തന്റെ പങ്കാളിയുടെ ഇന്ത്യൻ ബന്ധത്തെയും മകന്റെ ഇന്ത്യൻപേരിനെയും കുറിച്ച് വിവരിച്ച് ഇലോൺ മസ്‌ക്. സെറോധ സ്ഥാപകനായ നിഖിൽ കാമത്തിന്റെ 'WTF is?' എന്ന പോഡ്കാസ്റ്റിലാണ് മസ്‌ക് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ പങ്കാളിയായ ഷിവോൺ സിലിസിന് ഇന്ത്യൻ ബന്ധമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

'നിങ്ങൾക്ക് ഇക്കാര്യം അറിയാമോ എന്നെനിക്കറിയില്ല. പക്ഷേ എന്റെ പങ്കാളിയായ ഷിവോൺ പകുതി ഇന്ത്യക്കാരിയാണ്'', മസ്‌ക് പറയുന്നു. 'ഷിവോണിൽ ജനിച്ച ഞങ്ങളുടെ മകന്റെ മിഡിൽ നെയിം ശേഖർ എന്നാണ്. അവളുടെ ഇന്ത്യൻബന്ധം മൂലമാണ് അങ്ങനൊരു പേരുനൽകിയത്''.

ഇന്ത്യൻ-അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനും നൊബേൽ സമ്മാനജേതാവുമായ സുബ്രഹ്മണ്യൻ ചന്ദ്രശേഖറിന്റെ പേരിൽനിന്നാണ് മകന് ശേഖർ എന്ന് പേരിട്ടതെന്നും അദ്ദേഹം പറയുന്നു.

സിലിസ് എവിടെയാണ് വളർന്നതെന്ന് കാമത്ത് ചോദിച്ചപ്പോൾ മസ്‌ക് അതിനെക്കുറിച്ച് പറഞ്ഞതിങ്ങനെ, ''അവൾ കാനഡയിലാണ് വളർന്നത്. ജനിച്ചത് ഇന്ത്യൻകുടുംബത്തിലായിരുന്നുവെങ്കിലും, ചെറുപ്പത്തിലേ മറ്റൊരു കുടുംബം ദത്തെടുക്കുകയായിരുന്നു''. കൃത്യമായ വിശദാംശങ്ങൾ തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2017-ലാണ് ഷിവോൺ ന്യൂറാലിങ്കിൽ ചേരുന്നത്. എക്‌സിക്യുട്ടീവായിട്ടായിരുന്നു തുടക്കം. ഇപ്പോൾ ന്യൂറാലിങ്കിൽ ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് പദവി വഹിക്കുകയാണവർ. ഷിവോണിനും മസ്‌കിനും നാലുമക്കളാണുള്ളത്. 2021-ൽ ഇരട്ടക്കുട്ടികൾ ജനിച്ചു. 2024-ൽ അർക്കേഡിയ എന്ന മൂന്നാമത്തെ കുഞ്ഞിന് ഷിവോൺ ജൻമം നൽകി. 2025-ൽ നാലാമത്തെ കുഞ്ഞും ജനിച്ചു. സെൽഡൺ എന്നാണ് ആ കുഞ്ഞിന്റെ പേര്.

ഇലോൺ മസ്‌കിന്, മൂന്ന് പങ്കാളികളിൽനിന്നായി 13 മക്കളാണുള്ളത്. കനേഡിയൻ എഴുത്തുകാരിയായ ജസ്റ്റിൻ വിൽസൺ ആണ് ആദ്യഭാര്യ. 2000-ലാണ് ഇരുവരും വിവാഹിതരായത്. ആ വിവാഹത്തിൽ ആറുമക്കളുണ്ടായെങ്കിലും, അതിലൊരാൾ ചെറുപ്പത്തിൽ തന്നെ മരിച്ചു. ആ കുട്ടിയുടെ മരണശേഷം ഐ.വി.എഫിലൂടെ അഞ്ച് കുട്ടികൾ കൂടി ജനിച്ചു. ആദ്യത്തേത് ഇരട്ടക്കുട്ടികളും അടുത്തത് ഒറ്റപ്രസവത്തിൽ മൂന്നുകുട്ടികളും. 2008-ൽ ഈ ദമ്പതികൾ വിവാഹമോചിതരായി. പക്ഷേ, കുട്ടികളുടെ കാര്യങ്ങളെല്ലാം നോക്കുന്നത് ഇവർ ഒരുമിച്ചാണ്.

കനേഡിയൻ സംഗീതജ്ഞയായ ക്ലെയർ എലിസിൽ (ഗ്രൈംസ്) മൂന്ന് കുട്ടികളാണ് മസ്‌കിനുള്ളത്. 2020-ൽ ആദ്യത്തെ കുട്ടി ജനിച്ചു. പിന്നീട് രണ്ടുകുട്ടികളും. എക്സ്, വൈ, തൗ എന്നീ ഓമനപ്പേരുകളിലാണ് ആ കുട്ടികൾ അറിയപ്പെടുന്നത്.

മസ്‌കിന്റെ 13-ാമത്തെ കുട്ടിയുടെ അമ്മയാണെന്ന് അവകാശപ്പെട്ട് ഇൻഫ്ളുവൻസറായ ആഷ്ലി സെയ്ന്റ് ക്ലെയർ നേരത്തെ രംഗത്തുവന്നിരുന്നു. എന്നാൽ, ആഷ്ലിയുടെ ഈ വാദങ്ങളെ മസ്‌ക് അംഗീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്തില്ല.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi