രാജ്യത്തെ ഏറ്റവും വലിയ ഇന്ത്യന്‍ വിമാനത്താവളം ഏതാണെന്ന് നിങ്ങള്‍ക്കറിയാമോ? ഇത് ഡല്‍ഹിയിലോ മുംബൈയിലോ ബാംഗ്ലൂരിലോ ചെന്നൈയിലോ അല്ല. വിസ്തീര്‍ണ്ണത്തിന്റെ കാര്യത്തില്‍ ഏറ്റവും വലിയ ഇന്ത്യന്‍ വിമാനത്താവളം ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ്.
ഏകദേശം 5,500 ഏക്കര്‍ വിസ്തൃതിയാണ് ഈ സമുച്ചയത്തിനുള്ളത്. 2008 മാര്‍ച്ചില്‍ പ്രവര്‍ത്തനം ആരംഭിച്ച രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍, 4,260 മീറ്റര്‍ നീളമുള്ള ഏഷ്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റണ്‍വേകളിലൊന്നുണ്ട്.
ഒട്ടേറെ അത്യാധുനികസൗകര്യങ്ങളുള്ള വിമാനത്താവളത്തിലെ തെറാപ്പി ഡോഗ് പ്രോഗ്രാം ചർച്ചയാവുകയാണ്. ഇതിലൂടെ യാത്രക്കാര്‍ക്ക് ഭംഗിയുള്ള തെറാപ്പി നായ്ക്കളുമായി ഇടപഴകാനും, അതുവഴി മാനസിക പിരിമുറുക്കം കുറയ്ക്കാനും, ഉത്കണ്ഠ ഒഴിവാക്കാനും, മാനസികാവസ്ഥ മെച്ചപ്പെടുത്താനും, ശാന്തവും പോസിറ്റീവുമായ അന്തരീക്ഷം സൃഷ്ടിക്കാനും സാധിക്കുന്നു.
സുരക്ഷാ പരിശോധനയ്ക്ക് ശേഷം, യാത്രക്കാര്‍ എത്തിച്ചേരുന്ന പ്രധാന സ്ഥലങ്ങളില്‍ രണ്ട് തെറാപ്പി നായകളെ വിന്യസിക്കും. ആഭ്യന്തര, അന്താരാഷ്ട്ര ഡിപ്പാര്‍ച്ചറുകളിലെ റീട്ടെയില്‍ സോണ്‍, ബോര്‍ഡിങ് ഗേറ്റുകള്‍ തുടങ്ങിയ നിശ്ചിത സ്ഥലങ്ങളില്‍ വെച്ച് ഈ നായകൾ യാത്രക്കാരുമായി ഇടപഴകും. പരിശീലനം ലഭിച്ച ഹാന്‍ഡ്ലര്‍മാര്‍ എപ്പോഴും നായകളുടെ കൂടെയുണ്ടാകും.
യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കുന്നതിനായി, സ്വമേധയാ അടുത്തു വരുന്ന യാത്രക്കാരുമായി മാത്രമേ അവ ഇടപഴകുകയുള്ളൂ. ഈ പ്രവര്‍ത്തനം ദിവസത്തില്‍ 4-6 മണിക്കൂര്‍ നേരത്തേക്ക് മാത്രമായിരിക്കും. ബാക്കി സമയങ്ങള്‍ നായകള്‍ക്ക് ആവശ്യമായ വിശ്രമവും ഉന്മേഷവും വീണ്ടെടുക്കാന്‍ വേണ്ടിയുള്ളതാണ്. തെറാപ്പി ഡോഗ് പ്രോഗ്രാമില്‍ യാത്രക്കാര്‍ക്കായി ചില നിര്‍ദേശങ്ങളും ഇവര്‍ വയ്ക്കുന്നുണ്ട്. ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളാണിവ.
നിങ്ങള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ തെറാപ്പി നായകളുമായി ഇടപഴകാം. ശാന്തമായി നായകളുടെ അടുത്തേക്ക് ചെല്ലുക, അവയ്ക്ക് നിങ്ങളുമായി പരിചിതമാകാന്‍ അവസരം നല്‍കുക. ഇടപഴകുമ്പോള്‍ ഹാന്‍ഡ്ലറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. ഫോട്ടോകള്‍ എടുക്കാം എന്നാല്‍ ഫ്‌ളാഷ് ഉപയോഗിക്കരുത്.
അലര്‍ജിയുള്ളവര്‍ സുരക്ഷിതമായ അകലം പാലിക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ കുട്ടികള്‍ നായകളോടൊപ്പം കളിക്കുമ്പോള്‍ അവരുടെ കൂടെയുണ്ടാവുകയും വേണം. നായകള്‍ക്ക് ഭക്ഷണം നല്‍കുകയോ പലഹാരങ്ങള്‍ കൊടുക്കുകയോ ചെയ്യരുത്. ഉച്ചത്തിലുള്ള ശബ്ദങ്ങളുണ്ടാക്കിയോ പെട്ടെന്നുള്ള ചലനങ്ങള്‍ നടത്തിയോ അവയെ ഭയപ്പെടുത്താനും പാടില്ല. അവയെ എടുക്കാനോ ചെവിയിലോ വാലിലോ പിടിക്കാനോ ശ്രമിക്കരുത്. ഇതൊക്കെയാണ് യാത്രക്കാര്‍ക്കുള്ള പൊതുവായ മാര്‍ഗനിര്‍ദേശങ്ങള്‍.
യാത്രികര്‍ക്ക് നായകളുമായി ഫെച്ച് കളിയിലേര്‍പ്പെടാം. അതായത് ഒരു ചെറിയ കളിപ്പാട്ടം എറിഞ്ഞു കൊടുത്ത് നായയെക്കൊണ്ട് എടുപ്പിക്കുന്ന കളിയാണിത്. നായകളോടൊപ്പം യാത്രക്കാർക്ക് ചിത്രങ്ങളെടുക്കാനുള്ള സ്ഥലമാണ് സെൽഫി സോൺ. തെറാപ്പി ഡോഗ് പ്രോഗ്രാമിലൂടെ യാത്രയെ കൂടുതല്‍ ആശ്വാസകരവും സന്തോഷകരവുമായ ഒരനുഭവമാക്കി മാറ്റുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: discover india`s largest airport, rajiv gandhi international airport in hyderabad. explore its vastness, amenities, and connectivity.
Published: 13 Aug 2025, 02:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented