താനും ടെന്നീസ് താരം സാനിയ മിര്‍സയും വിവാഹിതരാവാന്‍ പോവുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി. കൃത്രിമചിത്രങ്ങളും ഷമിയും സാനിയയും വിവാഹിതരാകുന്നുവെന്ന വാര്‍ത്തകള്‍ക്കൊപ്പം പ്രചരിക്കുന്നുണ്ട്. ഒട്ടേറെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും ഇതുസംബന്ധിച്ച് പുറത്തുവരുന്നു. ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ കിംവദന്തികളെക്കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോള്‍ ഷമി പൊട്ടിത്തെറിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ നുണകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് ആളുകള്‍ വിട്ടുനില്‍ക്കണമെന്ന് ഷമി ആവശ്യപ്പെട്ടു. 

'എല്ലാവരെയും ഇത് ആനന്ദിപ്പിക്കുമായിരിക്കും, പക്ഷേ, അവ ദോഷകരമാണെന്ന് ഓര്‍ക്കണം. വിചിത്രവും തമാശയ്ക്കുംവേണ്ടി ഉദ്ദേശിച്ചുള്ളതാണ് ഇതെല്ലാം. എന്തു ചെയ്യാന്‍ കഴിയും? ഞാന്‍ ഫോണ്‍ തുറന്നാല്‍ അത്തരം മീമുകള്‍ കാണാം. അവ തമാശയ്ക്ക് വേണ്ടി ചെയ്തതാണെന്ന് ഞാന്‍ കരുതുന്നു, എന്നാല്‍ അവ ആരുടെയെങ്കിലും ജീവിതവുമായി ബന്ധപ്പെട്ടതാണെങ്കില്‍, നിങ്ങള്‍ അതിനെക്കുറിച്ച് ചിന്തിച്ചശേഷം മാത്രമേ അത്തരം കാര്യങ്ങള്‍ പങ്കിടാന്‍ പാടുള്ളൂ. വെരിഫൈ ചെയ്യാത്ത പേജുകളില്‍ നിന്നാണ് ആളുകള്‍ ഇത്തരം കാര്യങ്ങള്‍ പങ്കിടുകയും എന്തും പറഞ്ഞ് രക്ഷപ്പെടുകയും ചെയ്യുന്നത്. പക്ഷെ ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു - ഒരു വെരിഫൈഡ് പേജില്‍ നിന്ന് ഇതെല്ലാം പറയാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍, അപ്പോള്‍ ഞാന്‍ മറുപടി നല്‍കാം. വിജയം നേടാന്‍ ശ്രമിക്കുക, ആളുകളെ സഹായിക്കുക, സ്വയം നവീകരിക്കുക, അപ്പോള്‍ നിങ്ങള്‍ ഒരു നല്ല വ്യക്തിയാണെന്ന് ഞാന്‍ വിശ്വസിക്കും'-ഷമി പറഞ്ഞു. 

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വ്യക്തിജീവിതത്തില്‍ ഒട്ടേറെ പ്രശ്‌നങ്ങളിലൂടെയാണ് മുഹമ്മദ് ഷമിയെ കടന്നുപോവുന്നത്. ഭാര്യ ഹസിന്‍ ജഹാനുമായുള്ള വിവാഹമോചനക്കേസ് വിവാദമായിരുന്നു. ഷമിക്കെതിരേ വ്യഭിചാരവും ഗാര്‍ഹികപീഡനവും ആരോപിച്ച് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഹസിന്‍ ജഹാന്‍. നിയമപോരാട്ടത്തിലൂടെ കടന്നുപോവുകയാണ് ദമ്പതിമാര്‍. അതേസമയം, ഭാര്യയുടെ ഭാഗത്തുനിന്നുണ്ടാകുന്നത് തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നാണ് ഷമിയെപ്പോഴും പറഞ്ഞിട്ടുള്ളത്. 

പാക് ക്രിക്കറ്റ് താരം ശുഹൈബ് മാലിക്കുമായുള്ള വിവാഹബന്ധം സാനിയ മിര്‍സ വേര്‍പെടുത്തിയിരുന്നു. പിന്നീട് പാക് അഭിനേത്രി സനാ ജാവേദിനെ ശുഹൈബ് മാലിക് വിവാഹം ചെയ്തു.