മോഡലും ടെലിവിഷന്‍ താരവുമായ പൂനം പാണ്ഡെ മരിച്ചെന്ന വാർത്തകൾക്കു പിന്നാലെ ജീവനോടെ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് താരം. താൻ മരിച്ചിട്ടില്ലെന്നും സെർവിക്കൽ ക്യാൻസറിനെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു നാടകമൊരുക്കിയതെന്നും വീഡിയോയിൽ പൂനം പറയുന്നു. 'ഈ രോഗത്തെപ്പറ്റിയും എങ്ങനെ അതിനെ നേരിടണമെന്നതും അറിയാത്ത ആയിരക്കണക്കിന് സ്ത്രീകളുണ്ട്. മറ്റു ക്യാൻസറുകൾ പോലെയല്ല, സെർവിക്കൽ ക്യാൻസർ പൂർണമായും തടയാൻ പറ്റും' -വീഡിയോയിൽ പൂനം പറയുന്നു. ദേശീയമാധ്യമങ്ങൾപോലും പൂനത്തിന്റെ മരണവാർത്ത നേരത്തേ ശരിവെച്ചിരുന്നു. 

'എല്ലാവര്‍ക്കും നമസ്‌കാരം, ഞാന്‍ ഉണ്ടാക്കി ബഹളത്തിന് മാപ്പ്. ഞാന്‍ വേദനിപ്പിച്ച എല്ലാവര്‍ക്കും മാപ്പ്. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ചുള്ള ചര്‍ച്ചകൾ സൃഷ്ടിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം. എന്റെ മരണത്തെക്കുറിച്ച് വ്യാജവാര്‍ത്ത ഉണ്ടാക്കിയതായിരുന്നു. അതുകൊണ്ട് ഈ രോഗത്തെക്കുറിച്ച് വലിയ ചർച്ച നടന്നു'-പൂനം വീഡിയോയിൽ പറയുന്നു. 

ഫെബ്രുവരി രണ്ടിനാണ് പൂനത്തിന്റെ മരണവാര്‍ത്തയെത്തുന്നത്. പൂനം സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചുവെന്ന് അവരുടെ പേഴ്‌സണല്‍ ടീം ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിക്കുകയായിരുന്നു. മരണവാര്‍ത്ത പൂനത്തിന്റെ സഹോദരിയാണ് സ്ഥിരീകരിച്ചതെന്നും അവരുടെ ടീം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. എന്നാല്‍ രണ്ടുമൂന്നു ദിവസങ്ങള്‍ മുമ്പുവരെ ഫോട്ടോഷൂട്ടുകളും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുകളുമായി സജീവമായിരുന്ന താരത്തിന്റെ പെട്ടെന്നുള്ള വിയോഗം എല്ലാവരെയും ഞെട്ടിച്ചു. സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിതയായിരുന്നു പൂനമെന്നും മരണകാരണം അതാണെന്നുമായിരുന്നു കുടുംബം അറിയിച്ചത്.  

മരണം സ്ഥിരീകരിച്ച് ആശുപത്രിയോ ഡോക്ടര്‍മാരോ പ്രസ്താവനയിറക്കാത്തതും കുടുംബാംഗങ്ങളുമായി മാധ്യമങ്ങള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിക്കാത്തതും ദുരൂഹമാണെന്ന് ആരോപണമുയർന്നിരുന്നു. പൂനത്തിന്റെ ബോഡിഗാര്‍ഡ് ആമിന്‍ ഖാന്റെ പ്രതികരണവും സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായി. ജനുവരി 29-നാണ് പൂനത്തിനെ അവസാനമായി കണ്ടതെന്നും രോഗത്തെക്കുറിച്ച് ഇതുവരെ തന്നോടോ സ്റ്റാഫുകളില്‍ മറ്റാരോടെങ്കിലുമോ പൂനം വെളിപ്പെടുത്തിയിരുന്നില്ലെന്നും ബോഡിഗാര്‍ഡ് പറയുന്നു.

'രോഹിത് വര്‍മയ്‌ക്കൊപ്പം മുംബൈയില്‍ ഒരു ഫോട്ടോഷൂട്ടുണ്ടായിരുന്നു. അതുകഴിഞ്ഞ് ഞാന്‍ അവരെ വീട്ടിലിറക്കി. ഇന്റര്‍നെറ്റില്‍ മരണവാര്‍ത്ത വന്നശേഷം പൂനത്തിന്റെ കുടുംബം അപ്രത്യക്ഷമായതുപോലെയാണ്. ഞങ്ങള്‍ വീട്ടില്‍ പോയി. പക്ഷേ വാച്ച്മാന്‍ ആരെയും അകത്തുകടക്കാന്‍ സമ്മതിച്ചില്ല. ബോഡിഗാര്‍ഡായി കഴിഞ്ഞ പത്തു വര്‍ഷത്തോളം താന്‍ പൂനത്തിനൊപ്പമുണ്ട്. മരണവാര്‍ത്ത ഞെട്ടിച്ചു. അത് ശരിയാണോ തെറ്റാണോയെന്ന് വിശ്വസിക്കാനായില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് പൂനത്തിന്റെ സഹോദരിയോ മറ്റു കുടുംബാംഗങ്ങളോ മറുപടി നല്‍കുന്നില്ലെ'ന്നും ആമിന്‍ ഖാന്‍ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞു.

മൂന്ന് ദിവസം മുമ്പ് ഗോവയില്‍ നടന്ന ഫാഷന്‍ ഷോയില്‍ പൂനം പങ്കെടുത്തിരുന്നത് കാണിച്ച് സോഷ്യല്‍ മീഡിയയില്‍ മരണവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നു. സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ അമിത് ഖന്നയും പൂനവുമൊന്നിച്ച് ദിവസങ്ങള്‍ക്കു മുമ്പ് ഫോട്ടോഷൂട്ട് നടത്തിയതായി വെളിപ്പെടുത്തി. രോഗത്തോട് സധൈര്യം മല്ലിട്ടു മരിച്ചുവെന്നാണ് പൂനത്തെപ്പറ്റി സഹോദരിയെ ഉദ്ധരിച്ച് പുറത്തുവന്ന പ്രസ്താവന.   

2011 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ജയിച്ചാല്‍ നഗ്നത പ്രദര്‍ശിപ്പിക്കുമെന്ന വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തതോടെയാണ് പൂനം പാണ്ഡെ ചര്‍ച്ചയാവുന്നത്‌. അടുത്ത വര്‍ഷം തന്റെ പ്രിയപ്പെട്ട ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ നേടിയപ്പോള്‍ അവള്‍ ഒരു നഗ്‌നചിത്രം പോസ്റ്റ് ചെയ്തു. പിന്നീടുള്ള വര്‍ഷങ്ങള്‍ വിവാദ പ്രസ്താവനകളിലൂടെ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമുണ്ടാക്കി. 13 ലക്ഷത്തോളം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ അവരെ പിന്തുടരുന്നത്.