ജൈവവൈവിധ്യങ്ങളുടെ നാടായ ഓസ്‌ട്രേലിയ എമുപ്പക്ഷികളുടെ സ്വദേശമാണ്. ദിനോസറുകളുടെ കാലത്ത് ജീവിച്ചിരുന്ന ഡീമന്‍ ഡക്കിന്റെ (Dromornithidae) പിന്‍മുറക്കാരായ എമു വന്യതയില്‍ ജീവിക്കുന്ന ഒരേയൊരിടം ഓസ്‌ട്രേലിയയും. പറക്കാന്‍ കഴിയാത്ത, എന്നാല്‍ വേഗത്തില്‍ ഓടാന്‍ കഴിയുന്ന എമുപ്പക്ഷികള്‍ സ്വന്തം ദേശത്ത് ഒരു യുദ്ധത്തെ ചെറുത്ത കഥയാണിത്. 'എമുയുദ്ധം' എന്ന് പിന്നീട് അത് അറിയപ്പെട്ടു.
ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ് തിരിച്ചെത്തിയ ഒരുകൂട്ടം ഓസ്‌ട്രേലിയന്‍ പട്ടാളക്കാര്‍ക്ക് കൃഷിഭൂമി നല്‍കി പുനരധിവസിപ്പിക്കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. ഏകദേശം 5000-ത്തിലേറെ വരുന്ന പട്ടാളക്കാരെയാണ് സര്‍ക്കാര്‍ കൃഷിചെയ്യാന്‍ പ്രേരിപ്പിച്ചത്. മോശം മണ്ണും മഴക്കുറവുമെല്ലാം കര്‍ഷകര്‍ക്ക് ദുരിതമാണ് സമ്മാനിച്ചത്. 1932-ലുണ്ടായ കടുത്ത വരള്‍ച്ച സ്ഥിതിഗതികള്‍ താറുമാറാക്കി. എല്ലായിടത്തും വെള്ളം വറ്റിയതോടെ പലഭാഗങ്ങളില്‍ നിന്നുള്ള എമുപ്പക്ഷികള്‍ താരതമ്യേന വെള്ളവും ഭക്ഷണവും കിട്ടുന്ന കാര്‍ഷിക മേഖലകളിലേക്ക് കൂട്ടത്തോടെ വന്നു. ഏതാണ്ട് 20,000-ത്തോളം എമുകളാണ് കൃഷിയിടങ്ങളിലെത്തിയത്. വരള്‍ച്ചക്കാലത്ത് വെള്ളം കിട്ടുന്ന സ്ഥലങ്ങള്‍ നോക്കി എമുപ്പക്ഷികള്‍ കൂട്ടപ്പലായനം നടത്താറുണ്ട്. എന്നാല്‍ ശുദ്ധജലം കിട്ടുന്ന കൃഷിയിടം കണ്ടെത്തിയതോടെ അവരവിടെ നിലയുറപ്പിച്ചു.
വിളകളെല്ലാം തിന്നു നശിപ്പിച്ചു. കര്‍ഷകര്‍ ആകെ പ്രതിസന്ധിയിലായി. കര്‍ഷകരെ സഹായിക്കാന്‍ എമുപ്പക്ഷികളെ കൊന്നൊടുക്കാമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്നത് അപ്പോഴാണ്. 1932-ല്‍ എമുവിനെതിരേ ഒരു യുദ്ധം നയിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. റോയല്‍ ഓസ്ട്രേലിയന്‍ ആര്‍ട്ടിലറിയില്‍ നിന്നുള്ള മൂന്ന് സൈനികര്‍ രണ്ട് ലൂയിസ് ലൈറ്റ് മെഷീന്‍ ഗണ്ണുകളുമായി എമുപ്പക്ഷികളെ തുരത്താനെത്തി. യുദ്ധം തുടങ്ങി. സൈനികര്‍ പതിയിരിക്കുന്ന സ്ഥലങ്ങളിലേക്ക് പക്ഷികളെ കൂട്ടത്തോടെ ഓടിച്ചുകൊണ്ടുവന്ന് വെടിവെച്ചുകൊല്ലുകയായിരുന്നു ദൗത്യം.
ആദ്യ മൂന്ന് ദിവസങ്ങളില്‍ 30 എമുകളെ മാത്രമേ കൊല്ലാനായുള്ളൂ. ഒറ്റയടിക്ക് എല്ലാത്തിനെയും കൂടി കൊന്നൊടുക്കാമെന്ന പട്ടാളത്തിന്റെ കണക്കുകൂട്ടല്‍ ഇവിടെ പാളി. വെടിയൊച്ചകള്‍ കേട്ട് എമുകള്‍ ചിതറിയോടി. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഓടാന്‍ ശേഷിയുള്ള പക്ഷികളുടെ പുറകെയോടി വെടിവെക്കാന്‍ സൈന്യത്തിനായില്ല. പക്ഷികളുടെ അസാമാന്യമായ പ്രതിരോധശേഷി അവിടെ പ്രകടമാവുകയായിരുന്നു. ഏതു ദിശയിലേക്കെന്നു പ്രവചിക്കാനാവാത്ത രീതിയിലാണ് ചലനം. ട്രക്കുകളില്‍ തോക്കുകള്‍ ഘടിപ്പിച്ച് അവയുടെ പുറകെച്ചെല്ലാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
യുദ്ധം ജയിച്ചു
യുദ്ധത്തില്‍ പട്ടാളക്കാര്‍ക്ക് ഏകദേശം 2,500 എമുകളെ മാത്രമേ കൊല്ലാനായുള്ളൂ, ആകെയെണ്ണത്തിന്റെ ചെറിയൊരു ശതമാനം. കര്‍ഷകര്‍ക്കിത് കാര്യമായ ഗുണം ചെയ്തില്ല. പ്രാദേശിക ആവാസവ്യവസ്ഥയില്‍ എമുകളുടെ പങ്ക് വേണ്ടത്ര ഉള്‍ക്കൊള്ളാതെയുള്ളതായിരുന്നു അവയെ പൂര്‍ണമായും ഇല്ലാതാക്കാനുള്ള സര്‍ക്കാരിന്റെ നീക്കം. വൈകാതെ മൃഗസംരക്ഷണപ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെട്ടു. സര്‍ക്കാരിന് ദൗത്യം നിര്‍ത്തി സൈനികരെ തിരിച്ചുവിളിക്കേണ്ടിവന്നു. യുദ്ധത്തില്‍ എമു ജയിച്ചു.
എമുപ്പക്ഷികളെ വേട്ടയാടാനുള്ള സര്‍ക്കാരിന്റെ തീരുമാനം യഥാര്‍ഥത്തില്‍ ഒരു വിഡ്ഢിത്തമായിരുന്നെന്നാണ് നിരീക്ഷകര്‍ കണക്കാക്കുന്നത്. ഓസ്ട്രേലിയയിലെ ജൈവവ്യവസ്ഥ നിലനിര്‍ത്തുന്നതിലും പുനരുജ്ജീവിപ്പിക്കുന്നതിലും എമുവിന് പങ്കുണ്ട്. വിത്തുകളുടെ വാഹകരാവുന്നതില്‍ പ്രധാനികളാണവര്‍. 1999 മുതല്‍ ഓസ്ട്രേലിയന്‍ പാരിസ്ഥിതിക നിയമത്തിന് കീഴില്‍ എമുകള്‍ സംരക്ഷിതവിഭാഗമാണ്. ആറുലക്ഷത്തോളം എമുകള്‍ വന്യതയില്‍ ജീവിക്കുന്നുണ്ട്.
എമു
32 മുതല്‍ 37 കിലോഗ്രാം വരെയാണ് എമുവിന്റെ ഭാരം. കണങ്കാലില്‍ പേശികളുള്ള ഒരേയൊരു പക്ഷി. കാലിലെ ശക്തമായ പേശികള്‍ അവര്‍ക്ക് അസാധാരണമായ വേഗത നല്‍കുന്നു. ഭക്ഷണം തേടി ഒരു ദിവസം പതിനഞ്ച് മൈല്‍ വരെ നടക്കാനും അവയ്ക്കാവും.
Content Highlights: emu war in australia military operation against emu
Published: 09 Dec 2024, 02:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented