
മനോജ് കെ. ജയന്‍
ഓര്‍മ്മയിലെ ആദ്യത്തെ പാട്ട് ഒരു ദേവരാജഗീതമാണ്: ''ചന്ദ്രനുദിക്കുന്ന ദിക്കില്‍ ചന്ദനം പൂക്കുന്ന ദിക്കില്‍ തൃത്താപ്പൂവിന് മുത്തം കൊടുക്കുന്നു തൃക്കാര്‍ത്തിക രാത്രി...'' കോട്ടയത്തെ തറവാടുവീടിന്റെ മുറ്റത്തെ അരമതിലില്‍ സദാസമയവും കിനാവ് കണ്ടിരുന്ന അഞ്ചുവയസ്സുകാരന്റെ ചുണ്ടില്‍ ഒരു കൊഞ്ചലായി തങ്ങിനിന്ന പാട്ട്.
''വീട്ടില്‍ സംഗീതാന്തരീക്ഷമാണല്ലോ എപ്പോഴും. അച്ഛന്‍ ജയനും കൊച്ചച്ഛന്‍ വിജയനും അറിയപ്പെടുന്ന സംഗീതജ്ഞര്‍. റേഡിയോയിലോ മറ്റോ കേട്ട് മനസ്സില്‍ പതിഞ്ഞതു കൊണ്ടാവാം, ഒതേനന്റെ മകനിലെ ഈ പാട്ടിനോട് ഒരു പ്രത്യേക സ്‌നേഹമുണ്ടായിരുന്നത്രേ എനിക്ക്. ചുമ്മാ മാനം നോക്കി ഒറ്റയ്ക്കിരിക്കുന്ന സമയത്ത് എപ്പോഴും മൂളിക്കേട്ടിട്ടുള്ളത് ആ പാട്ടാണെന്ന് ചേച്ചിയമ്മ, അച്ഛന്റെ മൂത്ത ജ്യേഷ്ഠന്റെ ഭാര്യ, പറഞ്ഞറിയാം.''മനോജ് കെ ജയന്‍ ചിരിക്കുന്നു. ജീവിതത്തിലാദ്യമായി പാടിനടന്നത് നഴ്‌സറി റൈമോ കുട്ടിപ്പാട്ടോ അല്ല സിനിമാപ്പാട്ടായിരുന്നു എന്നത് ഇന്നോര്‍ക്കുമ്പോള്‍ അത്ഭുതപ്പെടുത്തുന്ന കാര്യം.
അന്നേയുണ്ട് ഉള്ളില്‍ സിനിമാഗാനപ്രേമം; ദേവരാജസൃഷ്ടികളോട് പ്രത്യേകിച്ചും. കായാമ്പൂ, സ്വര്‍ഗ്ഗപുത്രീ നവരാത്രി, പൂന്തേനരുവീ ഒക്കെ കുട്ടിക്കാലത്ത് അര്‍ത്ഥമറിയാതെ പാടിനടന്ന പാട്ടുകള്‍. കാലം ചെല്ലുന്തോറും ആ പ്രണയം കൂടിവന്നതേയുള്ളൂ. അന്നൊന്നും ചിന്തിച്ചിട്ടുപോലുമില്ല ഒരിക്കല്‍ സിനിമയില്‍ വന്നുപെടുമെന്നും കുറെ നല്ല പാട്ടുകള്‍ പാടി അഭിനയിക്കാന്‍ യോഗമുണ്ടാകുമെന്നും. വര്‍ഷങ്ങള്‍ക്ക് ശേഷം ''അഗ്രജന്‍'' (1995) എന്ന ചിത്രത്തില്‍ ഒഎന്‍വി- ദേവരാജന്‍ ടീം സൃഷ്ടിച്ച ഒരു സുന്ദരഗാനത്തിനൊത്ത് ചുണ്ടനക്കാന്‍ ഭാഗ്യം ലഭിച്ചപ്പോള്‍ സ്വാഭാവികമായും മനോജ് ആവേശഭരിതനായി. ''എന്റെ തലമുറയിലെ നടന്മാരില്‍ അധികമാര്‍ക്കും ലഭിക്കാത്ത സുവര്‍ണ്ണാവസരമാണല്ലോ ദേവരാജന്‍ മാഷിന്റെ പാട്ട് വെള്ളിത്തിരയില്‍ പാടി അവതരിപ്പിക്കുക എന്നത്. ''ഉര്‍വ്വശീ നീയൊരു വനലതയായ് നിന്‍ നിര്‍വൃതി നിറമലരുകളായ്'' എന്ന പാട്ടിലൂടെയാണ് എനിക്ക് ആ ഭാഗ്യം കൈവന്നത്. ഇന്നും ആ പാട്ടിന്റെ മുഴുവന്‍ വരികളും ഓര്‍മ്മയില്‍ നിന്ന് പാടിത്തരാനാകും എനിക്ക് മനഃപാഠമാണ്..''
എങ്കിലും സൗഹൃദ സദസ്സുകളില്‍ പ്രിയ സംഗീതസംവിധായകന്‍ ദേവരാജനെ അനുസ്മരിക്കുമ്പോള്‍ മനോജ് അധികവും പാടിക്കേട്ടിട്ടുള്ളത് ഈ പാട്ടല്ല, ''അഗ്രജനി''ലെ തന്നെ മറ്റൊരു പാട്ടാണ് നെടുമുടി വേണു പാടി അഭിനയിച്ച ''ഏതോ യുഗത്തിന്റെ സായംസന്ധ്യയില്‍.'' സ്വന്തം പാട്ടുള്ളപ്പോള്‍ എന്തിന് മറ്റൊരു പാട്ട് കടമെടുത്തു എന്ന ചോദ്യത്തെ കുസൃതിച്ചിരി കൊണ്ട് നേരിടുന്നു മനോജ്. ''സുഹൃത്തേ, അത് ഞാന്‍ തന്നെ പറഞ്ഞറിയണോ? പാടിയ പാട്ടിന്റെ വരികളില്‍ തന്നെയില്ലേ ഉത്തരം?'' ഒന്നു നിര്‍ത്തിയശേഷം അപ്രതീക്ഷിതമായി ഒരു ചോദ്യം: ''ഉര്‍വ്വശീ എന്ന് തുടങ്ങുന്ന ഒരു പാട്ട് ഇക്കാലത്ത് ഞാന്‍ പാടിക്കേട്ടാല്‍ ട്രോളര്‍മാര്‍ വെറുതെ വിടുമോ എന്നെ? പഴയ ഭാര്യയെ ഇപ്പോഴും മറക്കാന്‍ പറ്റുന്നില്ല അല്ലേ എന്നൊക്കെ ചോദിച്ചു പരിഹസിച്ചേക്കാം ചിലരെങ്കിലും. നിരുപദ്രവമായ തമാശയെങ്കില്‍ പോലും എന്റെയും ഉര്‍വ്വശിയുടെയും കുടുംബങ്ങള്‍ക്ക് മനപ്രയാസം ഉണ്ടാക്കിയേക്കാം അത്തരം ചര്‍ച്ചകള്‍. അതുകൊണ്ട് ഞാന്‍ തന്നെ ആ പാട്ട് പാടേണ്ടെന്നു വെച്ചു. അത്രേയുള്ളൂ. എങ്കിലും അതൊരു അസാധ്യഗാനം തന്നെ എന്ന കാര്യത്തില്‍ സംശയമില്ല.''
ഡെന്നിസ് ജോസഫിന്റെ കുസൃതി
ഉര്‍വശിയുമായുള്ള പ്രണയം സിനിമാലോകത്തെ ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുന്ന കാലത്താണ് ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത ''അഗ്രജനി''ല്‍ മനോജ് കെ ജയന്‍ നായകനായി വേഷമിടുന്നത്. പുരോഗമനവാദിയായ നാടകകലാകാരന്റെ റോളിലായിരുന്നു അതില്‍ മനോജ്. ''സിനിമയില്‍ എന്റെ രംഗപ്രവേശം കസ്തൂരിയോടൊപ്പമുള്ള ഒരു ബാലെയോടെയാണ്. ആ രംഗത്ത് കാളിദാസന്റെ വിക്രമോര്‍വ്വശീയം തന്നെ വേണമെന്നത് ഡെന്നിസ് ജോസഫിന്റെ നിര്‍ബന്ധമായിരുന്നു. വേണമെങ്കില്‍ അദ്ദേഹത്തിന്റെ കുസൃതി എന്നും പറയാം. പാടേണ്ട പാട്ട് സാക്ഷാല്‍ ഉര്‍വശിയെ കുറിച്ചുതന്നെ ആവട്ടെ എന്ന് ഒ എന്‍ വി സാറിനോട് നിര്‍ദേശിച്ചതും ഡെന്നിച്ചായന്‍ തന്നെ. എനിക്കും ഒരു സന്തോഷമാവട്ടെ എന്ന് കരുതിയിരിക്കും അദ്ദേഹം.''
പ്രണയകാലമായതിനാല്‍ അന്ന് ആ പാട്ട് പാടി അഭിനയിക്കാന്‍ കൗതുകം തോന്നിയെന്ന് മനോജ്. ''വിധിനിയോഗമാകാം, അധികം കഴിയും മുന്‍പ് എന്റെയും ഉര്‍വ്വശിയുടേയും ജീവിതം വഴിപിരിഞ്ഞു. രണ്ടു പേരും പുതിയ ദാമ്പത്യങ്ങളില്‍ പ്രവേശിച്ചു. ഇനിയും ആ പാട്ട് പാടുന്നത് ശരിയല്ലെന്ന് തോന്നി. ആരുടെയെങ്കിലും മനസ്സിനെ അത് നോവിച്ചാലോ? നമ്മള്‍ കാരണം മറ്റൊരാള്‍ വേദനിക്കുന്നത് ശരിയല്ലല്ലോ.'' ഹൃദയത്തിന്റെ ഭാഗമായിരുന്ന ആ ഗാനം പിന്നീട് വേദികളില്‍ പാടിയില്ല മനോജ്. പകരം മനസ്സില്‍ മാത്രം മൂളി. എങ്കിലും ആരാധനാപാത്രമായ ദേവരാജന്‍ മാസ്റ്ററുടെ സാന്നിധ്യമുള്ള സിനിമ എങ്ങനെ മറക്കാനാകും? ആ ഓര്‍മ്മ നിലനിര്‍ത്താന്‍ വേണ്ടി മാത്രമാണ് അതേ സിനിമയിലെ മറ്റൊരു ഇഷ്ടഗാനം, അത് നെടുമുടി വേണു പാടി അഭിനയിച്ചതെങ്കില്‍ കൂടി, വേദികളില്‍ പാടിക്കൊണ്ടിരിക്കുന്നതെന്ന് മനോജ്. ഭഭആ പാട്ടും എനിക്കേറെ ഇഷ്ടം.''
''അഗ്രജ''ന്റെ റെക്കോര്‍ഡിംഗിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞത് മറ്റൊരു മറക്കാനാവാത്ത അനുഭവം. ഏതോ പടത്തിന്റെ ഡബ്ബിങ് തിരക്കിലിരിക്കുമ്പോഴാണ് എ വി എം സ്റ്റുഡിയോയില്‍ നിന്ന് ഡെന്നിച്ചായന്റെ വിളി വന്നത്. ''ദേവരാജന്‍ മാഷോടുള്ള എന്റെ ആരാധനയുടെ ആഴം നന്നായറിയുന്ന ആളാണ്. മാഷിന്റെ റെക്കോര്‍ഡിംഗ് കാണണമെങ്കില്‍ വാ എന്ന് അദ്ദേഹം വിളിച്ചുപറഞ്ഞപ്പോള്‍ പിന്നെ മറ്റൊന്നും ചിന്തിച്ചില്ല. ആയുസ്സിലൊരിക്കല്‍ ലഭിക്കുന്ന സുവര്‍ണ്ണാവസരമല്ലേ? നിമിഷങ്ങള്‍ക്കകം സ്റ്റുഡിയോയില്‍ ഞാന്‍ ഹാജര്‍. മാഷ് ധ്യാനനിമഗ്‌നനെപ്പോലെ കണ്ണുകള്‍ ചിമ്മി കണ്‍സോളില്‍ ഇരിക്കുന്നു. അകത്ത് സുശീലാമ്മ യേശുമഹേശാ എന്ന പാട്ട് പാടുകയാണ്. റെക്കോര്‍ഡിംഗ് കഴിഞ്ഞപ്പോള്‍ ഡെന്നിച്ചായന്‍ എന്നെ മാഷിന് പരിചയപ്പെടുത്തി. സന്തോഷത്തോടെയായിരുന്നു പ്രതികരണം. പടത്തിലെ നായകന്‍ എന്നതിനേക്കാള്‍ ജയവിജയന്മാരിലെ ജയന്റെ മകന്‍ എന്ന നിലയ്ക്കായിരുന്നു എന്നോടുള്ള പരിഗണനയും വാത്സല്യവും. സിനിമാ ജീവിതത്തിന്റെ തുടക്കകാലത്ത് അച്ഛനും കൊച്ചച്ഛനും അവസരം തേടി മാഷെ കാണാന്‍ ചെന്ന കഥയൊക്കെ പറഞ്ഞു. സുശീലാമ്മക്കും നന്നായി അറിയാം ജയവിജയന്മാരെ. സിനിമയില്‍ അവരുടെ സംഗീതത്തില്‍ പാടിയിട്ടുമുണ്ട്. നിറകുടത്തിലെ സ്വര്‍ണത്തിനെന്തിനു ചാരുഗന്ധം വലിയ ഹിറ്റായിരുന്നു.''
മഹാ സംഗീതപ്രതിഭകളായ ദേവരാജനേയും സുശീലയേയും യാദൃച്ഛികമായി കണ്മുന്നില്‍ ഒത്തുകിട്ടിയപ്പോള്‍ ഒരു നിമിഷം അവരുടെ കടുത്ത ആരാധകനായ ആ പഴയ കോട്ടയത്തുകാരന്‍ കുട്ടിയായി മാറിയെന്ന് മനോജ്. ''എനിക്കേറ്റവും പ്രിയപ്പെട്ട പാട്ടുകളിലൊന്ന് നിങ്ങള്‍ രണ്ടു പേരും വയലാറും ചേര്‍ന്ന് സൃഷ്ടിച്ചതാണ്.'' മനോജ് ഇരുവരോടുമായി പറഞ്ഞു. ''ശ്രാവണ ചന്ദ്രിക പൂ ചൂടിച്ചു ഭൂമികന്യക പുഞ്ചിരിച്ചു.... '' ഒരു പെണ്ണിന്റെ കഥ എന്ന സിനിമയിലെ പാട്ട്. ഇന്നും ആ പാട്ട് കേള്‍ക്കുമ്പോള്‍ വേറെയേതോ ലോകത്തെത്തും ഞാന്‍. എത്ര വിവരിച്ചാലും മതിവരില്ല അതിന്റെ സൗന്ദര്യം..'' വികാരനിര്‍ഭരമായ ആ വാക്കുകള്‍ കേട്ട് പുഞ്ചിരിച്ചു നിന്നു മാഷും പ്രിയഗായികയും.
വര്‍ഷങ്ങള്‍ക്ക് മുന്‍പൊരിക്കല്‍ ചെന്നൈ കാംദാര്‍ നഗറിലെ വീട്ടിലിരുന്ന് സംഗീതത്തിലെ സമകാലീന പ്രവണതകളെ കുറിച്ച് സംസാരിക്കേ ദേവരാജന്‍ മാഷ് പങ്കുവെച്ച ഒരു നിരീക്ഷണം ഓര്‍മ്മയിലുണ്ട്: ''ഇപ്പൊ സിനിമയില്‍ പാടാന്‍ ശാസ്ത്രീയസംഗീത ജ്ഞാനമൊന്നും വേണ്ട. ശ്രുതിബോധം പോലും വേണ്ട എന്നതാണ് സ്ഥിതി. അഭിനയിക്കുന്നവര്‍ തന്നെ പാടുന്ന സമ്പ്രദായവും ഉണ്ട്. പല നടന്മാരുടേയും ശബ്ദവും ആലാപനവും അസഹനീയം. അക്കൂട്ടത്തില്‍ എനിക്ക് മതിപ്പ് തോന്നിയിട്ടുള്ളത് ജയവിജയന്മാരിലെ ജയന്റെ മകനോടാണ്. പേരോര്‍മ്മയില്ല. വലിയ കുഴപ്പമില്ലാതെ പാടും അവന്‍. കൊള്ളാവുന്ന ശബ്ദവുമാണ്. പിന്നെ കുടുംബത്തില്‍ സംഗീതവുമുണ്ടല്ലോ.'' ദേവരാജന്‍ മാഷിന്റെ വാക്കുകള്‍ ഓര്‍മ്മയില്‍ നിന്ന് വീണ്ടെടുത്തു പങ്കുവച്ചപ്പോള്‍ ആഹ്ലാദഭരിതനായി മനോജ്. ''എനിക്കിതൊരു ഓസ്‌കാര്‍ അവാര്‍ഡാണ്; ഉള്ളിലുള്ളത് വെട്ടിത്തുറന്നു പറഞ്ഞു മാത്രം ശീലിച്ചിട്ടുള്ള മാഷിനെ പോലൊരാളുടെ ഈ വാക്കുകള്‍. ഒരിക്കല്‍ കൊല്ലത്തെ ഒരു ദേവരാജ സന്ധ്യയില്‍ പാടാന്‍ സംഘാടകരില്‍ ഒരാള്‍ വിളിച്ചിരുന്നു. മാഷ് പറഞ്ഞിട്ടാവണം. നിര്‍ഭാഗ്യവശാല്‍ അന്ന് ഏതോ തെലുങ്ക് പടത്തിന്റെ ഷൂട്ടുമായി ആന്ധ്രയിലാണ് ഞാന്‍. വരാന്‍ ഒരു വഴിയുമില്ല. മാഷിന്റെ മുന്നില്‍ പാടാനുള്ള അവസരം നഷ്ടപ്പെട്ടതിലുള്ള ദുഃഖം ഇന്നുമുണ്ട് ഉള്ളില്‍.''
ഗന്ധര്‍വഗാനം പാടാന്‍
യേശുദാസിന്റെ ഒരു പാട്ടിനൊത്തെങ്കിലും ചുണ്ടനക്കുക എന്ന മോഹം ഉള്ളില്‍ വെച്ചുകൊണ്ടുകൂടിയാണ് സിനിമാഭിനയത്തിന് ഇറങ്ങിത്തിരിച്ചതെന്നു പറയും മനോജ്. ''സര്‍ഗ്ഗത്തില്‍ നായകതുല്യമായ വേഷത്തില്‍ അഭിനയിക്കാന്‍ ഹരിഹരന്‍ സാര്‍ ക്ഷണിച്ചപ്പോള്‍ ആവേശം തോന്നി. സംഗീതപ്രധാനമായ ചിത്രം. പാട്ടുകളെല്ലാം പാടുന്നതാകട്ടെ ദാസേട്ടനും. ത്രില്ലടിച്ചുപോയി ഞാന്‍. പക്ഷേ അഭിനയിച്ചു തുടങ്ങിയപ്പോഴാണ് മനസ്സിലായത്, പാട്ടു മുഴുവന്‍ പാടുന്നത് വിനീതാണെന്ന്. വലിയ നിരാശയായിരുന്നു. ഞങ്ങളൊരുമിച്ചുള്ള ചില പാട്ടുസീനുകളില്‍ എന്റെ മുഖഭാവം ശ്രദ്ധിച്ചാലറിയാം എനിക്ക് ആ ഒരൊറ്റ കാര്യത്തിന്റെ പേരില്‍ വിനീതിനോട് തോന്നിയ അസൂയയുടെ ആഴം..'' പൊട്ടിച്ചിരിച്ചുകൊണ്ട് മനോജ് പറയുന്നു.
എങ്കിലും മലയാളത്തിലെ പ്രശസ്തമായ ചില പാട്ടുകള്‍ക്കൊത്ത് ചുണ്ടനക്കാന്‍ പില്‍ക്കാലത്ത് ഭാഗ്യമുണ്ടായി മനോജിന്. സലില്‍ ചൗധരിയുടെ ഹംസഗാനമായ കാതില്‍ തേന്മഴയായ്, കുടുംബസമേതത്തിലെ നീലരാവിലിന്നു നിന്റെ, സോപാനത്തിലെ താരനൂപുരം ചാര്‍ത്തി, കണ്ണൂരിലെ കടലറിയില്ല കരയറിയില്ല, സ്‌നേഹസാഗരത്തിലെ പീലിക്കണ്ണെഴുതി, പഞ്ചലോഹത്തിലെ എന്തേ മുല്ലേ പൂക്കാത്തൂ, ചമയത്തിലെ അന്തിക്കടപ്പുറത്ത്....''അഗ്രജ''നിലെ ദേവരാജന്‍ മാഷിന്റെ പാട്ട് കൂടി ചേരുമ്പോള്‍ ഈ പട്ടികയ്ക്ക് തിളക്കമേറുന്നു.
ഇന്നും ദേവരാജന്‍ ഈണമിട്ട ഒരു പാട്ടെങ്കിലും കേള്‍ക്കുകയോ മൂളുകയോ ചെയ്യാത്ത ഒരു ദിവസം പോലുമില്ല തന്റെ ജീവിതത്തില്‍ എന്ന് പറയും മനോജ്. ''ഓരോ ഗാനത്തിന്റെയും വരികളിലേക്ക് ഇറങ്ങിച്ചെന്ന് അനുയോജ്യമായ ഈണം കണ്ടെത്തുകയാണ് അദ്ദേഹത്തിന്റെ രീതി. സ്വാഭാവികമായും ഭാവപ്രധാനമായിരിക്കും ആ ഗാനങ്ങളെല്ലാം. ദേവരാജന്‍ മാഷിന്റെയും ദാസേട്ടന്റെയും ജയേട്ടന്റെയും സുശീലാമ്മയുടെയുമൊക്കെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞത് തന്നെ ഭാഗ്യമായി കരുതുന്നു ഞാന്‍.'' ആ കാലഘട്ടത്തിലെ മറ്റു സംഗീത സംവിധായകരുടെ ഗാനങ്ങളോടും ഇതേ സ്‌നേഹമുണ്ട് മനോജിന്. അവരുടെ ഗാനങ്ങള്‍ വേദിയില്‍ ആസ്വദിച്ചു പാടാറുമുണ്ട്. എങ്കിലും മാഷിന്റെ പാട്ടുകളോട് അടുപ്പമിത്തിരി കൂടും എന്നുമാത്രം.
സിനിമക്ക് വേണ്ടി പാട്ടുണ്ടാക്കുക എന്നത് കേവലമൊരു തൊഴിലായി മാത്രമല്ല ദേവരാജന്‍ മാസ്റ്റര്‍ കണ്ടിരുന്നത് എന്ന് തോന്നിയിട്ടുണ്ട് മനോജിന്. ''അദ്ദേഹത്തിന് അതൊരു തപസ്യ തന്നെയായിരുന്നു. കഥയുടെയും കഥാപാത്രത്തിന്റെയും ആത്മാവിലേക്ക് ഇറങ്ങിച്ചെന്നാണ് പാട്ടുണ്ടാക്കുക. സൂക്ഷ്മവശങ്ങള്‍ പോലും ശ്രദ്ധിക്കും. ഇതാ ഇവിടെ വരെയിലെ പാട്ടുകളൊക്കെ ആദ്യം കേട്ട് കോരിത്തരിച്ചിരുന്നുപോയത് ഓര്‍മ്മയുണ്ട്. വെണ്ണയോ വെണ്ണിലാവുറഞ്ഞതോ, രാസലീല, പിന്നെ ഇതാ ഇതാ ഇവിടെ വരെ എന്ന ശീര്‍ഷക ഗാനം. ഓരോ പാട്ടിനും ഓരോ ഭാവം. അതിനപ്പുറം ആ സന്ദര്‍ഭത്തിന് ഇണങ്ങുന്ന മറ്റൊരു പാട്ടില്ല എന്ന് തോന്നും നമുക്ക്.''
ദേവരാജന്‍ മാഷിന്റെ വിയോഗവാര്‍ത്ത നല്‍കിയ ആഘാതം ഇന്നുമുണ്ട് മനോജിന്റെ ഓര്‍മ്മയില്‍. ചെന്നൈയില്‍ വെച്ചായിരുന്നു നിര്യാണം. മാഷിന്റെ ഭൗതിക ശരീരം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയ വിമാനത്തില്‍ ആകസ്മികമായാണെങ്കിലും യാത്ര ചെയ്യേണ്ടി വന്നത് വിധിയുടെ നിയോഗം. ''ഒന്നേകാല്‍ മണിക്കൂര്‍ നേരം ആ വിമാനത്തിലിരുന്ന് ഞാന്‍ ചിന്തിച്ചത് മാഷെ കുറിച്ച് മാത്രമായിരുന്നു. നമ്മള്‍ ഇരിക്കുന്നതിന് അധികം അകലെയല്ലാതെയെങ്ങോ ദേവരാജന്‍ എന്ന മഹാസംഗീതജ്ഞന്‍ ശാന്തനായി ഉറങ്ങിക്കിടക്കുന്നു എന്ന സത്യം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയായിരുന്നു മനസ്സ്. എന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ച എത്രയോ പാട്ടുകളുടെ ശില്പി. അന്ത്യയാത്രയില്‍ അദ്ദേഹത്തെ അനുഗമിക്കണം എന്നത് ഈശ്വര നിശ്ചയമാകാം. തിരുവനന്തപുരത്ത് വന്നിറങ്ങുംവരെ മാഷിന്റെ പാട്ടുകള്‍ നിശ്ശബ്ദമായി മൂളിക്കൊണ്ടിരുന്നു എന്റെ മനസ്സ്. അദൃശ്യനായി അടുത്തെങ്ങോയിരുന്ന് ആ ഗാനങ്ങള്‍ അദ്ദേഹം കേള്‍ക്കുന്നുണ്ടാകും എന്ന പൂര്‍ണ്ണ ബോധ്യത്തോടെ.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Manoj K Jayan shares his memories of singing Devraj`s songs in `Agrajan`, his admiration for the maestro, and the untold story behind `Urvashi`.
Published: 14 Jul 2025, 11:25 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented