍ലിന്റെ നഗ്‌ന മൃതദേഹം. വിവരമറിഞ്ഞെത്തിയവര്‍ ആ നഗ്നദേഹത്തിന്റെ നിരവധി ഫോട്ടോകളെടുത്തു. അതെല്ലാം പിന്നീട് പ്രചരിപ്പിക്കുകയും ചെയ്തു. ഹോളിവുഡ് മ്യൂസിയത്തില്‍ ഏറെക്കാലം ഈ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചിരുന്നു.

അബോട്ട് ആന്‍ഡ് ഹാസ്റ്റ് എന്ന മൃതദേഹ ശുശ്രൂഷകരുടെ കൈകളിലേക്കാണ് മര്‍ലിന്റെ മൃതദേഹമെത്തിയത്. അങ്ങേയറ്റം സ്വകാര്യത മാനിച്ചു ചെയ്യേണ്ടുന്ന തൊഴില്‍. പക്ഷേ, അബോട്ട് മര്‍ലിന്റെ മൃതദേഹത്തെപ്പറ്റി വാതോരാതെ സംസാരിച്ചു. അവരുടെ ശരീരത്തെ പ്രായം ബാധിച്ചു തുടങ്ങിയിരുന്നത്രെ. പ്രത്യേകിച്ചും അവരുടെ സ്തനങ്ങളെ. അവര്‍ക്ക് പെഡിക്യൂറും മാനിക്യൂറും ചെയ്യാത്തതിന്റെ അഭംഗി ഉണ്ടായിരുന്നെന്നും അവരുടെ കാലുകള്‍ ഷേവ് ചെയ്തിട്ട് ദിവസങ്ങളായിരുന്നു എന്നും അബോട്ട് കൂട്ടിച്ചേര്‍ത്തു. മര്‍ലിന്റെ മരണശേഷം നടന്നതെന്തെന്ന് പാര്‍ഡന്‍ മൈ ഹേഴ്‌സ്: എ കളര്‍ഫുള്‍ പോര്‍ട്രയിറ്റ് ഓഫ് വേര്‍ ഫ്യൂനെറല്‍ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് ഇന്‍ഡസ്ട്രീസ് മെറ്റ് ഇന്‍ ഹോളിവുഡ് എന്ന തന്റെ പുസ്തകത്തില്‍ അബോട്ട് വിശദമാക്കുന്നുണ്ട്.    

placeholder
കടപ്പാട്- GettyImages

മര്‍ലിന്റെ മേക്കപ്പ് ആര്‍ട്ടിസ്‌റ് വിറ്റ്‌നി സ്നൈഡര്‍ തന്നെയാണ് അവരുടെ മൃതദേഹത്തേയും ഒരുക്കിയത്. കൃത്രിമ മുടിയും കണ്‍പീലിയും അണിയിച്ച മൃതദേഹത്തില്‍ സ്തനങ്ങളുടെ വലിപ്പം കൂട്ടാനായി കോട്ടണ്‍ പാഡുകളും വെച്ചിരുന്നു. ആ പാഡുകള്‍, പോസ്റ്റ്‌മോര്‍ട്ടത്തിനായി നീക്കം ചെയ്ത മര്‍ലിന്റെ മുടിയിഴകളോടൊപ്പം അബോട്ട് പിന്നീട് ലേലം ചെയ്തെന്ന് ആരോപണങ്ങളുണ്ട്.

അനവധി കെട്ടുകഥകളും മര്‍ലിന്‍ മണ്‍റോയുടെ മരണത്തെപ്പറ്റി പ്രചരിച്ചു. അതിലൊന്നാണ് മണിക്കൂറുകളോളം അവരുടെ മൃതദേഹം കാണാതെപോയി എന്നുള്ളത്. അവരുടെ മൃതദേഹം ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയമായി എന്ന് പരക്കെ പറയപ്പെട്ടിരുന്നു. അതിനൊന്നും വേണ്ടത്ര തെളിവുകള്‍ നിരത്താന്‍ കഥ മെനഞ്ഞവര്‍ക്ക് സാധിച്ചില്ല. പക്ഷേ, മരിച്ചിട്ടും അവരുടെ ശരീരവടിവ് ചര്‍ച്ചാവിഷയമായി എന്ന ക്രൂരയാഥാര്‍ഥ്യം നിലനില്‍ക്കുന്നു.