ആർട്ടിക്കിലെയും അന്റാർട്ടിക്കയിലെയും മഞ്ഞുപുതപ്പിനുള്ളിൽ അനേകം ജീവജാലങ്ങളുണ്ട്, കാലാവസ്ഥാമാറ്റത്തിന്റെ ഭീഷണിയിൽ കഴിയുന്നവരായിട്ട്. പുറംലോകവുമായി വലിയ ബന്ധമൊന്നുമില്ലാത്ത അന്റാർട്ടിക്കയിൽ പെൻഗ്വിൻ, സീൽ, തിമിംഗലം, നട്ടെല്ലില്ലാത്ത ചെറുജീവികൾ, മത്സ്യങ്ങൾ തുടങ്ങിയവയാണ് കൂടുതലുമുള്ളത്. ആർട്ടിക്കാവട്ടെ കുറുക്കൻമാർ, കരടികൾ, പഫിൻസ്, മൂങ്ങകൾ, റെയിൻഡീറുകൾ, നർവാൽ തിമിംഗലം, വാൽറസ്, സീൽ തുടങ്ങി അനേകം ജീവികളും. ദേശാടനത്തിനായി എത്തുന്ന ജീവികൾ ഇതിനെല്ലാം പുറമേയുണ്ട്. വടക്കേ അമേരിക്കയും യൂറോപ്പും ഏഷ്യയുമായി ബന്ധമുള്ളതിനാൽ അന്റാർട്ടിക്കയേക്കാൾ അധികം ജൈവവൈവിധ്യം ആർട്ടിക്കിലുണ്ട്. നിലനിൽപിന് മഞ്ഞും മഞ്ഞിലെ പോഷകങ്ങളും വേണ്ടതിനാൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുണ്ടാകുന്ന മഞ്ഞുരുക്കും ഇവയുടെയെല്ലാം നാശത്തിന് വഴിയൊരുക്കുന്നു.

To advertise here,

ഐസിലൂടെ തെന്നിനടക്കാനിഷ്ടപ്പെടുന്ന മഞ്ഞുകരടികൾക്ക് ഉണ്ണാനും ഉറങ്ങാനും മഞ്ഞുവേണം. മഞ്ഞിൽ തന്നെ ജീവിക്കുന്ന സീലുകള്‍ പ്രധാനഭക്ഷണവും. ഐസിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി അവിടെത്തന്നെ അവയെ വളർത്തുന്ന സീലുകൾക്കും മഞ്ഞില്ലാത്തത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്നു. ജനിക്കുന്ന കുഞ്ഞുങ്ങൾ അതിജീവിക്കാനാവാതെ കൂട്ടത്തോടെ ചത്തുപോകുന്ന സ്ഥിതിയാണ്. വിവിധ സ്പീഷിസുകൾ വംശനാശത്തിന്റെ വക്കിലെത്തിനില്ക്കുന്നു. മഞ്ഞിലൊളിപ്പിച്ച് അമ്മമാർ വളർത്തിപ്പോരുന്ന സീൽ കുഞ്ഞുകൾ പകരം കരയിൽ പിറന്നുവീഴേണ്ടിവരുമ്പോൾ മറ്റു ജീവികളാൽ ആക്രമിക്കപ്പെടാനുള്ള സാധ്യത കൂടും. സീലുകളുടെ അഭാവം അവയെ ഭക്ഷണമാക്കുന്ന മഞ്ഞുകരടികളുടെ സ്ഥിതി ഗുരുതരമാക്കും.  

കടൽപ്പക്ഷികളാണ് പ്രധാനപ്പെട്ട മറ്റൊരു വിഭാഗം. ഐവറി ഗൾ പോലെയുള്ള പക്ഷികൾ കൂടുകൂട്ടുന്നതും മുട്ടവിരിയിക്കുന്നതും ഭക്ഷണം കണ്ടെത്തുന്നതുമെല്ലാം ഐസിലാണ്. കഴിഞ്ഞ 20 വർഷത്തിനിടെ കാനഡയിലെ 90 ശതമാനം ഐവറി ഗൾ പക്ഷികളും ഇല്ലാതായി. വാൽറസും അതുപോലെത്തന്നെ. 

ഐസ് ആൽഗെ
സമുദ്ര ഭക്ഷ്യശൃംഖലയുടെ ഏറ്റവും അടിസ്ഥാനഘടകങ്ങളിലൊന്നാണ് ഐസ് ആർഗകൾ. കഴിഞ്ഞ പതിറ്റാണ്ടുകളിലെ ആഗോളതാപനം കുറച്ചൊന്നുമല്ല ഇവയെ നശിപ്പിച്ചത്.ഐസില്‍ വളരുന്ന ആൽഗകൾക്കു പകരം ശുദ്ധജല ആൽഗകൾ പതിയെ ഇവിടം കയ്യേറുന്നുണ്ട്. മഞ്ഞ് വ്യാപകമായി ഉരുകി ശുദ്ധജലരൂപത്തിലാവുന്നതാണ് കാരണം.

ആർട്ടിക്കിലെ മഞ്ഞുകട്ടകൾക്ക് സംഭവിക്കുന്നത്
മഞ്ഞാവരണത്തിനടിയിലായിരുന്ന ആർട്ടിക്ക് സമുദ്രത്തിൽ ഇന്നു മഞ്ഞുസമ്പത്ത് നന്നേ കുറഞ്ഞു. സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന ആർട്ടിക്കിലെ മഞ്ഞുകവചങ്ങൾ ധ്രുവപ്രദേശങ്ങളെ തണുപ്പിച്ച് ആഗോള കാലാവസ്ഥയെ നിയന്ത്രിക്കുന്നതിൽ പ്രധാനകണ്ണിയാണ്. ആർട്ടിക്കിൽ രൂപപ്പെടുന്ന മഞ്ഞുകട്ടകളിൽ വന്ന കുറവ് കാലാവസ്ഥാവ്യതിയാനത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. എല്ലാ സെപ്റ്റംബർ മാസത്തിലും ആർട്ടിക് മഞ്ഞ് ഏറ്റവും കുറഞ്ഞതോതിലെത്തും. പതിറ്റാണ്ടിൽ 13 ശതമാനം എന്ന തോതിൽ ആർട്ടിക്കിലെ സെപ്റ്റംബർ മഞ്ഞ് കുറഞ്ഞുവരികയാണിപ്പോൾ. (ഭൗമോപരിതലത്തിന്റെ പത്തുശതമാനമാണ് ഐസ് മൂടിയിട്ടുള്ളത്)

ആർട്ടിക് മഞ്ഞ്
1979-7.05 ദശലക്ഷം ചതുരശ്ര കിലോമീറ്റർ
1989-7.01
1999-6.12
2009-5.26
2019-4.36
2021-4.92

ഉരുകുന്ന മഞ്ഞുപർവതങ്ങൾ (glacier)
ഉയർന്ന പർവതാഗ്രങ്ങളിൽ ഉറഞ്ഞുകിടക്കുന്ന മഞ്ഞുപാടങ്ങളാണ് ഹിമാനികൾ. 1994 മുതൽ ഓരോ കൊല്ലവും 400 ശതകോടി ടൺ ഹിമാനികൾ ഭൂമിയിൽ ഉരുകിത്തീരുന്നുണ്ട്. മധ്യയൂറോപ്പിലെ ആൽപ്സ്, അലാസ്ക, അമേരിക്കയിലെ റോക്കി മൗണ്ടെയ്ൻസ്, ആഫ്രിക്കയിലെ ആൻഡീസ്, ആഫ്രിക്കൻ റിഫ്റ്റ് സോൺ, ഹിമാലയം, ഇൻഡൊനേഷ്യയിലെ സുദിർമൻ എന്നിവിടങ്ങളിലാണ് ലോകത്ത് ഏറ്റവുമധികം ഹിമാനികളുള്ളത്. ഇവയുടെ വ്യാപകനഷ്ടം കാലാവസ്ഥയെ സങ്കീർണ്ണമായി മാറ്റാനിടയുണ്ട്. സൂര്യരശ്മികളെ പ്രതിഫലിപ്പിക്കുന്നതാണ് ഹിമാനികളുടെ വെളുത്ത പ്രതലങ്ങൾ. കാലാവസ്ഥയെ ക്രമത്തിൽ നിലനിർത്താൻ ഇതു സഹായിക്കുന്നു. ചൂടേറുന്നതിനൊത്ത് ഹിമാനികൾ ഉരുകുമ്പോൾ, പർവതങ്ങളുടെ ഇരുണ്ട പ്രതലങ്ങൾ വെളിപ്പെടും. അത് കൂടുതൽ ചൂട് ആഗിരണം ചെയ്ത് താപനില വീണ്ടുമുയർത്തും.

ഗ്രീൻലാൻഡും ഐസ് ലാൻഡും
മഞ്ഞുപാളികൾ (ice sheet) ആണ് ഗ്രീൻലാൻഡിനെയും ഐസ് ലാൻഡിനെയും സമ്പന്നമാക്കുന്നത്. കൊല്ലത്തിൽ 294 ശതകോടി മെട്രിക് ടൺ ഐസ് ഇവിടെനിന്ന് നഷ്ടമാകുന്നു. ഗ്രീൻലാൻഡിന്റെ മുഴുവൻ മഞ്ഞും ഉരുകിത്തീർന്നാൽ സമുദ്രനിരപ്പ് ഏഴു മീറ്ററോളം ഉയരും (അതിന് ആയിരക്കണക്കിന് കൊല്ലങ്ങളെടുക്കും).

അന്റാർട്ടിക്ക
ആർട്ടിക്കിൽ നിന്ന് വ്യത്യസ്തമായി ഹിമയറക (Ice shelf) ളാണ് അന്റാർട്ടിക്കയുടെ പ്രത്യേകത. 44 ശതമാനവും ഹിമയറകൾ. ഹിമഭിത്തികളും ഹിമാനികളും ഹിമപാളികളും കൂടി ചേർന്ന ഭൂപ്രകൃതി. 127 ശതകോടി മെട്രിക് ടൺ ഐസാണ് അന്റാർട്ടിക്കയ്ക്ക് കൊല്ലത്തിൽ നഷ്ടമാകുന്നത്. ഏറ്റവുമധികം നാശം 2015-നുശേഷവും. ഉറഞ്ഞ കടലിൽ രൂപപ്പെട്ട ഒട്ടേറെ മഞ്ഞുകട്ടകൾ ഇവിടെയും ഒഴുകിനടക്കുന്നു.  

മഴ ആഞ്ഞുപെയ്യാൻ കാരണം?
കടലിന് ചൂടുകൂടുന്നതാണ് ന്യൂനമർദ്ദങ്ങളും ചുഴലിക്കാറ്റുകളും കൂടുതലുണ്ടാവാൻ കാരണമെന്ന് വിദഗ്ധർ പറയുന്നു. ന്യൂനമർദ്ദങ്ങൾ കൂടുതൽ സമയം കടലിൽ നിൽക്കുമ്പോഴാണ് ചുഴലിക്കാറ്റായി മാറുന്നത്. ഹരിതഗൃഹവാതകങ്ങൾ എത്രത്തോളം ഭൂമിയിലുണ്ടോ അത്രത്തോളം ചൂടുകൂടും. അതിനൊത്ത് കാലാവസ്ഥ മാറുകയും ചുഴലിക്കാറ്റുകൾ രൂപപ്പെടുകയും ചെയ്യും. ലോകത്ത് കൊല്ലംതോറും ന്യൂനമർദങ്ങളുടെയും ചുഴലിക്കാറ്റുകളുടെയും എണ്ണം വർധിച്ചുവരികയാണ്.