ഇന്ത്യൻ സർക്കാർ പുറത്തിറക്കിയ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) ഇപ്പോൾ സിനിമാ താരങ്ങൾക്കിടയിലും ശ്രദ്ധ നേടുന്നു. നടിമാരായ സുസ്മിത സെന്നും റാണി മുഖർജിയും ഇതിനോടകം ഈ പദ്ധതിയിൽ അംഗങ്ങളായിക്കഴിഞ്ഞു. ബ്യൂറോ ഓഫ് ഇമിഗ്രേഷന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ വിവരം പുറത്തുവന്നത്. റാണി മുഖർജി തന്റെ ബയോമെട്രിക് നടപടികൾ പൂർത്തിയാക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട്, 'മർദാനിയിലെ ശിവാനി ശിവജി റോയ് നയിക്കുമ്പോൾ രാജ്യം പിന്തുടരുന്നു' എന്ന് അവർ കുറിച്ചു. സുസ്മിത സെൻ വിരലടയാളം നൽകുന്ന വീഡിയോയ്ക്കൊപ്പം, 'ഇമിഗ്രേഷൻ ക്യൂ ഒഴിവാക്കാൻ നിങ്ങളും രജിസ്റ്റർ ചെയ്യൂ' എന്ന സന്ദേശവും അധികൃതർ പങ്കുവെച്ചു.

To advertise here,

എന്താണ് FTI-TTP
അന്താരാഷ്ട്ര യാത്രകൾ വേഗത്തിലാക്കാനും ലളിതമാക്കാനുമാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് വഴി യാത്രക്കാർക്ക് നീണ്ട ഇമിഗ്രേഷൻ ക്യൂവിൽ നിൽക്കാതെ വെറും 30 സെക്കൻഡിനുള്ളിൽ നടപടികൾ പൂർത്തിയാക്കാം.

നിലവിൽ ഇന്ത്യയിലെ 13 വിമാനത്താവളങ്ങളിൽ ഈ സേവനം ലഭ്യമാണ്. ഡൽഹി, മുംബൈ, അഹമ്മദാബാദ്, കൊൽക്കത്ത, ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ്, കൊച്ചി, ലക്‌നൗ, അമൃത്സർ, കോഴിക്കോട്, തിരുവനന്തപുരം, തൃച്ചി എന്നിവയാണവ. ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർക്ക് വിമാനത്താവളങ്ങളിലെ സെൽഫ് സർവീസ് ഇ-ഗേറ്റുകൾ  ഉപയോഗിക്കാം.

ആദ്യത്തെ ഇ-ഗേറ്റിൽ ബോർഡിംഗ് പാസും പാസ്പോർട്ടും സ്‌കാൻ ചെയ്യുക. അടുത്ത ഗേറ്റിൽ ബയോമെട്രിക് (വിരലടയാളം അല്ലെങ്കിൽ മുഖം) പരിശോധന പൂർത്തിയാക്കുക. ഗേറ്റ് തനിയെ തുറക്കുമ്പോൾ നിങ്ങൾക്ക് കടന്നുപോകാം.

ആർക്കൊക്കെ അപേക്ഷിക്കാം?
ഇന്ത്യൻ പൗരന്മാർ, ഒ.സി.ഐ കാർഡുള്ള വിദേശ പൗരന്മാർ എന്നിവർക്ക് അപേക്ഷിക്കാം. പാസ്പോർട്ടിന് കുറഞ്ഞത് 6 മാസത്തെ കാലാവധി ഉണ്ടായിരിക്കണം. ഒരിക്കൽ രജിസ്റ്റർ ചെയ്താൽ അഞ്ച് വർഷം അല്ലെങ്കിൽ പാസ്പോർട്ടിന്റെ കാലാവധി കഴിയുന്നത് വരെ ഇതിന് സാധുതയുണ്ടാകും.

അപേക്ഷിക്കേണ്ട വിധം
അപേക്ഷാ നടപടികൾ ഓൺലൈനായാണ് നടക്കുന്നത്. https://ftittp.mha.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഫോട്ടോ, പാസ്പോർട്ട് പേജുകൾ, വിലാസം തെളിയിക്കുന്ന രേഖകൾ എന്നിവ അപ്ലോഡ് ചെയ്യുക. അധികൃതർ വിവരങ്ങൾ പരിശോധിച്ച് ഇമെയിൽ/SMS വഴി നിങ്ങളെ അറിയിക്കും. ഓൺലൈനായി സമയം ബുക്ക് ചെയ്ത് എഫ്.ആർ.ആർ.ഒ (FRRO) ഓഫീസിലോ നിശ്ചിത വിമാനത്താവളത്തിലോ എത്തി വിരലടയാളവും മറ്റ് വിവരങ്ങളും നൽകുക. അന്തിമ അനുമതി ലഭിക്കാൻ ഒരു മാസം വരെ സമയമെടുത്തേക്കാം.

ശ്രദ്ധിക്കുക: തെറ്റായ വിവരങ്ങൾ നൽകുകയോ, രേഖകൾ അവ്യക്തമാവുകയോ ചെയ്താൽ അപേക്ഷ നിരസിക്കപ്പെടാം. അങ്ങനെയുണ്ടായാൽ പിശകുകൾ തിരുത്തി വീണ്ടും അപേക്ഷിക്കാവുന്നതാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi