എന്‍.സി.പി നേതാവ് ബാബ സിദ്ദിഖി വെടിയേറ്റു മരിച്ചതോടെ മുംബൈയില്‍ വീണ്ടും അധോലോകം സജീവമാവുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഹാജി മസ്താനും ഛോട്ടാ ഷക്കീലും ടൈഗര്‍ മേമനും അബു സലീമും ദാവൂദ് ഇബ്രാഹിമും ഛോട്ടാ രാജനും അടക്കിവാണിരുന്ന മുംബൈ അധോലോകം, അവിടെ പുതിയ തലവനാവാൻ ഒരുങ്ങുകയാണോ ലോറന്‍സ് ബിഷ്‌ണോയ്? വൻസുരക്ഷയുണ്ടായിരുന്ന ബാബാ സിദ്ദിഖിയെ വകവരുത്തിയതോടെ മുംബൈയും തനിക്ക് അപ്രാപ്യമല്ലെന്ന് തെളിയിക്കുകയാണ് ലോറന്‍സ്. ഇത്രയും നാള്‍ പഞ്ചാബ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലായിരുന്നു ലോറന്‍സ് അക്രമം നടത്തിയിരുന്നത്.
എന്നാല്‍, അധോലോകത്തിന്റെ കുപ്രസിദ്ധമായ കഥകള്‍ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. 70-കള്‍ മുതല്‍ 90-കള്‍ വരെ ബോളിവുഡില്‍ അധോലോകത്തിന്റെ സാന്നിധ്യം വളരെ പ്രകടമായിരുന്ന കാലമാണ്. സിനിമകള്‍ക്ക് പണംമുടക്കിയിരുന്നതും ആര് അഭിനയിക്കണമെന്ന് തീരുമാനിച്ചിരുന്നതുപോലും അബു സലീമും ദാവൂദ് ഇബ്രാഹിമും ഛോട്ടാ രാജനുമൊക്കെയായിരുന്നു. അതിന് സമ്മതിച്ചില്ലെങ്കില്‍ ഭീഷണിപ്പെടുത്താനും ഒടുവില്‍ കൊല്ലാനും പോലും മടിക്കില്ലായിരുന്നു.
അതിന്റെ പേരില്‍ പല അഭിനേതാക്കള്‍ക്കും തങ്ങളുടെ ജീവിതവും കരിയറും തന്നെ നഷ്ടപ്പെട്ടു. എതിര്‍ത്തുനില്‍ക്കാനുള്ള ധൈര്യമില്ലാത്തതും ആഡംബരമായി ജീവിക്കണമെന്നതും അധോലോകനേതാക്കളോടുള്ള പ്രണയവുമെല്ലാം അതിനു കാരണങ്ങളായി മാറി. എല്ലാം ഉപേക്ഷിച്ച് രാജ്യം തന്നെ വിട്ടോടിയവരുമുണ്ട്.
'രാം തേരി ഗംഗ മൈലി' എന്ന സിനിമയിലൂടെ ബോളിവുഡിലെത്തിയ താരമാണ് മന്ദാകിനി. ഗ്ലാമറിന്റെ അതിപ്രസരം മൂലം ആദ്യസിനിമയോടെ തന്നെ അവര്‍ പ്രേക്ഷകരുടെ മനസ്സിലിടം പിടിച്ചു. കരിയറില്‍ സ്വന്തമായ സ്ഥാനമുണ്ടാക്കുമ്പോഴാണ് മന്ദാകിനിയുടെ ഒരു ഫോട്ടോ വൈറലാവുന്നത്. ദാവൂദ് ഇബ്രാഹിമിനൊപ്പം ക്രിക്കറ്റ് മാച്ച് കാണുന്ന മന്ദാകിനിയുടെ ഫോട്ടോ എല്ലാവരെയും ഞെട്ടിച്ചു. 1993-ല്‍ നടന്ന മുംബൈ ബോംബ് സ്‌ഫോടനങ്ങളുടെ ഉത്തരവാദിയായ അതേ ദാവൂദ് ഇബ്രാഹിം. ബോംബ് സ്‌ഫോടനങ്ങള്‍ നടന്ന തൊട്ടടുത്ത വര്‍ഷമാണ് അയാള്‍ക്കൊപ്പമുള്ള മന്ദാകിനിയുടെ ഫോട്ടോ പുറത്തുവരുന്നത്. തനിക്ക് അയാളുമായി ഒരു ബന്ധവുമില്ലെന്ന് മന്ദാകിനി ഉറപ്പിച്ചുപറഞ്ഞെങ്കിലും, ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലിനൊപ്പമുള്ള ചിത്രം അവരുടെ കരിയര്‍ തന്നെ അവസാനിപ്പിച്ചു. അതും ഏറ്റവും കത്തിനില്‍ക്കുന്ന സമയത്തുതന്നെ. മന്ദാകിനിയുടെ ഇമേജിനെയും അത് വളരെ മോശമായി ബാധിച്ചു.

1988-ലെ ഹിറ്റ് സിനിമയായിരുന്നു വീരാന. അതിലെ നായിക ജാസ്മിന്‍ എന്ന അഭിനേത്രിയായിരുന്നു. അതിനുമുമ്പും സിനിമകളില്‍ അഭിനയിച്ചെങ്കിലും, ഒന്നും വിജയിക്കാതെ നില്‍ക്കുമ്പോഴാണ് 'വീരാന'യില്‍ അവസരം കിട്ടുന്നത്. ജാസ്മിന്റെ സൗന്ദര്യവും ഗ്ലാമറും ആഘോഷിച്ച സിനിമയാണത്. അതുവരെ കിട്ടാതിരുന്ന പ്രശസ്തിയെല്ലാം ആ ഒരൊറ്റ സിനിമയിലൂടെ നേടിയെടുത്തു. നായികയെ കാണാന്‍ മാത്രം പലരും ആ സിനിമ കണ്ടു. ഒറ്റരാത്രി കൊണ്ട് ജാസ്മിന് ഒട്ടേറെ ആരാധകരുണ്ടായി. അതിലൊരാളായിരുന്നു അധോലോകത്തെ നിയന്ത്രിച്ചിരുന്ന ദാവൂദ് ഇബ്രാഹിം. 'വീരാന'യിലെ ജാസ്മിനെ കണ്ട് ദാവൂദ് ഇബ്രാഹിം അവരെ എന്നും വിളിച്ച് ഉപദ്രവിക്കാന്‍ തുടങ്ങി, തന്റെ പ്രണയിനിയാവണമെന്നതായിരുന്നു ആവശ്യം. അത് നിഷേധിച്ചതോടെ, ദാവൂദിന്റെ ആളുകള്‍ അവരെ എല്ലായിടത്തും പിന്തുടരാന്‍ തുടങ്ങിയെന്നും പറയപ്പെടുന്നു. പിന്നീട് അവരെ സിനിമകളിലൊന്നും കാണാതായി. ഇന്നും അവര്‍ എവിടെയാണെന്ന് അറിയില്ല. അധോലോകം പിന്നാലെ വരാന്‍ തുടങ്ങിയപ്പോള്‍, രാജ്യം തന്നെ വിട്ട് ഓടിയതാണെന്നും അതല്ല അധോലോകത്തിന്റെ പിടിയില്‍നിന്ന് അഭയംതേടി ആത്മഹത്യ ചെയ്തെന്നും അഭ്യൂഹങ്ങളുണ്ട്.
മമത കുല്‍ക്കര്‍ണി വിവാദനായികയായി മാറിയത് ഛോട്ടാ രാജനുമായുള്ള അടുപ്പത്തിന്റെ പേരിലായിരുന്നു. ഛോട്ടാ രാജനുമായി മമത ഡേറ്റിങ്ങിലാണെന്ന് അന്നത്തെ ടാബ്ലോയിഡുകള്‍ എഴുതിവിട്ടു. അതില്‍ എവിടെയൊക്കെയോ സത്യമുണ്ടെന്ന് പിന്നീടുണ്ടായ സംഭവങ്ങളിലൂടെ തെളിഞ്ഞു. ചൈനാഗേറ്റ് എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം. സംവിധായകന്‍ രാജ്കുമാര്‍ സന്തോഷി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുള്ള മമതയുടെ പരാതി ഏറെ ചര്‍ച്ചയായി. ആ പരാതിയില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് പറഞ്ഞ് സന്തോഷിയും രംഗത്തെത്തി. അതിനൊടുവില്‍ സിനിമയില്‍നിന്ന് മമതയെ ഒഴിവാക്കാന്‍ സന്തോഷി തീരുമാനിച്ചു. പക്ഷേ, ഛോട്ടാ രാജനില്‍നിന്നുള്ള സമ്മര്‍ദം മൂലം അതിനുകഴിഞ്ഞില്ല. അങ്ങനെ ആ സിനിമയില്‍ മമത തന്നെ അഭിനയിച്ചു. എന്നാല്‍, പിന്നീട് അവരെ തേടി അവസരങ്ങള്‍ ഏറെയൊന്നും വന്നില്ല. ഛോട്ടാ രാജന്റെ ഇന്ത്യയില്‍നിന്നുള്ള പിന്‍വാങ്ങലോടെ അവരുടെ ബന്ധവും അവസാനിച്ചു.

പാകിസ്താനി താരം അനിത അയൂബ്, പ്യാര്‍ കാ തരാനാ എന്ന സിനിമയിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. വളരെ കുറച്ചുകാലം മാത്രമേ അവര്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞുള്ളൂ. ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധമാണ് അതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 1995-ല്‍ അനിതയെ അഭിനയിപ്പിക്കാന്‍ തയ്യാറാകാത്തതിനാല്‍ ജാവേദ് സിദ്ദിഖി എന്ന നിര്‍മാതാവിനെ ദാവൂദിന്റെ സംഘം വെടിവെച്ചുകൊല്ലുകയും ചെയ്തു.
പണംതട്ടുന്ന അധോലോകം
ടി.സീരീസ് സ്ഥാപകന്‍ ഗുല്‍ഷന്‍ കുമാര്‍ 1997-ലാണ് അന്ധേരിയില്‍വെച്ച് കൊല്ലപ്പെടുന്നത്. 16 വെടിയുണ്ടകളാണ് അദ്ദേഹത്തിന്റെ ശരീരത്തില്‍നിന്ന് കിട്ടിയത്. അബുസലിമായിരുന്നു ഈ കൊലയ്ക്കുപിന്നില്‍. നദീം-ശ്രാവണ്‍ സംഗീതസംവിധായക ജോഡിയിലെ നദീം നല്‍കിയ ക്വട്ടേഷന്‍ കൊലപാതകമാണിതെന്നും അന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, അബു സലിമിന്റെ സംഘം ആവശ്യപ്പെട്ട പത്തുലക്ഷം നല്‍കാത്തതിനാലാണ് കൊലപാതകമെന്നാണ് കണ്ടെത്തിയത്.
ബോളിവുഡില്‍ ഭാഗ്യം പരീക്ഷിക്കാനെത്തിയ താരമാണ് മോണിക്ക ബേദി. എന്നാല്‍, അവരെ പ്രശസ്തയാക്കിയത് അബു സലീമുമായുള്ള ബന്ധമാണ്. 'ജാനം സംഛാ കരോ', 'ജോഡി നമ്പര്‍ വണ്‍' എന്ന സിനിമകളില്‍ മോണിക്കയെ അഭിനയിപ്പിക്കാനായി അബു സലീം ഇടപെട്ടുവെന്നത് വലിയ വാര്‍ത്തയായിരുന്നു അക്കാലത്ത്.

'കഹോ നാ പ്യാര്‍ ഹെ' എന്ന സിനിമയുടെ ഓവര്‍സീസ് റൈറ്റ്‌സ് നല്‍കാന്‍ അധോലോകം നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാകേഷ് റോഷന്‍ അതിനു തയ്യാറായില്ല. അതിന്റെ പ്രതികാരമായി 2000-ല്‍ അദ്ദേഹത്തെ കൊല്ലാന്‍ നോക്കുകയും ചെയ്തു. തലനാരിഴയ്ക്കാണ് അന്ന് രാകേഷ് റോഷന്‍ രക്ഷപ്പെട്ടത്. 2013-ല്‍ അക്ഷയ് കുമാറിന് നിരന്തരം അധോലോകഭീഷണി നേരിടേണ്ടിവന്നു. അധോലോക തലവന്‍ രവി പൂജാരി അഞ്ചുകോടി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു നിരന്തരം വിളിച്ചത്.
പ്രീതി സിന്റയ്ക്കും അധോലോകസംഘങ്ങളുമായി ബന്ധമുണ്ടെന്ന് സൂചനകളുണ്ടായിരുന്നു. 2000-ല്‍ 'ചോരി ചോരി ചുപ്‌കെ ചുപ്‌കെ' എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് സംഭവം. സിനിമ റിലീസായി മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ നിര്‍മാതാവ് ഫിനാന്‍സിയറും അറസ്റ്റിലായി. സി.ബി.ഐ അന്വേഷണം ആരംഭിക്കുകയും ചെയ്തു. സിനിമയ്ക്ക് ഛോട്ടാ ഷക്കീല്‍ ആണ് പണം നല്‍കിയതെന്ന സംശയത്തിലായിരുന്നു അന്വേഷണം.

സല്‍മാന്‍ ഖാന്‍ സിനിമയില്‍ അഭിനയിക്കണമെന്നും ലാഭവീതം കിട്ടണമെന്നുമുള്ള ഡിമാന്റിന്‍മേലായിരുന്നുവത്രേ ഛോട്ടാ ഷക്കീല്‍ സിനിമയുടെ ഭാഗമായത്. പ്രീതി സിന്റയുടെ അന്നത്തെ കാമുകന്‍ നെസ് വാദിയ, രവി പൂജാരിയെ കണ്ടുവെന്നതിനാലാണ് പ്രീതി സിന്റയ്ക്ക് അധോലോകബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പരന്നത്. മാത്രമല്ല, സിനിമയുടെ ഷൂട്ടിങ് സമയത്ത് പ്രീതിക്ക് നിരന്തരം ഭീഷണി കോളുകള്‍ വരുകയും ചെയ്തു.
ഷാരൂഖ് ഖാനും അധോലോകത്തിന്റെ ഭീഷണി നേരിടേണ്ടിവന്ന കഥ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. 'ഹാപ്പി ന്യൂ ഇയര്‍' എന്ന സിനിമയില്‍ അഭിനയിക്കാന്‍ തനിക്കുമേല്‍ സമ്മര്‍ദമുണ്ടായിരുന്നുവെന്നും, സിനിമ റിലീസായപ്പോള്‍ ഭീഷണികളുണ്ടായെന്നും ഷാരൂഖ് പറഞ്ഞപ്പോള്‍ പലരും ഞെട്ടി.
Content Highlights: link between bombay underworld and bollywood
Published: 16 Oct 2024, 03:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented