1997-ൽ കാണാതായ പാകിസ്ഥാനിയെ കണ്ടെത്തിയത് കൊഹിസ്ഥാൻ മേഖലയിലെ ഉരുകുന്ന മഞ്ഞുപാളികൾക്കിടയിൽനിന്ന്, അതും ജീവനില്ലാതെ. 1997 ജൂണിലാണ് നസീറുദ്ദിൻ എന്നയാളെ കാണാതായത്. മഞ്ഞുപാളികളിലെ വിടവുകളിൽ എവിടെയോ വീണതാണെന്ന് അന്നേ വാർത്തകളുണ്ടായിരുന്നു. പക്ഷേ മൃതദേഹം പോലും കണ്ടെത്താൻ കഴിഞ്ഞില്ല. ബിബിസിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

ഒരിടയനാണ് മൃതദേഹം ആദ്യമായി കാണുന്നത്. ''ഞാൻ കണ്ടത് അവിശ്വസനീയമായിരുന്നു. മൃതദേഹത്തിന് യാതൊരു കേടുമുണ്ടായിരുന്നില്ല. വസ്ത്രംപോലും കീറിയിരുന്നില്ല'', അയാൾ പറഞ്ഞു. പിന്നാലെ പോലീസിനെ അറിയിച്ചു. പോലീസെത്തി നസീറുദ്ദീനാണെന്ന് സ്ഥിരീകരിച്ചു. അതിനടുത്തുതന്നെ അദ്ദേഹത്തിന്റെ തിരിച്ചറിയൽ കാർഡുമുണ്ടായിരുന്നു.

28 വർഷം മുമ്പാണ് അദ്ദേഹത്തെ കാണാതായത്. ഭാര്യയും രണ്ടുകുട്ടികളുമുള്ള നസീറുദ്ദീൻ കുടുംബകലഹത്തെത്തുടർന്ന് വീടുവിട്ടുപോയതായിരുന്നു. നസീറുദ്ദീനൊപ്പം സഹോദരനുമുണ്ടായിരുന്നു. പിന്നെ തിരിച്ചുവന്നത് സഹോദരൻ മാത്രമാണ്. അന്ന് രാവിലെ കൊഹിസ്ഥാനിലെ താഴ്‌വരയിലെത്തിയെന്നും ഉച്ചകഴിഞ്ഞ് നസീറുദ്ദീൻ ഒരു ഗുഹയിലേക്ക് കയറിയെന്നും സഹോദരൻ പിന്നീട് പറഞ്ഞു. തിരിച്ചെത്താതായതോടെ ഗുഹയിൽ തിരഞ്ഞുചെന്നെങ്കിലും, കണ്ടെത്താൻ കഴിഞ്ഞില്ല. പ്രദേശവാസികളും പോലീസും തിരച്ചിലിനിറങ്ങി. പക്ഷേ അദ്ദേഹത്തെ കണ്ടില്ല.

''വർഷങ്ങളായി അദ്ദേഹത്തെ കണ്ടെത്താൻ കുടുംബം എല്ലാ ശ്രമങ്ങളും നടത്തി. മൃതദേഹം വീണ്ടെടുക്കാൻ കഴിയുമോ എന്നറിയാനായി ഞങ്ങൾ പലരും പലതവണ അവിടെ പോയി. പക്ഷേ, അതൊന്നും ഫലപ്രദമായില്ല. അങ്ങനെയാണ് ആ ശ്രമം ഉപേക്ഷിച്ചത്'', നസീറുദ്ദീന്റെ ബന്ധു പറഞ്ഞു. മൃതദേഹം തൊട്ടടുത്തദിവസം തന്നെ സംസ്‌കരിക്കുകയും ചെയ്തു.

വടക്കൻ പാകിസ്ഥാനിലെ, കൊഹിസ്ഥാൻ മേഖലയിൽ ഒരുകാലത്ത് നല്ല മഞ്ഞുവീഴ്ചയുണ്ടായിരുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോൾ ആഗോളതാപനിലയിലെ വ്യത്യാസം മഞ്ഞുരുകാൻ കാരണമായി. സമീപവർഷങ്ങളിൽ മഞ്ഞ് പെട്ടെന്ന് ഉരുകാൻ തുടങ്ങുകയും ചെയ്തു. അങ്ങനെയാണ് മൃതദേഹം പുറംലോകത്തിനു മുന്നിലെത്തിയത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi