'ശ്രീമതി ജയാ അമിതാഭ്ബച്ചന്‍ ജീ' എന്ന രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്റെ അഭിസംബോധനയില്‍ അതൃപ്തി പ്രകടിപ്പിച്ച് ജയാ ബച്ചന്‍. നടിയും സമാജ് വാദി പാര്‍ട്ടി എം.പിയുമായ ജയാ ബച്ചന്‍ സിവില്‍ സര്‍വീസ് കോച്ചിങ് കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മലയാളി വിദ്യാര്‍ഥിയടക്കം മരിച്ച സംഭവത്തില്‍ സംസാരിക്കുകയായിരുന്നു. 

രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ്‌നാരായണ്‍ സിംഗിന്റെ അഭിസംബോധനയാണ് ജയാ ബച്ചനെ അസ്വസ്ഥയാക്കിയത്. സ്ത്രീകള്‍ എപ്പോഴും അവരുടെ ഭര്‍ത്താക്കന്മാരുടെ പേരിലാണ് അറിയപ്പെടുന്നതെന്നും, അവര്‍ക്ക് സ്വന്തമായി യാതൊരു നേട്ടവുമില്ലെന്നും അവരുടെ അസ്തിത്വത്തെ മറച്ചുപിടിക്കുന്നതാണിതെന്നും ജയാ അഭിപ്രായപ്പെട്ടു. എന്നാല്‍ പാര്‍ലമെന്ററി രേഖകള്‍ പ്രകാരമുള്ള പേരാണ് താന്‍ വിളിച്ചതെന്ന് ഹരിവംശ്‌നാരായണ്‍ സിംഗ് വ്യക്തമാക്കി.

സോഷ്യമീഡിയയില്‍ വൈറലായ സംഭവത്തിന് സമ്മിശ്രപ്രതികരണങ്ങളാണ് ഉയര്‍ന്നുവരുന്നത്. ജയാ ഭാദുരിയും അമിതാഭ് ബച്ചനും 1973, ജൂണ്‍3-നാണ് വിവാഹിതാരാകുന്നത്. എഴുത്തുകാരിയായ ശ്വേത ബച്ചന്‍ നന്ദയും നടനും നിര്‍മാതാവുമായ അഭിഷേക് ബച്ചനുമാണ് മക്കള്‍. 2004-മുതല്‍ ഉത്തര്‍പ്രദേശിനെ പ്രതിനിധീകരിക്കുന്ന, സമാജ്‌വാദി പാര്‍ട്ടിയുടെ രാജ്യസഭാ എം.പിയാണ് ജയ. അഞ്ചാം തവണയാണ് സഭയിലെത്തുന്നത്.