രാജീവ് ഗാന്ധി കൊല്ലപ്പെട്ടിട്ട് ഇന്നേയ്ക്ക് 33 വര്‍ഷം തികയുന്നു. ലോകചരിത്രത്തില്‍ പദവിയിലിരിക്കുമ്പോള്‍ കൊലചെയ്യപ്പെട്ട പ്രധാനനേതാക്കള്‍ ആരൊക്കെയെന്ന് നോക്കാം.
1991 മേയ് 21-നാണ് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രാജീവ് ഗാന്ധി മരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായാണ് അദ്ദേഹം അവിടെയെത്തുന്നത്. വിശാഖപട്ടണത്തുനിന്നായിരുന്നു തമിഴ്‌നാട്ടിലേക്കുള്ള യാത്ര. എന്നാല്‍, വിമാനത്തിന് സാങ്കേതികതകരാറുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് രാജീവ് ഗാന്ധി തിരികെ ഗസ്റ്റ് ഹൗസിലേക്ക് മടങ്ങി. അല്പസമയത്തിനുശേഷം തകരാര്‍ പരിഹരിച്ചെന്ന അറിയിപ്പിനെത്തുടര്‍ന്ന് അദ്ദേഹം വീണ്ടും യാത്ര തിരിക്കുകയായിരുന്നു.
Also Read
ശ്രീപെരുമ്പത്തൂരില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യാനുണ്ടായിരുന്നു. രാത്രി പത്തുമണിയോടെ അദ്ദേഹം സ്ഥലത്തെത്തി. വന്‍ജനാവലിയാണ് അവിടെ കാത്തുനിന്നിരുന്നത്. അതിനിടെ ജനക്കൂട്ടത്തില്‍നിന്ന് ഒരു സ്ത്രീ കയ്യില്‍ മാലയുമായി മുന്നോട്ടുവന്നു. തടയാനായി സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും, രാജീവ് അവരെ പിന്തിരിപ്പിച്ചു. ആ സ്ത്രീ രാജീവിന്റെ കഴുത്തില്‍ മാലയിട്ടു, ശേഷം കാല്‍തൊടാനെന്നോണം ഒന്നു കുനിഞ്ഞു. പിന്നെ കേള്‍ക്കുന്നത് സ്‌ഫോടനത്തിന്റെ അതിഭയങ്കരശബ്ദമാണ്. ഒന്ന് കണ്ണടച്ചു തുറക്കുംമുന്നേ രാജീവും കൂടെയുണ്ടായിരുന്നവരും ചിന്നിച്ചിതറി. മരിക്കുമ്പോള്‍ 47 വയസ്സേ ഉണ്ടായിരുന്നുള്ളൂ അദ്ദേഹത്തിന്. എല്‍.ടി.ടി.ഇ ആയിരുന്നു അക്രമത്തിനുപിന്നില്‍.

ഇതിനും ഏഴുവര്‍ഷങ്ങള്‍ക്കുമുമ്പാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി കൊല്ലപ്പെടുന്നത്. 1984 ഒക്ടോബര്‍ 31-ന് അധികാരത്തിലിരിക്കുമ്പോഴായിരുന്നു ആ മരണം. ഡല്‍ഹി സഫ്ദര്‍ജങ് റോഡിലെ വസതിയുടെ പുറത്തുവെച്ച്, അംഗരക്ഷകരാണ് ഇന്ദിരയെ വെടിവെച്ചത്. എയിംസിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഇന്ത്യയുടെ ആദ്യ വനിതാപ്രധാനമന്ത്രി കൂടിയായിരുന്നു ഇന്ദിര.
അമേരിക്കന്‍ ഐക്യനാടുകളിലാണ് ഏറ്റവും കൂടുതല്‍ പ്രസിഡന്റുമാര്‍ കൊലചെയ്യപ്പെട്ടത്. ജെയിംസ് ഗാര്‍ഫീല്‍ഡ്, വില്യം മെക്കിന്‍ലി, എബ്രഹാം ലിങ്കണ്‍, ജോണ്‍ എഫ്.കെന്നഡി എന്നിവര്‍ അതിലുള്‍പ്പെടുന്നു.
1865 ഏപ്രില്‍ 14-ന് വാഷിങ്ടണ്‍ ഡി.സി.യിലെ ഫോര്‍ഡ്‌സ് തിയേറ്ററില്‍ വെച്ചാണ് എബ്രഹാം ലിങ്കണ്‍ കൊല്ലപ്പെടുന്നത്. നടന്‍ കൂടിയായ ജോണ്‍ വില്‍ക്കിസ് ബൂത്താണ് അദ്ദേഹത്തെ വെടിവെച്ചത്. പരിക്കേറ്റ ലിങ്കണ്‍, തൊട്ടടുത്ത ദിവസം രാവിലെയാണ് മരിക്കുന്നത്.
വില്യം മെക്കിന്‍ലി 1901 സെപ്റ്റംബര്‍ 6-നാണ് അക്രമിക്കപ്പെടുന്നത്. അക്രമി തൂവാലയില്‍ തോക്കൊളിപ്പിച്ച്, അദ്ദേഹത്തിനടുത്തെത്തിയപ്പോള്‍ വയറിലേക്ക് വെടിവെക്കുകയായിരുന്നു. ചികിത്സയിലിരിക്കെ സെപ്റ്റംബര്‍ 14-ന് മെക്കിന്‍ലി മരിച്ചു.

ടെക്‌സാസിലെ ഡാലസില്‍ തിരഞ്ഞെടുപ്പ് പ്രചരണറാലിക്കിടെയാണ് ജോണ്‍ എഫ്.കെന്നഡിക്ക് വെടിയേല്‍ക്കുന്നത്. 1963 നവംബര്‍ 22-നായിരുന്നുവത്. ഒപ്പം ഭാര്യ ജാക്വിലിന്‍ ലീയുമുണ്ടായിരുന്നു. മുകള്‍ഭാഗം തുറന്ന ലിമോസിന്‍ കാറിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാഹനവ്യൂഹം മുന്നോട്ടുപോകുന്നതിനിടെയാണ് വെടിയേറ്റത്. തലയ്ക്കും പുറത്തും വെടിയേറ്റ അദ്ദേഹം പിന്നിലേക്ക് വീണു. തൊട്ടടുത്തുള്ള പാര്‍ക്ക്‌ലാന്‍ഡ് ഹോസ്പിറ്റലിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അരമണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും പ്രസിഡന്റ് മരിച്ചതായി ഔദ്യോഗികസ്ഥിരീകരണം വന്നു. യു.എസ്.പൗരനായ ലീ ഹാര്‍വി ഓസ്വാള്‍ഡാണ് കെന്നഡിയെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. അറസ്റ്റ് ചെയ്ത് രണ്ടുദിവസത്തിനുശേഷം ലീ ഹാര്‍വിയും വെടിയേറ്റ് മരിക്കുകയായിരുന്നു.
എങ്കിലും ഓസ്വാള്‍ഡാണ് പ്രസിഡന്റിനെ വധിച്ചതെന്ന് ഇപ്പോഴും അമേരിക്കന്‍ ജനത വിശ്വസിക്കുന്നില്ല. നവംബര്‍ 2013-ല്‍ നടത്തിയ ഗ്യാലപ് പോളില്‍ 61 ശതമാനം പേരും അഭിപ്രായപ്പെട്ടത് ആ കൊലപാതകത്തിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഓസ്വാള്‍ഡ് മാത്രമല്ല അതിനു കാരണമെന്നുമാണ്.
ബംഗ്ലാദേശിലെ ആദ്യത്തെ പ്രസിഡന്റും അപ്പോഴത്തെ പ്രധാനമന്ത്രിയുമായിരുന്ന ബംഗബന്ധു ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍ അദ്ദേഹത്തിന്റെ വസതിയില്‍വെച്ചാണ് കൊല്ലപ്പെടുന്നത്. 1975 ഓഗസ്റ്റ് 15-നായിരുന്നുവത്. സൈനിക അട്ടിമറിക്കിടെയായിരുന്നുവത്. അദ്ദേഹത്തോടൊപ്പം ബന്ധുക്കളും കൊല്ലപ്പെട്ടു. ഭാര്യയും മൂന്ന് ആണ്‍മക്കളും രണ്ട് മരുമക്കളും പേഴ്‌സണല്‍ സ്റ്റാഫും ഉള്‍പ്പെടെയാണത്.
ബംഗ്ലാദേശ് പ്രസിഡന്റായിരുന്ന സിയാവുര്‍ റഹ്മാന്‍ ചിറ്റഗോങ്ങില്‍വെച്ചാണ് കൊല്ലപ്പെടുന്നത്. 1981 മേയ് 30-നായിരുന്നുവത്. ഒപ്പം അദ്ദേഹത്തിന്റെ ആറ് അംഗരക്ഷകരും രണ്ട് സഹായികളും കൊല്ലപ്പെട്ടു.
പാകിസ്ഥാനിലെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ലിയാഖത്ത് അലി ഖാന്‍, റാവല്‍പിണ്ടിയിലെ കമ്പനി ബാഗില്‍വെച്ചാണ് കൊല്ലപ്പെടുന്നത്. അവിടെ തടിച്ചുകൂടിയ ഒരുലക്ഷം ആളുകളെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു, അദ്ദേഹത്തിന് വെടിയേല്‍ക്കുന്നത്. 1951 ഒക്ടോബറിലായിരുന്നുവത്. ആസ്പത്രിയിലെത്തിച്ച് അടിയന്തരചികിത്സ നല്‍കിയെങ്കിലും, അധികം വൈകാതെ മരിച്ചു.

ശ്രീലങ്കയിലെ പ്രധാനമന്ത്രിയും മൂന്നാമത്തെ പ്രസിഡന്റായിരുന്ന റണസിംഗെ പ്രേമദാസ 1993-ലാണ് കൊല്ലപ്പെടുന്നത്. മേയ് ദിന റാലിക്കിടെയായിരുന്നു സംഭവം. എല്‍.ടി.ടി.ഇ.യുടെ ബോംബോക്രമണത്തില്‍ അദ്ദേഹത്തോടൊപ്പം 22 പേര്‍ കൂടി മരിച്ചു. സംഭവസ്ഥലം കൃത്യമായി അന്വേഷണം നടത്തുന്നതിനുമുമ്പ് വൃത്തിയാക്കി, റാലി മുന്നോട്ടുപോവുകയും ചെയ്തു. ഉച്ചയ്ക്ക് നടന്ന സംഭവം ആറുമണി വരെ സര്‍ക്കാര്‍ രഹസ്യമാക്കിവെച്ചു. പിന്നീടാണ് പുറത്തുവിടുന്നത്.
ലിബിയയുടെ മുന്‍ ഭരണാധികാരിയായിരുന്ന മുഅമ്മര്‍ ഗദ്ദാഫി, 1969-ല്‍ പട്ടാളവിപ്ലവം നടത്തി അധികാരമേറ്റെടുത്തതുമുതല്‍ ഇദ്ദേഹമാണ് ലിബിയയെ ഭരിച്ചിരുന്നത്. തന്റെ 27-ാം വയസ്സുമുതല്‍ 42 കൊല്ലമാണ് ഗദ്ദാഫി ലിബിയ ഭരിച്ചത്. ഒടുവില്‍ ആഭ്യന്തരയുദ്ധത്തിനിടയില്‍ 2011 ഒക്ടോബര്‍ 20-ന് പ്രക്ഷോഭകരുടെ വെടിയേറ്റ് മരിക്കുകയായിരുന്നു. ജന്‍മസ്ഥലമായ സിര്‍ത്തില്‍ ഒളിച്ചിരിക്കുമ്പോഴാണ് വിമതര്‍ ഗദ്ദാഫിയെ കണ്ടെത്തി വെടിവെച്ചുകൊല്ലുന്നത്.
Content Highlights: list of prime ministers and presidents who are killed
Published: 21 May 2024, 05:53 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented