ബൾഗേറിയയിൽ ഒരു സ്ത്രീയുണ്ടായിരുന്നു വർഷങ്ങൾക്കുമുമ്പ്, ബാബ വാംഗ എന്നായിരുന്നു പേര്. ചെറുപ്പം മുതലേ കാഴ്ചാവൈകല്യമുള്ള അവർ, പക്ഷേ വളരെ പെട്ടെന്നാണ് പ്രശസ്തയായത്. കാര്യങ്ങൾ മുൻകൂട്ടി കാണാനുള്ള അവരുടെ കഴിവായിരുന്നു അതിനു കാരണം.
രണ്ടാം ലോകമഹായുദ്ധം, സ്റ്റാലിന്റെ മരണം, ചെർണോബിൽ ദുരന്തം, ഡയാന രാജകുമാരിയുടെ മരണം, സെപ്റ്റംബർ 11 ഭീകരാക്രമണം, 2004-ലെ സുനാമി തുടങ്ങിയവയൊക്കെ അവർ പ്രവചിച്ചിരുന്നുവെന്ന് ബാബ വാംഗയുടെ അനുയായികൾ അവകാശപ്പെടുന്നു. അവർ പ്രവചിച്ചുവെന്ന് പറയുന്നതിനെക്കുറിച്ച് തെളിവുകളൊന്നുമില്ല. വാംഗയ്ക്ക് അങ്ങനെയുള്ള കഴിവുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് വാംഗയോട് അടുപ്പമുള്ളവർ പറയുന്നു. എന്നാൽ, അവരുടെ അനുയായികൾ പറയുന്നത് നേരെ തിരിച്ചും.
1996-ൽ 85-ാം വയസ്സിലാണ് വാംഗ മരിക്കുന്നത്. അതിനുശേഷവും അവരുടെ പ്രശസ്തിക്ക് യാതൊരു കുറവുമില്ല. ആളുകൾ ഇന്നും വാംഗയേയും അവരുടെ പ്രവചനങ്ങളെയും കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു. അവരുടെ അവസാന ആഗ്രഹമനുസരിച്ച് ബൾഗേറിയയിലുള്ള വീട്, ഒരു മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ്. ആർക്കും അവിടം സന്ദർശിക്കാനുള്ള അനുവാദമുണ്ട്.
അതിനൊപ്പം തന്നെ ജപ്പാനിൽനിന്നും പുതിയൊരു ബാബ വാംഗ ഉയർന്നുവരുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. കോമിക് ചിത്രങ്ങൾ വരയ്ക്കുന്ന സ്ത്രീയാണ് റയോ ടട്‌സുകി. അവർ കാണുന്ന സ്വപ്‌നങ്ങളെല്ലാം ഫലിക്കുന്നുവെന്നാണ് അവർ അവകാശപ്പെടുന്നത്. 1991-ലാണത്രേ ആദ്യത്തെ സംഭവം. ഫ്രെഡി മെർക്കുറി എന്ന ഗായകൻ മരിക്കുന്നത് അവർ സ്വപ്‌നം കണ്ടു. കേവലം മാസങ്ങൾ കഴിഞ്ഞപ്പോഴേക്കും ആ മരണം സംഭവിച്ചു.
1992-ൽ റയോ കണ്ട സ്വപ്‌നത്തിൽ ഒരു സ്ത്രീയായിരുന്നു. അവരിങ്ങനെ ചോദിച്ചു, ''ഡയാന? മരിച്ചോ''? ഡയാനയുടെ ചിത്രവും അവരപ്പോൾ കണ്ടു. അതുകഴിഞ്ഞ് അഞ്ചുവർഷം കഴിഞ്ഞപ്പോഴാണ് ഡയാന രാജകുമാരി മരിക്കുന്നത്.
1995-ൽ ജപ്പാനിൽ ഒരു ഭൂകമ്പമുണ്ടാകുന്നതും ധാരാളം ആളുകൾ മരിക്കുന്നതും അവർ സ്വപ്‌നം കണ്ടു. ജപ്പാനിലുണ്ടായ ഭൂകമ്പത്തിൽ 6000 പേരാണ് മരിച്ചത്. 1995-ൽ അവർ കണ്ട മറ്റൊരു സ്വപ്‌നവും ആരാധകർ ചർച്ചയാക്കി. 25 വർഷങ്ങൾക്കുശേഷം ഒരു വൈറസ് വന്ന് ലോകരാജ്യങ്ങളിലെല്ലാം പടരുമെന്ന് അവർ ഡയറിയിൽ കുറിച്ചുവത്രേ. അതാണ് കോവിഡ്-19 എന്നും അവർ വാദിക്കുന്നു.
2011-ൽ ഒരു വലിയ ഭൂകമ്പവും അതിനെത്തുടർന്ന് സുനാമിയും സംഭവിക്കുമെന്നും അവർ സ്വപ്‌നം കണ്ടെന്ന് ആരാധകർ പറയുന്നു. ജപ്പാനിൽ അതുപോലെ നടക്കുകയും ചെയ്തു. മരിച്ചത് 19,000-ത്തിലേറെ ആളുകൾ.
റയോയുടെ പുതിയ അവകാശവാദമാണ് ഇപ്പോൾ ചർച്ചയാവുന്നത്. 2025-ൽ ഇതുവരെ കണ്ടതിൽ വച്ചേറ്റവും വലിയ സുനാമി ജപ്പാൻ അടക്കമുള്ള രാജ്യങ്ങളിലെ തകർക്കുമെന്നാണ് അവർ പറയുന്നത്. ഫിലിപ്പൈൻസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളെയും അത് ബാധിക്കുമത്രേ. സ്വപ്‌നത്തിൽ ഇതിന്റെ ഉത്ഭവസ്ഥാനവും ഒരു ഡയമണ്ടിന്റെ ആകൃതിയിൽ കണ്ടുവെന്നാണ് റയോയുടെ അവകാശവാദം.
Content Highlights: japans baba vanga predicts another disaster
Published: 12 Apr 2025, 04:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented