190001- ഈ പിന്‍കോഡിന് ഒരു പ്രത്യേകതയുണ്ട്. ഇന്ത്യയിലെ ഒഴുകുന്ന പോസ്റ്റ് ഓഫീസിന്റെ പിന്‍കോഡ് ആണിത്. ലോകത്തില്‍ തന്നെ ഇത്തരത്തില്‍ ഒരേയൊരു പോസ്റ്റ് ഓഫീസ് മാത്രമേ നിലവിലുള്ളൂ.
കശ്മീരിലാണിത് സ്ഥിതി ചെയ്യുന്നത്. അവിടുത്തെ ദാല്‍ തടാകത്തില്‍ ഒഴുകിനടക്കുന്ന ഈ തപാലോഫീസ്, ഇപ്പോള്‍ കശ്മീര്‍ ടൂറിസത്തിന്റെ ഭാഗം കൂടിയാണ്. വിനോദസഞ്ചാരികള്‍ ഒരു കൗതുകത്തിനുവേണ്ടി മാത്രം തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഇവിടെനിന്നും കത്തുകളും പോസ്റ്റ് കാര്‍ഡുകളും മറ്റും അയക്കാറുണ്ട്. ദാല്‍ തടാകത്തിന്റെ ചിത്രമുള്ള സ്റ്റാമ്പ് പതിച്ചാണ് ഇവിടുന്നുള്ള കത്തുകള്‍ മറ്റൊരു സ്ഥലത്തേക്ക് പോകുന്നത്.
കത്തുകള്‍ അയക്കാന്‍ മാത്രമല്ല, ഇന്റര്‍നെറ്റ്, വിദേശത്തേക്ക് ഫോണ്‍ ചെയ്യാനുള്ള സൗകര്യം എന്നിവയും ഇവിടെയുണ്ട്. ഗ്രീറ്റിങ് കാര്‍ഡുകള്‍, മറ്റ് പ്രാദേശിക കൗതുകവസ്തുക്കള്‍ എന്നിവ വിനോദസഞ്ചാരികള്‍ക്ക് വാങ്ങാനും കഴിയും.
2011-ലാണ് ഇത് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ശ്രീനഗറിലെ നെഹ്‌റു പാര്‍ക്ക് തപാല്‍ ഓഫീസിനെ വിനോദസഞ്ചാരം കൂടി മുന്നില്‍കണ്ടുകൊണ്ട്, ഫ്‌ളോട്ടിങ് ഓഫീസാക്കി മാറ്റുകയായിരുന്നു.
പുറമേ നിന്ന് നോക്കുമ്പോള്‍ സാധാരണ ഷിക്കാര തന്നെ. എന്നാല്‍, അതിനുമുകളിലെ 'ഫ്‌ളോട്ടിങ് പോസ്റ്റ് ഓഫീസ്' എന്ന എഴുത്താണ് ഇതിന്റെ പ്രത്യേകത. ഇവിടുത്തെ താമസക്കാര്‍ക്ക് കത്തുകളും പാഴ്‌സലുകളും വിതരണം ചെയ്യുന്നത് ഈ ഒഴുകുന്ന ഓഫീസ് തന്നെ. ഷിക്കാരയിലിരുന്ന് പോസ്റ്റ്മാന്‍ കത്തുകള്‍ ആളുകള്‍ക്ക് കൊടുക്കും.
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫീസ് എവിടെയാണെന്നറിയാമോ? ഹിമാചല്‍പ്രദേശിലെ സ്പിറ്റി വാലിയിലെ ഹിക്കിമിലാണിത്. 15,500 അടി ഉയരത്തിലാണിത്. ഇതിനോട് ചേര്‍ന്നുള്ള പ്രധാനസ്ഥലം കാസയാണ്, 23 കിലോമീറ്റര്‍ അകലെയാണത്.
എല്ലാ ദിവസവും രണ്ടുപേര്‍ കത്തുകളുമായി കാസയില്‍നിന്ന് കയറ്റം കയറിവരും. മലനിരകളിലൂടെയും പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുമായിരിക്കും അവരുടെ യാത്ര. തിരിച്ചുപോകുമ്പോള്‍ അവരുടെ കൈയില്‍ പുറത്തേക്കുള്ള കത്തുകളുമുണ്ടാവും. അവ ആദ്യം ബസിലും പിന്നീട് തീവണ്ടിയിലുമൊക്കെയായി ആളുകളിലേക്കെത്തും. 1983-ലാണിത് സ്ഥാപിതമായത്. കനത്ത മഞ്ഞുവീഴ്ചയുണ്ടാവുമ്പോള്‍ ഈ തപാല്‍ ഓഫീസ് തുറക്കാന്‍ പറ്റില്ല. ആറുമാസത്തോളം പലപ്പോഴും പൂട്ടിയിടേണ്ടി വരാറുണ്ട്. 172114 ആണിവിടുത്തെ പിന്‍കോഡ്.
Content Highlights: floating post office and world's highest post office
Published: 09 Oct 2024, 04:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented