ചാര്‍ ചിനാര്‍ എന്ന് പേരുള്ളൊരു ദ്വീപുണ്ട് കശ്മീരിലെ ദാല്‍ തടാകത്തില്‍. ആ കുഞ്ഞുദ്വീപിന്റെ നാലുകോണിലും ഓരോ ചിനാര്‍ മരങ്ങളുണ്ടായിരുന്നു. അങ്ങനെയാണത്രേ ദ്വീപിന് ആ പേരുവന്നത്. ജഹാംഗീര്‍ ചക്രവര്‍ത്തിയാണ് ഈ മരങ്ങള്‍ ദ്വീപില്‍ നട്ടുപിടിപ്പിച്ചതെന്നും പറയപ്പെടുന്നു. 

എന്നാല്‍, ഈ നാലുമരങ്ങളില്‍ രണ്ടെണ്ണം പൂര്‍ണമായും നശിച്ചുപോയി. ദ്വീപിലെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഇതിനു കാരണമെന്ന് ഒരുവിഭാഗം അഭിപ്രായപ്പെടുന്നു. എന്നാല്‍, കാലാവസ്ഥാവ്യതിയാനവും ഇടയ്ക്കിടെയുണ്ടാവുന്ന വെള്ളപ്പൊക്കവുമാണ് മരങ്ങള്‍ക്ക് ഭീഷണിയെന്ന് മറ്റൊരു വിഭാഗവും. കശ്മീരിലെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ഇവിടെ നാലുകോണിലും മരങ്ങളില്ലെങ്കില്‍ ശരിയാവില്ലെന്ന് ഭരണകൂടത്തിന് ബോധ്യമായി. അതോടെ മറ്റൊരു സ്ഥലത്തുനിന്ന് പൂര്‍ണവളര്‍ച്ചയെത്തിയ രണ്ടുമരങ്ങള്‍ കൊണ്ടുവന്ന്, ചാര്‍ ചിനാറില്‍ വെച്ചുപിടിപ്പിക്കാന്‍ തീരുമാനമായി. അതിനായി തിരഞ്ഞെടുത്ത മരങ്ങള്‍, വലിയ ബാര്‍ജില്‍വെച്ചാണ് ദ്വീപിലേക്ക് കൊണ്ടുവന്നത്. അങ്ങനെ ചാര്‍ ചിനാറിന്റെ പ്രൗഢി നിലനിര്‍ത്തി. 

കശ്മീരിനെയും ചിനാര്‍ മരങ്ങളെയും ഒരിക്കലും വേര്‍തിരിച്ച് കാണാനാവില്ല. കശ്മീരിന്റെ സാംസ്‌കാരികസൂചകമായിട്ടാണ് ചിനാര്‍ മരങ്ങളെ കാണുന്നത്. ഇവിടെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് എന്നും ആവേശം പകരുന്ന കാഴ്ചയാണ് നിരനിരയായി വളര്‍ന്നുനില്‍ക്കുന്ന ഈ മരങ്ങള്‍. മുഗളന്‍മാര്‍ക്ക് മുന്നേ ചിനാര്‍ ഇവിടെയുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. എന്നാല്‍, മരങ്ങള്‍ക്ക് ചിനാര്‍ എന്ന് പേരിട്ടതും അത് ഉദ്യാനങ്ങളുടെ മനോഹാരിത കൂട്ടുമെന്ന് മനസ്സിലാക്കിയതും മുഗള്‍രാജവംശം തന്നെ. പടര്‍ന്ന് പന്തലിക്കുന്നതിനാല്‍ നല്ല തണലും ഒപ്പം ഭംഗിയുമുണ്ടാവുമെന്ന വിശ്വാസത്തിലാണ് മുഗള്‍ രാജാക്കന്‍മാര്‍ ചിനാര്‍ നട്ടുപിടിപ്പിക്കാന്‍ തുടങ്ങിയത്. അന്ന് പ്രധാനമായും ഉദ്യാനങ്ങളുടെ ഭാഗമായിരുന്നു ചിനാര്‍. ശരത്കാലത്ത് തീപോലെ ജ്വലിച്ചുനില്‍ക്കും മരങ്ങള്‍. അതാണ് മുഗളന്‍മാരെ ആകര്‍ഷിച്ചതും.

ഒരുകാലത്ത് 40,000-ത്തിലേറെ ചിനാര്‍ മരങ്ങളായിരുന്നുവത്രേ കശ്മീരിലുണ്ടായിരുന്നത്. പലതിനും 300-ലേറെ വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് വിശ്വാസം. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ചിനാര്‍ വൃക്ഷവും ഇവിടെയാണെന്ന് ജമ്മു കശ്മീര്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വെബ്‌സൈറ്റ് പറയുന്നു. 700 വര്‍ഷത്തോളം പഴക്കമുള്ള ഈ മരം, ബഡ്ഗാം ജില്ലയിലാണ്.  

placeholder
ചാർ ചിനാർ / wikipedia

ദാല്‍ തടാകത്തിനോട് ചേര്‍ന്നുള്ള നസീം ബാഗിലും ഒരുപാട് ചിനാര്‍ മരങ്ങളുണ്ട്. ഇവിടെ ആദ്യമായി മരങ്ങള്‍ നട്ടുപിടിപ്പിച്ചത് അക്ബര്‍ ചക്രവര്‍ത്തിയുടെ കാലത്താണ്. അന്ന് 1100-ലേറെ മരങ്ങളാണ് നട്ടത്. ഇപ്പോള്‍ കശ്മീരിലെ ചിനാറിലേറെയും നാശത്തിന്റെ വക്കിലാണ്. നസീം ബാഗില്‍ ഇപ്പോള്‍ ഏകദേശം 700 മരങ്ങള്‍ മാത്രമാണുള്ളത്. 

ഹൈവേ വികസനത്തിനായും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായും മറ്റും ഒട്ടേറെ മരങ്ങള്‍ വെട്ടിമാറ്റി. അതിനൊപ്പം പ്രദേശവാസികള്‍ അനധികൃതമായും മരങ്ങള്‍ മുറിക്കുന്നു. അടിമുടി ഉപയോഗങ്ങളുള്ള മരമാണ് ചിനാര്‍. ഇലകളും മരത്തൊലിയും മരുന്നായി ഉപയോഗിക്കാറുണ്ട്. മരത്തടികള്‍ കൊണ്ടാണ് വളരെ മനോഹരമായ ഫര്‍ണീച്ചറുകള്‍ ഉണ്ടാക്കിയെടുക്കുന്നത്. ചിനാറിന്റെ ചില്ലകളും വേരുകളുമെടുത്ത് ഡൈ നിര്‍മിക്കുകയും ചെയ്യുന്നു. അതാണ് പ്രദേശവാസികളെ ആകര്‍ഷിക്കുന്നത്. 

തുടര്‍ച്ചയായുണ്ടാവുന്ന കാലാവസ്ഥാവ്യതിയാനങ്ങളും വെള്ളപ്പൊക്കവുമെല്ലാം ചിനാര്‍ മരങ്ങളെയും മോശമായി ബാധിക്കുന്നുണ്ട്. എണ്ണത്തില്‍ പെട്ടെന്ന് കുറവുണ്ടായപ്പോള്‍, മരങ്ങള്‍ മുറിക്കുന്നതിന് 2009-ല്‍ നിരോധനം നിലവില്‍ വന്നു. ഒരു ചിനാര്‍ മരം മുറിക്കണമെങ്കില്‍, അഞ്ചെണ്ണം പകരം വെച്ചുപിടിപ്പിക്കണമെന്ന നിര്‍ദേശവും നിലവില്‍വന്നു. മരങ്ങളുടെ നിലനില്‍പ്പിനായി 'ഡിജിറ്റല്‍ ട്രീ ആധാര്‍' എന്ന ആശയവും ജമ്മു കശ്മീര്‍ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഈ വര്‍ഷം മുതല്‍ നടപ്പിലാക്കിത്തുടങ്ങി. ഓരോ മരത്തിനുമുകളിലും പതിപ്പിക്കുന്ന ഡിജിറ്റല്‍ കാര്‍ഡിലുള്ള ബാര്‍കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ അതിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാന്‍ പറ്റും. മരങ്ങൾ കൃത്യമായി നിരീക്ഷിച്ച്, അത് നശിക്കുന്നത് തടയുക എന്നതാണ് ഇതിന്റെ പിന്നിലുള്ള ലക്ഷ്യം. വിനോദസഞ്ചാരികള്‍ക്ക് മരത്തിന്റെ നീളം, എത്ര വര്‍ഷത്തെ പഴക്കമുണ്ട്, അതിന്റെ ആരോഗ്യം തുടങ്ങിയവ മനസ്സിലാക്കാനും ഇത് സഹായിക്കും.