
പ്രതീകാത്മകചിത്രം/ pixels.com
കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ ദാനമെന്നാണ് പറയാറ്. കുഞ്ഞുങ്ങളുണ്ടാവാത്തതിന്റെ ദുഖവും ദുരന്തവും അടിച്ചേല്‍പ്പിക്കുന്ന സമൂഹമാണ് നമ്മുടേത്. കുട്ടികള്‍ വേണ്ടെന്ന് കരുതി ജീവിക്കുന്നവരെ കൂര്‍ത്തകണ്ണുകളോടെയല്ലാതെ കാണാന്‍ ഇന്നും ഈ സമൂഹത്തിന് കഴിയാറുമില്ല. കുഞ്ഞുണ്ടാകാത്തതിനാല്‍ 'ചേട്ടന്‍ വേറെ വിവാഹം കഴിച്ചോളൂ, ഞാന്‍ പോയിത്തരാം, എന്റേതൊരു നശിച്ച ജന്മമാണ്' എന്നൊക്കെയുള്ള ഡയലോഗുകള്‍ നമ്മുടെ പല ആവിഷ്‌ക്കാരങ്ങളിലും സര്‍വസാധാരണമാണ്. സ്ത്രീയെന്നാല്‍ അമ്മയാണ് എന്ന മഹത്വവത്ക്കരണം പോലും അതിന്റെ ഭാഗമാണല്ലോ. കുഞ്ഞു വേണ്ട, കരിയര്‍ മതിയെന്ന് തീരുമാനിച്ച സാറാസ് എന്ന അന്ന ബെന്നിന്റെ കഥാപാത്രത്തിന് കിട്ടിയ കല്ലേറ് തന്നെ അതിനുദാഹരണം. വരും തലമുറയുടെ ചിന്തയിലെ മാറ്റങ്ങളെ മുന്നോട്ടുവെച്ച സിനിമകൂടിയായിരുന്നു സാറാസ്. ഇത്തരത്തില്‍ കുഞ്ഞുങ്ങള്‍ വേണ്ടെന്ന് വയ്ക്കുന്നവരുടെ എണ്ണം ഏറുകയാണെന്ന് പഠനങ്ങള്‍. കുഞ്ഞുങ്ങളെ വളര്‍ത്താനുള്ള മടിമാത്രമല്ല, ലോകത്തിന്റെ ഭാവി, കാലവസ്ഥാ മാറ്റങ്ങള്‍, പെരുകുന്ന അരക്ഷിതാവസ്ഥകള്‍, തൊഴിലില്ലായ്മ, ഏറുന്ന മാനസികാരോഗ്യപ്രശ്‌നങ്ങള്‍... എന്നിങ്ങനെ വലിയ കാരണങ്ങളുണ്ട് കുഞ്ഞുങ്ങള്‍ വേണ്ടെന്ന് തീരുമാനിക്കുന്നതിനു പിന്നില്‍.
ഈ മലിനലോകത്ത് വേണ്ട ഇനിയൊരു തലമുറ
കാലാവസ്ഥാ വ്യതിയാനം ഇനി വരുന്ന തലമുറയെ എങ്ങനെയാവും ബാധിക്കുക. ഈ മലിനീകരിക്കപ്പെട്ട ഭൂമിയില്‍ അവര്‍ക്കെന്താണ് ഭാവി... ഈ ചോദ്യങ്ങളില്‍ നിന്നാണ് ബ്രിട്ടീഷ് സംഗീതജ്ഞയും പരിസ്ഥിതിപ്രവര്‍ത്തകയുമായ ബ്ലത്തി പെപ്പിനോ ബര്‍ത്ത്‌സ്‌ട്രൈക്ക് മൂവ്‌മെന്റിന് രൂപം നല്‍കിയത്. കാലവാസ്ഥാമാറ്റം മനുഷ്യവംശത്തിന്റെ നാശത്തിന് കാരണമാകും എന്നാണ് ഈ മൂവ്‌മെന്റില്‍ ഭാഗമാകുന്നവര്‍ പറയുന്നത്. അത്തരമൊരു അവസ്ഥയില്‍ ഇനിയെന്തിന് കുഞ്ഞുങ്ങളെ ജനിക്കാന്‍ അനുവദിക്കണം എന്നതാണ് അവരുടെ ചോദ്യം. 2018 ലാണ് പെപ്പിനോ ഈ മൂവ്‌മെന്റിന് തുടക്കം കുറിച്ചത്. രണ്ടാഴ്ച്ചക്കുള്ളില്‍ തന്നെ മൂന്നൂറോളം സ്ത്രീകള്‍ ഇവര്‍ക്ക് പിന്തുണയുമായി എത്തി. 'എനിക്ക് ഒരു കുഞ്ഞിനെ വേണമെന്ന് വലിയ ആഗ്രഹമായിരുന്നു. ഞാനും എന്റെ പങ്കാളിയും ഞങ്ങളുടെ കുഞ്ഞും. എന്നാല്‍ ഈ ഭൂമിയില്‍ ഈ കാലത്ത് അങ്ങനെയൊന്ന് വേണ്ടയെന്ന് പിന്നീട് തോന്നി.' പെപ്പിനോ സിഎന്‍എന്നിന് നല്‍കിയ ഒരഭിമുഖത്തില്‍ പറയുന്നത് ഇങ്ങനെ.
മലിനീകരിക്കപ്പെട്ട ഭൂമിയില്‍ കഷ്ടപ്പെട്ടു ജീവിക്കാന്‍ ഇനിയൊരു തലമുറ വേണ്ട എന്നതാണ് ഇവരുടെ അഭിപ്രായം. കുട്ടികളെ വേണ്ടെന്ന് വയ്ക്കാന്‍ നിര്‍ബന്ധിക്കുകയല്ല മൂവ്‌മെന്റിന്റെ ലക്ഷ്യം. കാലാവസ്ഥാമാറ്റവും മലിനീകരണവും തകര്‍ക്കുന്ന ലോകത്ത് ഇനിയൊരു തലമുറ വേണോ, അതോ പരിസ്ഥിതിയെ തിരിച്ചുപിടിക്കാന്‍ ശ്രമിക്കണോ എന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണ് അവര്‍.
യുഎസിലെ നാഷണല്‍ അക്കാഡമി ഓഫ് സയന്‍സസ് 2027-ല്‍ നടത്തിയ ഒരു പഠനത്തില്‍ ലോകമെങ്ങും കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് 2100 ആകുമ്പോഴേക്കും ലോജനസംഖ്യയെ കാര്യമായി ബാധിക്കുമെന്ന് പറയുന്നു. ലോകത്തിലെ കാര്‍ബണ്‍ എമിഷന്റെ അളവ് കുറയ്ക്കാന്‍ മനുഷ്യരുടെ എണ്ണം കുറയുന്നത് സഹായിക്കുമെന്ന് മറ്റൊരു പഠനം പറയുന്നു. എന്നാല്‍ ആ എണ്ണം കുറയ്ക്കല്‍ അടിച്ചേല്‍പ്പിക്കാനാവില്ല. ആളുകള്‍ സ്വയം സ്വീകരിക്കുന്നതായിരിക്കണമെന്നുമാത്രം.
സാമൂഹികമായ കാരണങ്ങള്‍
കാലവസ്ഥയ്‌ക്കൊപ്പം മറ്റനേകം കാരണങ്ങളും കുട്ടികളെ വേണ്ടെന്നു വയ്ക്കുന്നതിനുപിന്നിലുണ്ട്. സ്ത്രീകള്‍ അവരുടെ ആരോഗ്യത്തെയും സ്വാതന്ത്ര്യത്തെയും പറ്റി കൂടുതല്‍ ബോധവതികളാവുന്നതും ഇതിനുപിന്നിലെ കാരണമാണ്. ഇപ്പോള്‍ അവര്‍ ജീവിക്കുന്ന രീതിയോട് അവര്‍ക്ക് മടുപ്പു തോന്നിക്കഴിഞ്ഞു. കുഞ്ഞുങ്ങള്‍ പിറന്നില്ലെങ്കില്‍ ലോകമെങ്ങനെ മുന്നോട്ടുപോകുമെന്ന ചോദ്യത്തിന്, ഞങ്ങളെന്തിന് അതേപ്പറ്റി ചിന്തിക്കണം എന്ന മറുചോദ്യം അവര്‍ ചോദിച്ചു തുടങ്ങിയിരിക്കുന്നു. കുഞ്ഞുപിറക്കുന്നതോടെ ജോലി നഷ്ടമാകുന്ന, സാമ്പത്തിക സുരക്ഷിതത്വം നഷ്ടമാകുന്ന, ആരോഗ്യം നഷ്ടമാകുന്ന സ്ത്രീകള്‍ ധാരാളമുണ്ട്. കുഞ്ഞുള്ള അമ്മമാരെ ഉള്‍ക്കൊള്ളുന്ന വിധത്തില്‍ നമ്മുടെ തൊഴിലിടങ്ങള്‍ ഇന്നും മാറിയിട്ടൊന്നുമില്ല. പ്രസാവാവധിയെ വേക്കഷനെന്നും പരിഹസിക്കുന്നവര്‍ നമുക്കുചുറ്റും ഇന്നും ധാരാളമുണ്ട്. അത്തരമൊരു സമൂഹത്തിനുവേണ്ടി ഒരു കുഞ്ഞിനെ പ്രസവിക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ലെന്ന് പറയുന്ന പുതുതലമുറക്കാര്‍ ഏറെയുണ്ട്.
ദക്ഷിണകൊറിയ, ജപ്പാന്‍, ഇറ്റലി, മിഡില്‍ ഈസ്റ്റ്... എന്നിവിടങ്ങളിലെല്ലാം പ്രകടമായി കുട്ടികളുടെ എണ്ണത്തിലുള്ള ഈ കുറവ് വര്‍ധിച്ചുവരുന്നുണ്ട്. യുഎന്‍ ലോകത്ത് 14 രാജ്യങ്ങളില്‍ നടത്തിയ ഒരു പഠനത്തില്‍ അഞ്ചിലൊന്ന് ആളുകള്‍ ഒന്നില്‍ കൂടുതല്‍ കുട്ടികളെ ആഗ്രഹിക്കുന്നില്ല എന്ന് കണ്ടെത്തിയിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍, തൊഴില്‍ പ്രശ്‌നങ്ങള്‍, പാര്‍പ്പിടമില്ലായ്മ എന്നിവയൊക്കെയാണ് അവരില്‍ പലരും കുട്ടികളുടെ എണ്ണം കുറക്കുന്നതിന് കാരണമായി പറഞ്ഞത്.
വാഗ്ദാനങ്ങള്‍ നല്‍കുന്ന രാജ്യങ്ങള്‍
എഡിന്‍ബെര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ദേവി ശ്രീധര്‍ അല്‍ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കുട്ടികളുടെ എണ്ണം കൂട്ടാനായി പലരാജ്യങ്ങളും നല്‍കുന്ന വാഗ്ദാനങ്ങളെപ്പറ്റി പറയുന്നുണ്ട്. തായ് വാനില്‍ ഒരു കുട്ടി പിറന്നാല്‍ മാതാപിതാക്കള്‍ക്ക് അവര്‍ക്കേറ്റവും ഇഷ്ടപ്പെട്ട ഓമനമൃഗത്തെക്കൂടി നല്‍കും. ഹംഗറിയില്‍ നിങ്ങള്‍ വിവാഹം കിഴിച്ചാല്‍ 30,000 ഡോളര്‍ ലോണ്‍ നല്‍കും. മൂന്ന് കുട്ടികള്‍ പിറന്നാല്‍, അതും നിശ്ചിത സമയപരിധിക്കുള്ളിലാണെങ്കില്‍ ലോണ്‍ തിരിച്ചടയ്‌ക്കേണ്ടതില്ല. റഷ്യയില്‍ രണ്ട് കുട്ടികളുണ്ടെങ്കില്‍ 70,000 ഡോളര്‍ ഗവണ്‍മെന്റ് നല്‍കും. ദക്ഷിണ കൊറിയ പോലുള്ള രാജ്യങ്ങള്‍ മെറ്റേണിറ്റി ലീവ്, പെറ്റേണിറ്റി ലീവ്, ചൈല്‍ഡ്‌കെയര്‍ ഫസിലിറ്റികള്‍, ജോലിയുള്ള സ്ത്രീകള്‍ക്ക് കുട്ടികളെ ടെന്‍ഷനില്ലാതെ സ്‌കൂളിലയക്കാനുള്ള സംവിധാനങ്ങള്‍ എന്നിവയ്ക്കായി ഉദാരമായി പണം ചെലവഴിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത്തരം വാഗ്ദാനങ്ങളിലൊന്നും പുതുതലമുറ വീഴുന്നില്ലെന്നതും മറ്റൊന്നാണ്.
കുട്ടികള്‍ വേണ്ട ; 334 കാരണങ്ങള്‍
ഈയടുത്ത് വൈറലായ ജെന്‍ സി ടിക് ടോക്കര്‍ അബിഗെയ്ല്‍ പോട്ടറിന്റെ വീഡിയോയാണിത്. താന്‍ കുട്ടികള്‍ വേണ്ടെന്ന് കരുതുന്നതിന്റെ 334 കാരണങ്ങളാണ് ഈ 24 കാരി തുറന്നു പറയുന്നത്. സ്വാതന്ത്ര്യം നഷ്ടമാകും എന്നാതാണ് അബിഗെയ്‌ലിന്‍ പറയുന്ന ഒരുകാരണം. സമൂഹത്തിന്റെ പ്രതീക്ഷക്കനുസരിച്ച് ജീവിക്കുന്നതിനുപകരം ഭാരമില്ലാത്ത ജീവിതമാണ് തനിക്കിഷ്ടമെന്ന് അവര്‍ പറയുന്നു. കുഞ്ഞിനൊപ്പമുള്ള ജീവിതം കൂടുതല്‍ ചെലവേറിയതാണെന്നാണ് മറ്റൊന്ന്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട അഭിപ്രായം കുട്ടികള്‍ വേണ്ടെന്ന് വയ്ക്കുന്നതു സ്വാര്‍ഥമായ തീരുമാനമാണ് എങ്കില്‍ കുട്ടികള്‍ വേണമെന്നതും സ്വാര്‍ഥമായ തീരുമാനമാണെന്നതായിരുന്നു. കുട്ടികള്‍ വേണമെന്ന് കരുതുന്നയൊരാള്‍ അയാളുടെ മറ്റെല്ലാ ആഗ്രഹങ്ങള്‍ക്കും മുകളില്‍ കുട്ടിയെന്നതിനെ വയ്ക്കും, അതിലാവും പ്രതീക്ഷയെല്ലാം. തിരിച്ചുള്ളയാള്‍ക്ക് അവരുടെ മറ്റിഷ്ടങ്ങള്‍ക്കായിരിക്കും പ്രാധാന്യം. രണ്ടിലും തീരുമാനമെടുക്കപ്പെടുന്നത് അവനവന് വേണ്ടിയാണല്ലോ എന്നും അവര്‍ തുറന്നടിക്കുന്നു.
കുഞ്ഞുങ്ങള്‍ക്ക് വേണ്ടി സ്ത്രീകളെ നിര്‍ബന്ധിക്കുന്ന സമൂഹത്തിനെതിരെയും അബിഗെയ്ല്‍ സംസാരിക്കുന്നുണ്ട്. അബിഗെയ്‌ലിന്റെ വീഡിയോക്കെതിരെ വന്‍വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ അവര്‍ അതിനെതിരെ പ്രതികരിച്ചത് ഇങ്ങനെയാണ്, ' ആളുകള്‍ക്ക് ഞാന്‍ സന്തോഷമില്ലാത്ത ജീവിതം നയിക്കുന്നത് കാണാനാണ് ആഗ്രഹം. പലരും പറഞ്ഞത് പ്രായമാകുമ്പോള്‍ എന്നെ നോക്കാനാരും ഉണ്ടാകില്ലെന്നാണ്.' എന്നാല്‍ ആളുകളുടെ തിരഞ്ഞെടുപ്പുകള്‍ അവരുടെ വ്യക്തിപരമായ കാര്യമാണ്, അതില്‍ സമൂഹം ഇടപെടേണ്ടതില്ലെന്നും അബിഗെയ്ല്‍.
ഇന്ത്യയിലുമുണ്ട് മാറ്റങ്ങള്‍
ഇന്ത്യന്‍ മെട്രോ സിറ്റികളില്‍ ജനനനിരക്ക് കാര്യമായി കുറയുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജനസംഖ്യ വര്‍ധിക്കുന്നതിന്റെ പ്രശ്‌നങ്ങള്‍ക്കൊപ്പം പുതുതലമുറ പിറക്കുന്നില്ലെന്ന ഭീതികൂടി പതിയെ നമ്മുടെ സമൂഹത്തിലേക്കെത്തുന്നുണ്ട്. കുട്ടികള്‍ ഉണ്ടാവുന്നില്ല എന്നതല്ല, കുട്ടികള്‍ വേണ്ടേവേണ്ട എന്നു തീരുമാനിക്കുന്നവരുടെ എണ്ണം കൂടുകയാണ്. പ്രത്യേകിച്ചും മുംബൈ, ഡല്‍ഹി, ബംഗളൂരു, കൊച്ചി എന്നിവിടങ്ങളില്‍. ജപ്പാന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ജനനനിരക്കിന് സമമാണ് ഈ നഗരങ്ങളിലേതെന്ന് വിദഗ്ധര്‍ പറയുന്നു. കുട്ടികള്‍ വേണ്ടെന്ന് വയ്ക്കുന്നതിന് പലകാരണങ്ങള്‍ പുതുതലമുറ ഉന്നയിക്കുന്നുണ്ട്. ഒന്ന് കുട്ടികളെ വളര്‍ത്തുന്നത് വളരെ ചെലവേറിയ കാര്യമാണെന്നതാണ്. അവരുടെ പഠനം, ആരോഗ്യകാര്യങ്ങള്‍ എന്നിവയ്‌ക്കെല്ലാം കാലം കഴിയും തോറും ചെലവേറുകയാണ്. അതിന് പകരം ഒരു വില്ല വാങ്ങുകയോ സ്റ്റാര്‍ട്ട് അപ്പ് തുടങ്ങുകയോ ചെയ്യുന്നതാണ് നല്ലതെന്ന് ചിന്തിക്കുന്ന പുതുതലമുറ വരെയുണ്ട്.
ഇന്ത്യയിലെ പുതുതലമുറയിലെ ദമ്പതികള്‍ പലരും തങ്ങളുടെ കരിയര്‍, സാമ്പത്തിക സ്വാതന്ത്ര്യം, വ്യക്തി സ്വാതന്ത്ര്യം, മറ്റ് ഇഷ്ടങ്ങള്‍ എന്നിവയ്‌ക്കെല്ലാം കുടുംബം എന്ന സിസ്റ്റത്തിനും മുകളില്‍ പ്രാധാന്യം നല്‍കുന്നുണ്ട് ഇപ്പോള്‍. പ്രത്യേകിച്ചും സ്ത്രീകള്‍. കുഞ്ഞുണ്ടായാല്‍ പലപ്പോഴും നമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്ക് മുന്നോട്ടുള്ള ലക്ഷ്യങ്ങളും ഇഷ്ടങ്ങളുമെല്ലാം വേണ്ടെന്ന് വയ്‌ക്കേണ്ടി വരാറുണ്ട്. കുഞ്ഞെന്നത് ഇന്നും അമ്മയുടെ മാത്രം ഉത്തരവാദിത്തമാണ് നമ്മുടെ സമൂഹത്തില്‍. എത്ര ഉയര്‍ന്ന ജോലിയായാലും കുട്ടിയുടെ ഉത്തരവാദിത്തം കഴിഞ്ഞുമാത്രമാണ് സ്ത്രീകള്‍ക്ക് അതിനെപ്പറ്റി ചിന്തിക്കാന്‍ കഴിയുക. പലരും കുഞ്ഞു പിറക്കുന്നതോടെ തൊഴില്‍രഹിതരായി തീരുന്നതും പതിവ് കാഴ്ചയാണ്. അത്തരം സാഹചര്യങ്ങളില്‍ കുഞ്ഞ് വേണ്ടെന്ന് സ്ത്രീകള്‍ പതിയെ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു.
തങ്ങളുടെ മാതാപിതാക്കള്‍ നല്‍കിയ ട്രോമകള്‍ ഇനിയൊരു തലമുറയ്ക്കു കൂടി പകര്‍ന്നു നല്‍കേണ്ടെന്ന് തീരുമാനിച്ച് കുട്ടികള്‍ വേണ്ടെന്ന് തീരുമാനിക്കുന്നവരുമുണ്ട്. സമൂഹത്തിന്റെ അടിച്ചേല്‍പ്പിക്കലുകളെ മടുത്ത് അവയെ വെല്ലുവിളിച്ച് കുട്ടികള്‍ വേണ്ടെന്ന് തീരുമാനിക്കുന്നവരും ഉണ്ട്. 25 ന് മുമ്പ് കല്യാണം, മുപ്പതിനു മുമ്പ് രണ്ട് കുഞ്ഞുങ്ങള്‍, ഒന്ന് ആണും ഒന്ന് പെണ്ണും, രണ്ടും പെണ്ണായാല്‍ വീണ്ടും ആണ്‍കുട്ടിക്കുവേണ്ടിയുള്ള ശ്രമങ്ങള്‍.. ഇതിനെല്ലാമൊപ്പം കുഞ്ഞുണ്ടാകാനുള്ള ചികിത്സകളോടും, സറോഗസി, ദത്തെടുക്കല്‍ പോലുള്ളവയോടുമുള്ള പിന്തിരിപ്പന്‍ മനോഭാവം... ഇതൊക്കെ പുതുതലമുറയെ കുട്ടികള്‍ എന്ന സങ്കല്‍പ്പത്തില്‍ നിന്നകറ്റുന്നുണ്ട്. എന്തിനേറെ സിസേറിയന്‍ പ്രസവങ്ങളെ എളുപ്പ പ്രസവമെന്നു വിശേഷിപ്പിക്കുന്നതും, എപ്പിഡ്യൂറല്‍ എടുത്ത പ്രസവങ്ങളെ വേദനയില്ലാതെ പെറ്റതല്ലെ, കുഞ്ഞിനോട് സ്‌നേഹമുണ്ടാകില്ല... തുടങ്ങിയ പൊതുഅഭിപ്രായങ്ങള്‍ പോലും ഗര്‍ഭം, പ്രസവം എന്നിവയില്‍ നിന്ന് പുതുതലമുറയെ അകറ്റുന്നുണ്ട്.
പ്രാധാന്യം നഷ്ടപ്പെടുന്നു
പണ്ട് മുപ്പതുകളില്‍ എത്തിയാല്‍ കുടുംബം കുട്ടികള്‍ എന്നിവയിലാണ് ആളുകള്‍ പ്രാധാന്യം നല്‍കിയിരുന്നത്. ഇന്നത് മാറിയിരിക്കുന്നു. കുട്ടികള്‍ എന്നത് ഒരവശ്യഘടകമല്ലാതാവുന്നതും ജനനനിരക്ക് കുറയുന്നതിലെ കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Published: 23 Oct 2025, 01:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented