ഇന്ന് വേൾഡ് ഇമോജി ഡേ ആണ്. ഇതിനൊക്കെ ഇത്രയും പ്രാധാന്യം ഉണ്ടോ എന്നു ചിന്തിക്കുന്നവരുണ്ടാവാം. എന്നാൽ ജെൻ സികൾക്ക് ഇമോജികൾ പ്രധാനമാണ്. ഏതെങ്കിലും ഒരു ജെൻസി ഗ്രൂപ്പ് ചാറ്റ് എടുത്തു നോക്കൂ! ഇതുപോലെ ഇമോജികൾ കൊണ്ട് നിറഞ്ഞ മറ്റൊരു സ്ഥലം ഉണ്ടാവില്ല. പുറത്തുനിന്നുള്ളവർക്ക് ഇത് ചിലപ്പോൾ ആശയക്കുഴപ്പമുണ്ടാക്കും. എന്നാൽ ഉപയോഗിക്കുന്നവരെ സംബന്ധിച്ചിടത്തോളം അതൊരു പൂർണ സംഭാഷണമാണ്. വാക്കുകളുടെ ആവശ്യമില്ലാതെ എന്നാൽ നിറയെ അർത്ഥതലങ്ങളുള്ളതുമായ സംഭാഷണങ്ങൾ. ഈ തലമുറയ്ക്ക് ഇമോജികൾ വെറും കൂട്ടിച്ചേർക്കലുകളോ പ്രതികരണങ്ങളോ മാത്രമല്ല. അവ തന്നെയാണ് സന്ദേശം. ഉദാഹരണമായി 'ഞാൻ കരയുകയാണ്' എന്ന് പറയുന്നതിന് പകരം ഇമോജി ഇട്ടാൽ മതി. എന്താണ് ഉദ്ദേശിക്കുന്നതെന്ന് ആളുകൾക്ക് പെട്ടെന്ന് മനസ്സിലാകും. അതുപോലെ തന്നെ 'കാര്യം മനസിലായില്ല', 'ഉറക്കം വരുന്നു' തുടങ്ങിയ നിരവധി കാര്യങ്ങൾ ഒരു വാക്കിന്റെ പോലും സഹായമില്ലാതെ കമ്യൂണിക്കേറ്റ് ചെയ്യാൻ സാധിക്കും. പഴയ തലമുറ ഇതിനെ ഭാഷയുടെ മരണമായി കണക്കാക്കുമ്പോൾ ജെൻ സി ഇതിനെ ഒരു മെച്ചപ്പെടുത്തലായാണ് കാണുന്നത്. ഭാഷ അപ്രത്യക്ഷമാകുന്നില്ല, അത് പരിണമിക്കുകയാണ്. ഭാഷയെ മുഴുവനായി ഉപേക്ഷിക്കുന്നില്ല. അവയുടെ കൂടെ എളുപ്പമാക്കാൻ ഇമോജികൾ ചേർക്കുന്നു എന്നു മാത്രം. അങ്ങനെ ചിന്തിക്കുമ്പോൾ എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ എന്നതും ചോദ്യമാണ്.

വെറും എഴുത്തിൽ സംസാരത്തിന്റെ ഭാവം എളുപ്പത്തിൽ തെറ്റിദ്ധരിക്കപ്പെടാം. നമ്മുടെ ഭാവം ദേഷ്യമാണോ അതോ ശാന്തമാണോ എന്ന് എങ്ങനെ മനസിലാക്കും? ഇമോജികൾ ഈ വിടവ് നികത്താൻ സഹായിക്കുന്നു. സന്ദേശം ശരിയായ അർത്ഥത്തിൽ തന്നെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്ന ചെറിയ ചിഹ്നങ്ങളാണ് ഇമോജികൾ. നമ്മൾ എങ്ങനെ കമ്യൂണിക്കേറ്റ് ചെയ്യുന്നു എന്നതിലുപരി നാം അയക്കുന്ന സന്ദേശങ്ങൾ അതിന്റെ കൃത്യമായ അർത്ഥത്തിൽ അപ്പുറത്തുള്ളയാളുടെ കൈകളിൽ എത്തുന്നുണ്ടോ എന്നതു തന്നെയാണ് പ്രധാനം. അങ്ങനെ ചിന്തിക്കുമ്പോൾ ടെക്സ്റ്റിങ്ങിൽ പലപ്പോഴും ഇമോജികൾ വലിയ സഹായമാണ്. എഴുതുന്നയാൾക്കും വായിക്കുന്നയാൾക്കും കാര്യങ്ങൾ ആയാസരഹിതവുമാകും. നമ്മുടെ വികാരങ്ങൾ വാക്കുകളിൽ എഴുതി ഫലിപ്പിക്കുന്നതിനേക്കാൾ വേഗത്തിലും രസകരവുമാണ് ഇമോജികൾ. സന്ദേശങ്ങൾ കൃത്യമായി മനസിലാക്കിയാൽ മാത്രമേ മറ്റേയാൾക്ക് അതിന് അനുയോജ്യമായ മറുപടികൾ തിരിച്ച് അയക്കാൻ സാധിക്കൂ. ഇങ്ങനെ രണ്ടു വശത്തുള്ളവർക്കും കൃത്യമായി കാര്യങ്ങൾ മനസിലാകുന്നതിനെയല്ലേ എഫക്ടീവ് കമ്മ്യൂണിക്കേഷൻ എന്നു പറയുന്നത്. അഞ്ചു വാക്കുകൾ ഉപയോഗിക്കുന്നതിനു പകരം വെറും രണ്ടേ രണ്ട് വാക്കുകൾ ഉപയോഗിച്ച് കാര്യം നടത്താം. വേഗത്തിൽ സ്‌ക്രോൾ ചെയ്യുന്ന, ഹൈപ്പർകണക്റ്റഡായ ഈ ലോകത്ത് അതിന്റെ കൂടെ സഞ്ചരിച്ചാൽ മാത്രമേ ജീവിതത്തിൽ കൂടുതൽ നന്നായി മുന്നോട്ടു പോകാൻ സാധിക്കൂ. ഇൻസ്റ്റാഗ്രാം, ടിക് ടോക്ക്, ദൃശ്യാഖ്യാനങ്ങൾ എന്നിവ കണ്ട് വളർന്ന ഒരു തലമുറയെ ഇത്തരം രീതികളാണ് ആകർഷിക്കുക. ഉദാഹരണത്തിന് ഇമോജികളുള്ള ഒരു ട്വീറ്റ് അതുപോലെ ഇമോജികൾ ഉപയോഗിച്ചുള്ള എഴുത്തുകൾ ഇവയൊക്കെ സമൂഹമാധ്യമങ്ങളിൽ പെട്ടെന്ന് ആളുകളെ ആകർഷിക്കും. ഇമോജികൾ ഇത്രയധികം പ്രചാരത്തിലാവാനും കാരണങ്ങളുണ്ട്. വാക്കുകൾക്ക് പ്രകടിപ്പിക്കാനാവാത്ത വികാരങ്ങൾ പ്രകടിപ്പിക്കാൻ അവ സഹായിക്കുന്നു. ഉദാഹരണത്തിന് പരസ്പരം ആലിംഗനം ചെയ്യുന്ന ഇമോജി പലർക്കും ഊഷ്മളമായ ആലിംഗനമായി തോന്നാം. ചിലപ്പോഴൊക്കെ അവ സങ്കടകരമായ അല്ലെങ്കിൽ പ്രശ്‌നങ്ങൾക്കു നടുവിൽ നിൽക്കുന്ന സാഹചര്യത്തിൽ ഒരു ആശ്വാസമായി പോലും തോന്നാം. പലപ്പോഴും ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പുകളിലൊക്കെ ഇത്തരം ഇമോജികൾക്ക് വലിയ സ്ഥാനമാണ്. പ്രണയത്തിൽ പരസ്പരമുള്ള അഫെക്ഷൻ പോലുള്ളവ പരസ്പരം മനസിലാക്കാനും ഇത്തരം ഇമോജികൾ സഹായിക്കുന്നു. വെറും വാക്കുകളിൽ പറയുമ്പോൾ നഷ്ടപ്പെട്ടേക്കാവുന്ന ഒരു ഭാവവും വ്യക്തിത്വവും ഇമോജികൾ ടെക്സ്റ്റുകൾക്ക് നൽകുന്നു. പരസ്പരം നന്നായി കണക്ട് ചെയ്യാൻ അവ നമ്മളെ സഹായിക്കുന്നു. അതുകൊണ്ടു തന്നെ ഇമോജികൾ ആശയവിനിമയത്തിന്റെ ഒരു സ്വാഭാവിക ഭാഗമായി മാറിയതിൽ അതിശയിക്കാനില്ല. ഓഫീസിടങ്ങളിലേക്ക് പോലും ഇത്തരം ഇമോജികളുടെ ഉപയോഗം കടന്നു കയറുന്നുവെന്നതും അതിന്റെ പ്രത്യേകതയാണ്. ഇമോജികൾ വൈകാരികമായ കുറുക്കുവഴികളാണ്. അമിതമായി ചിന്തിക്കേണ്ട, അമിതമായി വിശദീകരിക്കേണ്ടതുമില്ല.

ഓരോ വർഷവും പുതിയ ഇമോജികൾ നമ്മുടെ കീബോർഡുകളിൽ എത്തുന്നു. അവയുടെ ജനപ്രീതി തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇതൊരു തിരസ്‌കാരമല്ല പുനരാവിഷ്‌കാരമാണ്. വാക്കുകൾ മതിയാകാതെ വരുന്ന സന്ദർഭങ്ങളിലും ഇമോജികൾ കടന്നുവരുന്നു. അവ രണ്ടാമത്തെ ഭാഷയായി മാറിയിരിക്കുന്നു. ആളുകളുമായി നന്നായി ബന്ധപ്പെടാൻ സഹായിക്കുന്നു. ഇമോജികളിലൂടെ കൃത്യമായി വികാരം മനസിലാക്കാൻ സാധിക്കുമ്പോൾ എന്തിന് നമ്മൾ വെറും വാക്കുകൾക്കു പിന്നാലെ നടന്ന് അവയ്ക്കു പിന്നിൽ ഒളിച്ചിരിക്കുന്ന വികാരങ്ങൾ കണ്ടെത്തണം!

 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi