ട്രെയ്‌നിങ്ങിനും മറ്റുമായി വര്‍ഷം മുഴുവന്‍ തിരക്കിലായിരിക്കും കായികതാരങ്ങള്‍. ആ തിരക്കിനിടയിലും പ്രേമിക്കാന്‍ സമയം കണ്ടെത്തിയ നിരവധി പേരുണ്ട് ഇന്ത്യന്‍ കായികരംഗത്ത്. ഇന്ത്യന്‍ അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിങ് മുതല്‍ ഒളിമ്പിക് മെഡല്‍ ജേത്രി സൈനാ നേവാള്‍ വരെ കായികരംഗത്ത് നിന്ന് ജീവിതപങ്കാളിയെ കണ്ടെത്തിയവരാണ്. ആ പ്രണയജോഡികളിലൂടെ.
പറക്കും സിങ്ങിന്റെ നിര്‍മല്‍

placeholder
--
മില്‍ഖാ സിങ്ങും ഭാര്യ നിര്‍മല്‍ കൗറും- ഫോട്ടോ: എഎന്‍ഐ

ഇന്ത്യന്‍ കായികരംഗത്ത് നിന്ന് മാറ്റിനിര്‍ത്താനാവാത്ത പേരാണ് മില്‍ഖാ സിങ്. 1960 ഒളിമ്പിക്‌സില്‍ 400 മീറ്ററില്‍ നാലാം സ്ഥാനം നേടിയ അത്‌ലറ്റ്. മൂന്ന് ഏഷ്യന്‍ ഗെയിംസുകളിലായി നാല് സ്വര്‍ണം നേടിയ താരം. എന്നിങ്ങനെ നിരവധി നേട്ടങ്ങളുളള അത്‌ലറ്റാണ് മില്‍ഖാ സിങ്. മില്‍ഖ ജീവിത പങ്കാളിയെ കണ്ടെത്തിയിരിക്കുന്നത് കായികമേഖലയില്‍നിന്നാണ്. ഇന്ത്യന്‍ വനിതാ വോളിബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു നിര്‍മല്‍ കൗറായിരുന്നു മില്‍ഖയുടെ പങ്കാളി. 1957 ഇന്തോ-സിലോണ്‍ സ്‌പോര്‍ട്‌സ് മീറ്റില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. 1962-ലായിരുന്നു വിവാഹം. 

ദീപികയെ വീഴ്ത്തിയ കാര്‍ത്തിക്

placeholder
dinesh karthik
ദിനേഷ് കാര്‍ത്തിക്കും ദീപിക പള്ളിക്കലും- ഫോട്ടോ: പിടിഐ

ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേഷ് കാര്‍ത്തിക് ജീവിതപങ്കാളിയായി കൂടെ കൂട്ടിയത് മലയാളി കായികതാരത്തെയാണ്. സ്‌ക്വാഷ് താരം ദീപിക പള്ളിക്കലിനെ. ലോകചാമ്പ്യന്‍ഷിപ്പുകളിലും ഏഷ്യന്‍ ഗെയിംസുകളിലും കോമണ്‍വെല്‍ത്ത് ഗെയിംസുകളിലും മെഡല്‍ നേടിയ താരമാണ് ദീപിക. കോട്ടയത്ത് ജനിച്ച ദീപിക ചെന്നൈയിലാണ് സ്ഥിരതാമസം. അവിടത്തെ ജിമ്മില്‍ വെച്ചായിരുന്നു കാര്‍ത്തിക്കും ദീപികയും കണ്ടുമുട്ടുന്നത്. 2015-ലായിരുന്നു ഇരുവരുടെയും വിവാഹം.
അമ്പെയ്ത്തിലെ ജോഡികള്‍

placeholder
Deepika Kumari
അതാനു ദാസും ദീപിക കുമാരിയും- ഫോട്ടോ:  പിടിഐ

ഇന്ത്യന്‍ അമ്പെയ്ത്തിലുമുണ്ട് പ്രണയജോഡികള്‍. അതാനു ദാസും ദീപിക കുമാരിയും. ജംഷേദ്പുരിലെ ടാറ്റ അക്കാദമിയില്‍ വെച്ച് 2008-ലാണ് അതാനുവും ദീപികയും കണ്ടുമുട്ടുന്നത്.  അത് പിന്നീട് പ്രണയത്തിലെത്തി. 2020 ജൂലായിലായിരുന്നു വിവാഹം. 
അമ്പെയ്ത്ത് ലോകചാമ്പ്യന്‍ഷിപ്പ്, ലോകകപ്പ്, ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയിലടക്കം മെഡല്‍ നേടിയ താരമാണ് ദീപിക. അമ്പെയ്ത്ത് ലോകകപ്പ്, ലോകചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ഗെയിംസ് എന്നിവയില്‍ മെഡല്‍ ജേതാവാണ് അതാനു. 
ബാഡ്മിന്റണില്‍ വിരിഞ്ഞ പ്രണയം

placeholder
saina nehwal
സൈനാ നേവാളും കശ്യപും- ഫോട്ടോ: പിടിഐ

ലണ്ടന്‍ ഒളിമ്പിക്‌സിലെ വെങ്കലമെഡല്‍ ജേത്രിയാണ് സൈനാ നേവാള്‍. ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് അടക്കമുള്ളവയിലും മെഡല്‍ നേടിയ സൈന ജീവിതപങ്കാളിയെ കണ്ടെത്തിയിരിക്കുന്നത് ബാഡ്മിന്റണില്‍നിന്നാണ്.  ഇന്ത്യന്‍ താരം പി. കശ്യപ്. കോമണ്‍വെല്‍ത്തില്‍ സ്വര്‍ണം, വെള്ളി, വെങ്കലം എന്നിവ നേടിയ താരമാണ് കശ്യപ്. 1997-ല്‍ തന്നെ ഇരുവരും കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നത്. 2018-ലായിരുന്നു വിവാഹം.

കായികലോകത്ത് വേറെയുമുണ്ട് പ്രണയവിവാഹങ്ങള്‍. ഇന്ത്യന്‍ പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ വിവാഹം കഴിച്ചത് ബാസ്‌കറ്റ്‌ബോള്‍ താരം പ്രതിമ സിങ്ങിനെയാണ്. ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പയുടെ ഭാര്യ ശീതള്‍ ഗൗതം ദേശീയ ടെന്നീസ് താരമായിരുന്നു. ഗുസ്തി താരങ്ങളായ ബജ്‌രംഗ് പുണിയയും സംഗീത ഫോഗട്ടും തമ്മില്‍ സമീപകാലത്താണ് വിവാഹിതരായത്. ഒളിമ്പിക് മെഡല്‍ ജേത്രി സാക്ഷി മാലിക്കിന്റെ ഭര്‍ത്താവ് സത്യവര്‍ത് കാഡ്യനും ഗുസ്തി താരമാണ്. ബാഡ്മിന്റണ്‍ പരിശീലകന്‍ പുല്ലേല ഗോപീചന്ദിന്റെ ഭാര്യ പി.വി.വി. ലക്ഷ്മിയും മുന്‍താരമാണ്.