എന്തുകൊണ്ടാണ് ജെന്‍സി തലമുറയ്ക്ക്‌ മില്ലേനിയല്‍സിനെക്കാള്‍ പ്രായം തോന്നുന്നത്? എന്തുകൊണ്ടാണ് ജെന്‍സിക്ക് വേഗം പ്രായമാകുന്നത്? കഴിഞ്ഞവര്‍ഷം ഗൂഗിള്‍ ട്രെന്‍ഡിങ്ങില്‍ വന്ന രണ്ട് പ്രധാനചോദ്യങ്ങളായിരുന്നു ഇവ. എറ്റവും പുതിയ ജനറേഷനായ ജെന്‍സിക്ക് പ്രായമാകുന്നുവെന്നാണ് പുതിയ ചര്‍ച്ചകള്‍. 26- കാരനായ ടിക്ക് ടോക്ക് താരം ജോര്‍ഡാന്‍ ഹൗലെറ്റിന്റെ വീഡിയോയിലൂടെയാണ് ഈ ചോദ്യങ്ങള്‍ ലോകമെങ്ങും ചര്‍ച്ചയായത്. 24 മില്യണ്‍ വ്യൂവേഴ്‌സുള്ള വീഡിയോയില്‍ ജോര്‍ഡാന്‍ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. “നമ്മള്‍ ജീവിക്കുന്നത് മില്ലേനിയല്‍സ് കൂടുതല്‍ ചെറുപ്പമാവുകയും ജെന്‍സി അവരുടെ പ്രായത്തേക്കാള്‍ പക്വതയുള്ളവരായി തോന്നുകയും ചെയ്യുന്ന കാലത്താണ്.' ജോര്‍ഡാന്‍ പറയുന്നു.

ഫിറ്റ്‌നസ്സ്, സൗന്ദര്യസംരക്ഷണം എന്നിവയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധനല്‍കുന്നവരാണ് ജെന്‍സികള്‍. 10 സ്റ്റെപ്പ് സ്‌കിന്‍കെയര്‍ റുട്ടീന്‍, കഴിക്കാന്‍ ഗ്രീന്‍ സ്മൂത്തീസ്, വ്യായാമം...അങ്ങനെ. പ്രായത്തിനേക്കാള്‍ കൂടുതല്‍ പ്രായം തോന്നുന്നത് നല്ലതാണെന്ന് തുറന്നുപറഞ്ഞത് അമേരിക്കന്‍ സംഗീതജ്ഞ, 23-കാരിയായ ബില്ലി ഐലിഷാണ്. 

‘സ്‌ട്രേഞ്ചര്‍ തിങ്‌സി’ലൂടെയും ‘എനോള ഹോംസി’ലൂടെയും ലോകമെങ്ങുമുള്ള സിനിമാപ്രേമികളുടെ മനസ്സുകവര്‍ന്ന മിലി ബോബി ബ്രൗണ്‍ (21), വെനസ്‌ഡേയിലെ ജെന്ന ഒര്‍ട്ടേഗ (22), ആ സീരിസിലെ തന്നെ പേര്‍സി ഹൈനസ് വൈറ്റ് (23) അങ്ങനെ നീളുന്നു പ്രായത്തേക്കാൾ പക്വത തോന്നുന്നവരുടെ പട്ടിക. ഇന്ത്യന്‍ സിനിമയിലെ പുത്തന്‍ തലമുറയായ ഖുഷി കപൂര്‍ (24), സുഹാന ഖാന്‍ (25), അന്‍വീത് കൗര്‍ (23), ഇബ്രാഹിം അലി ഖാന്‍( 24) എന്നിങ്ങനെ ആ ലിസ്റ്റിൽ ആളുകള്‍ ഇനിയുമുണ്ട്.

എന്നാല്‍ 35-കളിലെത്തി നില്‍ക്കുന്ന ടെയ്‌ലര്‍ സ്വിഫ്റ്റും, 42-കാരിയായ ആന്‍ ഹാത്‌വെയും 43-ലും സുന്ദരിയായ നമ്മുടെ പ്രിയങ്കാ ചോപ്രയുമൊക്കെ ചര്‍മം കണ്ടാല്‍ പ്രായം തോന്നില്ലെന്ന മട്ടില്‍ സന്ദൂര്‍ മമ്മികളുമാണ്. 

എന്നാലിങ്ങനെ ചെറുപ്പത്തിൽ തന്നെ പ്രായമേറെ തോന്നുന്നു എന്നതിനെ ബോഡി ഷെയിമിങ് ആയി കരുതേണ്ട എന്നാണ് വിദഗ്ധര്‍ പറയുന്നത്. പകരം എന്താണ് ഇതിന് കാരണമെന്ന ചോദ്യത്തിന്റെ പുറകേയാണ്  അവരും.

കാരണങ്ങള്‍
ആദ്യ കാരണം സൗന്ദര്യസംരക്ഷണം അമിതമാകുന്നു എന്നതാണ്. 20-കളില്‍ തന്നെ അവര്‍ റെറ്റിനോയിഡുകളും, എക്‌സ്‌ഫോളിയേറ്റിങ് ആസിഡുകളും എന്തിനേറെ ബേബി ബോട്ടോക്‌സ് ട്രീറ്റ്‌മെന്റുകള്‍ പോലും ചെറിയ പ്രായത്തില്‍ തന്നെ ചെയ്യുന്നവരാണ് അധികവും. ഇതെല്ലാം ചര്‍മത്തിന്റെ സ്വഭാവിക ആരോഗ്യത്തെ തകരാറിലാക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. മാത്രമല്ല എന്ത് തരം സൗന്ദര്യ പരീക്ഷണങ്ങള്‍ക്കും ഇവര്‍ക്ക് മടിയൊന്നുമില്ല.

മറ്റൊന്ന് സ്‌ക്രീന്‍ ടൈം കൂടുന്നതാണ്. അമിതമായി ഡിജിറ്റല്‍ ഉപകരണങ്ങള്‍ക്ക് മുന്നില്‍ ചെലവഴിക്കുന്നതും ചര്‍മത്തിന്റെ ആരോഗ്യത്തെ ബാധിക്കും. ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ് കൂടുന്നതിനാല്‍ കൊളാജെന്‍ ഉത്പാദനം കുറയുകയും ഇത് ചര്‍മത്തെ ബാധിക്കുകയും ചെയ്യും.

ജെന്‍സി തലമുറ വേഗം പ്രായമാകുന്നതിന് കാരണം അവര്‍ക്ക് വേഗത്തില്‍ മാനസികമായി പ്രായമാകുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു. ബേണ്‍-ഔട്ട് എന്ന് പദമാണ് ഇതിനായി അവര്‍ ഉപയോഗിക്കുന്നത്. മാനസികമായും വൈകാരികമായും വേഗത്തില്‍ തളര്‍ച്ച ബാധിച്ച തലമുറയാണ് ജെന്‍സിയെന്ന് വിദഗ്ധര്‍. സ്‌ട്രെസ്സ്, ടെന്‍ഷന്‍, ഡിപ്രഷന്‍ തുടങ്ങിയ വാക്കുകള്‍ ജെന്‍സികളുടെ ലോകത്തെ സര്‍വസാധാരണ പ്രയോഗങ്ങളാണ്. ഇവരുടെ ലോകത്ത് മത്സരം കൂടുതലാണ്. മാത്രമല്ല മില്ലേനിയല്‍സിനും അവര്‍ക്കു മുന്‍പുമുള്ള തലമുറയ്ക്കും ലഭിച്ചിരുന്ന ഒരു സാമൂഹിക പിന്തുണ ഇവര്‍ക്ക് ലഭിക്കുന്നില്ല. ഇപ്പോഴുള്ള കുടുംബങ്ങളുടെയൊക്കെ രൂപഘടനയും സമൂഹത്തിന്റെ മാറ്റങ്ങളും വ്യക്തിബന്ധങ്ങളിലെ മാറ്റങ്ങളുമെല്ലാം ഇതിനുപിന്നിലുണ്ട്.

ഇപ്പോഴുള്ള ജെന്‍സി തലമുറ അവരുടെ മുതിര്‍ന്ന അവസ്ഥയിലേക്ക് കടന്ന കാലഘട്ടവും വളരെ മോശമാണ്. ലോകം മുഴുവന്‍ വലിയൊരു പകര്‍ച്ചവ്യാധിയുടെ പിടിയില്‍ അമര്‍ന്ന സമയം, പഠനം, ജോലി.. എന്നിവയ്‌ക്കെല്ലാം ഒരു ജീവന്‍മരണ പോരാട്ടത്തിന്റെ രൂപം വന്നകാലം. ജെന്‍സികളുടെ മാനസികനില ഒരുതരം സര്‍വൈവല്‍ മോഡിലാണെന്നാണ് മനശ്ശാസ്ത്ര വിദഗ്ധരുടെ കണ്ടെത്തല്‍. ഇത് ശരീരത്തിലെ സ്‌ട്രെസ്സ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിപ്പിക്കും. ഇതും ചര്‍മത്തിന്റെ സ്വഭാവികഭംഗി കുറയ്ക്കും. മാത്രമല്ല വേഗത്തില്‍ ചുളിവുകള്‍ വീഴ്ത്തും.

പെട്ടെന്ന് മുതിര്‍ന്നു പോയവര്‍
മുപ്പതുകളിലും നാല്‍പതുകളിലുമുള്ളവര്‍ കൂടുതല്‍ ചെറുപ്പമായി കാണപ്പെടുന്നതിനു പിന്നിലും ചില കാരണങ്ങളുണ്ട്. അവര്‍ക്ക് ലഭിച്ച ബഫര്‍ ടൈം ആണ് അതിന് കാരണം. അവരുടെ തലമുറയില്‍ ലോകത്തിലുള്ള എല്ലാ അറിവുകളും 20-ാം വയസ്സില്‍ തന്നെ നേടണമെന്നോ 23-ാം വയസ്സില്‍ ഫിനാന്‍ഷ്യലി സെറ്റില്‍ഡ് ആകണമെന്നോ ആരും ആവശ്യപ്പട്ടിരുന്നില്ല. അല്ലെങ്കില്‍ അങ്ങനെയൊരു മത്സരം അവര്‍ക്ക് നേരിടേണ്ടി വന്നിട്ടില്ല. അവരുടെ വളര്‍ച്ച പതിയെയായിരുന്നു.

പരാജയവും വിജയവും സന്തോഷവും എല്ലാമറിഞ്ഞ് മുറിയാനും മുറിവുണങ്ങാനും സമയം ലഭിച്ചുള്ള ജീവിതം. 20 വയസ്സില്‍ ജെന്‍സികള്‍ നേടണമെന്ന് ആഗ്രഹിക്കുന്ന പലതും 30-കളിലോ 35-ലോ ആണ് മുന്‍തലമുറ നേടിയത്. 'മുതിരുക' അല്ലെങ്കില്‍ Adulthood എന്നതിലേക്കുള്ള പരിണാമം അവര്‍ക്ക് പടിപടിയായിരുന്നു. വേഗത്തിലോടുന്ന ലോകത്ത് പതിയെ വളര്‍ന്നവരാണ് അവര്‍. എന്നാല്‍ ലോകത്തിന്റെ വേഗത്തിനൊപ്പം ഓടേണ്ടി വരുന്നവരാണ് ജെന്‍സികള്‍. അതുകൊണ്ടു തന്നെ ഇരുപതുകളിലെത്തുന്ന ഒരാളുടെ മാനസികമായ പ്രായം 30 അല്ലെങ്കില്‍ 35 ആയിത്തീരുന്നു. മനസ്സിന്റെ പ്രായം ചര്‍മത്തിലും പ്രതിഫലിക്കുമല്ലോ.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi