ആറുമാസം മാത്രം പ്രായമുള്ള ഗോള്‍ഡന്‍ റിട്രീവറാണ് റോവര്‍. റോവറിനിപ്പോള്‍ ജോലി ഐക്കണ്‍ ഓഫ് ദ സീസ് എന്ന ലോകത്തിലെ ഏറ്റവും വലിയ കപ്പലിലാണ്, ചീഫ് ഡോഗ് ഓഫീസര്‍ എന്നതാണ് അവള്‍ക്ക് കൊടുത്തിട്ടുള്ള സ്ഥാനം. ഒരു കപ്പലില്‍ ജോലിക്കായി കയറുന്ന ആദ്യത്തെ നായ എന്ന വിശേഷണം അതോടെ റോവറിന് സ്വന്തം. അലിസണ്‍ ഹബിളാണ് റോവറിനെ നോക്കുന്നത്. ഈ കപ്പലിന്റെ ഉടമസ്ഥരായ റോയല്‍ കരീബിയനില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്നയാളാണ് അലിസണ്‍. 

To advertise here,

കഴിഞ്ഞദിവസമാണ് റോവറിനെ കപ്പലില്‍ നിയമിക്കുന്നത്. പ്യൂട്ടോ റിക്കോയില്‍നിന്നാണ് റോവര്‍ കപ്പലില്‍ കയറുന്നത്. സ്റ്റൈലിഷ് എന്‍ട്രിയായിരുന്നു അത്. ഒരു എസ്.യു.വി.യുടെ പുറകില്‍ രാജകീയമായിരുന്നുള്ള വരവ്. കപ്പലിലെ യാത്രക്കാര്‍ക്ക് സന്തോഷവും വിനോദവും പകരുകയെന്നതായിരിക്കും റോവറിന്റെ ജോലി. അതിനൊപ്പം നിരോധിക്കപ്പെട്ട വസ്തുക്കള്‍ കപ്പലില്‍ കയറ്റുന്നുണ്ടെങ്കില്‍ അത് മണംപിടിച്ച്, ജോലിക്കാരെ അറിയിക്കാനും അവളുടെ സേവനം ഉപകാരപ്പെടുമെന്നാണ് കപ്പല്‍ ജീവനക്കാരുടെ പക്ഷം. ജീവനക്കാരുടെ മാനസികാരോഗ്യത്തിനും ഈ സാന്നിധ്യം സഹായകമാവും.

placeholder
കപ്പലിലെ ക്യാപ്റ്റനൊപ്പം റോവര്‍

നടക്കാന്‍ ഇഷ്ടംപോലെ സ്ഥലം, നല്ല ഭക്ഷണം, തോന്നുമ്പോള്‍ ക്യാപ്റ്റന്റെ കാബിനില്‍വരെ കയറാം...അതുകൊണ്ട് റോവറിന് കപ്പലില്‍ ബോറടിക്കില്ലെന്ന് ഉറപ്പാണ്. 

റോവറിന്റെ വരവിനെ എതിര്‍ക്കുകയും അനുകൂലിക്കുകയും ചെയ്യുന്നവരുണ്ട്. കപ്പലിലെ യാത്ര അവളുടെ ആരോഗ്യത്തെയും അലര്‍ജിയും മറ്റുമുള്ള യാത്രക്കാരുടെ ആരോഗ്യത്തെയും ബാധിക്കുമെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാല്‍, യാത്രക്കാര്‍ക്ക് കൂടുതല്‍ ഉത്സാഹം പകരുമെന്നാണ് ചിലരുടെ അഭിപ്രായം. 

ഐക്കണ്‍ ഓഫ് ദ സീസ് ഇപ്പോള്‍ അവസാനഘട്ട പരീക്ഷണ ഓട്ടത്തിലാണ്. ജനുവരി 27-ന് മിയാമിയില്‍നിന്നാണ് യാത്രക്കാരെ കയറ്റിയുള്ള ആദ്യയാത്ര തുടങ്ങുന്നത്.