കൗമാരപ്രായത്തിലാണ് ജയബാദുരി സിനിമയിലേക്ക് വരുന്നത്. 'മഹാനഗർ' എന്ന സത്യജിത് റായ്‌യുടെ ആ സിനിമയ്ക്കുശേഷം, ഒട്ടേറെ സിനിമകളിൽ അവർ അഭിനയിച്ചു. 1973-ൽ വിവാഹവും തൊട്ടടുത്ത വർഷം മകൾ ശ്വേതയും ജനിച്ചതോടെ ജയ പതുക്കെ സിനിമയിൽനിന്ന് അകന്നു. 1981-ൽ 'സിൽസില'യിൽ അഭിനയിച്ചശേഷം, പൂർണമായും സിനിമയോട് വിടപറഞ്ഞു. 17 വർഷങ്ങൾക്കുശേഷമാണ് പിന്നെ സിനിമയിലേക്ക് തിരിച്ചുവരുന്നത്. താൻ സിനിമ വിടാനുണ്ടായ കാരണം പറയുകയാണ് ജയ ബച്ചൻ.

To advertise here,

മാധ്യമപ്രവർത്തകയായ ബർഖ ദത്തിനോട് സംസാരിക്കുകയായിരുന്നു ജയ. ''ഷൂട്ടിങ്ങിനുപോകുമ്പോൾ വീട്ടിൽവെച്ചായിരുന്നു മേക്കപ്പ് ചെയ്തിരുന്നത്. മകൾക്ക് തിരിച്ചറിവായ സമയമാണത്. അവൾക്കൊപ്പം കുറച്ചുസമയം കൂടി കിട്ടാൻ വേണ്ടിയാണ് വീട്ടിൽ തന്നെ മേക്കപ്പ് ചെയ്യാൻ തുടങ്ങിയത്. ഒരു ദിവസം, ഞാൻ എന്താണ് ചെയ്യുന്നതെന്ന് അവൾ ചോദിച്ചു. എന്റെ ഷൂട്ടിനുള്ള മേക്കപ്പ് ചെയ്യുകയാണെന്ന് അവളോട് പറഞ്ഞു. ഉടനെ അവളുടെ മറുപടി വന്നു, 'അമ്മ പോകരുത്, അച്ഛനെ പോകാൻ അനുവദിക്കൂ' എന്ന്. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. കുഞ്ഞിനെ നോക്കാൻ വീട്ടിൽ നിറയെ ആളുകളുണ്ടായിരുന്നു. എന്നിട്ടും അവൾക്ക് അമ്മയെ എപ്പോഴും കൂടെ വേണമെന്ന് അവളുടെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് മനസ്സിലായി. അത്രയും നിഷ്‌കളങ്കമായിരുന്നു അവളുടെ വാക്കുകൾ'', ജയ ഓർക്കുന്നു.

''പിന്മാറേണ്ട സമയമായെന്ന് എനിക്ക് തോന്നി. ഞാൻ സിനിമകൾ നിരസിക്കാൻ തുടങ്ങി. മാത്രമല്ല, ഒരേ തരത്തിലുള്ള വേഷങ്ങൾ ലഭിക്കുന്നതിനാൽ എനിക്ക് മടുത്തിരുന്നു. പുതിയതൊന്നും വരുന്നുമില്ല. അങ്ങനെയുള്ള വേഷങ്ങളിൽ അഭിനയിക്കുന്നതിനേക്കാൾ എനിക്ക് താത്പര്യം തോന്നിയത് അമ്മയുടെയും ഭാര്യയുടെയും റോളിൽ വീട്ടിലിരിക്കുന്നതായിരുന്നു''.

എന്നാൽ ശ്വേതയുടെ വിവാഹം കഴിഞ്ഞതോടെ തനിക്ക് ഏകാന്തത തോന്നിയെന്നും അവർ വെളിപ്പെടുത്തുന്നു. ''ശ്വേത വിവാഹിതയായതിനുശേഷം എനിക്ക് ഏകാന്തത അനുഭവപ്പെട്ടു. ജീവിതത്തിൽ ഒരിക്കലും ഞാനതുവരെ അത്രയധികം അസ്വസ്ഥത അനുഭവിച്ചിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, പലപ്പോഴും കരച്ചിൽ നിർത്താൻ കഴിഞ്ഞില്ല. ആ സമയത്താണ് സിനിമയിലേക്കുള്ള അവസരം വരുന്നത്. സമ്മതിക്കുകയും ചെയ്തു'', തിരിച്ചുവരവിനെക്കുറിച്ച് ജയയുടെ വാക്കുകൾ.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi