ജൂലിയന്‍ മാര്‍ഗരറ്റ് ബീറ്റ് കോപ്കെ. വവ്വാലുകളെ പറ്റി പഠനം നടത്തുന്ന ജെര്‍മന്‍-പെറൂവിയന്‍ മാമലോളജിസ്റ്റാണ് അവര്‍. പക്ഷേ, പെറുവിലെ ജനങ്ങള്‍ക്ക് അവര്‍ അതിജീവനത്തിന്റെ പര്യായമാണ്. അതിദാരുണമായൊരു വിമാനദുരന്തത്തിലെ ഏക അതിജീവിത. ആകാശത്തിന്റെ ഉയരത്തില്‍ നിന്ന് ഭൂമിയിലേക്കുള്ള വീഴ്ചയില്‍ പരിക്കുകളോടെ രക്ഷപ്പെട്ട അദ്ഭുത ജന്മം. ലോകത്തെ അതിശയിപ്പിച്ച ജൂലിയന്റെ രക്ഷപ്പെടല്‍ അമ്പത്തിനാല് വര്ഷങ്ങള്ക്ക്മുമ്പൊരു ക്രിസ്മസ് രാത്രിലായിരുന്നു. 1971 ഡിസംബര്‍ 24. പെറുവിലെ ലിമയില്‍ നിന്നും കുതിച്ചുയര്‍ന്ന ലാന്‍സ ഫ്ലൈറ്റ് 508ലെ തൊണ്ണൂറ്റിയൊന്ന് യാത്രക്കാരില്‍ അമ്മയ്ക്കൊപ്പം ജൂലിയനും ഉണ്ടായിരുന്നു. പറന്നുയര്‍ന്ന് അരമണിക്കൂറിനുള്ളില്‍ മിന്നലേറ്റ് ആകാശത്തുവച്ചുതന്നെ അടര്ന്നൊടിഞ്ഞ വിമാനത്തില്‍ നിന്ന് ജീവിതത്തിലേക്ക് രക്ഷപ്പെട്ട ഒരേയൊരാള്‍ അവളായിരുന്നു.
പെറുവിലെ ലിമയിലായിരുന്നു ജൂലിയന്റെ ജനനം. ജര്‍മന്‍ സുവോളജിസ്റ്റായ മരിയ കൊപ്പേക്കിന്റെയും പെറൂവിയന്‍ വംശജനായ ഹാന്‍സ് വില്യമിന്റെയും ഏക മകള്‍. പരിസ്ഥിതി സ്നേഹികളായിരുന്നു ജൂലിയന്റെ അച്ഛനമ്മമാര്‍. വനസംരക്ഷണത്തിനായി ഒരു ഗവേഷണകേന്ദ്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ മകള്‍ക്കൊപ്പം ഏറെക്കാലം മരിയയും ഹാന്‍സും ആമസോണ്‍ മഴക്കാടുകളില്‍ ചെന്ന് താമസിക്കുകയുണ്ടായി. കാടിനെയും കാടിന്റെ ജീവിലോകത്തെയും അടുത്തറിഞ്ഞായിരുന്നു അവളുടെ കുട്ടിക്കാലം. കാട് ജൂലിയനെ അതിജീവനത്തിന്റെ പല മുറകളും പഠിപ്പിച്ചു.
ലിമയിലായിരുന്നു ജൂലിയന്റെ ബിരുദ പഠനം. 1971ലെ ക്രിസ്മസിനോടടുത്ത ദിവസങ്ങളിലൊന്നിലായിരുന്നു ബിരുദദാന ചടങ്ങ്. ആ ചടങ്ങില്‍ പങ്കെടുക്കാന്‍ ജൂലിയന്റെ അമ്മ മരിയ ലിമയിലെത്തി. പുകാല്പയിലെ വീട്ടില്‍ അവളുടെ അച്ഛന് തനിച്ചായിരുന്നു. തിരികെച്ചെന്ന് അച്ഛനൊപ്പം ക്രിസ്മസ് ആഘോഷിക്കാമെന്ന് മരിയ മകളോട് പറഞ്ഞു. പക്ഷേ, ക്രിസ്മസ് സീസണ് ആയതിനാല്‍ വിമാന ടിക്കറ്റുകള്‍ കിട്ടാതെയായി. ഒടുവില്‍ ലാന്‍സ എയര്‍ലൈന്‍സില്‍ മരിയ ക്രിസ്മസ് തലേന്നത്തേക്ക് രണ്ട് ടിക്കറ്റുകള്‍ തരപ്പെടുത്തി. തകരാറുകളും യാത്ര മുടക്കങ്ങളും ഒക്കെയായി ലാന്‍സയ്ക്ക് അത്യാവശ്യം ചീത്തപ്പേരുണ്ടായിരുന്ന കാലമായിരുന്നു അത്. ഇക്കാരണത്താല്‍ ആ വിമാനത്തിലെ യാത്ര ഒഴിവാക്കണമെന്ന് ഹാന്‍സ് ഭാര്യയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ക്രിസ്മസ് മൂവരും ഒന്നിച്ച് ആഘോഷിക്കണം എന്ന ആഗ്രഹത്തിന്റെ പുറത്ത് മരിയ തീരുമാനത്തില്‍ ഉറച്ചുനിന്നു.
ലിമയിലെ വിമാനത്താവളത്തില്‍ ക്രിസ്മസിന് തൊട്ടുമുന്‍പുള്ള സായാഹ്നത്തില്‍ അവര്‍ യാത്ര തുടങ്ങി. ലിമയില്‍ നിന്ന് കഷ്ടിച്ച് ഒരുമണിക്കൂര്‍ നീളുന്ന യാത്ര. ഏകദേശം അരമണിക്കൂര്‍ പിന്നിട്ടുകാണും. വിമാനത്തിനുമേല്‍ മിന്നല്‍ പതിച്ചു. അതിന്റെ ആഘാതത്തില്‍ പതിനായിരം അടി ഉയരത്തില്‍വച്ച് വിമാനം നുറുങ്ങിച്ചിതറി. ശക്തിയോടെ താന്‍ ഒരു വലിയ ശൂന്യതയിലേക്ക് വലിച്ചെറിയപ്പെടുംപോലൊരു തോന്നലായിരുന്നു ജൂലിയന്‍. പിന്നെയെപ്പോഴോ കണ്ണ് തുറക്കുമ്പോള്‍ നിബിഢവനത്തിന് നടുവില്‍ ഒരു നീര്‍ച്ചാലില്‍ ശരീരംനുറുങ്ങുന്ന വേദനയോടെ താന്‍ കിടക്കുകയാണെന്ന് അവള് തിരിച്ചറിഞ്ഞു.
ആമസോണ്‍ മഴക്കാടുകളിലെ പതിയെ ഒഴുകുന്ന നീര്ച്ചാലുകളിലൊന്നിന്റെ ഓരത്ത് പടുകൂറ്റന്‍ മരങ്ങളുടെ ഇലകള്‍ മെത്തപോലെ അടുക്കി വിരിക്കപ്പെട്ട ഒരിടത്താണ് ഉയരത്തില്‍ നിന്ന് അവള് ചെന്നുവീണത്. വിമാനത്തില്‍ താനിരുന്ന സീറ്റില്‍ ബെല്റ്റാല് ബന്ധിപ്പിക്കപ്പെട്ട നിലയിലായിരുന്നു അവള്. പതിനായിരം അടി ഉയരത്തില്‍ നിന്നുള്ള വീഴ്ചയില്‍ മരണത്തില്‍ നിന്ന് അവള് രക്ഷപ്പെട്ടതിന് പ്രധാനകാരണം അതാണെന്ന് വിദഗ്ധര്‍ ഉറപ്പിച്ചുപറയുന്നു. തലയിലുള്‍പ്പെടെ ശരീരമാസകലം പരിക്ക്. നുറുങ്ങിയ അസ്ഥികള്‍. ശരീരത്തില്‍ നിന്ന് സീറ്റ് അഴിച്ചുമാറ്റി ജൂലിയന്‍ ചുറ്റും നോക്കി. കാടിന്റെ വിജനത മാത്രം കണ്ണില്‍ പതിഞ്ഞു. മഴക്കാടുകളിലെ താമസക്കാലത്ത് അച്ഛനും അമ്മയും പകര്‍ന്നുകൊടുത്ത വനജീവിതത്തിന്റെ പാഠങ്ങള്‍ അവള് ഓര്‍ത്തു. എന്നെങ്കിലും കാട്ടില്‍ തനിച്ചകപ്പെട്ടാല് നീര്‍ച്ചാലുകളുടെ ഓരം പറ്റി ദിശ കണ്ടെത്തുക. അതുവഴി അരുവിയിലേക്കും നദീതീരത്തേക്കും എത്തിച്ചേരും. അവിടെ തീര്‍ച്ചയായും സഹായത്തിന് ആരെങ്കിലും ഉണ്ടാകും. അതായിരുന്നു ആ പാഠങ്ങളിലൊന്ന്.
മരങ്ങളുടെ തണല്‍പറ്റി നീര്‍ച്ചാലുകളുടെ ഓരത്തുകൂടി ജൂലിയന്‍ പതിയെ മുന്നോട്ട് നടന്നു. പലപ്പോഴും കാട്ടിലെ പ്രാണികള്‍ അവളെ മുറിപ്പെടുത്തി. ശരീരത്തിലെ മുറിവുകളില്‍ കൂടുകൂട്ടി അവയില്‍ ചിലത് അവളുടെ രക്തംകുടിച്ചു. മുന്നോട്ടുള്ള നടത്തത്തില്‍ പൊട്ടിവീണ വിമാനത്തിന്റെ ഭാഗങ്ങളും ചില മൃതദേഹങ്ങളും അവള് കണ്ടു. മണ്ണില്‍ പുതഞ്ഞ മൃതദേഹങ്ങളില്‍ തന്റെ അമ്മയെ അവള് തിരഞ്ഞു. നീര്‍ച്ചാലുകള്‍ അരുവികളായി വളര്‍ന്നയിടങ്ങളില്‍ മുതലകളെയും പിരാനാ മത്സ്യങ്ങളെയും ഭയക്കാതെ അവള് നീന്തി.
ഒടുവില്‍ പതിനൊന്നാംദിവസം ഒരുകൂട്ടം വിറകുവെട്ടുകാര്‍ അവളെ കണ്ടു. അവരവളെ തങ്ങളുടെ താവളത്തിലേക്ക് കൊണ്ടുപോയി മുറിവുകള്‍ വൃത്തിയാക്കിയശേഷം ആശുപത്രിയിലെത്തിച്ചു. പരിക്കുകള്‍ ഒട്ടൊന്നു ഭേദമായതോടെ തിരച്ചില്‍ സംഘത്തിനൊപ്പം ജൂലിയന്‍ വീണ്ടും കാടുകയറി. വിമാനം എവിടെയാണ് തകര്‍ന്നുവീണത് എന്നതിനെപറ്റി വിവരങ്ങള്‍ അവര്‍ക്ക് ലഭിച്ചത് ജൂലിയനില്‍ നിന്നുമാണ്. അപകടത്തില്‍ അമ്മയടക്കം തന്റെ സഹയാത്രികരെല്ലാം മരിച്ച വിവരം ജൂലിയന്‍ ഉള്‍ക്കൊണ്ടു. ആ ശൂന്യതയുമായി ആ ദിവസങ്ങളുടെ നടുക്കുന്ന ഓര്‍മ്മകളുമായി ജൂലിയന്‍ പതിയെ പൊരുത്തപ്പെട്ടു. അമ്മയെപ്പോലെ സുവോളജിയില്‍ തുടര്‍പഠനങ്ങള്‍ നടത്തി. സസ്തനികളെ പറ്റി ഗവേഷങ്ങളില്‍ ഏര്‍പ്പെട്ടു. അദ്ഭുതകരമായ തന്റെ അതിജീവനകഥ ജര്‍മന്‍ഭാഷയില്‍ പുസ്തകരൂപത്തില്‍ പുറത്തിറക്കി. ‘വെന്‍ ഐ ഫെല്‍ ഫ്രം ദ സ്കൈ’ എന്ന പേരില്‍ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയും ലഭ്യമാണ്. ജൂലിയന്റെ കഥ നിരവധി ഭാഷകളില്‍ സിനിമയായും ഡോക്യുമെന്ററിയായുമൊക്കെ പുറത്തിറങ്ങിയിട്ടുണ്ട്.
Content Highlights: ജൂലിയൻ കോപ്കെ: വിമാനാപകടത്തിൽ നിന്നും അത്ഭുതകരമായ രക്ഷപ്പെടൽ
Published: 13 Jun 2025, 04:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented